വർക്കല. ബീച്ചിൽ തിരയിൽ പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു.ചെന്നൈ ആരുവല്ലൂർ സ്വദേശി സതീഷ് കുമാർ (19) ആണ് മരിച്ചത്.ഉച്ചയ്ക്ക് 1.15ഓടെ പാപനാശം തിരുവമ്പാടി ബീച്ചിലാണ് അപകടം. സതീഷ് കുമാർ ഉൾപ്പെടെ 10 സുഹൃത്തുക്കൾ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. ശക്തമായ തിരയും അടിയോഴുക്കും ഉള്ളതിനാൽ കടലിൽ ഇറങ്ങാൻ പാടില്ലെന്നുള്ള ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ചാണ് ഇവർ കടലിൽ ഇറങ്ങുകയായിരുന്നു. ശക്തമായ തിരയിൽ സതീഷ് മുങ്ങി താഴ്ന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ലൈഫ് ഗാർഡ് എത്തിയാണ് കരയ്ക്ക് എത്തിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാംവർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച സതീഷ് കുമാർ.
സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ടേ മുക്കാൽ കോടി രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ കാണാനില്ല
മലപ്പുറം. തിരൂരിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ടേ മുക്കാൽ കോടി രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ കാണാനില്ല.ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് കണ്ടെത്തൽ.സംഭവത്തിൽ എട്ട് സപ്ലൈക്കോ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഗോഡൗൺ ഓഫീസർ ഇൻചാർജിനെ ഓഫീസിൽ പൂട്ടിയിത്ത് പ്രതിഷേധിച്ചു
തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോ എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,78,74,579 രൂപയുടെ ഭക്ഷ്യ ധാന്യങ്ങൾ ആണ് കാണാതായത്.ഇക്കഴിഞ്ഞ ഏപ്രിലിൽ സ്റ്റോക്ക് വെരിഫിക്കേഷനിൽ ആണ് ഇക്കാര്യം വ്യക്തമായത്.പിന്നാലെ എൻഎഫ്എസ്എ മാനേജർ ,കോഴിക്കോട് സപ്ലൈകോ ഓഫീസിലെ സീനിയർ സൂപ്രണ്ട് തുടങ്ങിയ പരിശോധനയിൽ സാധനങ്ങളുടെ കുറവ് ഉറപ്പായി.സപ്ലൈകോ ഡിപ്പോ മാനേജർ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കല്പഞ്ചേരി പൊലിസിൽ പരാതി നൽകി.എട്ട് ജീവനക്കാർക്ക് എതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു.എട്ട് പേരെയും സപ്ലൈകോ സസ്‌പെന്റ് ചെയ്തു.രണ്ടോ മൂന്നോ വര്ഷത്തിനിടെയാണ് ഇത്രയധികം സാധനങ്ങൾ കാണാതായതെന്നാണ് പോലീസിന്റെ നിഗമനം.ഒരു വര്ഷം ശരാശരി 14,000 ലോഡ് ഭക്ഷ്യ ധാന്യങ്ങൾ കൊണ്ട് പോകുന്നുണ്ട്.ഇതിന്റെ മറവിൽ കടത്തിക്കൊണ്ട് പോയതാണോ എന്ന് പരിശോധിക്കുന്നുണ്ട്.താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിൽ സപ്ലൈക്കോ ഗോഡൗണിൽ പരിശോധന നടത്തി.വരും ദിവസങ്ങളിൽ ജീവനക്കാരെ ചോദ്യം ചെയ്യും.ഭക്ഷ്യ ധാന്യങ്ങൾ കാണാതായ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് സപ്ലൈക്കോ ഗോഡൗൺ ഓഫീസർ ഇൻ ചാർജിനെ ഓഫീസിൽ പൂട്ടിയിട്ടു പ്രതിഷേധിച്ചു
ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് ബലിയാട് ആക്കുകാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം എന്നുമാണ് യൂത്ത് ലീഗ് ആവശ്യം
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു
തിരുവനന്തപുരം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 138 അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍ഗോഡ് 18 ബാച്ചുകളുമാണ് താല്‍ക്കാലികമായി അനുവദിച്ചത്. എന്നാല്‍ മലബാറിലെ മറ്റു ജില്ലകളില്‍ കൂടി ബാച്ചുകള്‍ അനുവദിക്കണമെന്നും ശാശ്വത പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത് വ്യക്തമാക്കിയത്. മലബാറിലെ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടേയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 120 താത്കാലിക ബാച്ചുകള്‍ അനുവദിച്ചത്.
ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു സയന്‍സ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പടെയാണ് 18 ബാച്ചുകള്‍ അനുവദിച്ചത്. ബാച്ചുകള്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യൃന്നുവെന്നും മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഇതു പര്യാപ്തമല്ലെന്നും പ്രതിപക്ഷം.
138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു
കിടക്കവിരി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെയെന്നോ?
അത്ര കണ്ട് മുഷിഞ്ഞു കഴിഞ്ഞാലാണ് പലരും കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റാൻ സമയമായെന്ന് ആലോചിക്കുന്നത് പോലും. എന്നാൽ ഇത് തികച്ചും അനാരോഗ്യകരമാണ് പ്രവണതയാണ്. ശരാശരി ആറ് മുതൽ പത്ത് മണിക്കൂർ വരെ ഒരാൾ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങൾ ബെഡ്ഷീറ്റിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഇവയിൽ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം.
കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റിൽ പടിച്ചെന്ന് വരാം. ന്യുമോണിയ, ഗൊണേറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ബാക്ടീരിയ ഉയർത്തുന്നു. ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയോയിഡുകൾ തങ്ങിനിൽക്കുന്നതായി മൈക്രോസ്‌കോപ്പ് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. എത്ര വൃത്തിയുള്ളതാണെങ്കിലും ഓരോ ആഴ്ചയിലും ബെഡ് ഷീറ്റ് നിർബന്ധമായും കഴുകണം.
നമ്മുടെ ശരീരത്തിൽ പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നുണ്ട്. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകൾ നീക്കം ചെയ്യാനായി ബെഡ്ഷീറ്റ് വാഷിങ് മെഷീനിൽ ഇടുന്നതിന് മുൻപ് തലേന്ന് സ്റ്റെയ്ൻ റിമൂവറിൽ മുക്കിവെക്കുന്നത് നല്ലതാണ്. കടുത്ത കറകൾ നീക്കം ചെയ്യാൻ ചെറുചൂട് വെള്ളം കഴുകാനായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റില്‍
കരുനാഗപ്പള്ളി: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പട.സൗത്ത്, പനച്ചൂരി പടീറ്റതില്‍, സരസന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് എതിരെ മകന്‍ നല്‍കിയ പരാതി അന്വേഷിക്കാനായി പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് ഉദ്യാഗസ്ഥനെ ആക്രമിച്ചത്. മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിക്കാന്‍ വന്നതാണെന്ന് മനസിലാക്കിയ പ്രതി മകനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു.
കരുനാഗപ്പള്ളി എസ്.ഐ ഇയാളുടെ അക്രമം തടയാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ ഇയാള്‍ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ കരുനാഗപ്പള്ളി എസ്‌ഐയായ ഷിജുവിന് കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജിഷ്ണു, ഷെമീര്‍, ജോയ് സിപിഒമാരായ കൃഷ്ണകുമാര്‍, നൗഫല്‍ജാന്‍, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തതായി പോലീസ് പറഞ്ഞു.
ഇരുമ്പ് പാത്രങ്ങള്‍ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കാം… ഇങ്ങനെ ചെയ്ത് നോക്കു….
ഇരുമ്പ് പാത്രങ്ങള്‍ പതിറ്റാണ്ടുകളോളം ഈടുനില്‍ക്കുന്നവയാണ്. ഭാരം കുറച്ച് കൂടുതലാണ് എന്നതും ചൂടാകാന്‍ സമയമെടുക്കും എന്നതുമാണ് ഇവയുടെ ചില ദോഷ വശങ്ങള്‍. എന്നാല്‍, ആരോഗ്യകരമായ ജീവിതത്തിന് ഇരുമ്പ് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഇരുമ്പ് പാത്രങ്ങളില്‍ അസിഡിറ്റി ഉള്ള ഭക്ഷണം എളുപ്പത്തില്‍ പാചകം ചെയ്യാം. കുറച്ചു നേരത്തേയ്ക്ക് വയ്ക്കുകയാണെങ്കില്‍ പുളിയുള്ള ഭക്ഷണങ്ങള്‍ പാത്രത്തിലെ ഇരുമ്പുമായി പ്രവര്‍ത്തിക്കില്ല. മാത്രമല്ല, ഇത്തരം പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍, ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും താപം തുല്യമായി എത്തുന്നതിനാല്‍, ഭക്ഷണത്തിന്റെ രുചിയും കൂടും. അതേപോലെ തന്നെ, നോണ്‍ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്‌ലോണ്‍ പോലുള്ള സിന്തറ്റിക് കോട്ടിംഗുകള്‍ ഇല്ലാത്തതിനാല്‍, ഹാനികരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാം.
എന്നാല്‍, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങള്‍ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി.
വീട്ടില്‍ തുരുമ്പിച്ചു കിടക്കുന്ന പഴയ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ വൃത്തിയാക്കി സീസണ്‍ ചെയ്ത് എടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് വ്‌ളോഗര്‍ ഇന്ദു അഖില്‍. ഇത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കഴുകി, നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടു തരത്തില്‍ സീസണ്‍ ചെയ്യാം. രണ്ടും ചൂടാക്കി എണ്ണ ഒഴിക്കുക. ഒന്നില്‍ വാഴയില ഇട്ടു നന്നായി വാട്ടുക. മറ്റേതില്‍ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ്മണവും രുചിയും മാറുന്നത് വരെ ഇത് തുടരുക.
അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് കരിക്ക് താരം സ്‌നേഹ ബാബു
കരിക്ക് വെബ്‌സീരിസിലൂടെ ശ്രദ്ധേയയായ നടിയാണ് സ്‌നേഹ ബാബു. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. അമ്മയാകാന്‍ പോകുന്നുവെന്ന വിവരമാണ് സ്‌നേഹ വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്.
‘എല്ലാരോടും പറയണം. എല്ലാവരും അറിയണം. അതാണ് അതിന്റെയൊരു മര്യാദ’ എന്ന വിനീത് ശ്രീനിവാസന്റെ ഹിറ്റ് ഡയലോഗിനൊപ്പമുള്ള റീലാണ് താരം പങ്കുവച്ചത്. ‘ആശംസകള്‍ മാത്രം പോരാ’ എന്നും അടിക്കുറിപ്പായി താരം ചേര്‍ത്തിട്ടുണ്ട്. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. എടാ മോളേ എന്നായിരുന്നു സാനിയ അയ്യപ്പന്റെ കമന്റ്. ആര്‍ഷ ബൈജു, ഐമ റോസ്മി, ഫെമിന ജോര്‍ജ് തുടങ്ങിയ നിരവധി പേരാണ് ആശംസകള്‍ കുറിച്ചത്. ജനുവരിയിലായിരുന്നു സ്‌നേഹയുടെ വിവാഹം. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്നേഹയും എത്തിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍ ആണോ… ഒടുവില്‍ പോലീസ് സ്ഥിരീകരണം വന്നു
അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍’ അല്ലെന്ന് പോലീസ്. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ബണ്ടി ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ബണ്ടി ചോര്‍ അല്ലെന്നും ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു.
നീര്‍ക്കുന്നത്തെ ബാറില്‍ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ള ആളെ കണ്ടതോടെ സംശയം തോന്നിയ ആള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്പലപ്പുഴ പൊലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ദേവീന്ദര്‍ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാര്‍ത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാള്‍ മുന്നൂറോളം കേസുകളില്‍ പ്രതിയാണ്. ബണ്ടിച്ചോര്‍ അവസാനമായി കോയമ്പത്തൂര്‍ ജയിലിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ ജയില്‍ മോചിതനായോ എന്നും പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്തെ മോഷണക്കേസില്‍ കേരളത്തിലും ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തങ്കലാനില്‍ വിക്രമിന്റെ പകര്‍ന്നാട്ടം….ട്രെയിലര്‍ പുറത്തിറങ്ങി
സൂപ്പര്‍താരം വിക്രം നായകനായി എത്തുന്ന ചിത്രമാണ് ‘തങ്കലാന്‍’. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്‍’ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് ‘തങ്കലാന്‍’.
ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്‍’ തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘തങ്കലാന്‍’ പുറത്തിറങ്ങുന്നത്.
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി
ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞ് യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചെമ്മനാട് സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പുല്ലൂര്‍ സ്വദേശിയായ യുവാവ് പരാതി നല്‍കിയത്. യുവതി ഇയാളില്‍ നിന്നും ആറ് ലക്ഷം രൂപയോളം തട്ടിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ പീഡനക്കേസില്‍ കുടുക്കിയെന്നും യുവാവ് പരാതിയില്‍ പറഞ്ഞു.
മംഗലാപുരത്ത് യുവതി നല്‍കിയ പീഡനക്കേസില്‍ 28 ദിവസം യുവാവ് ജയിലില്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടുന്നതാണ് ശ്രുതിയുടെ രീതി. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് യുവതി പലരെയും തട്ടിപ്പിനിരയാക്കിയത്. ഇതിനായി വ്യാജ ഐഡി കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു.
പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. യുവതിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.






































