Home Blog Page 2483

അഗ്നി വീർ പദ്ധതി : സുപ്രധാന തീരുമാനമായി

ന്യൂഡെല്‍ഹി.അഗ്നി വീർ പദ്ധതി : സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം.അർദ്ധസൈനിക വിഭാഗങ്ങളിൽ അഗ്നിവീറിന് സംവരണം നൽകും.മുൻ അഗ്നിവീറിന് സിഐഎസ്എഫിൽ 10% സംവരണം.ബിഎസ്എഫിൽ 10% സംവരണം ലഭിക്കും. മുൻ അഗ്നിവീറിന് ഫിസിക്കൽ ടെസ്റ്റിലും ഇളവ് ലഭിക്കും.

സിഐഎസ്എഫും ബിഎസ്എഫും സംവരണം ഉടൻ നടപ്പാക്കും. അഗ്നിവീർ പദ്ധതി ക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ വിമർശനം തുടരുന്നതിനിടെയാണ് നടപടി.

അരൂര്‍ -തുറവൂര്‍ ദുരിതയാത്രക്ക് പരിഹാരമൊരുങ്ങുന്നു

ആലപ്പുഴ .അരൂർ-തുറവൂർ ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു. ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുന്നതിന് നടപടികൾ ആരംഭിച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
വാഹനങ്ങൾ വഴി തിരിച്ചു വിട്ടാണ് ആദ്യഘട്ടത്തിൽ ക്രമീകരണം ഒരുക്കുന്നത്.
വലിയ വാഹനങ്ങൾ അരൂർ തുറവൂർ ദേശീയ പാത വഴി വരാൻ അനുവദിക്കില്ല. ദേശീയപാതയ്ക്ക് കിഴക്കും പടിഞ്ഞാറുമായി സമാന്തര റോഡിലൂടെ വാഹനങ്ങൾ കടത്തിവിടും. ഇതിനായി ഗതാഗത കുരുക്ക് ഉണ്ടാക്കാതെ റെയിൽവേ ഗേറ്റിൽ അടക്കം ക്രമീകരണങ്ങൾ ഏർപ്പെടുത്തും.


ശനി, ഞായർ ദിവസങ്ങളിൽ റോഡ് അടച്ചിട്ട് മറു ഭാഗത്തെ കുഴികൾ കൂടി കോൺക്രീറ്റ് ചെയ്ത് അടയ്ക്കും.
ഓടകൾ നിർമ്മിക്കാൻ റോഡ് അടച്ചിടേണ്ടി വരും.
മേൽപാത നിർമ്മാണം കഴിഞ്ഞ ശേഷം മാത്രമേ ഓട നിർമ്മിക്കാനാകൂ. രണ്ടുതവണ സ്ഥലം സന്ദർശിച്ചുവെന്നും വരും ദിവസങ്ങളിൽ വീണ്ടും സന്ദർശനം നടത്തി വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും വിവരങ്ങൾ അപ്പപ്പോൾ ഹൈക്കോടതി അറിയിക്കുന്നുഉണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു

കെജ്രിവാളിന് നിർണായക ദിനം; ഇഡി അറസ്റ്റ് ചോദ്യം ചെയ്ത ഹർജിയിൽ സുപ്രിം കോടതി വിധി ഇന്ന്

ന്യൂ ഡെൽഹി :
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായക ദിനം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കഴിഞ്ഞ മെയ് 17ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഹർജിയിൽ വാദം കേട്ടിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വോട്ടെടുപ്പ് സമാപിച്ചതിന് പിന്നാലെ ജൂൺ 3ന് കെജ്രിവാൾ ജയിലിലേക്ക് മടങ്ങി. ജൂൺ 20ന് ഡൽഹി റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു. എന്നാൽ ഇഡിയുടെ അപ്പീലിൽ വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

2022 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ അഴിമതിക്കേസിൽ 2023 മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ ജൂൺ 26ന് സിബിഐയും കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്‍റെ കാര്യം തീരുമാനമായി

വയനാട്.ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.
വണ്ടി പൂർണമായ് റീ അസംബ്ൾ ചെയ്തതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജീപ്പിൻ്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ വയനാട് എൻഫോഴ്സ്മെൻ്റ് RTO, മലപ്പുറം RTO ക്ക് ശുപാർശ നൽകി. സൈന്യം ഉപയോഗിച്ചിരുന്നതാണ് ഈ ജീപ്പെന്നും കണ്ടെത്തിയിട്ടുണ്ട്.

2016ൽ വണ്ടി ലേലത്തിൽ പിടിച്ച വ്യക്തി പഞ്ചാബിൽ റജിസ്റ്റർ ചെയ്തു.2017 ൽ മലപ്പുറത്ത് റീ റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേ സമയം ജീപ്പുമായി സ്റ്റേഷനിൽ ഹാജരായ ഷൈജലിനെ പനമരം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

സ്വര്‍ഗീയം,മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്

മുംബൈ.ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യവസായി മുകേഷ് അമ്പാനിയുടെ മകന്റെ വിവാഹം ഇന്ന്. ആനന്ദ് അംമ്പാനിയും രാധികാ മെർച്ചന്ർറും തമ്മിലുള്ള വിവാഹം വൈകീട്ട് മുംബൈയിലാണ്. ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ വിവാഹം വൻ ഉത്സവം ആക്കാനുള്ള ഒരുക്കളെല്ലാം പൂർത്തിയായി

ഇന്ത്യ കണ്ട എക്കാലത്തെയും ആഡംബര വിവാഹം.കോടിക്കണക്കിന് രൂപ പൊടിച്ച് നാല് മാസത്തോളം നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ ആനന്ദ് അമ്പാനി പ്രണയിനി രാധികാ മെർച്ചന്ർറിന് താലി കെട്ടും.

വൈകീട്ട് മൂന്ന് മണിയോടെ ബാന്ദ്ര ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ർററിൽ ചടങ്ങുകൾ ആരംഭിക്കും. കൺവെൻഷൻ സെന്ർറർ പരിസരത്തേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയോടെ മേഖലയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊലീസും അറിയിക്കുന്നു. മോഡൽ കിം കർദാഷിയാൻ മുതൽ ബോക്സർ മൈക് ടൈസൺ വരെ അങ്ങനെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിവിഐപികളുടെ നീണ്ട നിരയുണ്ട്. സാംസങ് ചെയർമാൻ ജയ് ലീ, ഫിഫി പ്രസിഡന്ർ് ജിയാനി ഇൻഫാന്ർരിനോ, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന ബോറിസ് ജോൺസൻ, ടോമി ബ്ലെയർ, ഇന്ത്യയിലെ വിവിധ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ അങ്ങനെ പട്ടിക നീളും. സ്വകാര്യ ജെറ്റുകളുടെ നൂറിലേറെ സർവീസുകൾ അതിഥികളുടെ ആവശ്യാനുസരണം ഉപയോഗിക്കാനായി ബുക്ക് ചെയ്ത് കഴിഞ്ഞു.

അമ്പാനി കുടുംബത്തിന്റെ ആസ്ഥാനമായ ഗുജറാത്തിലെ ജാംനഗറിൽ തുടങ്ങിയ ആഘോഷ പരിപാടികളാണ് അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നത്. ബിൽഗേറ്റ്സും , മാർക്ക് സക്കർബെർഗും അടക്കം ആദ്യത്തെ ചടങ്ങിനെത്തിയ വിവിഐപി അതിഥികളുടെ പട്ടിക കണ്ടാൽ ആരും അമ്പരക്കും. പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. പിന്നാലെ യൂറോപ്പിൽ ആഢംബര കപ്പലിൽ ആഘോഷത്തിന്ർറെ രണ്ടാം ഘട്ടം. അവിടെയും അതിഥികളുടെ നീണ്ട പട്ടിക. കാറ്റി പെറിയടക്കം ലോകത്തെ മുൻ നിര ഗായകരുടെ കലാപരിപാടിക്കൊപ്പം അംമ്പാനി കുടുംബവും ഒരു മെഗാ ഷോയിലെന്ന പോലെ നൃത്തം ചെയ്തു. മുംബൈയിലെ വീട്ടിൽ തുടങ്ങിയ സംഗീത് ചടങ്ങിലേക്ക്ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും എന്ന് വേണ്ട പാട്ടു പാടാനായി സാക്ഷാൽ ജസ്റ്റിൻ ബീബർ വരെയുണ്ടായിരുന്നു.

മുംബൈയിൽ സമൂഹ വിവാഹം നടത്തിയതും ജാംനഗറിൽ മൃഗങ്ങൾക്കായുള്ള മെഗാ ചികിത്സാ കേന്ദ്രം തുടങ്ങിയതും അങ്ങനെ വിവാഹാഘോഷങ്ങളിൽ മാനവിക ഉയർത്തിപ്പിടിച്ച സംഭവവും ഈ വിവാഹോത്സവത്തിനിടെ ഉണ്ടായിട്ടുണ്ട്.

കുണ്ടന്നൂർ -തേവര പാലം അറ്റകുറ്റ പണികൾക്കായി ഇന്ന് അടയ്ക്കും

കൊച്ചി. കുണ്ടന്നൂർ -തേവര പാലം അറ്റകുറ്റ പണികൾക്കായി ഇന്ന് അടയ്ക്കും. രാത്രി 11 മണി മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. ശനി, ഞായർ എന്നീ ദിവസങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തീകരിച്ച് തിങ്കളാഴ്ച്ച രാവിലെ പാലം തുറന്നു കൊടുക്കാനാണ് തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ 2 ദിവസത്തേക്ക് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പണി ആരംഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എൻ.എച്ച് അധികാരികൾ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. പാലം അടയ്ക്കുന്നതോടെ ഗതാഗത നിയന്ത്രണത്തിന് ഇന്ന് മുതൽ പോലീസുകാരെ നിയോഗിക്കും.

വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചു, സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി. പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസിൽ സുരേഷ് ഗോപി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ .എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.നടൻ വിചാരണ നടപടികൾ നേരിടണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി നേരത്തെ വിടുതൽ ഹർജി തള്ളിയത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്.

മാറ്റണം,മേയർ എംകെ വർഗീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ

തൃശൂര്‍.ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ തൃശൂർ മേയർ എംകെ വർഗീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എം കെ വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനം. എൽഡിഎഫ് നേതൃത്വത്തോട് മാറ്റണമെന്ന ആവശ്യം സിപിഐ ഔദ്യോഗികമായി അറിയിച്ചു. എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ചയാക്കാനാണ് സിപിഐ തീരുമാനം. എം കെ വർഗീസ് ബിജെപി സ്ഥാനാർഥിക്കായി വോട്ടു പിടിച്ചെന്ന് ആരോപിച്ച് വിഎസ് സുനിൽകുമാർ രംഗത്ത് എത്തിയതും പാർട്ടി തീരുമാനത്തിന്റെ പുറത്താണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി മേയർ പ്രവർത്തിച്ചില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. അതേസമയം മേയർക്കെതിരായ സിപിഐ അതൃപ്തി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ന് മടങ്ങിയേക്കില്ല

തിരുവനന്തപുരം. വിഴിഞ്ഞത്തെ ആദ്യ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ന് മടങ്ങിയേക്കില്ല. കൂടുതൽ സമയമെടുത്താണ് നിലവിൽ കപ്പലിൽ നിന്ന് കണ്ടയ്നർ ഇറക്കുന്നത്. 1960 കണ്ടയ്നറുകളും ഇറക്കാൻ നിശ്ചയിച്ചതിലും കൂടുതൽ സമയം എടുത്തേക്കും. ഫീഡർ കപ്പലുകൾ വരുന്ന സമയത്തിലും മാറ്റം ഉണ്ടാകാനണ് സാധ്യത. ഇന്ന് വൈകിട്ട് കപ്പൽ തുറമുഖം വിടാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്

ഇന്ന് ഉച്ചയോടെ മുഴുവൻ കണ്ടയ്നുകളും ഇറക്കി യൂറോപ്പിലേക്ക് തിരിക്കുന്നതായിരുന്നു സാൻ ഫെർണാണ്ടോയുടെ ഷെഡ്യൂൾ. എന്നാൽ തുറമുഖത്തെ ഓരോ ക്രെയിനുകളും പരിശോധിച്ച് കൂടുതൽ സമയം എടുത്താണ് ഓരോ കണ്ടയ്നറുകളും ഇറക്കുന്നത്. കണ്ടയ്നറുകൾ ഇറക്കി കപ്പൽ തുറമുഖം വിടാൻ നാളെയാകും എന്നാണ് സൂചന. മദർഷിപ്പ് തുറമുഖത്ത് ഇറക്കുന്ന കണ്ടയ്നറുകൾ കൊൽക്കത്ത, മുമ്പൈ , ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് കൊണ്ട് പോകേണ്ടത്.

ഇതിനായി നാളെയും മറ്റന്നാളും മുന്ദ്ര, കൊളമ്പോ തുറമുഖങ്ങളിൽ നിന്ന് ഫീഡർ കപ്പലുകൾ എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മദർഷിപ്പ് തിരിച്ച് പോകാൻ വൈകുന്നത് ഫീഡർ കപ്പലുകളെയും വൈകിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ് സി യുടെ 400 മീറ്റർ മദർ ഷിപ്പും രണ്ടാഴ്ച്ചക്കുള്ളിൽ വിഴിഞ്ഞത്തു എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.

ധര്‍മ്മടത്ത് പോളി ടെക്നിക്, മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും മന്ത്രി സഭാ തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം. പ്ലസ് വൺ അധിക ബാച്ചുകൾ 2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കും.

ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും, കോമേഴ്സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താൽക്കാലിക ബച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കും.

കാസർകോട് ഒരു സയൻസ് കോമ്പിനേഷനും നാല് ഹ്യുമാനിറ്റീസ് ബച്ചുകളും,13 കൊമേഴ്സ് കോമ്പിനേഷനുകളും ഉൾപ്പെടെ ആകെ 18 താൽക്കാലിക ബാച്ചുകൾ അനുവദിക്കും.

പദ്ധതി വിഹിതം ക്രമീകരിക്കും

കേന്ദ്രനടപടികൾ കാരണം ഉണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്തും. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്താൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊർജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രിമാരാണ് അം​ഗങ്ങൾ.

തുടർന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകുന്നതിനു മുമ്പ് പ്രോജക്‌ടിൻ്റെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണവ കുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

റവന്യൂ വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ

വരുമാന വർദ്ധനവിനുള്ള ഫീസുകളുടെ പരിഷ്ക്കരണത്തിനും നോൺടാക്സ് റവന്യൂ വർദ്ധനവിനും ഉള്ള നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കും. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26.07.2024-നു മുമ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്ന് തിരുമാനിച്ചു.

ഇക്കാര്യത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരക്കുകൾ വർദ്ധിപ്പിച്ചതിന് നിരക്ക് വർദ്ധനവ് വരുത്തില്ല.വിദ്യാർത്ഥികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല.

വകുപ്പുകളുടെ ഏകോപനത്തിന് നടപടി

സംസ്ഥാനത്തിന്റെ പൊതുവികസനത്തതിന് വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ശരിയായ ഏകോപനം ഉണ്ടാക്കാൻ നടപടിയെടുക്കും.

വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങൾക്കുമായി ധനകാര്യമന്ത്രി, റവന്യൂവകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുൾപ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിൻ്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉൾപ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോ​ഗം ചേർന്ന് ശിപാർശകൾ നൽകും. ഉപസമിതി ശിപാർശകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

ശമ്പളപരിഷ്ക്കരണം

ഓയിൽഫാം ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങൾ 1.07.2019 പ്രാബല്യത്തിൽ അനുവദിച്ചു നൽകും.

മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.

പിണറായിയിൽ പോളിടെക്നിക്ക്

ധർമ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്സുകളോടുകൂടി സർക്കാർ പോളിടെക്നിക്ക് കോളേജ് ആരംഭിക്കും.

പ്രിൻസിപ്പൽ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസർ – നാല്, വർക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോൺസ്ട്രേറ്റർ ഇൻ എഞ്ചിനിയറിങ്ങ് – നാല്, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ – ഒന്ന്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ – ഒന്ന്, സീനിയർ സൂപ്രണ്ട് – ഒന്ന്, ഹെഡ് അകൗണ്ടന്റ് – ഒന്ന്, ക്ലർക്ക് – മൂന്ന്, അറ്റന്റർ ​ഗ്രേഡ് ടു – രണ്ട്, ലൈബ്രേറിയൻ – ഒന്ന്, ഓഫീസ് അറ്റന്റന്റ് – രണ്ട്, വാച്ച്മാൻ രണ്ട്, കാഷ്വൽ സ്വീപ്പർ രണ്ട് എന്നിങ്ങനെ തസ്തികകളും സൃഷ്ടിക്കും.

സൗജന്യ നിരക്കിൽ ഭൂമി

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ സൗജന്യ നിരക്കിൽ ഭൂമി അനുവദിക്കും.

ടെണ്ടർ അം​ഗീകരിച്ചു

ആലപ്പുഴ നെടുമുടി – കരുവാറ്റ റോഡിലെ മുതലക്കുറിശ്ശിക്കൽ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടർ അംഗീകരിച്ചു.

ചട്ടങ്ങളിൽ ഇളവ്

കൊല്ലം ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് ( ദേശീയപാത 544) എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ വസ്തുക്കളായ കരിങ്കൽ ഉൽപനങ്ങൾ, മണ്ണ് എന്നിവയുടെ ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട റോയൽറ്റി ഒഴിവാക്കാൻ തീരുമാനിച്ചു. പൊതുതാൽപര്യം മുൻനിർത്തി 2015ലെ കെഎംഎംസി ചട്ടങ്ങളിൽ ഇളവു വരുത്തി നിബന്ധനകൾക്ക് വിധേയമായാണ് ഒഴിവാക്കുക.