കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വയയ്ക്കല്‍ സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും വീട് കയറി അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കൊട്ടാരക്കര പോലീസ് പിടികൂടി. കുണ്ടറ പേരയം കുമ്പളം ഷൈജു ഭവനം വീട്ടില്‍ ചെങ്കീരി എന്ന് വിളിക്കുന്ന ഷൈജു (31), കുണ്ടറ കാഞ്ഞിരോട് സുനി നിവാസില്‍ അതുല്‍ വില്യംസ് (30) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
കേസിലെ പ്രതികളായിരുന്ന കുമ്പളം സ്വദേശിയും പോസ്റ്റുമാനുമായ മനു മൈക്കിള്‍, ആന്റണി ദാസ് എന്നിവരെ കൊട്ടാരക്കര പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനു മൈക്കിളിന് വയയ്ക്കല്‍ സ്വദേശിയായ ഗൃഹനാഥനോടുള്ള വിരോധം നിമിത്തം വീട് കയറി ആക്രമണം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കെതിരെയും കുണ്ടറ പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായും പ്രതികള്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍
ഡോ.വന്ദനാദാസ് വധക്കേസ്; സാക്ഷിവിസ്താരം സപ്തംബര്‍ രണ്ടു മുതല്‍
കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സപ്തംബര്‍ രണ്ടു മുതല്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുന്‍പാകെ ആരംഭിക്കും. ഇന്നലെ പ്രതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു. സാക്ഷി വിസ്താരത്തിനുള്ള തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും കേസ് ആഗസ്ത് അഞ്ചിലേക്ക് മാറ്റി. അന്ന് പ്രതി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കണം.
കേസ് പരിഗണിക്കവെയാണ് സപ്തംബര്‍ രണ്ടു മുതല്‍ സാക്ഷിവിസ്താരം ആരംഭിക്കുമെന്ന വാക്കാല്‍ പരാമര്‍ശം ജഡ്ജി നടത്തിയത്. രണ്ടു മുതല്‍ വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തീയതികള്‍ സംബന്ധിച്ച് പ്രതിഭാഗം പ്രത്യേകിച്ച് അഭിപ്രായമൊന്നും കോടതിയില്‍ നടത്തിയില്ല.
പ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം, വധശ്രമം, സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആശുപത്രി ജീവനക്കാരെ അക്രമിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ തീരമേഖല
52 ദിവസം നീണ്ടുനിന്ന വര്‍ഷകാല ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിനുതാഴെ ബന്ധിച്ചിട്ടുള്ള ചങ്ങലകള്‍ ഇന്ന് അര്‍ധരാത്രിയോടെ അഴിച്ചുമാറ്റും. ഇതോടെ അഴിമുഖവും അനുബന്ധ തൊഴില്‍ മേഖലകളും വീണ്ടും സജീവമാകും. ഓരോ ബോട്ടുകളും അഞ്ചുലക്ഷം മുതല്‍ 10 ലക്ഷംരൂപ വരെ മുടക്കിയാണ് അറ്റകുറ്റമപണികള്‍ പൂര്‍ത്തിയാക്കി സജ്ജമായിരിക്കുന്നത്.
ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ബോട്ടുകളിലെല്ലാം ഡീസലും ഐസും നിറച്ചുകഴിഞ്ഞു. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്ക്കുന്നത്. ദക്ഷിണ കേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളായ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്നും ഇന്ന് രാത്രി കടലിലേക്ക് പോകാന്‍ മത്സ്യബന്ധനബോട്ടുകളെല്ലാം തയാറെടുത്ത് കഴിഞ്ഞു.
നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്ന തൊഴിലാളികള്‍ വന്നു തുടങ്ങി. ശക്തികുളങ്ങരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസമായി കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ളവരാണ് അധികവും. കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. ഓരോ ബോട്ടിലും പത്ത് മുതല്‍ 20 വരെ തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ മിക്കവരും ഇതരസംസ്ഥാന തൊഴിലാളികളാണ്.
52 ദിവസം നീണ്ട ട്രോളിംഗ് നിരോധനത്തിനുശേഷം ചാകര പ്രതീക്ഷിച്ചാണ് ഓരോ ബോട്ടും കടലിലേക്ക് ഇറങ്ങുന്നത്. തീരദേശത്തുള്ള വിവിധ ആരാധനാലയങ്ങളില്‍ എത്തി പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയാണ് എല്ലാ ബോട്ടുടമകളും തൊഴിലാളികളും ശുഭാപ്തി വിശ്വാസത്തോടുകൂടി ഉപജീവനത്തിനായി കടലിലേക്ക് പോകുന്നത്.
1988-ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ട്രോളിംഗ് നിരോധനം. ഇന്ത്യയില്‍ ആദ്യം കൊല്ലം ശക്തികുളങ്ങരയിലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. അന്ന് മത്സ്യത്തൊഴിലാളികള്‍ ശക്തമായി ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു. പിന്നീട് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഈ നിയമം സാരമായി ബാധിക്കുന്നതിനാല്‍ 2007-ല്‍ കേരള വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടുകൂടിയാണ് ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് ബാധിക്കാതായത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: എൽഡിഎഫിലെ വെള്ളനാട് ശശിക്ക് ജയം
തിരുവനന്തപുരം: കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാ പഞ്ചായത്ത് സീറ്റിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. വെള്ളനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളനാട് ശശി 1226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപനെയാണ് തോൽപ്പിച്ചത്. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശി ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ രാജിവച്ച ഒഴിവിലാണ് വെള്ളനാട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്‍റെ മൃതദേഹവും കണ്ടെത്തി
വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്‍റെ മൃതദേഹവും കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷിജുവിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ഉരുള്‍പൊട്ടൽ: നാളെ സര്‍വകക്ഷിയോഗം..മുഖ്യമന്ത്രി പങ്കെടുക്കും
വയനാട് മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നാളെ 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതൽ ഫോറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രി സഭ തീരുമാനം. മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.
തൊടുപുഴ നഗരസഭ ഒമ്പതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം,ഇടത് ഭരണം പോകും
തൊടുപുഴ. നഗരസഭ ഒമ്പതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം,UDF സ്വതന്ത്ര സ്ഥനാർത്ഥി ജോർജ് ജോൺ കൊച്ചു പറമ്പിൽ 126 വോട്ടിനാണ് വിജയിച്ചത്. ഇതോടെ തൊടുപുഴ നഗരസഭയിൽ
എൽ ഡി എഫിന് ഭരണം നഷ്ടമാകും. ഉപതെരഞ്ഞെടുപ്പിൽ വിജയച്ചതോടെ നിലവിൽ UDF 13 ,LDF 12 എന്നിങ്ങനെയാണ് കക്ഷി നില. LDF അംഗത്തെ ഹൈക്കോടതി അയോഗ്യനാക്കുകയും , ഇടത് പിന്തുണയോടെ ഭരിച്ചിരുന്ന ചെയർമാൻ കൈക്കൂലി കേസിൽ രാജി വെച്ചതുമാണ് ഇടത് മുന്നണിക്ക് നഗരസഭ ഭരണം നഷ്ടപ്പെടാൻ കാരണമായത്.






































