Home Blog Page 2511

സിനിമ ലൊക്കേഷനിലെ ശുചിമുറിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മരിച്ച നിലയില്‍

സിനിമ ലൊക്കേഷനിലെ ശുചിമുറിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപം കോമത്തുശ്ശേരിയില്‍ നിധീഷ് മുരളിയാണ് (42) മരിച്ചത്. മൂവാറ്റുപുഴ പെരിങ്ങേഴയില്‍ സിനിമ ലൊക്കേഷനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന നിധീഷ് മുരളി നിര്‍മാതാവുമായിരുന്നു. സ്വന്തമായി നിര്‍മിക്കുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവമുണ്ടായത്. നിധീഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. ഇരുപതോളം സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജിതയാണ് ഭാര്യ. നീരജ് കൃഷ്ണ, യദു കൃഷ്ണ എന്നിവര്‍ മക്കളാണ്.

‘മഞ്ഞക്കിളി വിട പറയുന്നു’… എക്സിന് ബദലായ കൂ വിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നു

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിന് ബദല്‍ എന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലൂടെയാണ് സ്ഥാപകര്‍ ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന കുറിപ്പോടെ ഇക്കാര്യം അറിയിച്ചത്. എക്സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലം ലഭിച്ചില്ല. പ്ലാറ്റ്‌ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു.

ഗുരുവായൂരില്‍ വഴിപാടായി ദശാവതാര വിളക്കുകളും സ്വര്‍ണ്ണമാലയും

ഗുരുവായൂരില്‍ വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണമാലയും സമര്‍പ്പിച്ചു. പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാര്‍ പാലാഴിയാണ് ഇവ സമര്‍പ്പിച്ചത്.
ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതില്‍മാടത്തിന് മുന്നില്‍ ദശാവതാര വിളക്കില്‍ ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ സമര്‍പ്പണം എറ്റുവാങ്ങി. വഴിപാട് സമര്‍പ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

നീറ്റിന്റെ വിശ്വാസ്യത നഷ്ടമായി; സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റം: വിജയ്

ചെന്നൈ:
നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് വിജയ് പിന്തുണ അറിയിച്ചു. വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിൽ ആക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു

നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണം. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണം. പത്ത്, പ്ലസ് ടു വിജയികളെ ആദരിക്കുന്ന ചടങ്ങിലാണ് നീറ്റിനെതിരെ വിജയ് പ്രതികരിച്ചത്.

ഹാത്രാസ് ദുരന്തം: സംഘാടകർക്കെതിരെ കേസ്; എഫ്‌ഐആറിൽ ഭോലെ ബാബയുടെ പേരില്ല

ഉത്തർപ്രദേശ്:
ഹാത്രാസിൽ ഭോലെ ബാബയുടെ പ്രാർഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 122 പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ യുപി പോലീസ് കേസെടുത്തു. എന്നാൽ എഫ് ഐ ആറിൽ സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരിയെ പ്രതി ചേർത്തിട്ടില്ല

മുഖ്യ സംഘാടകനായ മധുകറിന്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് സിക്കന്ദറ റാവു പോലീസ് സ്‌റ്റേഷനിൽ സമർപ്പിച്ച എഫ് ഐ ആറിലുള്ളത്. ബിഎൻഎസ് 105, 110, 126(എ), 223, 238 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

80,000 പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് മധുകർ അനുമതി വാങ്ങിയത്. എന്നാൽ രണ്ടര ലക്ഷം പേരാണ് പരിപാടിക്ക് എത്തിയത്. സത്സംഗിനെത്തുന്ന യഥാർഥ ആളുകളുടെ കണക്ക് സംഘാടകർ മറച്ചുവെച്ചു. ഗതാഗത നിയന്ത്രണമേർപ്പെടുത്തിയെങ്കിലും സംഘാടകർ സഹകരിച്ചില്ല. തെളിവുകൾ നശിപ്പിക്കാൻ നോക്കിയെന്നും എഫ് ഐ ആറിൽ പറയുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേട്: നാളെ എസ് എഫ് ഐ, എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച്‌ നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും.

എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളില്‍ ഉള്‍പ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും.

നീറ്റിനെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ തീരൂമാനം. ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് സംയുക്ത മാര്‍ച്ച്‌ നടത്തും. എന്‍എസ്‌യുഐ, ഐസ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, സമാജ് വാദി ഛത്രസഭ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

നീറ്റ് ക്രമക്കേട്, പരീക്ഷകള്‍ ന്യായമായും സുതാര്യമായും നടത്താനുള്ള എന്‍ടിഎയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ നിര്‍ണായക പരീക്ഷകള്‍ നടത്താന്‍ പുതിയതും വിശ്വസനീയവുമായ ഒരു ഏജന്‍സി സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് മുള്ളുവിള കിഴക്കതിൽ (സിഗ്മ ) റിട്ടേഡ് എ ഇ ഒ ജി. രാമചന്ദ്രൻ പിള്ള   നിര്യാതനായി

ശാസ്താംകോട്ട : ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് മുള്ളുവിള കിഴക്കതിൽ (സിഗ്മ ) റിട്ടേഡ് എ ഇ ഒ ജി. രാമചന്ദ്രൻ പിള്ള (71)  നിര്യാതനായി. സംസ്കാരം ജൂലൈ 4 ന് വൈകിട്ട് 3 ന് (നാളെ) ശാന്താലയം ജംഗ്ഷന് സമീപമുള്ള വീട്ട് വളപ്പിൽ. ഭാര്യ ലീലാമണിയമ്മ എൽ (റിട്ടേഡ് എച്ച് എം). മക്കൾ രാജി. ആർ (ഹയർ സെക്കൻ്ററി സ്കൂൾ ‘വളയം) ഡോ: രാഖി ആർ (ഫാമിലി ഹെൽത്ത് സെൻ്റർ, വീയപുരം, ആലപ്പുഴ) മരുമക്കൾ ഷിജു. ജി ( ഫെഡറൽ ബാങ്ക് ആലുവ) ഡോ:അരുൺ കുമാർ റ്റി.എം ( ഇഎൻ റ്റി സ്പെഷ്യലിസ്റ്റ്)

എസ് എഫ് ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സുരേന്ദ്രൻ

ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെയാണ് എസ് എഫ് ഐ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിക്കുകയാണ്. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി വിഷയത്തിൽ മൗനം വെടിയണം.

അൽപ്പമെങ്കിലും ആത്മാർഥത ആഭ്യന്തര മന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയും സിപിഎമ്മും എസ് എഫ് ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്.
പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹാത്രാസ് ദുരന്തം: ഗൂഢാലോചനയാണോയെന്ന് അന്വേഷിക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടു

ഉത്തർപ്രദേശ്:
ഹാത്രാസിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥന ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയതായി ഔദ്യോഗിക സ്ഥിരീകരണം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ദുരന്തം അപകടമാണോ ഗൂഢാലോചനയാണോയെന്ന് അറിയാൻ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

ഇത്തരമൊരു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും അപലപനീയവുമാണ്. വിഷയം സർക്കാർ ഇതിനകം തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കും. ഏറ്റവും താഴേത്തട്ടിൽ വരെ അന്വേഷണം നടക്കും. ഉത്തരവാദികൾക്ക് ഉചിതമായ ശിക്ഷ നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന

ന്യൂ ഡെൽഹി :ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്‍റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.

പരിധിയില്ലാതെ കോളുകളും ഇന്‍റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്‍റെ പ്ലാൻ 509, 1799ന്‍റെ പ്ലാൻ 1999 എന്നിങ്ങനെയാകും.

479 രൂപയുടെ ഡെയ്‌ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്‌ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്‍റെ പ്ലാന്‍ 349 രൂപയും 359ന്‍റെ പ്ലാന്‍ 409 രൂപയും 399ന്‍റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.