Home Blog Page 2398

വയനാട് ഉരുൾപൊട്ടൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി, കൺട്രോൾ റും തുറന്നു

വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിൻറെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.

400ലധികം കുടുംബങ്ങളെയൊണ് ഉരുൾപൊട്ടൽ ബാധിച്ചത്. നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യർഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആർ കേളു ഉൾപ്പെടെയുള്ളവർ വയനാട്ടിലേക്ക് തിരിച്ചു.

എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിൻറെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ സഹായം തേടുന്നുണ്ട്. അപകടത്തിൽ പെട്ട 16 പേർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലം തകർന്നതോടെ അട്ടമലയിലേക്കും ചൂരൽമലയിലേക്കും ആളുകൾക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരൽമലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്.

കൺട്രോൾ റും തുറന്നു.

ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വയനാട്ടിൽ ഉരുൾപൊട്ടൽ,ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി, മരണം 11

മേപ്പാടി.വയനാട്ടിൽ ഉരുൾപൊട്ടൽ. 11 മരണം. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. മുണ്ടക്കൈ പ്രദേശത്ത് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താനാകുന്നില്ല. നിരവധി വീടുകൾ അപകട ഭീതിയിൽ. കണക്കാക്കാവുന്നതിലേറെയാണ് ദുരന്ത വ്യാപ്തി

രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സ്ഥിതി.നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ഇതിനിടയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി.ചൂരൽമലപ്പുഴയിൽ വെള്ളം കയറി.16 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം വയനാടിലേക്ക് നീങ്ങുവാൻ നിർദേശിച്ചിട്ടുണ്ട്.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ജാമ്യം

ഓയൂരില്‍ ആറ് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരുവില്‍ എല്‍എല്‍ബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഉപാധികളോടെയാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തിന്റെ ആസൂത്രക അനുപമയാണെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസുമായി അനുപമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കേസിലെ ഒന്നും രണ്ടും പ്രതികള്‍ മാതാപിതാക്കളാണ്. പഠനാവശ്യത്തിന് വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നും അനുപമയുടെ അഭിഭാഷകന്‍ വാദിച്ചു. കൊല്ലം ജില്ലയില്‍ പ്രവേശിക്കരുത്,
പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒടുവിലാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവമുണ്ടാകുന്നത്. കാറില്‍ തട്ടിക്കൊണ്ടു പോയ കുട്ടിയെ തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ ഒന്നിന് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം ആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ പിടിയിലാവുകയായിരുന്നു.

മര്‍ദ്ദനമേറ്റ കുതിരയ്ക്ക് തുടര്‍ ചികിത്സ:കുതിരയുടെ ആരോഗ്യനിലയില്‍ പുരോഗതി

കൊല്ലം: തെക്കേക്കാവ് അമ്പലനടയില്‍ ആക്രമിക്കപ്പെട്ട കുതിരക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പരിശോധനയും വിദഗ്ധ ചികിത്സയും നല്‍കി. കുതിരയുടെ ഉടമ ഷാനവാസിന്റെ വീട്ടിലെത്തി ഗര്‍ഭാവസ്ഥയിലുള്ള കുതിരക്കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഗോപാലശ്ശേരിയിലെ വീട്ടില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ 6 മാസം ഗര്‍ഭാവസ്ഥയിലുള്ള കുതിരക്കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്നു സ്ഥിരീകരിച്ചു. കുതിരയുടെ വലത്തേ ചെവിക്ക് താഴെ മര്‍ീനമേറ്റിടത്ത് രക്തം കട്ടിപിടിച്ച് ഉണ്ടായ മുഴയുടെ വീക്കം കുറഞ്ഞിട്ടുണ്ട്. കവിളിലെയും കാല്‍മുട്ടുകളിലേയും മുറിവുകള്‍ ഉണങ്ങി വരുന്നു. ഇന്നലെയും ആന്റിബയോട്ടിക്കും വേദനസംഹാരികളും നല്‍കിയിരുന്നു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.എം.എസ്. സജയ് കുമാര്‍, ഡോ. എം.ജെ. സേതു ലക്ഷ്മി, ഡോ. പൂജ, ഡോ. ജെസ്ബിന്‍ എന്നിവര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും നേതൃത്വം നല്‍കി.

മധ്യവയസ്‌ക്കനെ ആക്രമിച്ച പ്രതി പിടിയില്‍

കൊല്ലം: മധ്യവയസ്‌ക്കനെ വീടു കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് തൃക്കുന്നപുഴ തെക്ക് പുത്തന്‍പുര കിഴക്കതില്‍ അമല്‍ (19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കല്ലേലിഭാഗത്തുള്ള രാജുവിനാണ് മര്‍ദനമേറ്റത്. മുന്‍വിരോധത്തെ തുടര്‍ന്ന് രാജുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അമല്‍ ജന്നല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും മര്‍ദിക്കുകയുമായിരുന്നു.
രാജുവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ നിസ്സാമുദ്ദീന്‍, എസ്‌ഐ ഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

കൊട്ടാരക്കര: ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 43 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കടയ്ക്കല്‍ പുലിപ്പാറ മണികണ്ഠന്‍ചിറ വിഷ്ണു ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണു(36)വിനെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി അഞ്ജു മീരാ ബിര്‍ള ശിക്ഷിച്ചത്.
2021 ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് രാജേഷ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിച്ചിരുന്നു. അതിജീവത വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന സമയം പ്രതി പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍  ഷുഗു.സി. തോമസ് ഹാജരായി.

മഴക്കുഴിയില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

കിളിമാനൂര്‍: മഴക്കുഴില്‍ വീണ് രണ്ട്  വയസുകാരിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ്-വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രൂപ വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ രൂപയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുട്ടി അമ്മയെ വിവരം അറിയിക്കുകയും ഇവര്‍ നടത്തിയ തെരച്ചിലില്‍ വീടിന് പുറക് വശത്തെ മഴക്കുഴിയില്‍ രൂപയെ കാണുകയായിരുന്നു.
കഴിഞ്ഞ ദിവസം നിര്‍ത്താതെയുള്ള മഴയില്‍ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. കിളിമാനൂര്‍ പോലീസ് കേസെടുത്തു. ഇന്ന് തുടര്‍നടപടികള്‍ നടക്കും. സഹോദരന്‍:  ജീവ രാജീവ് (അങ്കണവാടി വിദ്യാര്‍ത്ഥി).

ബൈക്ക് യാത്രികനെ ഇടിച്ച് തെറുപ്പിച്ച് കാര്‍നിര്‍ത്താതെ പോയ സംഭവം; ബൈക്ക് യാത്രികന്‍ മരിച്ചു

കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ഭാഗത്ത് ബൈക്ക് യാത്രികനെ ഇടിച്ച് തെറുപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലെ ബൈക്ക് യാത്രികനായ കുളത്തൂപ്പുഴ സ്വദേശി ഷിബിന മന്‍സിലില്‍ ഷംസുദ്ദീന്‍ (62) അന്തരിച്ചു. കഴിഞ്ഞ ദിവസം ടൗണിലെ ബേക്കറിയില്‍ ജോലിക്കായി വീട്ടില്‍ നിന്ന് ബൈക്കില്‍ വരുമ്പോള്‍ എതിര്‍ ദിശയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയില്‍ തലയിടിച്ചുവീണ ഷംസുദ്ദീനെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ ആണ് മരിച്ചത്. ഭാര്യ: ഷാമില ബീവി. മക്കള്‍: ഷിബിന, സജ്‌ന.

മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ യു എസ് വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുർഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി സിന്ധുദർഗി ഓറോസിലേക്ക് മാറ്റി.

യു.എസ് പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രേഖകളിൽനിന്ന് സ്ത്രീയുടെ പേര് ലളിത കായി എന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ലളിത കായി ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

കുടുംബ വഴക്കിനെ തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവാണ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദിവസങ്ങളായി ഭക്ഷണം ലഭിക്കാത്തതിനാൽ അവരുടെ ആരോഗ്യനില വഷളായിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ പറ്റാത്ത സാഹചര്യമായതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ തേടുമെന്നും പൊലീസ് അറിയിച്ചു. അവരുടെ വിസയുടെ കാലാവധി കഴിഞ്ഞതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വ അവധി പ്രഖ്യാപിച്ചു

കൊച്ചി.ശക്തമായ മഴയും കാറ്റും ഉള്ള സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വ (ജൂലൈ 30) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.

നാളെ കൂരാച്ചുണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, മരം വീഴാനുള്ള സാധ്യതകൾ എന്നീ അപകടങ്ങൾ മുൻപിൽ കണ്ട് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 30/07/2024 ചൊവ്വാഴ്ച്ച അവധി നൽകുവാൻ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി (PEC) തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അറിയിച്ചു