Home Blog Page 2392

വയനാട് ദുരന്തം,പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം.വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്‌പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു

ഉരുള്‍പൊട്ടലില്‍ 126 പേരുടെ മരണം സ്ഥിരീകരിച്ചു

വയനാട്. കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് നടന്ന ഉരുള്‍പൊട്ടലില്‍ ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 126 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 58 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.

മൃതദേഹത്തില്‍ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ 42 മൃതദേഹമാണുള്ളത്. ഇതില്‍ 16 എണ്ണം ശരീരഭാഗമാണ്. 96 പേരെ കാണാതായി. 196 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പാട്ട് പാടി എം എൽ എ, തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ആരവം

തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്ന ആരവം പദ്ധതിക്ക് തുടക്കമായി. കോവൂർ കുഞ്ഞുമോൻ എം എൽ എ നാടൻപാട്ട് പാടി പദ്ധതി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ എ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ തുളസീധരൻ പിള്ള, പി റ്റി എ അംഗം എം റഹിം, സീനിയർ അസിസ്റ്റന്റ് എസ്‌ രാജലക്ഷ്മി, കലാധ്യാപകൻ ജയപ്രകാശ് സ്കൂൾ ലീഡർ പൂജ സജു, എന്നിവർ സംസാരിച്ചു. അധ്യാപകരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ സ്വാഗതവും സ്റ്റുഡന്റ്‌സ് കൺവീനർ എൽ ശാന്തിദേവി നന്ദിയും പറഞ്ഞു.

.

11ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,പാലക്കാട്,മലപ്പുറം,തൃശൂര്‍,കോഴിക്കോട്,എറണാകുളം,ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകള്‍ക്കാണ് അവധി.

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിലവിളി കേട്ടു, ആളുകള്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിസഹായാവസ്ഥയില്‍. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി എത്തിയ വിവിധ സംഘടനാ-രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരും മുണ്ടക്കൈ മേഖലയിലേക്ക് കടക്കാന്‍ സാധിക്കാതെ നില്‍ക്കുന്നു. സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തുടങ്ങിയതോടെ നേരിയ ആശ്വാസമായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. രാത്രിയായതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടു. ഇവിടെ വൈദ്യുതിബന്ധം തകര്‍ന്ന നിലയിലാണ്.

രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ആവശ്യമാണ്. മാത്രമല്ല, തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു. അവരുടെ നിലവിളി കേട്ടുവെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി

മുണ്ടക്കൈ മേഖലയിലേക്ക് കടക്കണമെങ്കില്‍ താല്‍ക്കാലിക പാലം ആവശ്യമാണ്. അല്ലെങ്കില്‍ ഹെലികോപ്റ്ററില്‍ എയര്‍ലിഫിറ്റിങ് വേണം. പുഴയുടെ അപ്പുറത്ത് നിരവധി പേര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നില്‍ക്കുന്ന വീഡിയോകളും പുറത്തുവന്നു. സൈന്യം നിര്‍മിക്കുന്ന താല്‍ക്കാലിക പാലമാണ് ഇനി പ്രതീക്ഷ. ഇതുവഴി മുണ്ടക്കൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുട്ടുംമുമ്പ് സാധിച്ചില്ലെങ്കില്‍ മരണസംഖ്യ കൂടിയേക്കും. മാത്രമല്ല, കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ പൊട്ടിക്കാന്‍ ശേഷിയുള്ള മെഷീനുകളും വേണം. സ്ലാബുകള്‍ക്കടിയില്‍ നിന്ന് നിലവിളി കേട്ടുവെന്നും അവരെ രക്ഷിക്കണമെങ്കില്‍ സ്ലാബുകള്‍ മുറിച്ച് മാറ്റേണ്ടതുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

പ്രദേശത്തെ സ്‌കൂളിലെ 22 കുട്ടികളെ കുറിച്ച് യാതൊരു വിവരുമില്ലെന്ന് പ്രിന്‍സിപ്പല്‍

മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ പ്രദേശത്തെ സ്‌കൂളിലെ 22 കുട്ടികളെ കുറിച്ച് യാതൊരു വിവരുമില്ലെന്ന് പ്രിന്‍സിപ്പല്‍ ഭവ്യ. വള്ളര്‍മല വിഎച്ച്എസ്സിയിലെ പ്രിന്‍സിപ്പാളാണ് ഭവ്യ. സ്‌കൂളില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 582 കുട്ടികളാണ് ഉള്ളത്. അതില്‍ 22 കുട്ടികളെയാണ് ഇപ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ഭവ്യ ടീച്ചര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഭവ്യയുടെ പ്രതികരണം

വളരെ ദയനീയമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് കാര്യങ്ങള്‍ അറിഞ്ഞത്. മൂന്നര മുതല്‍ എല്ലാവരെയും വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതില്‍ 22 കുട്ടികളെയാണ് വിളിച്ചിട്ട് കിട്ടാത്തത്. ബാക്കിയെല്ലാവരും സുരക്ഷിതമാണെന്ന് അധ്യാപിക പറയുന്നു.

ഇവിടെയൊന്നും വൈദ്യുതിയില്ല. ഒരുപക്ഷേ ഫോണ്‍ ഓഫായി പോയതായിരിക്കും. പല ആളുകളും പല സ്ഥലത്തേക്കും ഓടിരക്ഷപ്പെട്ടതായിരിക്കും. അതിനിടയില്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ടെല്ലാം വിളിച്ചിട്ട് കിട്ടാതിരിക്കാമെന്ന് ഭവ്യ ടീച്ചര്‍ പറയുന്നു. കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ച് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

വെള്ളര്‍മല സ്‌കൂളില്‍ പതിനഞ്ച് വര്‍ഷമായി അധ്യാപികയാണ് ഭവ്യ ടീച്ചര്‍. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുണ്ടായിരുന്നു. 13 പേരാണ് അവിടെ ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അതേസമയം അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും അധ്യാപിക പറഞ്ഞു.

എത്ര പേര്‍ സുരക്ഷിതരാണെന്ന് ഇപ്പോഴും അറിയില്ല. പത്ത് വര്‍ഷം ഞാന്‍ താമസിച്ചിരുന്ന ഒരു വീട് ഇപ്പോള്‍ അവിടെയില്ല. അയല്‍വാസികളും പരിചയക്കാരുമെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം മരിച്ചുവെന്ന വിവരമാണ് ലഭിക്കുന്നത്. ഇന്നലെ സ്‌കൂളിന് പ്രാദേശിക അവധി നല്‍കിയിരുന്നു. അതുകൊണ്ട് പല അധ്യാപകരും എത്തിയിട്ടില്ലായിരുന്നു.

കാലവർഷക്കെടുതി: ക്ഷേത്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കും

കോഴിക്കോട്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളോട് ചേർന്നുള്ള ഓഡിറ്റോറിയങ്ങൾ, ഹാളുകൾ,അഗ്രശാലകൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും. പ്രകൃതിക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്താകെ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ കേമ്പുകൾ സജ്ജമാക്കാൻ ക്ഷേത്ര ഭരണാധികാരികൾക്ക് നിർദ്ദേശം നൽകിയതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം. ആർ.മുരളി അറിയിച്ചു

ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍

വയനാട്.ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഈ മേഖലയിൽ മാത്രം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.

ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചുപോയതിനാലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ സാധിച്ചിട്ടില്ല. എന്നാൽ  ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി  ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ദുരന്തം നടന്നതിനു മറുഭാഗത്തുള്ള  രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിയ്ക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു . രക്ഷാപ്രവർത്തനം  പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ  എ ബി സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. അവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.

മുണ്ടക്കൈ, ചൂരൽ മല പ്രദേശം മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16  കി മി അകലെയാണ് . കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ പുലർച്ചെ 2  മണി മുതൽ സെക്ഷനിലെ ജീവനക്കാർ ഫീൽഡിൽ ഉണ്ടായിരുന്നു. ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4  കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി  ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൌൺ വരെ 11 kV ലൈൻ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുണ്ട്.

നിലവിൽ മേപ്പാടി ടൗണിലും പ്രധാന ആശുപത്രികളായ വിംസ് മെഡിക്കൽ കോളേജ്,  മേപ്പാടി ഗവണ്മെന്റ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പ്രദേശത്തും ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമല പ്രദേശത്തും സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ 2 ടീമുകളെ വാഹനസഹിതം 24 മണിക്കൂറും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൽപ്പറ്റ 33 കെ വി സബ്‌സ്റ്റേഷനിൽ വെള്ളം കയറിയിട്ടുള്ളതിനാൽ അവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട് . എന്നാൽ കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികൾ എന്നിവിടങ്ങളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്

വടകര സർക്കിളിനു കീഴിൽ ഉരുൾപൊട്ടലും വെള്ളക്കെട്ടും കാരണം പരപ്പുപാറ, പാറക്കടവ് എന്നീ സെഷനുകളിലെ മുഴുവൻ ഫീഡറും നിലവിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രാഥമികമായ വിലയിരുത്തലിൽ നാദാപുരം ഡിവിഷന്റെ കീഴിൽ 24 ട്രാൻസ് ഫോർമറുകൾ വെള്ളം കയറിയതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാലും ചെയ്താലും ചാർജ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വടകര ഡിവിഷന്റെ കീഴിൽ 27 ട്രാൻസ്ഫോർമറുകൾ വെള്ളം കയറിയതിനാൽ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നാദാപുരം ഡിവിഷന്റെ കീഴിൽ 85 ഉം വടകര ഡിവിഷന്റെ കീഴിൽ 46 ഉം വൈദ്യുതിത്തൂണുകൾ തകർന്നിട്ടുണ്ട്. നാദാപുരം ഡിവിഷനിൽ നിലവിൽ പരപ്പുപാറ, പാറക്കടവ്, നടുവണ്ണൂർ, തൊട്ടിൽപ്പാലം തുടങ്ങിയ സെക്ഷനുകളിലാണ് കൂടുതലായി പ്രകൃതി ക്ഷോഭം ബാധിച്ചിട്ടുള്ളത് .വടകര ആയഞ്ചേരി സെക്ഷനും കൊയിലാണ്ടി സബ് ഡിവിഷനു കീഴിലെ മൂടാടി, തിക്കോടി, കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത്, മേലടി സെക്ഷൻ തുടങ്ങിയവയാണ് തീവ്രമായി പ്രകൃതി ക്ഷോഭം ബാധിച്ച സെക്ഷനുകൾ.

ശ്രീകണ്ഠാപുരം സർക്കിൾ പരിധിയിലും വലിയ നാശനഷ്ടങ്ങളുണ്ടായി. തിങ്കളാഴ്ചയിലെ പേമാരിയിൽ ഈമേഖലയിൽ, പ്രത്യേകിച്ച് ഇരിട്ടി ഡിവിഷൻ പരിധിയിൽ ശിവപുരം, മട്ടന്നൂർ, ഇരിക്കൂർ, പയ്യാവൂർ എന്നീ സെക്ഷനുകളുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മട്ടന്നൂർ സെക്ഷന്റെ പരിധിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കേളകം സെക്ഷൻ പരിധിയിൽ ചെറിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായതിനാൽ 49 ട്രാൻസ്‌ഫോർമറുകൾ ഓഫ്‌ ചെയ്ത് വെച്ചിരിക്കുന്നു. സർക്കിൾ പരിധിയിൽ ഏകദേശം 27,970 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്. രാത്രിയിൽ ഉണ്ടാകുന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 160 പോസ്റ്റുകൾ തകർന്നു.

വൈദ്യുതി പുനസ്ഥാപനം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് നിരവധി കെ എസ് ഇ ബി ജീവനക്കാരെ മലബാർ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ജോൺസിയൻ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരവിപുരം:2023-24 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന
ജോൺസിയൻ മെറിറ്റ് ഡേ ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. കൊല്ലം രൂപത കോർപ്പറേറ്റിവ് മാനേജ്മെൻ്റ് ഓഫ് കാത്തലിക്ക് സ്കൂൾസിൻ്റെ സെക്രട്ടറി റവ. ഫാദർ ബിനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നല്ല പൗരൻമ്മാരെ സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻ്റെ പരമ പ്രധാനമായ ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്കൽ മാനേജർ ഫാദർ റിജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അനിൽ ഡി സ്വാഗതം അർപ്പിച്ചു. ചടങ്ങിൽ എസ് എസ് എൽ പി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥിയും കേരള സർവ്വകലാശാല ബി എ ഫിലോസഫി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഹന്നാ ഫാത്തിമയെയും ആദരിച്ചു.കൊല്ലം കോർപ്പറേഷൻ കൗൺസിലർ പ്രിയദർശൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ജോസ് ജെറോം,മുൻ ഹെഡ്മാസ്റ്റർ ക്ലീറ്റസ്. എ , പൂർവ്വ വിദ്യാർത്ഥി ബിനു ജോസഫ്, അധ്യാപക പ്രതിനിധികളായ ഫ്ളോറൻസ് വിക്ടർ, അജി.സി എയ്ഞ്ചൽ എന്നിവർ സംസാരിച്ചു.

നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം ഒരാളെ കാണാതായി

കോഴിക്കോട്. നാദാപുരം വിലങ്ങാട് ഉരുൾപൊട്ടലിൽ 20 ഓളം വീടുകൾക്ക് നാശനഷ്ടം ഒരാളെ കാണാതായി. 10 തവണ പല സ്ഥലങ്ങളിലായാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനോം, വലിയ പാനോo , പന്നിയേരി, മുച്ചങ്കയം തുടങ്ങിയ ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. അടിച്ചിപ്പാറയിലുണ്ടായ ഉരുൾ
പൊട്ടലിൽ ‘മഞ്ഞച്ചീളി സ്വദേശി റിട്ട :അധ്യാപകൻ കുളത്തിങ്കൽ മാത്യൂ എന്ന മത്തായിയെ കാണാതായി.കുമ്പള
ച്ചോല എൽ പി. സ്കൂൾ റിട്ട. അധ്യാപകനാണ്.
ഇ.കെ.വിജയൻ എം എൽ എ യുടെ നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരുന്നു

FILE PIC