27.6 C
Kollam
Wednesday 17th December, 2025 | 10:14:46 PM
Home Blog Page 2369

വാച്ചുപ്രേമികളെ വയനാടിനായി നിങ്ങള്‍ക്കും കൈ കോര്‍ക്കാം… 84 ലക്ഷത്തിന്‍റെ വാച്ചുകള്‍ വില്‍പ്പനയ്ക്ക് വച്ച് വ്ലോഗർ എഫിൻ

മുണ്ടക്കൈ ദുരന്തം നാശം വിതച്ച വയനാടിനെ ചേർത്ത് നിറുത്തുകയാണ് കേരളം. പ്രവാസികളിലൊരാള്‍ തന്നെ ഏല്‍പ്പിച്ച മൂന്ന് ആഡംബര വാച്ചുകള്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ശ്രമിക്കുകയാണ് വ്​ലോഗര്‍ എഫിന്‍. വാച്ചുകള്‍ വില്‍ക്കുന്നതിലൂടെ 84 ലക്ഷം രൂപ സമാഹരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ഇതില്‍ ഒരു രൂപ പോലും താനെടുക്കില്ലെന്നും എഫിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 

ഉബ്​ലുവിന്‍റെ 21 ലക്ഷം രൂപ വില വരുന്ന ബിഗ് ബാങ് സ്ക്വയര്‍  ലിമിറ്റഡ് എഡിഷന്‍ വാച്ച്, ഓവര്‍സീസിന്‍റെ റോസ് ഗോള്‍ഡ് എഡിഷന്‍ (33 ലക്ഷം), ഉബ്​ലുവിന്‍റെ തന്നെ ടൈഗര്‍ എഡിഷന്‍(29) ലക്ഷം എന്നീ വാച്ചുകളാണ് എഫിന്‍റെ കൈവശമുള്ളത്. വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവാസി സുഹൃത്ത് ഇത് നല്‍കിയതെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി. 

വാച്ചുപ്രേമികളെ വയനാടിനായി നിങ്ങള്‍ക്കും കൈ കോര്‍ക്കാം..’സംഭവം കേട്ടപ്പോള്‍ തന്നെ വാച്ചുകള്‍ ഓഫ്​ലൈന്‍ ആയി വിറ്റ് പണം സിഎംഡിആര്‍എഫിലേക്ക് നല്‍കാനോ, അല്ലെങ്കില്‍നേരിട്ട് കൈമാറാനോ ആയിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ വിദേശത്തോ സ്വദേശത്തോ ഉള്ള ആരെങ്കിലും ഈ വാച്ചുകള്‍ വാങ്ങാനിരിക്കുകയാണെങ്കില്‍ ഇത്തരമൊരു കാര്യത്തിനായതിനാല്‍ പരമാവധി പണം തരികയാണെങ്കില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു.

വാങ്ങണമെന്ന് താല്‍പര്യമുള്ളവര്‍ തന്‍റെ ഇ–മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും എഫിന്‍ വ്യക്തമാക്കി. ഓണ്‍ലൈനായും ഓഫ് ലൈനായും വില്‍ക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ആയി ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആരാണ് വാങ്ങിയതെന്നും എത്ര രൂപയ്ക്കാണ് വിറ്റതെന്നും വിഡിയോയിലൂടെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

വിലങ്ങാട് ഉരുൾപൊട്ടൽ,കാണാതായ റിട്ട. അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് . വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ റിട്ട. അധ്യാപകൻ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 60 കാരനായ മാത്യു ചൊവ്വാഴ്ചയാണ് ഉരുൾപൊട്ടലിൽ അകപ്പെട്ടത്

രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ

വയനാട്. ഉരുള്‍പൊട്ടിയെത്തിയ ദുരന്തത്തിന് മുന്നില്‍ ഓടിയൊളിക്കാതെ പലർക്കും രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ ഫേസ്ബുക്കില്‍ ഷാജിമോന്‍ചൂരല്‍മല പറയുന്നു

പ്രജീഷും ശരതും…..എൻ്റെ രണ്ടു കുഞ്ഞനിയൻമാർ…
സംഘടനാ പ്രവർത്തനത്തിലും എനിക്കു താങ്ങായി നിന്നിരുന്നവർ …അവർ സുരക്ഷിതരായിരുന്നു….
പക്ഷെ അപരന് വേണ്ടി അവരവരുടെ ജീവൻ കൊടുത്തു ….

രാത്രി ആദ്യം മല പൊട്ടിയൊഴുകി വന്നപ്പോൾ പതിമൂന്ന് പാലത്തിലെയും ആശുപത്രി പാടിയിലേയും എഴുന്നേറ്റു നടക്കാൻ പോലുമാവാത്ത നിരവധി ആളുകളെ ചുമന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത് ഇവരിരുവരുമാണ് ….

ഇനി ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് നോക്കാൻ തിരിച്ചു പോയതാണവർ. രണ്ടാമത്തെ ഉരുൾപൊട്ടലിൽ എൻ്റെ പ്രിയ അനുജൻമാർ പോയി . പ്രജീഷിനെ കിട്ടി…ശരത് …..ഈ വിങ്ങലോടെയാണ് ഷാജിമോന്‍റെ കുറിപ്പ് അവസാനിക്കുന്നത്. നൊമ്പരങ്ങളുടെ തീരാദുഖത്തിന്‍റെ നൂറുനൂറുകഥകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ളത്. അലമുറ നെഞ്ചിലടക്കിപിടിച്ച് പതറി നില്‍ക്കുന്നവരാണ് എല്ലായിടത്തും. സംസാരിച്ചാല്‍ പിടിവിട്ടുപോകുമെന്ന് ഭയന്ന് കുനിഞ്ഞമുഖത്തോടെ നടക്കുന്നവര്‍ ആണ് ഏറെയും.

വിലങ്ങാടിനുമുകളില്‍ മാടാഞ്ചേരിയിലും ഉരുള്‍പൊട്ടിയതായി വിവരം

കോഴിക്കോട്. വിലങ്ങാടിനുമുകളില്‍ മാടാഞ്ചേരിയിലും ഉരുള്‍പൊട്ടിയതായി വിവരം. വിലങ്ങാട് വാണിമേൽ ആണ് ഈ സംഭവം അവിടെ അഞ്ചു ഇടങ്ങളിലായി ഉരുൾ പൊട്ടിയിട്ടുണ്ട് അതിൽ ഒരു കട ഉൾപ്പെടെ പാലവും ചേർന്നാണ് പോയിരിക്കുന്നത് ആളപായം ഒന്നും തന്നെ ഇല്ല. നാശനഷ്ടങ്ങൾ ഉണ്ടായിട്ടേയുള്ളൂ. വിലങ്ങാട് എന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റർ ആണ് ഈ പോയിന്റിലേക്ക് ഉള്ളത്


വാണിമേൽ മാടഞ്ചേരി എന്ന സ്ഥലമാണ് സ്കൂളിന് സമീപം അംഗന്‍വാടിക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരും സ്കൂൾ ക്യാമ്പിലാണ്
എസ്ടി വിഭാഗത്തിൽ പെട്ടവരാണ് കൂടുതലും അവിടെ ഉള്ളത് കണ്ണൂരിന്റെയും കോഴിക്കോടിന്റെയും മല അതിർത്തികളിലാണ് ഈ മേഖല. കൂടുതല്‍ ഉരുള്‍പൊട്ടുമോ എന്ന ആശങ്കയുണ്ട്.

തീരാനൊമ്പരം,ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു

വയനാട്. മരണം 284ആയി. 166പേരുടെ പോസ്റ്റ്മോര്‍ട്ടം നടന്നു. ഉരുള്‍പൊട്ടി ദുരന്തമുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. 1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളും. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നു. 240 പേരെയാണ് കാണാതായത്. 190 അടി നീളമുള്ള ബെയ്‌ലി പാലം ഉച്ചയോടെ നിർമ്മാണം പൂർത്തിയാക്കും. 60 ശതമാനം പൂർത്തിയായതായി ആർമി. ഐബോഡ് ഡ്രോൺ പരിശോധന നാളെ മുതൽ. റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലനും സംഘവും ഇന്ന് വയനാട്ടിലെത്തും. കലക്ട്രേറ്റില്‍ സര്‍വകക്ഷിയോഗം 11ന് ചേരുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കും.

“ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ”ആരും ചിന്തിക്കാത്ത വാഗ്ദാനവുമായി സജിനും ഭാര്യ ഭാവനയും

വയനാട്.”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമൻറ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു..


സമാനതകൾ ഇല്ലാത്ത ദുരന്തമുഖത്ത് ഉറ്റവരെ ചേർത്തുപിടിക്കാൻ മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട. ആ കാഴ്ച നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ ആ ചേർത്ത് നിർത്തലിനൊപ്പം ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് സജിനും ഭാര്യ ഭാവനയും വാഗ്ദാനം ചെയ്തത്. വയനാട് ദുരന്തത്തിൽ അമ്മയെ നഷ്ടപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾ ഉണ്ടെന്നറിഞ്ഞതോടെ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറെന്ന് പറയാൻ ഭാവനയെ പ്രേരിപ്പിച്ചു. അത് സമൂഹമാധ്യമ പോസ്റ്റിന് കമൻ്റായും ഇട്ടു.

ഇവരുടെ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ വയനാട്ടിൽ നിന്ന് വിളി വന്നു.. നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുമായി ഉടൻതന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. ഉപജീവന മാർഗ്ഗമായ പിക്കപ്പ് ജീപ്പിലാണ് യാത്ര. കഴിയുന്നത്രയും ദിവസം അവിടെ താമസിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഇവരുടെ തീരുമാനം. യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻറായിരുന്നു സജിൻ.

ആരാണ് ഉത്തരവാദി,മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം. മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം പശ്ചിമഘട്ടത്തിലെ അപകടം സംബന്ധിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചത് അടക്കമുള്ള ഗൗരവതരമായ ആരോപണങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരില്‍നിന്നും ദേശീയ മാധ്യമങ്ങളില്‍ നിന്നും ഉയരുകയാണ്. അപകടമേഖലയില്‍പ്പോലും പുതിയ ക്വാറികള്‍ക്ക് അനുമതി കൊടുത്തത് അടക്കം ചര്‍ച്ചയിലെത്തുന്നുണ്ട്.


മുന്നറിയിപ്പുകളെ കേരളം അവഗണിച്ചെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് കാലാവസ്ഥാ മുന്നറിയിപ്പുമാത്രമാണ് ലഭിച്ചതെന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചിരുന്നു.
മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പഴിചാരലുകള്‍ക്കിടയിലാണ് മുന്നറിയിപ്പുകളെ
ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള
നടപടി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ
ഓറഞ്ച് ബുക്കില്‍ പറയുന്നത്. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാന്‍ ആവശ്യപ്പെടണം. ക്യാമ്പുകള്‍ സജ്ജമാക്കണം.

2018ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം പിന്തുടരുന്നത്. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും പറയുന്നുണ്ട്. ദുരന്തം ഉണ്ടായ പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനി ഇല്ല. എന്നാല്‍ തൊട്ടടുത്ത മഴ മാപിനികളില്‍ തുടര്‍ച്ചയായി ശക്തമായ മഴ രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത് എന്നാണ് ഐഎംഡി വിശദീകരിക്കുന്നത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ പര്യാപ്തമല്ല എന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. കല്‍പ്പറ്റ കേന്ദ്രീകരിച്ചുള്ള ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനത്തിന്റെ പുത്തുമലയിലെ മഴ മാപിനിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് 200 മി.മീ മഴയാണ്. രാത്രി 130 മി.മീ മഴയും. ദുരന്ത സാധ്യത തിങ്കളാഴ്ച തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് സ്ഥാപനം വ്യക്തമാക്കുന്നത്. പുതുമലയിലും മുണ്ടക്കൈയിലും കനത്ത മഴയും മണ്ണിടിച്ചിലും എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രാദേശികമായ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രളയത്തിന് ശേഷം സ്‌കൈമെറ്റ് പോലെയുള്ള സ്വകാര്യ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളും കേരളം ശേഖരിക്കുന്നുണ്ട്. അവയിലും ഇത്ര വലിയ ദുരന്ത സാധ്യത സൂചിപ്പിച്ചിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. അന്നേ ദിവസം രാത്രിയില്‍ കൊച്ചി കുസാറ്റില്‍ നിന്നുള്ള റഡാര്‍ ഇമേജില്‍ വടക്കന്‍ കേരളത്തില്‍ കനത്ത മഴ സാധ്യത സൂചിപ്പിച്ചിരുന്നു. കാറ്റിനും ന്യൂനമര്‍ദ്ദ പാത്തിക്കും ഒപ്പം
അസാധാരമായ മേഘരൂപീകരണം കൂടിയാണ് ദുരന്തം ഉണ്ടാക്കിയത് എന്നാണ് പല കാലാവസ്ഥ വിദഗ്ദ്ധറും ചൂണ്ടിക്കാട്ടുന്നത്.

ദുരിതാശ്വാസം;മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ വ്യാജപ്രചരണം, കേസെടുത്തു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.

സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിനായി സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും ഇന്ന് യാത്ര ആരംഭിക്കുക.

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ് .
കൂടാതെ, ഷൊര്‍ണൂര്‍ – തൃശൂര്‍ (06461), ഗുരുവായൂര്‍ – തൃശൂര്‍ (06445), തൃശൂര്‍ – ഗുരുവായൂര്‍ (06446) പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

ബെയിലി പാലത്തിനു പുറമേ മറ്റൊരു പാലം കൂടി നിർമ്മിച്ചു

ചൂരൽ മല. ദുരന്ത മേഖലയില്‍ സൈന്യത്തിന്റെ 190 അടി നീളമുള്ള ബെയിലി പാലത്തിനു പുറമേ മറ്റൊരു പാലം കൂടി നിർമ്മാണം തുടങ്ങി.ബെയിലി പാലത്തിന് സമാന്തരമായാണ് രാത്രിയും പാലം നിർമ്മാണം പുരോഗമിക്കുന്നത്. നേരത്തെ സൈന്യം തയ്യാറാക്കിയ താൽക്കാലിക പാലം ഇന്ന് മലവെള്ളപ്പാച്ചിലിൽ മുങ്ങിയിരുന്നു. രക്ഷാപ്രവർത്തകർ അടക്കമുള്ളവർക്ക് നടന്നു പോകാൻ കഴിയുന്ന ചെറിയ പാലമാണ് നിർമ്മിക്കുന്നത്. 190 അടി നീളമുള്ള ബെയിലി പാലം ഇന്ന് വൈകിട്ടോടെ നിർമ്മാണം പൂർത്തിയാകും
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ 3 സ്സിഫർ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്.


ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് 1600 ഓളം പേരെ. മരണസംഖ്യ ഉയർന്നേക്കും.വയനാട് ആകെ തുറന്നത് 82 ദുരിതാശ്വാസ ക്യാമ്പുകൾ. ക്യാമ്പുകളിൽ കഴിയുന്നത് 8000 അധികം പേർ. ബെയിലി പാലത്തിന് സമാന്തരമായി 60 അടി നീളത്തിൽ മറ്റൊരു നട പാലം കൂടി. രക്ഷാപ്രവർത്തകർക്ക് സഞ്ചരിക്കാനാണ് ഈ പാലം. നിർമ്മാണം നടത്തിയത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചു. ഇതുവരെ എത്തിക്കാനായത് നാല് യന്ത്രങ്ങൾ
ഇന്ന് കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ സജ്ജമാക്കും.