Home Blog Page 2424

വിദേശത്ത് മാസം അമ്പതിനായിരം രൂപ ശമ്പളവും ഓവർ ടൈം ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ

തിരുവനന്തപുരം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ. കേരള തമിഴ്നാട് അതിർത്തിയിലെ ട്രാവൽ എജൻസി വഴി കിർഗിസ്ഥാനിലേക്ക് പോയവരാണ് തട്ടിപ്പിനിരയായി മറ്റൊരു രാജ്യത്ത് കഴിയുന്നത്.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാറശ്ശാല മുറിയത്തോട്ടം സ്വദേശി വിപിൻ വിജയകുമാർ ഉൾപ്പടെയുള്ള സംഘം കിർഗിസ്ഥാനിലേക്ക് തിരിച്ചത്. ഖസാഖിസ്ഥാനിൽ വിമാനമിറങ്ങുമ്പോൾ, കാറിൽ റോഡുമാർഗം കിർഗിസ്ഥാനിൽ എത്തിക്കുമെന്നായിരുന്നു ഏജൻറുമാരുടെ വാഗ്ദാനം. എന്നാൽ ഇവിടെ എത്തിയ ഇവരെ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. രണ്ടു ദിവസത്തിനുള്ളിൽ മറ്റൊരു വാഹനത്തിൽ കിർഗിസ്ഥാനിൽ കൊണ്ടുപോകുമെന്നും അറിയിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ഏജൻസി ജീവനക്കാർ ആരും വന്നില്ല.

പതിനാല് ദിവസത്തേക്ക് ഖസാക്കിസ്ഥാനിൽ താമസിക്കാനുള്ള വിസയാണ് ഇവർക്ക് ഉണ്ടായിരുന്നത്. വിസ കാലാവധി കഴിഞ്ഞതോടെ ആദ്യം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടു.

കരുതിയ പണമെല്ലാം തീർന്നു. ഭക്ഷണത്തിന് വീട്ടുകാരാണ് പണം അയച്ചു കൊടുക്കുന്നത്.

കിർഗിസ്ഥാനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മാസം അമ്പതിനായിരം രൂപ ശമ്പളവും ഓവർ ടൈം ജോലിയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകളിൽ നിന്ന് പടന്താലമൂട്ടിലെ ട്രാവൽ ഏജൻസി വാങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഏജൻസി. കളിയിക്കാവിള പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

വെള്ളിത്തിരയ്ക്കുപിന്നിലെ കള്ളക്കളി,ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തു വിടും

തിരുവനന്തപുരം. ജസ്ററിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ ഇന്ന് പുറത്തു വിടും. അറുപത്തിരണ്ടു പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുക.മലയാള സിനിമാ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു പഠിച്ച റിപ്പോര്‍ട് പുറത്തുവിടുമ്പോള്‍ സ്വകാര്യത ഹനിക്കുന്നഭാഗങ്ങള്‍ ഒഴിവാക്കാമെന്നു വിവരാവകാശ കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞതിന്റ അടിസ്ഥാനത്തിലാണ് തീരുമാനം.

ആകെയുള്ള 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടുo. സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേയുെട നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് തീരുമാനം. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്. ഇവര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും , അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു. പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമീബിക് മസ്തിഷ്ക ജ്വരം, കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോഴിക്കോട്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുട്ടി വെന്റിലേറ്ററിൽ ആണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ പോണ്ടിച്ചേരിയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കണ്ണൂർ സ്വദേശിയായ 13 കാരനാണ് ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 കാരൻ കഴിഞ്ഞ ദിവസം രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ നടപടി വൈകുന്നതായി ആക്ഷേപം

തിരുവനന്തപുരം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ നടപടി വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി. ആരോപണവിധേയനായ ഡോക്ടറേയും ആശുപത്രി സൂപ്രണ്ടിനെയും മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് മരിച്ച കൃഷ്ണയുടെ ഭര്‍ത്താവ് ശരത് പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ ബന്ധുക്കളില്‍ നിന്നും ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സംഘം മൊഴിയെടുത്തു

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിലാണ് നടപടി വൈകുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് മരണത്തിന് മുമ്പും ശേഷവും ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. മരിച്ച കൃഷണയുടെ ഭര്‍ത്താവ് ശരത്തിന്റെ പരാതിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറാണ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ കുടുബംത്തില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തു

ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട്. അതേസമയം, ഡി.എം.ഒ യുടെ വിശദ അന്വേഷണത്തിന് ശേഷമായിരിക്കും നടപടി വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാളെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേയ്ക്കുമെന്നാണ് സൂചന

അരിമ്പൂരിൽ ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

തൃശൂര്‍. അരിമ്പൂരിൽ ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ടശാങ്കടവിലുള്ള ഡി – കോഡ് എന്നാൽ ആംബുലൻസാണ് മറിഞ്ഞത്. ആംബുലൻസിൽ ഡ്രൈവറെ കൂടാതെ മറ്റു മൂന്നുപേർ ഉണ്ടായിരുന്നതായി നാട്ടുകാർ. തൃശ്ശൂരിൽ നിന്ന് വരികയായിരുന്നു ആംബുലൻസ്. നിയന്ത്രണം വിട്ട് കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. കനത്ത മഴയും ഈ സമയം ഉണ്ടായിരുന്നു.

രോഗികളല്ല ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ എത്തിയ ആംബുലൻസ് മതിലിലും മരത്തിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു .

ബാർ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി

കൊച്ചി.വൈറ്റിലയിൽ ബാർ ജീവനക്കാരിയെ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി. വൈറ്റില വാർഡ് കൗൺസിലർ സുനിത ഡിക്സൺ എതിരെയാണ് ആരോപണം.
പരാതി തള്ളി കൗൺസിലർ കയ്യേറ്റം നീക്കി തോട് നവീകരിക്കാൻ പോയതാണെന്ന് വിശദീകരണം. തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

വൈറ്റിലയിലെ ആർട്ടിക് ബാർ ജീവനക്കാരും – ആർഎസ്പി കൗൺസിലർ സുനിത ഡിക്സണും
തമ്മിലായിരുന്നു തർക്കം. കൗൺസിലർ അസഭ്യവർഷം നടത്തിയെന്നും വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച തന്റെ
കൈപിടിച്ച് തിരിച്ചു എന്നുമാണ് ബാർ ജീവനക്കാരിയുടെ പരാതി. കൗൺസിലർക്ക് കൈക്കൂലി നൽകാത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ തന്നെ
ബാർ ജീവനക്കാർ മർദ്ദിച്ചു എന്നാണ് കൗൺസിലറുടെ പരാതി.

തോടിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നാളെ ഹോട്ടലിന് നോട്ടീസ് നൽകും. ഇരു കൂട്ടരും നൽകിയ പരാതിയിൽ വിശദമായി അന്വേഷിച്ചു നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

കുണ്ടന്നൂർ -തേവര മേല്‍പ്പാലം:ആക്ഷേപങ്ങൾപരിശോധിക്കും

file picture

കൊച്ചി. കുണ്ടന്നൂർ -തേവര മേല്‍പ്പാലം അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അറ്റകുറ്റ പണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ശരിയായ രീതിയില്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര ബജറ്റ്: പ്രത്യക്ഷത്തിൽ നേട്ടമില്ല , എസ് എസ് മനോജ്

തിരുവനന്തപുരം.കേന്ദ്ര ബഡ്ജറ്റിൽ നിന്നും ചെറുകിട വ്യാപാര മേഖലയ്ക്ക് പ്രത്യക്ഷ നേട്ടം ഒന്നും ഇല്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു.
മുദ്രാവായ്പ 10 ലക്ഷത്തിൽ നിന്നും 20 ലക്ഷം രൂപയായി ഉയർത്തി എന്നത് മാത്രമാണ് എടുത്തു പറയാനുള്ളത്.

ഇതര മേഖലകൾക്ക് നൽകിയ ബജറ്റ് വിഹിതം മൂലം ക്രയവിക്രയ സാധ്യത വർദ്ധിച്ചു എങ്കിലും, അത് റീട്ടെയിൽ വ്യാപാര മേഖലയിലെ വിപണിയിൽ കൂടി പ്രതിഫലിക്കുന്നതിന് ആവശ്യമായ നടപടികൾ ഒന്നും തന്നെയില്ല.

ജി. എസ്. റ്റിയിൽ ഗണ്യമായ വർധനവ് ഉണ്ടായി എന്ന് പ്രഖ്യാപിച്ചപ്പോഴും, അതിന് പ്രധാന പങ്ക് വഹിച്ച റീട്ടെയിൽ വ്യാപാര മേഖലയ്ക്ക് ആശ്വാസം നൽകിയില്ല എന്ന് മാത്രമല്ല ഒരു നന്ദി പോലും പറയുവാൻ ധനമന്ത്രി തയ്യാറായില്ലാ എന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനവിഭാഗം പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന തൊഴിൽ മേഖലയാണ് റീട്ടെയിൽ വ്യാപാര മേഖലയെങ്കിലും കാലാകാലങ്ങളായി ഈ മേഖലയിൽ അടിഞ്ഞു കൂടിയ ബജറ്റ് അവഗണന ഇപ്പോഴും തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അംഗന്‍വാടിക്ക് പഞ്ചായത്ത് അംഗം സൗജന്യമായി ഭൂമി നല്‍കി

ശാസ്താംകോട്ട. പോരുവഴി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ 105 ആം നമ്പർ അംഗൻവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. 20 കൊല്ലമായി അംഗൻവാടിയ്ക്ക് മൂന്ന് സെൻ്റ് വസ്തുവിനായി പഞ്ചായത്തിൽ നിന്ന് ഒരു ലക്ഷം വകയിരിത്തിയിരുന്നു. എന്നാൽ ആ തുകയ്ക്ക് പ്രസ്തുത വസ്തു ഇത്രയും നാളായി കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ വാർഡ് മെമ്പർ നമ്പൂരേത്ത് തുളസി ധരൻ പിള്ള അദ്ദേഹത്തിൻ്റെ ഭാര്യ ശ്രീജ എസ് നായരുടെ പേരിലുള്ള 4 സെൻ്റ് സ്ഥലം ഒരു രൂപ പ്രതിഫലം കൈപ്പറ്റാതെ, പ്രസ്തുത അംഗൻവാടിയിലെ ജോലി വാർഡിലെ ഏറ്റവും അർഹരായ മറ്റുള്ളവർക്ക് കൊടുക്കണം എന്ന് പറഞ്ഞു കൊണ്ട് എഴുതി ആധാരമാക്കി കൈമാറി
പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്, പഞ്ചായത്ത് സെക്രട്ടറി ബിന്ദു. വൈസ് പ്രസിഡൻ്റ് നസീറ ബീവി, രാജേഷ് വരവിള, പ്രസന്ന, മോഹനൻ പിള്ള, പികെ രവി, നിഖിൽ മനോഹർ, രാജേഷ് പുത്തൻപുര, സ്മിത, ശ്രീത സുനിൽ, ബിനു ഐ നായർ, ഫിലിപ്പ്, അരുൺ ഉത്തമൻ, ശാന്ത, നസിയത്ത്, പ്രിയ സത്യൻ, കുഞ്ഞുമോൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രമാണം നമ്പൂരേത്ത് തുളസീധരൻ പിള്ള സെക്രട്ടറിക്ക് കൈമാറി. ഒന്നര വർഷത്തിനകം സമാർട്ട് അംഗൻവാടി പ്രവർത്തന യോഗ്യം ആക്കാൻ തീരുമാനം എടുത്തു

ഒരു പരിഗണനയും നൽകാത്ത ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യു മന്ത്രി കെ രാജൻ. കേരളം ഇന്ത്യയിൽ അല്ലെന്ന പോലെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകും.

രണ്ട് കേന്ദ്രസഹമന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിട്ട് കൂടി കേരളത്തിന് വേണ്ടി ഇടപെടാൻ കഴിഞ്ഞില്ല. എയിംസ് അടക്കം കേരളം പ്രതീക്ഷ പുലർത്തിയ പല പദ്ധതികളും ഉണ്ടായിരുന്നുവെങ്കിലും ഒരു പരിഗണനയും നൽകാത്ത ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണമെന്നും കെ രാജൻ അഭിപ്രായപ്പെട്ടു

വിനോദ സഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നൽകുന്ന സംസ്ഥാനമായിട്ടു പോലും ഒരു കേന്ദ്ര ടൂറിസം സഹ മന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയിൽ പോലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് ഏറെ പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻറെ ധന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണെന്നും കെ രാജൻ പറഞ്ഞു.