Home Blog Page 2446

കല്യാണം വിളിക്കുന്നതിനായി കൊല്ലത്ത് എത്തിയ യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്

പരവൂര്‍: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് യൂസഫി(27)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പരവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊല്ലം-തഞ്ചാവൂര്‍-ചെന്നൈ എക്‌സ്പ്രസില്‍ നിന്ന് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. യുവാവിന്റെ ഒരു കാല്‍പാദം അറ്റുപോകുകയും മറ്റേ കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് സഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊല്ലത്ത് കല്യാണം വിളിക്കുന്നതിനായി എത്തിയതാണ് മുഹമ്മദ് യൂസഫ്. തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മഴക്കെടുതിയിൽ നാല് പേർ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. വിവിധ ഇടങ്ങളിലായി നിരവധി വീടുകൾ തകർന്നു. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


കാലവർഷം ശക്തി പ്രാപിച്ചതോടെ മഴ തകർത്തു പെയ്യുകയാണ്.  സംസ്ഥാനത്തുടനീളം ഉണ്ടായ മഴക്കെടുതിയിൽ ഇന്ന് നാല് പേർ മരിച്ചു. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം മരം വീണ് പരുക്കേറ്റ ബൈക്ക് യാത്രികനായ  സിയാദ് മൻസിലിൽ ഉനൈസ് ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഇടുക്കി മാങ്കുളത്ത് കാൽവഴുതി പുഴയിൽ വീണ താളുംകണ്ടം സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട്‌  നായർകുന്ന് ചെക്ക്ഡാമിൽ  വീണ് കാണാതായ മുതുകുന്നി സ്വദേശി രാജേഷിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തി.

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അലോഷ്യസ് മരിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് മഴ കനത്ത നാശനഷ്ടം വിതച്ചത്. ഇടുക്കി കരുണാപുരത്തും ഉടുമ്പൻ ചോലയിലും മരം വീണ് വീടുകൾ തകർന്നു. കോട്ടയം കുമരകത്ത് ചെങ്ങളം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മൂന്നു ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. വടക്കൻ ജില്ലകളിൽ മഴയുടെ ശക്തികുറഞ്ഞെങ്കിലും മഴക്കെടുതികൾക്ക് കുറവില്ല. മലപ്പുറം എടവണ്ണപ്പാറ വിളയിൽ എളങ്കാവിൽ വെള്ളം കയറി. തടത്തിൽ പള്ളിക്കടവ് റോഡ് പൂർണമായും മുങ്ങി. പരപ്പനങ്ങാടിയിൽ മരം വീണ് കണ്ടെയ്നർ ലോറി തകർന്നു.

കോഴിക്കോട് ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതോടെ മാവൂർ, ചാത്തമംഗലം ,പെരുവയൽ മേഖലയിൽ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ 33 വീടുകളാണ് ഭാഗികമായി തകർന്നത്. വിലങ്ങാട് പുല്ലുവ, വാണിമേൽ പുഴകളിൽ ജലനിരപ്പുയർന്നു. വനമേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. വടകരയിൽ മിന്നൽ ചുഴലിയിൽ കടകൾ തകർന്നു. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മലവെള്ളപ്പാച്ചിലിൽ  തടയണകൾ തകർന്ന് കല്ലുകൾ റോഡിലേക്ക് പതിച്ചു. ഏറെനേരം ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സും പോലീസും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കുവൈറ്റ് തീപിടുത്തം: ധനസഹായ വിതരണം നാളെ

കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാളെ ഉച്ചയ്ക്ക് ശേഷം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്യും.
സാജന്‍ ജോര്‍ജ്, സാജന്‍ വില്ല പുത്തന്‍വീട്, വെഞ്ചേമ്പ്, കരവാളൂര്‍ പുനലൂര്‍ (2:30ന്), ഷമീര്‍ ഉമറുദ്ദീന്‍, തുണ്ടുവിള വീട്, ആനയടി ശൂരനാട് നോര്‍ത്ത് (3:45 ന്), സുമേഷ് പിള്ള, കന്നിമൂലയില്‍ വീട്,മതിലില്‍ (വൈകിട്ട് 5ന്), ലിയോ ലൂക്കോസ്, വടക്കോട്ട് വില്ലയില്‍, വിളച്ചിക്കാല ആദിച്ചനല്ലൂര്‍ (6ന്) എന്നിവരുടെ വീടുകളിലാണ് മന്ത്രി സന്ദര്‍ശനം നടത്തുന്നത്. എം എല്‍.എ മാരും ജനപ്രതിനിധികളും പങ്കെടുക്കും.

കാർത്തിയുടെ സിനിമാ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി വീണ് സംഘട്ടന സഹായി മരിച്ചു

ചെന്നൈ:കാർത്തി നായകനായി അഭിനയിക്കുന്ന സർദാർ 2ന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്ന് വീണ് സംഘട്ടന സഹായി എഴുമലൈ മരിച്ചു. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് അപകടം നടന്നത്.
സംഘട്ടന ചിത്രീകരണത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടെയാണ് അപകടം. വീഴ്ചയിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണം. ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്‌

‘എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്… ആസിഫ് അലി

തന്നെ പിന്തുണച്ച എല്ലാ മലയാളികള്‍ക്കും നന്ദിയെന്നും തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണമാക്കി മാറ്റരുതെന്നും നടന്‍ ആസിഫ് അലി. രമേശ് നാരായണന്‍ പൊതുവേദിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. കൊച്ചിയില്‍ നടന്ന സിനിമാ പ്രമോഷന്‍ ചടങ്ങിനിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.
‘എനിക്കുള്ള പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാള്‍ക്കെതിരായ വിദ്വേഷം ആകരുത്. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാകും. ഞാന്‍ സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആള്‍ തന്നെയാണ്. പക്ഷെ അത് എന്റെത് മാത്രമാണ്. അത് പരസ്യമായി പ്രകടിപ്പിക്കാറില്ല’- ആസിഫ് പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രമേശ് നാരായണനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. അതിനിടെയാണ് സംഭവത്തില്‍ ആദ്യപ്രതികരണവുമായി ആസിഫ് രംഗത്തുവന്നത്.
‘അദ്ദേഹത്തിനെതിരെയുള്ള വിദ്വേഷ പ്രചരണത്തിന് ഒരവസരം ഉണ്ടാക്കരുതെന്നുള്ളതുകൊണ്ടാണ് മാധ്യമങ്ങളെ കാണുന്നത്. പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ പേര് മാറ്റി വിളിക്കുന്ന അവസ്ഥയുണ്ടായി. എല്ലാ മനുഷ്യരും അനുഭവിക്കുന്ന ഒരു ടെന്‍ഷന്‍ ആ സമയത്ത് അദ്ദേഹത്തിനും അനുഭവപ്പെട്ടിട്ടുണ്ടാകാം. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹവും ഉണ്ടായിരുന്നത്. എല്ലാവരും പ്രതികരിക്കുന്ന രീതിയിലാണ് അദ്ദേഹവും പ്രതികരിച്ചത്. പക്ഷെ അത് ക്യാമറ ആംഗിളിലൂടെ വരുമ്പോള്‍ കുറച്ച് എവിഡന്റായി ഫീല്‍ ചെയ്തു. ആ സംഭവത്തില്‍ എനിക്ക് ഒരു തരത്തിലും പരിഭവവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അത് എന്റെ റിയാക്ഷനില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും’- ആസിഫ് പറഞ്ഞു.

‘ഇതിന് എന്തു മറുപടി പറയുമെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അത് വേറെ ഒരുതലത്തിലേക്ക് പോകാന്‍ പാടില്ലെന്ന് എനിക്ക് തോന്നി. ഇത് മതപരമായ രീതിയിലേക്ക് ഉള്‍പ്പടെ ചര്‍ച്ച ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രാവിലെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു. സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. എന്നോട് മാപ്പുപറയേണ്ടുന്ന അവസ്ഥ വരെ എത്തിച്ചതായി തോന്നി. അതിലൊക്കെ എനിക്ക് ഒരുപാട് വിഷമം ഉണ്ട്. വീണ്ടും പറയുന്നു. പിന്തുണ നല്‍കയതില്‍ സന്തോഷമുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും അവരെ കൊണ്ടുപറ്റുന്ന രീതിയില്‍ എന്നെ പിന്തുണച്ചു. കലയോളം തന്നെ കലാകാരനെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ എന്ന് നമ്മള്‍ വീണ്ടും തെളിയിച്ചു. എന്നാല്‍ അത് ഒരുവിദ്വേഷ പ്രചാരണമാക്കുന്നതിനോട് എനിക്ക് ഒരു താത്പര്യവുമില്ല. അദ്ദേഹം അത് മനഃപൂര്‍വം ചെയ്തതല്ല. ഒരുകലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വേറെ ഒരു ചര്‍ച്ചയിലേക്ക് ഇതിനെ കൊണ്ടുപോകരുത്. ഇത് കഴിഞ്ഞതായി ഞാന്‍ ആഗ്രഹിക്കുന്നു’- ആസിഫ് പറഞ്ഞു.

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പു കടിച്ചു

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പു കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
പനിയായതിനാല്‍ മകളെയുമായി ഇന്നലെയാണ് ഗായത്രി ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കുട്ടിയെ പരിചരിക്കുന്നതിനിടെയാണ് യുവതിയെ പാമ്പുകടിച്ചത്. കടിയേറ്റതിന് പിന്നാലെ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു.
കടിയേറ്റതിന് പിന്നാലെ 27-കാരിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗായത്രിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. പുറക്കാട് ദേശീയപാതയിലാണ് സംഭവം. ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തു. ഡ്രൈവര്‍ക്ക് പരിക്ക്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് എത്തിയവരാണ് കല്ലെറിഞ്ഞത്.

കർണാടകയിൽ സ്വകാര്യ മേഖലയിൽ കന്നഡ സംവരണം

സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡിഗരെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്

ബസ് സമരം പിൻവലിച്ചു

കോഴിക്കോട്:
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തി വന്ന പണിമുടക്ക് പിൻവലിച്ചു.

കെ കെ രമ എം.എൽ.എ തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് തീരുമാനം

സീബ്രാ ലൈനിൽ വിദ്യാർത്ഥികളെ ഇടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് പുനപരിശോധിക്കുക, റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കുക എന്നീ ആവശ്യം ഉന്നയിച്ചായിരുന്നു സമരം.

വാട്സ്അപ്പിലൂടെയാണ് തൊഴിലാളികൾ അനിശ്ചിതകാല സമരപ്രഖ്യാപനം നടത്തിയത്.
വടകര , കൊയിലാണ്ടി മേഖലകളിലെ ബസ് തൊഴിലാളികളും പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
യൂണിയൻ പിന്തുണ ഇല്ലാതെ ആയിരുന്നു സമരം

അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തിലെ നാല് പേർ അറസ്റ്റിൽ

ന്യൂ ഡെൽഹി :

അന്താരാഷ്ട്ര മനുഷ്യക്കടത്ത്
സംഘത്തിലെ നാലു പേരെ അറസ്റ്റ് ചെയ്ത് എൻ ഐ എ .ഡൽഹി സ്വദേശി മഞ്ചൂർ ആലം, ഹരിയാന സ്വദേശികളായ സാഹിൽ, ആഷിഷ് , ബിഹാർ സ്വദേശി പവൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്. മനുഷ്യക്കടത്ത്, സൈബർ തട്ടിപ്പ് കേസുകൾക്കെതിരെ എൻഐഎ നടത്തിയ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്. പ്രതികളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. മികച്ച ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവാക്കളെ വിദേശത്തേക്ക് കടത്തിയിരുന്നത്. യുവാക്കളെ കോൾ സെന്ററുകൾ വഴി തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചിരുന്നുവെന്നും എന്നും എൻ ഐ എ കണ്ടെത്തി. സമാന കേസിൽ മുംബൈയിൽ വിദേശ പൗരന്മാർ അടക്കം അഞ്ചുപേർക്കെതിരെ നേരത്തെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു