പാലക്കാട് തരൂര്‍ ഗായത്രിപുഴയില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്പസമയം മുന്‍പാണ് കാണാതായ ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നുള്ള സ്‌കൂബാ ടീമും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ 11 മണിയോടെയാണ് സിബിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയത്.
മധ്യപ്രദേശിലും വിവാദ ഉത്തരവ്
മധ്യപ്രദേശിലും കടയുടമകള്‍ പേരും മൊബൈല്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം.
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേത് ആണ് നിര്‍ദേശം. ഉത്തരവ് ലംഘിച്ചാല്‍ പിഴ ഈടാക്കും
ആദ്യഘട്ടത്തില്‍ 2000 രൂപയും അടുത്ത തവണ 5000 രൂപയും പിഴ ചുമത്തുമെന്ന് ഉജ്ജയിന്‍ മേയര്‍ മുകേഷ് തത്വാള്‍ അറിയിച്ചു.
രക്ഷാദൗത്യത്തിനായി ഷിരൂരിൽ സൈന്യമെത്തി; കര്‍ണാടക മുഖ്യമന്ത്രിയും സ്ഥലത്ത്
അങ്കോള ഷിരൂര്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവര്‍ അര്‍ജുനെ (30) കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി. ബെലഗാവി ക്യാമ്പില്‍ നിന്നുള്ള സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയിരിക്കുന്നത്. മൂന്ന് സൈനിക വാഹനങ്ങളിലായി 40 പേരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുള്ള ആവശ്യം കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലത്തേക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ എയര്‍ലിഫ്റ്റ് ചെയ്യും. ദൗത്യത്തിനായി നാവികസേനയുടെ സഹായവും തേടും.അര്‍ജുനെ കണ്ടെത്താന്‍ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. അര്‍ജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിക്കലിലെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
സംസ്ഥാനത്ത് വീണ്ടും നിപ മരണം;പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
കോഴിക്കോട്: മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിൽ നിപ റിപ്പോർട്ട് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 14കാരൻ മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.മലപ്പുറത്ത് കുട്ടിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രാവിലെ 10.50ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കുട്ടിക്ക് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കോഴിക്കോട് മെഡി. കോളജ് വൈറോളജി ലാബിലെ ഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികില്‍സയിലുള്ളത്.
കഴിഞ്ഞ 10-ാം തീയതിയാണ് പനി ബാധിച്ച് ചികിത്സ തേടിയത്. റിപ്പോർട്ട് ചെയ്തത്. പൂന്നൈ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.നിപ പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കാരം നടത്തും സംസ്ഥാനത്ത് കഴിഞ്ഞ 6 വർഷത്തിനിടെ 21 പേർ നിപബാധിച്ച് മരിച്ചു.
നിപ രോഗബാധിതനായ പതിനാലുകാരൻ മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നിപ രോഗബാധിതനായ കുട്ടി മരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് മരിച്ചത്.
സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്. 246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 63 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുണ്ട്.
നിപ; എന്താണ് നിപ?സ്വീകരിക്കേണ്ട മുൻകരുതലകൾ എന്തെല്ലാം? അറിയാം
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം.
രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാൻ സാധ്യതയുണ്ട്.
തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്ന് രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ കഴിവതും പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല. രോഗം പകരാതിരിക്കാൻ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
കേരളം സ്വതന്ത്ര രാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്,കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ. വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നൽകുന്നത്.
കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. നേരത്തെ തന്നെ യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ ലംഘനങ്ങൾ വലിയ വിവാദവുമായതാണ്. കിഫ്ബിയുടെ മറവിൽ എഫ്സിആർഎ നിയമം ലംഘിച്ച് പണമിടപാട് നടത്തിയതിന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇഡി അന്വേഷണം നേരിടുകയുമാണ്. ഈ സർക്കാരുമായി ബന്ധപ്പെട്ട് നടന്ന ഡോളർക്കടത്തും കറൻസിക്കടത്തുമെല്ലാം അന്വേഷണപരിധിയിലാണ്. വടക്കാഞ്ചേരി ലൈഫ്മിഷൻ തട്ടിപ്പും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്. പിണറായി വിജയന് ഗൾഫ് രാജ്യങ്ങളിലുള്ള സാമ്പത്തികബന്ധത്തിന് കുടപിടിക്കാനാണോ വിദേശകാര്യ സെക്രട്ടറി നിയമനം എന്ന് അറിയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ ഫെഡറൽതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇങ്ങനെപോയാൽ സ്വന്തമായി കോൺസുലേറ്റും വിദേശകാര്യമന്ത്രിയുമെല്ലാം വേണമെന്ന് പിണറായി വിജയന് തോന്നും. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന വിദേശകാര്യ സെക്രട്ടറി നിയമനം ഉടൻ റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം നിയമനങ്ങൾ നടത്തി തകർച്ചയ്ക്ക് ആക്കംകൂട്ടുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വിജിലൻസ് കോടതി കൊല്ലത്ത് നിന്ന് കൊണ്ടുപോകാന്‍ നീക്കം പ്രതികരിച്ച് ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി
കൊല്ലം. കൊല്ലം ആസ്ഥാനമായി അനുവദിച്ച വിജിലൻസ് കോടതി കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് ദൗർഭാഗ്യകരമാണെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി.ജൂലൈ പതിനേഴിന് ഈ വിഷയത്തിൽ കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജിമാരെ നേരിൽ കണ്ടപ്പോൾ കിട്ടിയ
ഉറപ്പാണ് സങ്കുചിത താൽപര്യത്തിനായി അട്ടിമറിക്കപ്പെട്ടത്.
വിജിലൻസ് ഓഫീസ് ഉൾപ്പടെ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനമായ കൊല്ലത്ത് വിശാലമായ കോടതി സമുച്ചയത്തിൻെറ നിർമ്മാണം തുടങ്ങിയ ഘട്ടത്തിലെ പുതിയ സർക്കാർ തീരുമാനം അപലപനീയമാണ്.രണ്ട് വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നിരിക്കെ വിജിലൻസ് കോടതിക്കായി ഒന്നിലേറെ താൽക്കാലിക കെട്ടിടങ്ങൾ കൊല്ലം ബാർ അസോസിയേഷൻ തന്നെ കണ്ടെത്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
രണ്ടായിരത്തോളം അഭിഭാഷകരുള്ള കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖമായ കോർട്ട് സെൻററായ കൊല്ലത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്നിരിക്കെ വിജിലൻസ് കോടതി കൊട്ടാരക്കരയിൽ സ്ഥാപിക്കാനുള്ള സർക്കാർ
ഉത്തരവ് പിൻവലിക്കണം.
തിങ്കളാഴ്ച മുതൽ അഭിഭാഷകരുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും തീരുമാനം പിൻവലിച്ച് കൊല്ലത്തിന് അനുവദിച്ച വിജിലൻസ് കോടതി തിരികെ സ്ഥാപിക്കും വരെ സമരം തുടരുമെന്നും ലോയേഴ്സ് യൂണിയൻ കൊല്ലം യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ഉണ്ണികൃഷ്ണൻ എസ് ഡി, സെക്രട്ടറി അഡ്വ ജി അമർപ്രശാന്ത് എന്നിവർ പ്രസ്താവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.





































