Home Blog Page 2510

വാഹനത്തിന്റെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ ഇതാ ചില വിദ്യകള്‍

ഒരു വാഹനം വാങ്ങുമ്പോള്‍ പല കാര്യങ്ങളാണ് നമ്മള്‍ പരിഗണനയ്ക്ക് എടുക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പരിഗണനയ്ക്ക് എടുക്കുന്ന ഒന്നാണ് വാഹനത്തിന്റെ കളര്‍ ഓപ്ഷന്‍. നല്ലൊരു കളര്‍ ഓപ്ഷനാണെങ്കില്‍, ദൂരെ നിന്ന് വരുമ്പോള്‍ തന്നെ ആരുടെയും ശ്രദ്ധയൊന്ന് വാഹനം നേടിയെടുത്തെന്ന് വരാം. എന്നാല്‍ കാലക്രമേണ, ഈ കളര്‍ ഓപ്ഷന്‍ മങ്ങുന്നതായും കാണാന്‍ സാധിക്കും. ഇത് കാറിന്റെ രൂപത്തെ മോശമാക്കുന്നു. ആദ്യം കിട്ടിയിരുന്ന ഒരു ലുക്കൊന്നും പിന്നീട് വാഹനത്തില്‍ കണ്ടെത്താനും സാധിക്കില്ല.
ഇത് കാറിന്റെ രൂപഭാവത്തെ ബാധിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനര്‍വില്‍പ്പന മൂല്യത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍, ഉടമകള്‍ കാറിന്റെ പെയിന്റില്‍ ശ്രദ്ധ ചെലുത്തുകയും ഗുണനിലവാരം നിലനിര്‍ത്താനും പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ കാറിന്റെ കളര്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

തണലില്‍ പാര്‍ക്ക് ചെയ്യുക
പെയിന്റ് സൂര്യപ്രകാശത്തില്‍ നിന്ന് തടയാന്‍ ഉടമ ശ്രമിക്കുന്നുണ്ടെങ്കില്‍, വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ തണലില്‍ പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്.

കാര്‍ കവര്‍ ഉപയോഗിക്കുക
പ്രത്യേക മെറ്റീരിയലില്‍ നിന്ന് തയ്യാറാക്കിയ കവറുകള്‍ കാറിനെ വൃത്തിഹീനമാകുന്നതില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല കാറിലെ പെയിന്റ് സംരക്ഷിക്കുകയും ചെയ്യുന്നു.
തണലില്‍ പാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലാത്തപ്പോള്‍ കാര്‍ താരതമ്യേന തണുപ്പ് നിലനിര്‍ത്താനും കവറുകള്‍ സഹായിക്കുന്നു. ദീര്‍ഘനേരം കാര്‍ ശ്രദ്ധിക്കാതെ വിടുകയാണെങ്കില്‍, കവര്‍ സ്ഥാപിക്കുന്നത് വളരെ ഉത്തമമാണ്.

എക്സ്റ്റീരിയര്‍ കഴുകുക
കാറിന് മികച്ച രൂപം നല്‍കുന്നതിനൊപ്പം, കാലക്രമേണ തുരുമ്പെടുക്കല്‍, കേടുപാടുകള്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് കാര്‍ ബോഡിയെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉപരിതലത്തില്‍ ശേഖരിക്കുന്ന അഴുക്കും അവശിഷ്ടങ്ങളും പെയിന്റ് വിള്ളലുകള്‍ വികസിപ്പിക്കുന്നതിനും ക്രമേണ മങ്ങുന്നതിനും ഇടയാക്കും. അതിനാല്‍, അഴുക്ക് നീക്കം ചെയ്യാന്‍ കാറിന്റെ പുറംഭാഗം പതിവായി കഴുകുന്നത് നല്ലതാണ്.
കഴുകല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നന്നായി തുടയ്ക്കാനും ശ്രദ്ധിക്കുക. പുറംഭാഗത്ത് നിന്ന് വെള്ളം തുടയ്ക്കാന്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിക്കണം, ഈ ഘട്ടം ഒഴിവാക്കരുത്. കാര്‍ ഉണങ്ങിയിട്ടില്ലെങ്കില്‍, കേടുപാടുകള്‍ തിരിച്ചറിയാന്‍ സാധ്യതയുണ്ട്.

ഉപരിതലത്തില്‍ വാക്സിംഗ്, പോളിഷ് ചെയ്യുക
കാര്‍ പെയിന്റ് ചെയ്യുമ്പോള്‍ ഓരോ തവണയും ചെയ്യേണ്ട അത്യാവശ്യ ഘട്ടമാണ് വാക്സിംഗ്. ഉപയോക്താക്കള്‍ക്ക് പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്ന നല്ല ഗുണമേന്മയുള്ള വാക്സിംഗ് വാങ്ങാനും ബജറ്റ് ഒരു പരിമിതിയാണെങ്കില്‍ കാര്‍ സ്വയം നന്നായി വാക്‌സ് ചെയ്യാനും കഴിയും. അള്‍ട്രാവയലറ്റ് രശ്മികള്‍ വാഹനത്തിന്റെ ഉപരിതലത്തില്‍ എത്തി അതിനെ നശിപ്പിക്കുന്നതില്‍ നിന്ന് വാക്സിംഗ് തടയുന്നു.

സെറാമിക്/ടെഫ്ലോണ്‍ കോട്ടിംഗ്
പെയിന്റിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സെറാമിക്/ടെഫ്ലോണ്‍ കോട്ടിംഗ് ഉപയോഗിക്കാം. പെയിന്റ് വര്‍ക്കിന്റെ വിള്ളലുകള്‍ക്കുള്ളില്‍ അഴുക്ക് ശേഖരിക്കാന്‍ അനുവദിക്കുന്നതിനുപകരം, പെയിന്റ് സംരക്ഷിക്കപ്പെടുന്ന തരത്തില്‍ പൂശുക.
അഭികാമ്യമായ ഫലങ്ങള്‍ക്കായി പൂശുന്നതിന് മുമ്പ് ശരിയായ താപനില വിലയിരുത്തണം. പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ഉപരിതലത്തില്‍ നിന്ന് തുടയ്ക്കാന്‍ ഒരു മൈക്രോ ഫൈബര്‍ ടവല്‍ ഉപയോഗിക്കണം. കാറിന്റെ സൗന്ദര്യാത്മക രൂപവും ഉപയോക്തൃ അനുഭവവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്തുന്നതിന് കാറിന്റെ പെയിന്റ് വര്‍ക്ക് ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്.

കല്ലുവരെ പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ ടാങ്കില്‍ ഒഴിച്ചിരുന്നതായി സംശയം, മാന്നാറിലെ കൊലപാതകം സാധാരണ സംഭവമല്ല

ആലപ്പുഴ: കല്ലുവരെ പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ ടാങ്കില്‍ ഒഴിച്ചിരുന്നതായി കുഴിയെടുത്ത സോമന്‍.
മാന്നാറിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച യുവതിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയെന്ന് സോമന്‍ പറയുന്നു.
‘ടാങ്ക് പൊളിച്ചപ്പോള്‍ അസ്ഥിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കളാണ് കിട്ടിയത്. അടിവസ്ത്രത്തിലെ ഇലാസ്റ്റിക്, ഒരു ക്ലിപ്പ്, ലോക്കറ്റ് പോലെയുള്ള സാധനങ്ങളും കിട്ടി. കല്ലുപോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്. അത് കാരണം എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, സെപ്റ്റിക് ടാങ്കില്‍ നിന്ന് ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ല’ – സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്‍ പറഞ്ഞു അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ല. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛന്‍ പറഞ്ഞതായും ശ്രീകലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ ഭര്‍ത്താവ് അനില്‍ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്ബുഴ പാലത്തില്‍വച്ച് അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009ലായിരുന്നു സംഭവം.

ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ് എഫ്ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം:ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കേരള സര്‍വകലാശാല കാര്യവട്ടം കാമ്ബസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്ബസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല.

സാഞ്ചോസിനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം.വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കൈയേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പൊലീസ് അധഃപതിക്കരുത്.

എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികള്‍ക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.

പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ഥി സംഘടനകളിലും കാണുന്നത്.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാമ്ബസുകളില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനമല്ല കൊടും ക്രൂരതയാണ് എസ്.എഫ്.ഐ ക്രിമനലുകള്‍ കാമ്ബസുകളില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്ബസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിജെപിക്ക് ഹിന്ദു സംസ്‌കാരത്തിന്റെ തത്വങ്ങളറിയില്ല; വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നതെന്ന് രാഹുൽ

ന്യൂ ഡെൽഹി:
ബിജെപിക്ക് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങൾ അറിയില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഗുജറാത്തിൽ കോൺഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘ്പരിവാറിനും എതിരായ തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു. ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾ ബിജെപി സർക്കാരിനെ പാഠം പഠിപ്പിക്കും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

രാഹുൽ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഗുജറാത്തിലെ കോൺഗ്രസ് വക്താവ് ഹേമംഗ് റാവൽ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് കറുത്ത പെയിന്റ് ഒഴിക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തു

അതേസമയം സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ കോൺഗ്രസ് അക്രമം അഴിച്ചുവിട്ടെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുൽ ലോക്‌സഭയിൽ നടത്തിയ പരാമർശത്തിന് മാപ്പ് പറയണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.

ശൂരനാട് തെക്ക് ഇരവിച്ചിറയിൽ 300 വർഷത്തിലധികം പഴക്കമുള്ള കളരി തീപിടുത്തത്തിൽ കത്തിയമർന്നു

ശാസ്താംകോട്ട:ശൂരനാട് തെക്ക് ഇരവിച്ചിറയിൽ 300 വർഷത്തിലധികം പഴക്കമുള്ള കളരി തീപിടുത്തത്തിൽ കത്തിയമർന്നു.ഇരവിച്ചിറ നടുവിൽ പനംപ്ലാവിൽ കളരിക്കാണ് കഴിഞ്ഞ രാത്രിയിൽ തീപിടിച്ചത്.തീപിടിച്ച് ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് സമീപവാസികൾ വിവരം അറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.


ശാസ്താംകോട്ട ഫയർ സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിനു,ഷാനവാസ്,ജയപ്രകാശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്,രാജേഷ് ആർ,സണ്ണി,ഹോം ഗാർഡ് ശിവപ്രസാദ്,പ്രദീപ് എന്നിവ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മാന്നാര്‍ കൊലപാതകക്കേസ്; മൂന്ന് പ്രതികളെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

മാന്നാര്‍ കൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കുള്ളവരില്‍ മൂന്ന് പേരെയാണ് ജൂലായ് 8 വരെ കസ്റ്റഡിയില്‍ വിട്ടത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വരൂ. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്രായേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയത്. പ്രതികള്‍ മൃതദേഹം മറവ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

ചാമ്പ്യന്മാര്‍ നാളെയെത്തും…. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും… ഗംഭീര വരവേല്‍പ്പ് നല്‍കാന്‍ ആരാധകര്‍…

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. വിജയത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിപ്പോയിരുന്നു. ടി20 ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് തിരികെ എത്തിക്കുന്നത്. ബിസിസിഐ സ്റ്റാഫ് അംഗങ്ങളും ടീമിനൊപ്പമുണ്ട്.
ജൂണ്‍ 30നും ജൂലൈ ഒന്നിനും മടങ്ങിവരാന്‍ കഴിയുമെന്ന് നേരത്തെ കരുതിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ ഹോട്ടലുകളില്‍ തന്നെ കഴിയുകയായിരുന്നു. ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും കാലാവസ്ഥ തെളിയുകയും ചെയ്തതോടെ താരങ്ങള്‍ക്ക് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ബാര്‍ബഡോസില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ടീമംഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. താരങ്ങളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സന്ദര്‍ശന ശേഷം മുംബൈയില്‍ ഗംഭീരമായ റോഡ് ഷോ നടക്കും. ടി 20 ലോക കിരീടവുമായി എത്തുന്ന ടീമംഗങ്ങളെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

എച്ച്ഡിഎഫ്സി ബാങ്കിങ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക…

ന്യൂഡല്‍ഹി: സിസ്റ്റം അപ്ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
അന്നേദിവസം എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള നിയന്ത്രിത പരിധിയെന്നും ബാങ്ക് പ്രസ്താവിച്ചു.
എന്നാല്‍ യുപിഐ സേവനം തടസ്സപ്പെടും. ജൂലൈ 13ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ 3.45 വരെയും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയും യുപിഐ സേവനം തടസ്സപ്പെടുമെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. അതായത് എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കള്‍ക്ക് നിശ്ചിത സമയത്ത് യുപിഐ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല.
ഇതിന് പുറമേ നിശ്ചിത സമയത്ത് മെര്‍ച്ചന്റ് പേയ്മെന്റ് ( ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍), ബാലന്‍സ് നോക്കല്‍, യുപിഐ പിന്‍ മാറ്റലും സെറ്റ് ചെയ്യലും അടക്കമുള്ള സേവനങ്ങളും തടസ്സപ്പെടുമെന്നും ബാങ്ക് അറിയിച്ചു. കാര്‍ഡ് ഉപയോഗിച്ച് മെര്‍ച്ചന്റ് പേയ്മെന്റ് നടത്താമങ്കിലും സിസ്റ്റം അപ്ഡേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അക്കൗണ്ടില്‍ അപ്ഡേറ്റ്സ് വരികയുള്ളൂവെന്നും ബാങ്ക് അറിയിച്ചു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നതിനും മറ്റും സേവനങ്ങള്‍ക്കും അന്നേദിവസം തടസ്സമുണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു. അസൗകര്യം ഒഴിവാക്കാന്‍ ജൂലൈ 12 വെള്ളിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് മുന്‍പ് ഇടപാടുകള്‍ നടത്താനും ബാങ്ക് അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെയായിരിക്കുമെന്നും നാലുവര്‍ഷത്തിലൊരിക്കലായിരിക്കും സ്‌കൂള്‍ ഒളിമ്പിക്സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്സ് എന്നനിലയില്‍ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14, 15, 16 ആലപ്പുഴയിലും നടക്കും. ദിശ എക്സ്പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് നേരത്തെ തീയതികള്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎസ്‌സിയിലും ഒടിപി സംവിധാനം വരുന്നു

സുരക്ഷയുടെ ഭാഗമായി പിഎസ്സിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.
ഉദ്യോഗാര്‍ത്ഥികളുടെ പാസ്വേര്‍ഡ് നിബന്ധനകള്‍ക്കനുസരിച്ച് പുതുക്കുവാനുള്ള സ്‌ക്രീനും തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്നതാണ്. അതിനുശേഷം യൂസര്‍ ഐഡിയും പുതുക്കിയ പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ് വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്സി അറിയിച്ചു.