Home Blog Page 2513

മൈനാഗപ്പള്ളിയിൽ ഞാറ്റുവേല ചന്തയും കർഷകസഭയും

മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.പരിപാടിയോട് അനുബന്ധിച്ച് വിവിധതരം പച്ചക്കറി തൈകൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് പാടശേഖരസമിതി ഭാരവാഹി വിജയൻ പിള്ളയ്ക്ക് നൽകി
വിതരണോദ്ഘാടനം നിർവഹിച്ചു.കർഷകർക്ക് ആനുകൂല്യം ലഭിക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്നും കർഷകസഭ തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ അശ്വതി പദ്ധതി വിശദീകരിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ,അംഗങ്ങളായ ജലജ രാജേന്ദ്രൻ,ഉഷാ കുമാരി,ഷാജി ചിറക്കുമേൽ,ലാലി ബാബു,ബിജുകുമാർ,കർഷക സമിതി അംഗങ്ങളായ മുരളീധരൻ പിള്ള,അഡ്വ.സുധാകരൻ,ഗിരിജ ദേവി,കൃഷി അസിസ്റ്റൻറ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയില്‍ ഹാജരായി. കോടതിയിലെ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാല്‍ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.

മുതുപിലാക്കാട് പടിഞ്ഞാറ് കുറ്റിയുടെ തെക്കതിൽ കെ ആനന്ദൻ നിര്യാതനായി

ശാസ്താംകോട്ട:മുതുപിലാക്കാട് പടിഞ്ഞാറ് കുറ്റിയുടെ തെക്കതിൽ കെ.ആനന്ദൻ (87) നിര്യാതനായി.സംസ്ക്കാരം ബുധൻ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:പത്മാവതി.കെ.
മക്കൾ:ലതിക.പി,രജനി.പി.മരുമക്കൾ: ശിവശങ്കരൻ.കെ,സജി.എൻ.
സഞ്ചയനം:ഞായർ രാവിലെ 8ന്

ആലപ്പുഴയിലെ ഇഷ്ടക്കാര്‍ക്ക് താക്കീത്, എസ്എന്‍ഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ

ആലപ്പുഴ. എസ്എന്‍ഡിപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ. എസ്എന്‍ഡിപി എന്തിനുവേണ്ടിയാണ് രൂപീകരിച്ചത് അതിന്റെ കാഴ്ചപ്പാടുകളിൽ നിന്നും ദർശനങ്ങളിൽ നിന്നും ബഹുദൂരം മാറി. എസ്എന്‍ഡിപിയെ സംഘപരിവാറിന്റെ പാളയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും പുത്തലത്ത് ദിനേശൻ. വെള്ളാപ്പള്ളിയെ തലോടിയ സിപിഐഎം ജില്ലാ നേതൃത്വത്തിനുള്ള താക്കീതായി പുത്തലത്തു ദിനേശന്റെ പ്രസംഗം മാറി.

ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര വയലാർ സ്മാരകത്തിൽ
സംഘടിപ്പിച്ച പികെ ചന്ദ്രാനന്ദൻ പരിപാടിയിലായിരുന്നു എസ്എന്‍ഡിപി നേതൃത്വതിനെതിരായ പുത്തലത്ത് ദിനേശന്റെ രൂക്ഷവിമർശനം.
എസ്എന്‍ഡിപി അവരുടെ ദർശനങ്ങളിൽ നിന്നും മാറി. സംഘപരിവാറിന്റെ അജണ്ടകൾക്ക് വഴങ്ങി. നവോത്ഥാന മൂല്യങ്ങളെ തകർത്തെന്നും പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി.

എസ്എൻഡിപി ക്കും ഈഴവ വിഭാഗത്തിനും സ്വാധീനമുള്ള ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി പാർട്ടി കോട്ടകളിൽ അടക്കം മൂന്നാം സ്ഥാനത്ത് എത്തിയത് പാർട്ടി യോഗങ്ങളിൽ വലിയ ചർച്ചയായി.

കേരളത്തിൽ ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലെയുള്ളവർ പ്രവർത്തിച്ചുവെന്നാണ് എംവി ഗോവിന്ദന്റെ ആരോപണം.
സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ പ്രതിവാര പംക്തിയായ നേർവഴിയിൽ ഇത്‌ സംബന്ധിച്ച വിമർശനം എംവി ഗോവിന്ദൻ കടുപ്പിച്ചിരുന്നു. എന്നാൽ ആലപ്പുഴയിലെ നേതൃയോഗങ്ങളിൽ നേതാക്കൾ ഒന്നടങ്കം വെള്ളാപ്പള്ളിയെ പിന്തുണച്ചു. വോട്ട് ചോർന്നതിൽ വെള്ളാപ്പള്ളിക്ക് പങ്ക് ഇല്ലെന്നും വെള്ളാപ്പള്ളിയെ പിണക്കേണ്ടതില്ലെന്നുമായിരുന്നു ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആലപ്പുഴയിലെ നേതാക്കളുടെ നിലപാട്. എസ്എൻഡിപി നേതൃത്വത്തിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുമ്പോൾ അത് വെള്ളാപ്പള്ളിയെ പിന്തുണച്ച ജില്ലയിലെ സിപിഐഎം നേതാക്കൾക്കുള്ള താക്കീത് കൂടിയാണ്.

ഹാത്രാസിൽ മത ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 50 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശ്: ഹാത്രാസിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി 50 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. മുഗൾഗർഹി ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടം.

23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടില്ല. എത്തിച്ച മൃതദേഹങ്ങളുടെ തിരച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥലം എഎസ്പി രാജേഷ് കുമാർ സിംഗ് അറിയിച്ചു

അക്കേഷ്യ നശീകരണത്തിൻ്റെ പേരിൽ തടാകത്തെ കൂടുതൽ നശിപ്പിക്കരുത്

ശാസ്താം കോട്ട. തടാക തീരത്ത് അക്കേഷ്യനശീകരണം എന്ന പേരിൽ മണ്ണൊലിപ്പിന് കാരണമാകുന്ന തരത്തിലെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് തടാകസംരക്ഷണ സമിതി സംസ്ഥാന തണ്ണീർ തട അതോറിറ്റിയോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടു.. തടാകത്തിൻ്റെ ചുറ്റുമുള്ള കുന്നുകളിലും ചരിവു നിലങ്ങളിലും ലക്ഷക്കണക്കിന്ന് അക്കേഷ്യ തൈകൾ ഉണ്ട്. ഇവ പിഴുത് എടുക്കുമ്പോൾ വേരുപടലം പൊട്ടി മണ്ണിളകി മാറും . മഴക്കാലമാകയാൽ ഇത് ഒലിച്ച് തടാകത്തിലെത്തും. 1997 ലെ സെസിൻ്റെ പഠനത്തിലും 2013 ലെ സി ഡബ്ലിയുആർ ഡി എം പഠനത്തിലും ഇത് വ്യക്തമായി പറയുന്നുണ്ട്.


മണ്ണിളകി തടാകത്തിലേക്കു പോകില്ലെന്ന് ഉറപ്പുള്ളിടത്ത് മാത്രമായി ശാസ്ത്രീയമായി ചെയ്യേണ്ട കാര്യമാണ് അക്കേഷ്യ തൈയ് നീക്കംചെയ്യൽ. ചരിവുനിലത്ത് പിടിച്ചു നിൽക്കുന്ന സസ്യജാലം വൻതോതിൽ നീക്കിയാൽ വലിയ പ്രശ്നമാകും ഉണ്ടാകുക.
തടാകത്തിനു ചുറ്റും നിന്ന അക്കേഷ്യ നീക്കാൻ താൽപര്യ പൂർവ്വം നിന്നവർ വൻമരങ്ങൾ നീക്കി പ്പോയപ്പോഴും ശാസ്ത്രീയമായ ഒരു തുടർ നശീകരണം ഉണ്ടായില്ല. ഇപ്പോഴും തീരത്ത് വിത്തുവിതരണം നടത്തുന്ന ആയിരത്തിലേറെ വൻ അക്കേഷ്യ മരങ്ങളുണ്ട്. വ്യക്തമായ പഠനത്തിലൂടെ തടാകതീരത്തെ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നതിന് പകരം വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നമട്ടിലാണ് കാര്യങ്ങൾ’. തടാകം ചെളി കോരി വൃത്തിയാക്കണമെന്നു വരെ ഇക്കൂട്ടർ ആധികാരിക മായി പറയുകയാണ്
ദുരൂഹമായ പല പദ്ധതികളും അതിൻ്റെ പേരിലെ ധനവിനിയോഗവും സംശയകരമാണ്.
തീരത്തെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് സമിതി അധികൃതർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. തീരത്തെ നികത്തൽ മണ്ണിടിക്കൽ നിർമ്മാണങ്ങൾ എന്നിവ തടയണമെന്നും തീരത്തെ മർമ്മ പ്രധാന മേഖലകളും റോഡുകളും സിസിടിവി നോട്ടത്തിലാക്കണമെന്നും ചെയർമാൻ എസ്. ബാബുജി, ജനറൽ കൺവീനർ ഹരികുറിശേരി എന്നിവര്‍ ആവശ്യപ്പെട്ടു

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവം; മൃതദേഹാവിശിഷ്ടം കണ്ടെത്തി.. കലയുടേതാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. ഇത് കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതടക്കം കേസുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയാണ് നിലനില്‍ക്കുന്നത്.
മാന്നാറില്‍ കലയുടെ ഭര്‍ത്താവ് പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല. സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്‌നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു. കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്.
കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്.

കെട്ടിട നികുതി; ട്രിഡയുടെ നോട്ടീസ്: വ്യാപാരികളെ ചൂഷണം ചെയ്യുവാനുള്ള ശ്രമം – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം. തലസ്ഥാനത്ത് ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട നികുതി വാടകക്കാരായ വ്യാപാരികൾ കോർപ്പറേഷന് അടയ്ക്കണം എന്ന ട്രിഡയുടെ നിയമ വിരുദ്ധ നോട്ടീസ് വ്യാപാരികളെ ചൂഷണം ചെയ്യുവാനുള്ള ഒരു വിഫല ശ്രമമാണെന്നും, ആയത് മുഖവിലയ്ക്കെടുക്കേണ്ടതില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്. എസ്. മനോജ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കരമന മാധവൻകുട്ടി, ജില്ലാ പ്രസിഡണ്ട്ആര്യശാല സുരേഷ്, നേതാക്കളായ വെഞ്ഞാറമ്മൂട് ശശി, അസീം മീഡിയ, നെട്ടയം മധു, പാളയം പത്മകുമാർ, കെ. ഹരി, എം. ജി. ശിവപ്രസാദ് എന്നിവർ പറഞ്ഞു.
കെട്ടിടം വാടകയ്ക്ക് കൊടുത്താലും ഉടമ തന്നെയാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്. ഉടമ എന്നുള്ള നിലയിൽ കോർപ്പറേഷനിൽ കാലാകാലങ്ങളായി വരുത്തിയ കെട്ടിട നികുതി കുടിശ്ശിക തങ്ങളുടെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്ന വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നത് നീതി നിഷേധവും നിയമവിരുദ്ധവുമാണ്. ട്രിഡയുടെ കെടുകാര്യസ്ഥത മൂലം, വൻ തുക പിഴയായി ഒടുക്കേണ്ടി വരുന്നത് വ്യാപാരികളുടെ തലയിൽ കെട്ടി വയ്ക്കുവാൻ ശ്രമിക്കരുത്. സർക്കാർ , അർദ്ധസർക്കാർ ഉടമസ്ഥതയിലെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്നത് സുരക്ഷിതമാണ് എന്ന് കരുതുന്നവരിൽ തെറ്റായ സന്ദേശം നൽകുവാൻ ഇത്തരം നടപടികൾ വഴിവയ്ക്കും എന്നും നേതാക്കൾ പറഞ്ഞു. ഇത് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തും.
കെ.സ്മാർട്ടിലൂടെ ലൈസൻസ് പുതുക്കുന്നതിന് കെട്ടിട നികുതിയുടെ കുടിശിക അടച്ചു തീർക്കേണ്ടത് നിർബന്ധമാണെന്ന നിബന്ധന വ്യാപാരികൾക്ക് നൽകിയ പ്രതിസന്ധി ചൂഷണം ചെയ്യുവാൻ ഗഢാലോചന നടത്തുന്നവർ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയതും, കെട്ടിടം ഉടമ, കെട്ടിട നികുതി അടയ്ക്കാത്തതിന്റെ പേരിൽ ലൈസൻസ് നിഷേധിക്കുവാൻ പാടില്ല എന്ന ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പരിശോധിക്കുന്നതും നല്ലതാണെന്ന് നേതാക്കൾ പറഞ്ഞു. കെ.സ്മാർട്ടിലെ പ്രസ്തുത നിബന്ധനകൾ മറയാക്കി ഉടമ എന്ന നിലയിലെ ബാധ്യത വ്യാപാരികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നടപടി വ്യാപാരികളുടെ പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നതിനുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു. ഇത് തികച്ചും അപലപനീയം ആണെന്നും നേതാക്കൾ പറഞ്ഞു.
ട്രിഡയുടെ കെട്ടിടങ്ങളിൽ വാടകയ്ക്ക് ഇരിക്കുന്ന വ്യാപാരികൾ കെട്ടിട നികുതി അടക്കണം എന്ന് കാണിച്ചു കൊണ്ട് അയച്ചിട്ടുള്ള നോട്ടീസുകൾ അടിയന്തരമായി പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്; വിജ്ഞാപനം ജൂലൈ-4ന്, പെരുമാറ്റചട്ടം പ്രാബല്യത്തില്‍

ജില്ലയില്‍ ആകസ്മിക ഒഴിവുവന്ന നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ജൂലൈ 4ന് വിജ്ഞാപനം പുറപ്പെടുവിക്കും. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലിയൂര്‍വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ കുമരംചിറ, കരവാളൂര്‍ ഗ്രാമപഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ജൂലൈ 11വരെ സമര്‍പിക്കാം. സൂക്ഷ്മ പരിശോധന 12ന്. പിന്‍വലിക്കാനുള്ള അവസാന തീയതി-15. വോട്ടെടുപ്പ് 30ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ. 31 ന് രാവിലെ 10 മണിമുതലാണ് വോട്ടെണ്ണല്‍.
പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ-ബ്‌ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഗ്രാമപഞ്ചായത്തുകളില്‍ 2000 രൂപയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നിക്ഷേപതുകയായി കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുകയും. അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 25,000 രൂപയാണ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവിന്റെ പരിധി.

ഫാറ്റി ലിവർ ബുദ്ധിമുട്ടിക്കുന്നോ? ഇവയൊന്ന് പരീക്ഷിക്കൂ

കരളിൽ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം. പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രദം.

സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാൻ സാധിക്കും. ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബർ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.