27.6 C
Kollam
Saturday 20th December, 2025 | 12:45:01 PM
Home Blog Page 2382

വിലങ്ങാട് മഞ്ഞച്ചീളിയിൽ വീണ്ടും ഉരുൾപൊട്ടൽ,കോഴികോട് ജില്ലാ കലക്ടർ അടക്കമുള്ള സംഘത്തെ റസ്ക്യൂ ടീം രക്ഷപെടുത്തി

വിലങ്ങാട്. മഞ്ഞച്ചീളിയിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴികോട് ജില്ല കലക്ടർ അടക്കമുള്ള സംഘത്തെ റസ്ക്യൂ ടീം രക്ഷ
പെടുത്തി.ഇന്നലെ ഉരുൾപൊട്ടിയ ഭാഗത്ത് തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്. ഈ ഭാഗത്ത് നിന്ന് വെള്ളം ശക്തമായി താഴെക്ക് ഇറങ്ങുകയായിരുന്നു. ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനത്തിനെത്തിയതായിരുന്നു കലക്ടർ സ്നേഹില്‍കുമാര്‍ സിംങ് അടങ്ങുന്ന സംഘം. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് .തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴമുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യത

മരണം 270, കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

വയനാട്. മരണം 270, കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കൈയിലേക്ക് തിരികെ എത്തിച്ചു. ഇവിടെ മഴ തുടരുന്നു.മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കില്‍ ജലനിരപ്പുയരുന്നുണ്ട്. ഇത് സൈന്യത്തിന്‍റെ പാലം പണിക്ക് ബുദ്ധിമുട്ടാകും. ബ്രിഡ്ജിങ് നിർമാണ സാമഗ്രികൾ വരുന്നത് അനുസരിച്ച് 190 അടി പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ആർമി അധികൃതര്‍ പറയുന്നു. മേപ്പാടി സിഎച്ച്സിയിൽ 117 മൃതദേഹങ്ങൾ
മുണ്ടക്കൈയിൽ ഇന്ന് കണ്ടെടുത്തത് 24 നിലമ്പൂരിൽ 91, വിംസിൽ 12 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1. ചാലിയാര്‍പുഴയില്‍ ഇന്ന് 71 മൃതദേഹങ്ങളും അവശിഷ്ടങ്ങളും കിട്ടി. പോത്തുകല്ലില്‍നിന്നും 20 മൃതദേഹങ്ങള്‍ മേപ്പാടിയിലെത്തിച്ചു.

പത്തു കോടിയുടെ മൺസൂൺ ബംബർ മൂവാറ്റുപുഴയിൽ

തിരുവനന്തപുരം. ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ മൺസൂൺ ബംബർ ലോട്ടറി ആയ
പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ. മൂവാറ്റുപുഴ കെഎസ്ആർടിസി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജൻസിയിലൂടെ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഇന്നു മാത്രം നൂറിലധികം മൺസൂൺ ബമ്പറുകൾ ഇവിടെനിന്നും വിറ്റു പോയതായി ഉടമ ശ്യാം ശശി പറഞ്ഞു.

നിരവധി ആളുകൾ ഇന്ന് ടിക്കറ്റ് എടുക്കുവാൻ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്നും ശ്യാം പറഞ്ഞു. എന്നാൽ ടിക്കറ്റ് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല .

ഇതോടൊപ്പം ഇതിൻറെ പ്രോത്സാഹനസമ്മാനം ആയ 4 ടിക്കറ്റുകളും ഇവിടെ നിന്നും തന്നെയാണ് വിറ്റിട്ടുള്ളത്.

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോഡ്, തൃശൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല.

തൃശൂര്‍- ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല

പത്തനംതിട്ട ജില്ലയിലും നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകം

കുമരൻചിറ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു;ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ വരും നാളുകളിൽ ഭരണപക്ഷത്തിനെതിരെ അട്ടിമറിക്ക് സാധ്യത

ശാസ്താംകോട്ട:ഉപതെരഞ്ഞെടുപ്പ് നടന്ന ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരൻചിറ പതിമൂന്നാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അജ്മൽ ഖാൻ(40) എതിർ സ്ഥാനാർത്ഥിയെക്കാൾ 167 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്.1316 വോട്ടർമാരിൽ
1057 വോട്ടാണ് ആകെ പോൾ ചെയ്തത്.അജ്മൽഖാന് 504 വോട്ട് ലഭിച്ചപ്പോൾ മുഖ്യ എതിരാളി എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ സലീമിന് 337 വോട്ടും ബിജെപി സ്ഥാനാർത്ഥി സോമചന്ദ്രൻ പിള്ളയ്ക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി നൗഷാദിന് 25 വോട്ടും ലഭിച്ചു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി ആഹ്വാനപ്രകാരം യുഡിഎഫ് ആഹ്ലാദ പ്രകടനം ഒഴിവാക്കി.യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തോടെ 16 അംഗ ശൂരനാട് തെക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ഭരണപക്ഷത്തുള്ള എൽഡിഎഫിന്റെ അംഗബലം 8 ൽ നിന്നും ഏഴായി കുറഞ്ഞു.യുഡിഎഫ് – 6,ബിജെപി-2,സ്വതന്ത്രൻ – ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.സ്വതന്ത്രനാകട്ടെ
കോൺഗ്രസ് റിബലായി നിന്ന് ജയിച്ചയാളും.ഇദ്ദേഹത്തിന്റെ പിന്തുണ കൂടി യുഡിഎഫിന് കിട്ടിയാൽ വരും നാളുകളിൽ ബിജെപിയുടെ കൂടി മൗനാനുവാദത്തോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കൊട്ടാരക്കരയില്‍ ഗേറ്റ് മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

കൊട്ടാരക്കര: ആളൊഴിഞ്ഞ വീടുകളുടെയും പുരയിടങ്ങളുടെയും മറ്റും ഗേറ്റുകള്‍ മോഷണം നടത്തിയ മോഷ്ടാക്കള്‍ കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. പടിഞ്ഞാറ്റിന്‍കര അറപ്പുര കാറ്ററിംഗിന് സമീപം കുരുവേലിവിള വീട്ടില്‍ കുഞ്ഞുമോന്‍ (48), കൊട്ടാരക്കര ഗാന്ധിമുക്ക് ലക്ഷം വീട് ജവാന്‍ നഗറില്‍ സുധീര്‍ (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊട്ടാരക്കര കിഴക്കേക്കര ഭാഗത്തുള്ള ആളൊഴിഞ്ഞ വീടുകളിലെയും ഒറ്റപ്പെട്ട സ്ഥലത്തുള്ള പുരയിടങ്ങളുടെയും ഗേറ്റുകള്‍ മോഷണം പോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മോഷണ സ്ഥലങ്ങളില്‍ എത്തി പോലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ വീടുകളുടെയും ഒറ്റപ്പെട്ട സ്ഥലത്തുള്ള പുരയിടങ്ങളുടെയും ഗേറ്റുകള്‍ അതിരാവിലെയും മറ്റും എത്തി ഇളക്കിവച്ച ശേഷം വാഹനവുമായി എത്തി കയറ്റിക്കൊണ്ടുപോകുകയായിരുന്നു പതിവെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് സ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഗേറ്റുകള്‍ കടത്താന്‍ ശ്രമിച്ച വാഹനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
പ്രതികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ഗേറ്റുകള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൈനികനെയും സഹോദരനെയും ആക്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കൊട്ടിയം: കടയില്‍ സാധനം വാങ്ങാന്‍ എത്തിയ സൈനികനെയും സഹോദരനെയും ആള്‍ക്കൂട്ടം മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വാളത്തുംഗല്‍ ആക്കോലില്‍ മുഹമ്മദ് റാഫി (34) ആണ് അറസ്റ്റിലായത്. ഇവര്‍ രണ്ട് പേര് കൂടാതെ കണ്ടാലറിയാവുന്ന 10 പേര്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരേയാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്. കൂട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീന്‍ നേരത്തെ അറസ്റ്റിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളില്‍ പലരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഷിഹാബുദ്ദീന്റെ കടയില്‍ നിന്നും സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദിച്ചവരെയും തടസ്സം പിടിച്ചവരെയും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. വീഡിയോ തെളിവായതോടെ പലരെയും പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായ രേഖകള്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പാക്കണം: കളക്ടര്‍

കൊല്ലം: ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ ലഭ്യമാക്കിയ ചെയ്ത രേഖകളില്‍ ന്യൂനതകള്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്.
ചേംബറില്‍ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേ മിഷന്‍ ജില്ലാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട 12 വില്ലേജുകളില്‍ ഡിജിറ്റല്‍ അളവ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് ന്യൂനതകള്‍ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. രേഖകള്‍ ഓണ്‍ലൈന്‍ ആയി പരിശോധിക്കുന്ന വിധം വിശദമാക്കുന്ന വീഡിയോ പഞ്ചായത്ത് സെക്രെട്ടറിമാര്‍ കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കണം.
സബ് കളക്ടര്‍ ഇന്‍ ചാര്‍ജ് ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍. ജിയോ.ടി. മനോജ്, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലിം, മുന്‍സിപ്പല്‍ ചെയര്‌പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

45 അപേക്ഷകള്‍ തീര്‍പ്പാക്കി നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി

കൊല്ലം: ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയ നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ചേര്‍ന്നു. 73 അപേക്ഷകള്‍ പരിഗണിച്ചതില്‍ 45 എണ്ണത്തില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. വസ്തുസംബന്ധമായ അഞ്ചു അപേക്ഷകള്‍ തീര്‍പ്പാക്കി. 13 അപേക്ഷകള്‍ ഹാജരാകാത്തതിനാല്‍ അടുത്ത യോഗത്തിലേക്ക് മാറ്റി വച്ചു. എല്‍എല്‍സി കണ്‍വീനര്‍ ആയ ഡി.ജേക്കബ്, എഡിഎംസി എസ്. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.