Home Blog Page 2444

87 ലക്ഷം യാത്രക്കാരെ വഹിച്ച് ഇത്തിഹാദ്

അബുദാബി: ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ യു എ ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ലക്ഷ്യത്തിലെത്തിച്ചത് 87 ലക്ഷം യാത്രക്കാരെ. കഴിഞ്ഞ മാസം മാത്രം വിമാനക്കമ്പനി കൊണ്ടുപോയത് 15 ലക്ഷം യാത്രക്കാരെയായിരുന്നു.

ജൂണ്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 2023 ഇതേ കാലത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി ഇത്തിഹാദ് എയര്‍ സിഇഒ അന്റൊലോള്‍ഡോ നെവിസ് വ്യക്തമാക്കി. ഇത് തങ്ങളുടെ തുടര്‍ച്ചയായുള്ള വര്‍ച്ചയുടെ സൂചനയാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം നോക്കിയാല്‍ 25 ലക്ഷം യാത്രക്കാരാണ് ഒരൊറ്റ വര്‍ഷത്തിനിടയില്‍ ഇതേ കാലഘട്ടത്തില്‍ കൂടിയിരിക്കുന്നത്. 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ യാത്രക്കാരുടെ എണ്ണമെടുത്താല്‍ 1.64 കോടി യാത്രക്കാരാണ് ഇത്തിഹാദ് എയറിനെ ഉപയോഗപ്പെടുത്തിയത്. ഇത് ഏറെ അഭിമാനകരമായ കാര്യമാണ്. 2023ല്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത് 76 വിമാനങ്ങളായിരുന്നെങ്കില്‍ 2024ല്‍ 92 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വിമാനം പറക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ പുതിയ 10 നഗരങ്ങള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 2030 ആവുമ്പോഴേക്കും 150 വിമാനങ്ങള്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അന്റൊലോള്‍ഡോ നെവിസ് വെളിപ്പെടുത്തി.

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരമില്ല

ന്യൂഡെല്‍ഹി. പഞ്ചാബ് സർക്കാരിന് തിരിച്ചടി.ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരമില്ല.ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ സർക്കാർ സർവ്വകലാശാലകളുടെ ചാൻസലറാക്കുന്ന ബിൽ രാഷ്ട്രപതി തിരിച്ചയച്ചു.

പഞ്ചാബ് സർവ്വകലാശാല നിയമ ഭേദഗതി ബില്ലടക്കം 4 ബില്ലുകൾ കഴിഞ്ഞ വർഷം ജൂനിലാണ് നിയമസഭ പാസാക്കിയത്. സഭാ സമ്മേളനത്തെ നിയമവിരുദ്ധം എന്ന് ഗവർണർ വിശേഷിപ്പിച്ചിരുന്നു. പിടിച്ചുവെച്ച ബില്ലുകൾ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ആണ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരു കലശലായപ്പോള്‍ കേരള സര്‍ക്കാരും ഇതേ ആവശ്യം ചര്‍ച്ച ചെയ്തിരുന്നു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. ശുചീകരണ തൊഴിലാളി എൻ.ജോയ് റെയിൽവേ പരിധിയിലുള്ള ടണലിൽ മുങ്ങി മരിച്ചതിനു
പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്.
രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.ഏഴു വകുപ്പുകളുടെ
മന്ത്രിമാരും തിരുവനന്തപുരം മേയറും
യോഗത്തിൽ പങ്കെടുക്കും.ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.റെയിൽവേ പരിധിയിലുള്ള 117 മീറ്ററിലേ മാലിന്യം
നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു റെയിൽവേയും നഗരസഭയും തമ്മിൽ
തുടരുന്ന തർക്കവും യോഗത്തിൽ ചർച്ചയാകും.തോട്ടിലേക്ക് റെയിൽവേ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളുന്നതും വിമർശനമായി ഉയർന്നേക്കാം.

അതിവേഗം ബഹുദൂരം മിന്നിയ വഴിവിളക്ക്

തിരുവനന്തപുരം . ഒരു ജന നേതാവ് എങ്ങനെയാണെന്നതില്‍ ഇതിലും നല്ലൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനില്ല. പൊതുപ്രവര്‍ത്തകരുടെ വഴിയില്‍ ഒരു വിളക്കുമായമായിരുന്നു ഉമ്മന്‍ചാണ്ടി. അതിവേഗം ബഹുദൂരം അതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യം. വിവാദങ്ങളുടെ പെരുമ്പറ ഒരുവശത്ത് മുഴങ്ങിയപ്പോഴും ഒരു വികസന പദ്ധതയും ഉമ്മന്‍ചാണ്ടി വേണ്ടെന്ന് വച്ചിട്ടില്ല. ഒരു രൂപയ്ക്ക് അരി മുതല്‍ ഇന്ന് പിതൃത്വത്തിനായി പലരും വാദിക്കുന്ന വിഴിഞ്ഞം വരെ ഉമ്മന്‍ചാണ്ടിയുടെ കര സ്പര്‍ശമുണ്ട്

വിവാദങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട് വികസനങ്ങളെ കേരളത്തോട് ചേര്‍ത്ത ഭരണകര്‍ത്താവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ അവേശഷിപ്പിച്ചത് എന്തെന്ന് ചോദിച്ചാല്‍ വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും തലഉയര്‍ത്തി നില്‍ക്കും. 20 വര്‍ഷം പല തടസങ്ങളില്‍ കുരുങ്ങികിടന്ന വിഴിഞ്ഞത്തിന്റെ കുരുക്കഴിച്ചത് ഉമ്മന്‍ചാണ്ടി ആയിരുന്നു. അന്ന് 6500 കോടി രൂപയുടെ അഴിമതി ആരോപിച്ച അന്നത്തെ പ്രതിപക്ഷം ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ട മദര്‍ഷിപ്പിന് വാട്ടര്‍ സല്യൂട്ട് നല്‍കി. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട് ഡി.എം.ആര്‍.സിക്ക് കരാര്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എയര്‍ഫോഴ്‌സ് വിമാനം റണ്‍വേയില്‍ ഇറക്കിയതും അതേ ഉമ്മന്‍ചാണ്ടി. കാരണ്യ ബനവലന്റ് സ്‌കീമും കുട്ടികള്‍ക്കായി നടപ്പിലാക്കിയ കോക്‌ളിയര്‍ ഇംപാന്റേഷനും സ്വയംഭരണ കോളേജുകളും ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ഭരണത്തില്‍ മാറ്റ് കൂട്ടി.

വില്ലേജ് ഓഫീസറുടെ ജോലി മുഖ്യമന്ത്രി ചെയ്യണമോ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ അന്നും ഇന്നും ജനനായകനായും വികസനനായകനായും ഉമ്മന്‍ചാണ്ടി തലഉയര്‍ത്തി നില്‍ല്‍ക്കുകയാണ്.

നീറുന്ന പ്രശ്നങ്ങളിൽ ആശ്വാസമായ നേതാവായിരുന്നു ഉമ്മൻചാണ്ടി..
ഒന്നാം ചരമവാർഷികത്തിലും ആ ജനകീയ നേതാവ് ജനമനസുകളിൽ ഇന്നും
മായാതെ ജീവിക്കുകയാണ്. പുതുപ്പള്ളി പള്ളിയുടെ
കല്ലറയിലേക്ക് അതുകൊണ്ട് തന്നെ ആശ്വാസം തേടി
തീർത്ഥാടനം പോലെ ആളുകൾ ഒഴുകിയെത്തുകയാണ്

എപ്പോഴും മനുഷ്യപക്ഷത്തു നിന്ന ഒരാള്‍

തിരുവനന്തപുരം.മനുഷ്യപക്ഷത്തു നിന്ന ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. തൊഴില്‍ വകുപ്പ് മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഊന്നല്‍. വന്‍കിട പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേരളത്തിന്റെ വളര്‍ച്ചയുടെ ഗതിവേഗം കൂട്ടിയപ്പോഴും ജനങ്ങളുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രിയായി അറിയപ്പെടാനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത്.

കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും കണ്ണൂര്‍ വിമാനത്താവളത്തിനും തുടക്കം കുറിച്ച ഉമ്മന്‍ചാണ്ടിയെ ശക്തനായ ഭരണാധികാരിയായിട്ടാണ് ചരിത്രം അടയാളപ്പെടുന്നത്. സമഗ്ര വികസനത്തിന് നേതൃത്വം നല്‍കിയപ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളിലായിരുന്നു മുന്‍ഗണന. തൊഴിലില്ലായ്മ വേതനം നടപ്പാക്കിയതു മുതല്‍ ഇതു വ്യക്തമാണ്. ശ്രവണ പരിമിതിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കിയ കോക്ലിയാര്‍ ഇംപ്ലാന്റേഷനായിരുന്നു കരുതലിന്റെ മികച്ച ഉദാഹരണം. സാധാരണക്കാര്‍ക്ക് ഭരണാധികാരിയെ കാണാനും അടുത്തുനിന്ന് പരാതി പറയാനും അവസരം ഒരുക്കിയ ജനസമ്പര്‍ക്ക പരിപാടിയാണ് ഒരു പക്ഷേ ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവിനെ ചരിത്രത്തില്‍ മികവുള്ളതാക്കി തീര്‍ത്തത്. മാസങ്ങളെടുത്ത് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ പോലും അഞ്ച് മിനിറ്റില്‍ തീര്‍പ്പാക്കാനുള്ള വൈദഗ്ധ്യമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവിന്റെ സവിശേഷത. ഏതു പ്രശ്‌നത്തിനും ഉമ്മന്‍ചാണ്ടിക്ക് പരിഹാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥ ഫയല്‍കുറിപ്പുകളെ മറികടകടന്നുള്ള പരിഹാരമാര്‍ഗമാണ് ഉമ്മന്‍ചാണ്ടിിയെ ജനപ്രിയനാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അര്‍ഹരായവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതിവേഗം ബഹുദൂരമെന്ന ആപ്തവാക്യത്തിലൂന്നിയായിരുന്നു മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. പിന്നീട് വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ വഴി വെബ്കാസ്റ്റിംഗ് നടപ്പാക്കി് സുതാര്യത ഉറപ്പിക്കാനും ശ്രമിച്ചു. രാഷ്ട്രീയ എതിരാളികളോട് ഭരണാധികാരികള്‍ വിദ്വേഷം കാട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടി ഇതിലും വ്യത്യസ്തനായിരന്നു. എതിരാളിയുടെ വിമര്‍ശനങ്ങളെ ക്ഷമയോടെ ഉള്‍ക്കൊള്ളാനും ഭരണാധികാരിയെന്ന നിലയില്‍ കഴിഞ്ഞതും ഉമ്മന്‍ചാണ്ടിയെ ജനപ്രിയനാക്കി.

ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി സൃഷ്ടിച്ചെടുത്ത ജനകീയത ചെറുതായിരുന്നില്ല. സംസ്ഥാനത്ത് ഉടനീളം ലക്ഷക്കണക്കിന് ആളുകളെയാണ് ഉമ്മൻചാണ്ടി നേരിൽ കണ്ട് പരാതി കേട്ടത്. ഐക്യരാഷ്ട്രസഭയുടെ പോലും അംഗീകാരം ലഭിച്ച കർമ്മ പരിപാടി കേരളത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയുമായിരുന്നു.

കിടപ്പുരോഗികൾ അടക്കമുള്ള കാത്തിരുന്ന എത്രയോ മനുഷ്യർക്ക് ആശ്വാസമായിരുന്നു ആ നടപടി. നേരിൽ കണ്ട് പരാതി പറഞ്ഞവർക്കാർക്കും നിരാശപ്പെടേണ്ടി വന്നില്ല. കഴമ്പുള്ള പരാതി എങ്കിൽ നടപടിയുണ്ടായി. 19 മണിക്കൂർ ഒറ്റ നിൽപ്പിൽ ജനങ്ങളുടെ പരാതികൾ ഒരു മുഖ്യമന്ത്രി കേട്ടു എന്നത് ആരു വിശ്വസിക്കാനാണ്.

സർക്കാരിന്റെ ചുവപ്പുനാട പരിഹരിക്കാനുള്ള 44 ഉത്തരവുകളാണ് ജനസമ്പർക്ക പരിപാടിക്ക് ശേഷം പുറത്തിറങ്ങിയത്. ജനങ്ങളെ അത്രമേൽ കേട്ടെന്നതിന്റെ തെളിവ്. 2004 ലാണ് ആദ്യമായി ഇങ്ങനെ ഒരു കർമ്മപദ്ധതി ഉമ്മൻചാണ്ടി നടപ്പിലാക്കിയത്. എന്നാൽ അത് ഏറ്റവും ഭംഗിയായി നടന്നത് 2011 – 16 കാലയളവിലായിരുന്നു

ഗച്ച്റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

ഗച്ച് റോളി.മഹാരാഷ്ട്രയിൽ വൻ മാവോയിസ്റ്റ് വേട്ട. ഗച്ച്റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി.

ആറുമണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടൽ. സമീപകാലത്ത് മാവോയിസ്റ്റ് വിരുദ്ധ സേനയായ സി സിക്സ്റ്റി കമാൻഡോസ് നടത്തിയ വലിയ ഓപ്പറേഷനുകളിൽ ഒന്നാണ് ഗച്ച്റോളിയിൽ നടന്നത്. ഛത്തീസ്ഗഡ് അതിർത്തിയോട് ചേർന്ന് വണ്ടോലി എന്ന ഗ്രാമത്തിൽ 15 ലേറെ മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വനമേഖലയിൽ തിരച്ചിൽ തുടങ്ങിയത്. പിന്നാലെ കനത്ത വെടിവെപ്പ് ഉണ്ടായി. 12 മാവോയിസ്റ്റുകളെ മൃതദേഹം കണ്ടെത്തി. കൂടുതൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റിയിട്ടുണ്ടെന്ന സംശയത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തിപാഗഡ് ദലത്തിൻ്റെ നേതൃനിരയിലുള്ള ലക്ഷ്മൺ അത്രം എന്ന വിശാൽ അത്രം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മാവോയിസ്റ്റുകളുടെ തിരിച്ചടിയിൽ രണ്ടു പോലീസുകാർക്ക് വെടിയേറ്റിട്ടുണ്ട്.പരിക്ക് ഗുരുതരം അല്ല എന്നാണ് സൂചന. ഏറ്റുമുട്ടൽ നടത്തിയ സി 60 കമാൻഡോസിന് മഹാരാഷ്ട്ര സർക്കാർ 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ദോഡയിൽ വീണ്ടും സൈന്യത്തെ ലക്ഷ്യമിട്ട് ഭീകരർ: ശക്തമായ പ്രത്യാക്രമണം നടത്തി സം യുക്തസേന

ജമ്മുകാശ്മീര്‍. ദോ​ഡ ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷ സേ​ന​യും ത​മ്മി​ൽ നാ​ലു മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​ത​വ​ണ വെ​ടി​വെ​പ്പ്.ക​ലാം ഭാ​ട പ്ര​ദേ​ശ​ത്തും ​പ​ഞ്ച​ൻ ഭാ​ട​യി​ലും ആണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ക​ഴി​ഞ്ഞ​ദി​വ​സം ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. രണ്ട് ദിവസ്സമായ് ഭീ​ക​ര​ർ​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ലാ​ണ് സൈ​ന്യം മേഖലയിൽ ന​ട​ത്തു​ന്ന​ത്.

കൊച്ചിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കൊച്ചി. നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. കളമശ്ശേരി നഗരസഭയിൽ ഡെങ്കി ബാധിതരുടെഎണ്ണം 200 കഴിഞ്ഞു

മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി

ആലപ്പുഴ.മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റിയത് യാത്രക്കാരെ വലച്ചു. ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിൻ രണ്ടേമുക്കാൽ മണിക്കൂർ വൈകും. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടതാണ് ധൻബാദ് എക്സ്പ്രസ്. നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്ന് വിശദീകരണം

അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. അതിശക്തമായ മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴ തുടരാനാണ് സാധ്യത. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കലവസ്ഥക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.