കൊച്ചി.വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. ഹര്‍ജ്ജിക്കാരനായ അഭിഭാഷകന്‍ പണമടക്കണം. സിനിമാ നടനും അഭിഭാഷകനും കാസർകോട് സ്വദേശിയുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴ ചുമത്തി തള്ളിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ അടയ്‌ക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു
അടൂരില്‍ തിരക്കേറിയ റോഡിൽ കുതിര സവാരി,പൊലീസ് തടഞ്ഞു
അടൂര്‍. തിരക്കേറിയ റോഡിൽ കുതിര സവാരി. കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പോലീസ്
തടഞ്ഞു. കുതിരയേയും യുവാവിനേയും നഗരത്തിൽ നിന്നും തിരിച്ചയച്ചു. ഇന്നലെ വൈകീട്ട് നാലിന് സ്കൂൾ വിട്ട സമയത്തായിരുന്നു സംഭവം. കുട്ടികൾ ഉൾപ്പെടെ വലിയ കൂട്ടം നഗരത്തിൽ നിൽക്കുമ്പോഴായിരുന്നു യുവാവിന്റെ അഭ്യാസം
ഹഷീഷ്ഓയിലും എംഡിഎംഎയും പിടിച്ചു
തൃശൂര്‍. രണ്ട് കിലോ ഹാഷിഷ് ഓയിലും 63 ഗ്രാം എം ഡി എം എയുമായി ഗുരുവായൂർ സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ.
ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്.
കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തം കോട് വച്ച് ഡാൻസാഫ് സംഘമാണ് കാറിൽ ലഹരി കടത്തുന്ന സംഘത്തെ പിടികൂടിയത്
സിനിമ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. സൂര്യ 44 എന്ന ചിത്രത്തിന്റെ തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ‘ചെറിയ പരിക്കാണ്. വിഷമിക്കേണ്ട, നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ഥനയും കൊണ്ട് സൂര്യ അണ്ണന്‍ തികച്ചും സുഖമായിരിക്കുന്നു’വെന്ന് 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ഡയറക്ട്‌റും സഹനിര്‍മ്മാതാവുമായ രാജശേഖര്‍ പാണ്ഡ്യന്‍ എക്‌സില്‍ കുറിച്ചു.
പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ രണ്ടാം ഷെഡ്യൂള്‍ ഈ മാസം ആദ്യമാണ് ഊട്ടിയില്‍ തുടങ്ങിയത്.
പ്രതിമാസം 1000 രൂപ പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും; വ്യവസ്ഥ ഇങ്ങനെ, പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
ചെന്നൈ: സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആൺകുട്ടികൾക്കായി 1000 രൂപ പ്രതിമാസ സഹായം പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ‘പുതുമൈ പെൺ’ എന്ന പേരിൽ പെൺകുട്ടികൾക്കായി സമാനമായ സാമ്പത്തിക സഹായ പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. ഈ പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന പെൺകുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം പ്രതിമാസം 1000 രൂപ ലഭിക്കും.
ഈ പദ്ധതിയാണ് ഇപ്പോൾ ആൺകുട്ടികൾക്കും ഉറപ്പാക്കിയത്. ‘തമിഴ് പുദൽവൻ’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദൽവൻ’, ‘പുതുമൈ പെൺ’ എന്നീ പദ്ധതികൾ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2022 സെപ്റ്റംബർ അഞ്ചിന് ‘പുതുമൈ പെൺ’ പദ്ധതി ആരംഭിച്ചതുമുതൽ, 2.09 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചു. 2024ൽ 64,231 പേർ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതുവരെ ‘പുതുമൈ പെൺ പദ്ധതി’ക്കായി സംസ്ഥാന സർക്കാർ 371.77 കോടി രൂപ ചെലവഴിച്ചു. 2024-2025 സാമ്പത്തിക വർഷത്തിൽ 370 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
ഈ വർഷം ആദ്യം തമിഴ് മീഡിയം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും സഹായം ലഭിക്കുന്ന തരത്തിൽ പദ്ധതി വിപുലീകരിച്ചിരുന്നു. ‘തമിഴ് പുദൽവൻ’ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ആൺകുട്ടികൾക്ക് എല്ലാ മാസവും 1000 രൂപ നൽകും. 3.28 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കിഴക്കേകല്ലട സ്വദേശിനിയായ വീട്ടമ്മയെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍
കൊല്ലം: ലോണ്‍ വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കിഴക്കേകല്ലട സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരിയാപുരത്ത് കൊട്ടുപുറം പാട്ടശ്ശേരില്‍ വീട്ടില്‍ ഹബീബ് (32) ആണ് അറസ്റ്റിലായത്.
കിഴക്കേക്കല്ലട പോലീസ് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ ശിവ പ്രകാശിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഷാജഹാന്‍, എസ്‌സിപിഒ വിപിന്‍, സിപിഒമാരായ ബിജു, ജിജിമോള്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് മലപ്പുറത്തുനിന്ന് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം
തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍, കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു. വര്‍ഷംതോറം നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂര്‍ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.
ജയ ബച്ചനും രാജ്യസഭ ചെയര്‍മാനും തമ്മിൽ വാക്കേറ്റം
ന്യൂഡൽഹി: രാജ്യ സഭയിൽ സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മിൽ വാക്കേറ്റം. ജയ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ എന്ന അഭിസംബോധന ചെയ്തതിനെ ചൊല്ലി ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധന്‍കറും പ്രതിപക്ഷവും നേർക്ക് നേർ രംഗത്തെത്തി. ചെയര്‍മാന്‍റെ ശരീര ഭാഷ ശരിയല്ലെന്ന ജയബച്ചന്‍റെ പരാമര്‍ശമാണ് ധന്‍കറിനെ ചൊടിപ്പിച്ചത്. സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കര്‍ പറഞ്ഞു.
‘ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ ക്ഷുഭിതനായി. പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച ധന്‍കര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവര്‍ നോക്കുന്നതെന്നും ആരോപിച്ചു. ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന്‍ ആരോപിച്ചു. സഭാധ്യക്ഷന്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ധൻകറിനെതിരെ രംഗത്ത് വന്നു.
ധൻകറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കർ സമയം അനുവദിക്കുന്നില്ലെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോഗ്രസ് ആരോപിച്ചു.
യൂട്യൂബ് അക്കാദമി സ്ഥാപിക്കും, വൻ പദ്ധതി പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു, ഗൂഗിൾ ക്യാംപസ് അമരാവതിയിലേക്ക്
അമരാവതി: ആന്ധ്ര പ്രദേശിൽ ഗൂഗിൾ ക്യാംപസ് സ്ഥാപിക്കാൻ ധാരണ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്‍റെ യൂട്യൂബ് അക്കാദമിയാണ് അമരാവതിയിൽ തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂട്യൂബ് സിഇഒ നീൽ മോഹൻ, ഗൂഗിളിന്‍റെ ഏഷ്യാ പസഫിക് (എപിഎസി) മേഖലയുടെ പ്രസിഡന്‍റ് സഞ്ജയ് ഗുപ്ത എന്നിവരുമായുള്ള ചർച്ചയിലാണ് തീരുമാനം..
എഐ, നൈപുണ്യ വികസനം, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഹകരണത്തോടെ യുട്യൂബ് അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. ‘എഐ ഫോർ ആന്ധ്രാപ്രദേശ്, പവേർഡ് ബൈ ഗൂഗിൾ’ സംരംഭത്തിന് കീഴിൽ ഗൂഗിളുമായി സമഗ്രമായ പങ്കാളിത്തത്തിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി, ആരോഗ്യ മേഖല, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണം സംബന്ധിച്ച് ആന്ധ്രാ പ്രദേശ് സർക്കാരും ഗൂഗിളും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കും. ഇന്ത്യയുടെ ഡിജിറ്റൽ പ്രഭവ കേന്ദ്രമാകാനുള്ള പാതയിലാണ് ആന്ധ്രാ പ്രദേശെന്ന് ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു.
രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞു; ഒരുവയസുകാരിയെ അമ്മയുടെ കാമുകൻ കാലിൽ പിടിച്ച് നിലത്തടിച്ച് കൊന്നു
ഭോപ്പാൽ: രാത്രി നിർത്താതെ കരഞ്ഞെന്ന് ആരോപിച്ച് പെൺകുഞ്ഞിനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ഒരു വയസുകാരിയായ പെൺകുഞ്ഞ് രാത്രി കരഞ്ഞതോടെ പ്രകോപിതനായ യുവാവ് കുട്ടിയെ കാലിലിൽ പിടിച്ച് നിലത്തടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ കാമുകനായ 25 കാരൻ ഭയ്യാലാലി(25)നെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
തിങ്കളാഴ്ച അർദ്ധ രാത്രിയോടെയാണ് ഭയ്യാലാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ടീകാംഗഢ് സ്വദേശിനി ജയന്തിയും സുലാർ ഖുർദ് സ്വദേശിയുമായ ഭയ്യാലാലും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ സുലാർ ഖുർദിൽ താമസിച്ച് വരികയായിരുന്നു. ഭർത്താവിനും മൂന്നുമക്കൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുമ്പാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവിൽ കൂലിപ്പണിക്കാരായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്.
ഒടുവിൽ ഭർത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം രാത്രി കുഞ്ഞ് നിർത്താതെ കരച്ചിലായി. കരച്ചിൽ നിർത്താൻ ജയന്തി ശ്രമിച്ചെങ്കിലും കുട്ടി കരച്ചിൽ തുടർന്നു. ഇതോടെ പ്രകോപിതനായ ഭയ്യാലാൽ ഒരു വയസുള്ള കുഞ്ഞിനെ കാലിൽ പിടിച്ചുയർത്തി തറയിലേക്ക് അടിച്ചു. തലയിൽ ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിൻറെ മൂക്കിൽ നിന്നടക്കം ചോര ഒഴുകി. ബോധം പോയ കുഞ്ഞിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചയോടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞ് മരിച്ചെന്ന് ഉറപ്പായിട്ടും ജയന്തി ആളെ വിളിച്ച് കൂട്ടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്തില്ല. കാമുകൻ വീട് വിടുന്നത് വരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേർത്ത് ഇരിക്കുകയായിരുന്നു അമ്മയായ ജയന്തിയെന്ന് പൊലീസ് പറഞ്ഞു. ഭയ്യാലാൽ വീട്ടിൽ നിന്നും പോയതിന് പിന്നാലെയാണ് ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തി. അന്വേഷണം തുടങ്ങിയതായും പ്രതിയെ ഉടനെ തന്നെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.



































