ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട 4002-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന ആർ.സി കുഞ്ഞുമോളുടെ ആകസ്മിക വേർപാടിൽ അനുശേചിച്ചു കൊണ്ട് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽയോഗം ചേർന്നു.
ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള,ജി.ശശികുമാർ,ശിവശങ്കരപ്പിള്ള,അച്ഛൻകുഞ്ഞ്,സുരേഷ് ചന്ദ്രൻ,ജാസ്മിൻ,ഷീന എന്നിവർ സംസാരിച്ചു.
ആർ സി കുഞ്ഞുമോൾ അനുസ്മരണം
മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയില്‍ സ്നേഹാദരവ് 2024
കൊടുവിള. മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവരെയും , വിരമിച്ച സൺഡേ സ്കൂളിലെ അധ്യാപകരെയും ആദരിക്കുന്ന “സ്നേഹാദരവ് 2024” നടത്തി. ഫാ. മാത്യൂസ് ടി ലാൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം തലവൂർ അധ്യക്ഷത വഹിച്ചു. കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മുഖ്യ പ്രഭാഷണം നടത്തി. ഫാ. ബഹനാൻ കോരുത്, ഡീക്കൻ ഗീവർഗീസ് ബേബി, ഇടവക ട്രസ്റ്റി ഡോ. ജോൺസൺ കല്ലട, സെക്രട്ടറി ബിജു പാപ്പച്ചൻ, ബിജു ശാമുവേൽ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജെസ്സി ജോൺസൺ, സെക്രട്ടറി ജോബിൻ ജോൺസൺ, ട്രസ്റ്റി ക്രിസ്പിൻ, ജോ. സെക്രട്ടറി നേഹ ജേക്കബ്, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലീലാമ്മ ചാക്കോ, മന്ന സൂസൻ ലാൽ എന്നിവർ പ്രസംഗിച്ചു
കാശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി
ജമ്മു. കാശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിലും അദ്ദേഹം പങ്കെടുത്തു.. നിലവിലെ സുരക്ഷാ സാഹചര്യം യോഗം വിലയിരുത്തി. ജമ്മുകാശ്മീരിൽ 3000ത്തിൽ അധികം സൈനികരെ വിന്യസിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി
ജമ്മു കാശ്മീരിലേക്കുള്ള കരസേനാ മേധാവിയുടെ രണ്ടാമത്തെ സന്ദർശനം ആണിത്.
ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മുകാശ്മീരിൽ 3000ത്തിൽ അധികം സൈനികരെ വിന്യസിച്ചു. മൂന്ന് ഇൻഫെന്ററി ബറ്റാലിയൻ സംഘവും പാര സ്പെഷ്യൽ ഫോഴ്സും ജമ്മുവിലെത്തി.കേന്ദ്ര സായുധ പോലീസ് സേനയിലെ കൂടുതൽ സംഘങ്ങളെയും ജമ്മുവിൽ എത്തിക്കും.ജമ്മു കശ്മീരിൽ സംയുക്ത സൈനിക നടപടിക്കാണ് നീക്കം
ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കരുനാഗപ്പള്ളി.ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കരുനാഗപ്പള്ളി താജ്മഹൽ പള്ളിക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കെഎസ്ഇബി ജീവനക്കാരൻ ജോലിയിൽ ഏർപ്പെട്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു. ഏകദേശം 45 അടി ഉയരത്തിൽ ആയിരുന്നു ഇയാൾ കുടുങ്ങിയത്.വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി ഫയർഫോഴ്സ് ലാഡർ ഉപയോഗിച്ച് പൊള്ളലേറ്റ ഇയാളെ താഴെയിറക്കുകയും ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഫയർഫോഴ്സ് ഡ്രൈവർ മെക്കാനിക്ക് യൂ.ഷാബി ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വിഷ്ണു എന്നിവരാണ് വൈദ്യുതി പോസ്റ്റിൻ്റെ മുകളിൽ കയറി ഇയാളെ രക്ഷപ്പെടുത്തിയത്. ശേഷം ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. അബ്ദുൽ സമദ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് വിനോദ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്. അനീഷ് ,എസ് .സച്ചു, അനില്‍ ആനന്ദ് ,ഹോം ഗാർഡ് ആർ. രഞ്ജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മുൻ എംഎൽഎ ബി എം ഷെരീഫിന്റെ ഭാര്യ നൂർജഹാൻ ബീഗം അന്തരിച്ചു
കരുനാഗപ്പള്ളി:മുൻ എംഎൽഎയും സിപിഐ നേതാവുമായിരുന്ന ബി എം ഷെരീഫിന്റെ ഭാര്യ മരുതൂർകുളങ്ങര തെക്ക് കണിയാംപറമ്പിൽ നൂർജഹാൻ ബീഗം (80) അന്തരിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മുൻ അധ്യാപികയായിരുന്നു. മുൻ വനിതാ കമ്മീഷൻ അംഗവും സിപിഐ കൊല്ലം ജില്ലാ അസി:സെക്രട്ടറി അഡ്വ:എം എസ് താര മകളാണ്. കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7 മണിയോടെ ആയിരുന്നു അന്ത്യം. മറ്റ് മക്കൾ ബനാസ്സിർ, ഷിമൽ (കെന്നടി സ്കൂൾ), ഷെറിൻ. മരുമക്കൾ ആസിഫ് (ഗൾഫ്) ധൗലത്ത് ഖാൻ, (ബിസ്നസ്) ആശിഖ്, ഇർഷാദ്.
പുനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലവും പോസിറ്റീവ്; നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 കാരന് ഔദ്യോഗികമായി നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലവും പോസിറ്റീവായതിനെത്തുടര്‍ന്നാണിത്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ച ഫലം പുറത്തു വന്നപ്പോഴും പോസിറ്റീവായിരുന്നു.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പുനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
എഴുപതാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം നീലപ്പൊന്മാന് പേര് നീലു
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിലൂടെ കേരളത്തിന്റെ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നിതായി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങിക്കൊണ്ട് ഗണപതി പറഞ്ഞു. ആലപ്പുഴയും ആലപ്പുഴക്കാരും ഏറെ പ്രിയപ്പെട്ടതാണെന്നും ഗണപതി പറഞ്ഞു.
പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ലഭിച്ച 609 എന്‍ട്രികള്‍ ലഭിച്ചു. നീലു എന്ന പേര് 33 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി വിദ്യാര്‍ഥിയായ കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. മനോരമ ന്യൂസ് കറസ്പോണ്ടന്റ് റോയ് കൊട്ടാരച്ചിറ, ദൂരദര്‍ശന്‍ കമന്റേറ്റര്‍ ഹരികുമാര്‍ വാലേത്ത്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
കളക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസര്‍, എ. കബീര്‍, അബ്ദുള്‍സലാം ലബ്ബ, എം.പി. ഗുരുദയാല്‍, ഹരികുമാര്‍ വാലേത്ത്, എബി തോമസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റശ്രമം
ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരികയാണെന്ന് മനാഫ് പറഞ്ഞു.
കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനായി നിരവധി ഉദ്യോഗസ്ഥന്‍മാരെ ബന്ധപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്തുമായി വന്നപ്പോള്‍ തന്നെ എന്‍ട്രന്‍സില്‍ തടഞ്ഞുവെന്ന് മനാഫ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്ന് ആളുകള്‍ എന്തിനാണെന്ന് ചോദിച്ച് പലയിടത്തും തന്നെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചതായി സൂചന
മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം. കോഴിക്കോട് മെഡി. കോളജ് വൈറോളജി ലാബിലെ ഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. പൂനെ വൈറോളജി ലാബിലെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം വന്നാല്‍ മാത്രമേ അന്തിമ സ്ഥിരീകരണമാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികില്‍സയിലുള്ളത്.
മദ്യനിരോധനം ഏര്‍പ്പെടുത്തി
ജൂലൈ 30ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് മദ്യനിരോധിതമേഖലയായി പ്രഖ്യാപിച്ചു. തൊടിയൂര്‍ പഞ്ചായത്തിലെ പുലിയൂര്‍ വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ, കരവാളൂര്‍ പഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളില്‍ ജൂലൈ 28 രാവിലെ ആറ് മുതല്‍ മുതല്‍ 31 വൈകിട്ട് ആറ് വരെയോ പോളിംഗ് അവസാനിക്കുന്നതുവരെയാണ് മദ്യനിരോധനം. ബാര്‍, മദ്യം വില്ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍, ക്ലബ്ബുകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം. നിരോധനക്കാലയളവില്‍ മദ്യമോ സമാനലഹരിവസ്തുക്കളോ വില്ക്കരുത്. വ്യക്തിഗതമായി മദ്യം സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.




































