27.6 C
Kollam
Wednesday 17th December, 2025 | 08:42:51 PM
Home Blog Page 2368

പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതി

ന്യൂഡൽഹി: പട്ടികജാതിയിൽ കൂടുതൽ പിന്നാക്കമുള്ളവർക്കു പ്രത്യേക ക്വോട്ട അനുവദനീയമാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (6–1) വ്യക്തമാക്കി. ഇത്തരത്തിൽ ഉപതരംതിരിവ് അനുവദിക്കുമ്പോൾ ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാൻ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.

ഉപവിഭാഗങ്ങളുടെ പ്രതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ സർക്കാരിന് നീതീകരിക്കാൻ കഴിയണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉപവർഗീകരണം സാധ്യമല്ലെന്ന 2004ലെ സുപ്രീം കോടതി വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിയാണ് ഭൂരിപക്ഷ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ബേല എം.ത്രിവേദി ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിച്ചു ഭിന്നവിധി എഴുതി. ഇതുൾപ്പെടെ ആകെ ആറ് വിധിന്യായങ്ങളാണ് ഏഴംഗബെഞ്ച് പുറപ്പെടുവിച്ചത്.

2010 ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തു പഞ്ചാബ് സർക്കാർ നൽകിയതുൾപ്പെടെയുള്ള 23 ഹർജികൾ ബെഞ്ച് പരിഗണിച്ചു. എസ്‌സി സംവരണത്തിൽ 50 ശതമാനം വാൽമീകി, മസാബി സിഖ് വിഭാഗക്കാർക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സർക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം പഞ്ചാബ്–ഹരിയാന ഹൈക്കോടതി 2010ൽ റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പട്ടിക ജാതികളിൽതന്നെ ഏറ്റവും പിന്നാക്കമായവർക്കായി നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2020 ഓഗസ്റ്റിൽ നിരീക്ഷിച്ചിരുന്നു. അതു 2004 ൽ അഞ്ച് അംഗ ബെഞ്ച് തന്നെ നൽകിയ വിധിക്കു വിരുദ്ധമായതിനാലാണ് വിഷയം ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

എസ്‌സി വിഭാഗത്തിലെ ഉപസംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും പാർലമെന്റിനു മാത്രമേ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്താൻ സാധിക്കുവെന്നുമായിരുന്നു 2004ലെ ചിന്നയ്യ കേസിലെ വിധി. ‌സംവരണാനുകൂല്യമുള്ള ജാതികൾക്കിടയിൽ ഉപവർഗീകരണം അനുവദിക്കേണ്ടതുണ്ടോ? പട്ടികജാതിയെ സമജാതീയ ഗ്രൂപ്പ് എന്നു വ്യക്തമാക്കിക്കൊണ്ട് അതിൽ ഉപവർഗീകരണം സാധ്യമല്ലെന്ന് പറഞ്ഞ ചിന്നയ്യ കേസ് ശരിയാണോ? എന്നീ വിഷയങ്ങളാണ് ഏഴംഗ ബെഞ്ച് പരിഗണിച്ചത്.

ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് മൂന്നാം മെ‍ഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്ക്കു മൂന്നാം മെഡൽ നേടിക്കൊടുത്ത് സ്വപ്നിൽ കുസാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും വിജയിച്ചിട്ടുണ്ട്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു.

20–ാം ഷോട്ട് കഴിഞ്ഞപ്പോൾ സ്വപ്നിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 201 പോയിന്റാണ് താരത്തിനുണ്ടായിരുന്നത്. 25 ഷോട്ടുകളിൽ ഇന്ത്യൻ താരത്തിനു ലഭിച്ചത് 208.2 പോയിന്റുകൾ. നീലിങ്, പ്രോൺ റൗണ്ടുകൾക്കു ശേഷം സ്വപ്നിൽ അഞ്ചാം സ്ഥാനത്തു തുടർന്നു. സ്റ്റാൻഡിങ് പൊസിഷനിൽ 40 ഷോട്ടുകൾ പിന്നിട്ടപ്പോൾ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തെത്തി. 411.6 പോയിന്റുമായാണ് സ്വപ്നിലിന്റെ കുതിപ്പ്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി

വയനാട്.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും രാവിലെ.കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ബെയ്ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുന്നുണ്ട്.

മേപ്പാടി സിഎച്ച്സി 138
നിലമ്പൂർ 142
വിംസ് 12
വൈത്തിരി 1
ബത്തേരി 1 എന്നിങ്ങനെയാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ജീവനോടെ ഇനിയാരുമില്ലെന്ന് സൈന്യം മുഖ്യമന്ത്രിയോട്

വയനാട്. ദുരന്തത്തിനിരയായവരില്‍ അപകടമേഖലയില്‍ ജീവനോടെ ആരും അവശേഷിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നല്ലനിലയില്‍പുനരധിവാസം നടപ്പാക്കും. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ കടക്കരുത്. ചാലിയാറില്‍ തിരച്ചില്‍ തുരും. പ്രശ്നപരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ പ്രവര്‍ത്തിക്കും. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആഴശ്യമുന്നയിക്കും. ബെയ്ലിപാലത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ച് വിഷയങ്ങള്‍ ചോദിച്ചാണ് അദ്ദേഹം മടങ്ങിയത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി

വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും എന്‍കെ പ്രേമചന്ദ്രനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കുന്നു. ചൂരല്‍മലയില്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശനം നടത്തി. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘ വിസ്ഫോടനം

ന്യൂഡെല്‍ഹി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘ വിസ്ഫോടനം.മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ 9 പേരും ഹിമാചൽ പ്രദേശിൽ രണ്ടുപേരും ഡൽഹിയിൽ ഏഴ് പേരും മരിച്ചു.ബീഹാറിൽ ഇടിമിന്നലേറ്റ് അഞ്ചുപേരും മരിച്ചു.ഷിംലയിൽ 36 പേരെ കാണാതെയായി.കേദാർനാഥിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം.എൻ ഡി ആർ എഫ് സംഘത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലാണ് മേക്കവിസ്ഫോടനം ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകി. കുളുവിൽ പാർവതി നദിക്ക് സമീപത്തെ ബഹുനില കെട്ടിടം പൂർണമായി ഒലിച്ചുപോയി.

ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 36 ഓളം പേരെ കാണാതെയായി.രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു.മാണ്ഡിയിലെ താൽതു ഖോഡിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുമായി ആശയ നടത്തി സ്ഥിതി വിലയിരുത്തി.ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ ഗൗരി കുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ രക്ഷിക്കാനുള്ള ദൗത്യവും ആരംഭിച്ചു.സംസ്ഥാനത്തെ സ്ഥിതി മുഖ്യമന്ത്രി പുഷ്കർ സിദ്ധാമി അവലോകനയോഗം ചേർന്ന് വിലയിരുത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാഴായിപ്പോകുന്നത് ദയനീയമാണ്, ദയവായി അത് പരിഗണിക്കണം; അഭ്യര്‍ത്ഥനയുമായി രചന നാരായണന്‍കുട്ടി

കൊച്ചി: മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനേക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് നടി രചന നാരായണന്‍കുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണെന്നും രചന അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണെന്ന് രചന നാരായണന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദയവായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

‘പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

വിദഗ്ധര്‍ അവ സൂക്ഷ്മമായി പഠിച്ചതിനു ശേഷം സമര്‍പ്പിച്ച നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.’ രചനയുടെ വാക്കുകള്‍.

മനുഷ്യരാശിയോട് ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ പറയുകയാണ്, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്. ഇതിനെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനി കൂടിയായ ശിഷ്യയ്ക്ക് നന്ദിയുണ്ടെന്നും രചന നാരായണന്‍ കുട്ടി കുറിച്ചു.

ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ആയത്തുല്ല ഖമേനി ഉത്തരവിട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ വധിക്കപ്പെട്ടതോടെ രാജ്യാന്തര സമൂഹത്തിന് മുന്നിൽ ഇറാന്റെ പ്രതിച്ഛായ നഷടമായിരിക്കുന്നു. തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി വ്യക്തമാക്കിയിട്ടുണ്ട്. ലോക നേതാക്കൾക്ക് ഒട്ടു സുരക്ഷിതമല്ലാത്ത രാജ്യമാണ് ഇറാനെന്ന പ്രതീതി ശക്തമാണ്.

മുഖം രക്ഷിക്കാൻ വേണ്ടി ഇസ്രായേലിനോട് കണക്കു തീർക്കുമെന്ന് പറയുമ്പോഴും എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയാണ് എങ്ങും. ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽ കടന്നു മുൻപ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലതതിൽ ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ഉത്തരവിട്ടതായി മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ഇറാൻ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിലെ (ഐ.ആർ.ജി.സി) അംഗങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിൽ എത്തിയതായിരുന്നു ഹനിയ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്‌സിലെ ഒരു പോസ്റ്റിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇറാൻ അതിന്റെ അന്തസ്സ്, ബഹുമാനം, അഭിമാനം എന്നിവ സംരക്ഷിക്കുമെന്നും ഇസ്രായേലിന്റെത് ഭീരുത്വം നിറഞ്ഞ നീക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാൻ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാൻ കാരണമായതെന്നു കരുതുന്നവരുണ്ട്.

2019 നു ശേഷം ടെഹ്‌റാനിൽ ഹനിയ പതിനഞ്ചോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ടെഹ്‌റാൻ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘർഷത്തിനുമുൻപ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നുണ്ട്, ലബനനിൽനിന്നും സിറിയയിൽ നിന്ന് ഹിസ്ബുല്ലയിലൂടെയാണ് ഇറാൻ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോൾ നേരിട്ടും ഏറ്റുമുട്ടാൻ തുടങ്ങിയതോടെ മേഖലയിൽ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.

ഇറാനെ സംബന്ധിച്ചിടത്തോളം ഹനിയയുടെ വധം വലിയ അഭിമാനക്ഷതമാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. ‘ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വകവരുത്തി’ എന്നാണു ഇറാന്റെ പരമോന്നത നേതാവ് പ്രതികരിച്ചത്. ഇതിന്റെ ശിക്ഷ കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവജാത ശിശുക്കളുടെ പൊക്കിൾ കൊടി പ്രവചിക്കും ഓട്ടിസം സാധ്യതകൾ-കണ്ടെത്തലുമായി ​ഗവേഷകർ

നവജാതശിശുവിന്റെ പൊക്കിൾകൊടി രക്തത്തിലെ ഫാറ്റി ആസിഡ് മെറ്റബോളിറ്റുകളുടെ അളവ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അപകട സാധ്യത പ്രവചിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ഫുകുയി സർവകലാശാലയിലെ ശിശു മാനസിക വികസന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ജനനസമയം കുട്ടികളുടെ രക്തത്തിലെ ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തി.

എഎസ്ഡി ലക്ഷണങ്ങൾ തീവ്രമാകുന്നതിന് ഗർഭകാല ഘടകങ്ങളുടെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു. ജനനസമയത്ത് പൊക്കിൾകൊടി രക്തത്തിലെ അരാച്ചിഡോണിക് ആസിഡ്-ഡയോളായ ഡിഇഎച്ച്ഇടിആർഇയുടെ അളവ് കുട്ടികളിലെ തുടർന്നുള്ള എഎസ്ഡി ലക്ഷണങ്ങളെ സാരമായി ബാധിക്കുകയും അഡാപ്റ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പഠനത്തിനായി 200 കുട്ടികളുടെ പൊക്കിൾക്കൊടി രക്തത്തിലെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും മെറ്റബോളിറ്റുകളും എഎസ്ഡി സ്‌കോറുകളും തമ്മിലുള്ള ബന്ധം ഗവേഷകർ അന്വേഷിച്ചു. ജനനത്തിനു തൊട്ടുപിന്നാലെ പൊക്കിൾകൊടി രക്ത സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. അതേ കുട്ടികൾക്ക് ആറ് വയസായപ്പോൾ അവരിലെ എഎസ്ഡി ലക്ഷണങ്ങളും അഡാപ്റ്റീവ് പ്രവർത്തനവും വിലയിരുത്തി.

മോളിക്കുൾ 11-12 ഡിഇഎച്ച്ഇടിആർഇ ഉയർന്ന അളവ് സാമൂഹിക ഇടപെടലുകളിൽ സ്വാധീനം ചെലുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അതേസമയം 8,9 ഡിഇഎച്ച്ഇടിആർഇ യുടെ താഴ്ന്ന അളവു ആവർത്തനവും നിയന്ത്രിതവുമായ സ്വഭാവങ്ങളെ സ്വാധീനിക്കുന്നതായി തിരിച്ചറഞ്ഞു. ഇത് ആൺകുട്ടികളെക്കാൾ പെൺകുട്ടികളിലാണ് കൂടുതൽ തിരിച്ചറിഞ്ഞെതെന്നും ഗവേഷകർ പറയുന്നു. എഎസ്ഡി ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനും നേരത്തെ രോഗനിർണയം നടത്തുന്നതിനും ഈ കണ്ടെത്തൽ ഗുണം ചെയ്യുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. സൈക്യാട്രി ആൻഡ് ക്ലിനിക്കൽ ന്യൂറോ സയൻസസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ…ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രി സഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.

കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.