കൊട്ടാരക്കര ചെങ്ങമനാട് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തലവൂര്‍ അരിങ്ങട ചരുവിള പുത്തന്‍വീട്ടില്‍ മിനിയെ (50) കൊലപ്പെടുത്തിയ കേസില്‍ മകന്‍ ജോമോനെ(30)യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2023 ജൂലൈ 23ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചെങ്ങമനാട് ജങ്ഷനിലായിരുന്നു സംഭവം. കലയപുരം ആശ്രയസങ്കേതത്തില്‍ അന്തേവാസിയായി കഴിഞ്ഞുവന്ന മിനിയെ ജോമോന്‍ ബൈക്കിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന ചെങ്ങമനാട് ജങ്ഷനില്‍ എത്തിച്ചശേഷം കൈയില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊട്ടാരക്കര പൊലിസാണ് പ്രതിക്കെതിരേ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ കമലാസനന്‍ ഹാജരായി.
മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തം കഠിന തടവ്
വേളാങ്കണ്ണി തിരുന്നാൾ 2024: എല്ലാ നഗരങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ബുക്കിങ് തുടങ്ങി
ന്യൂഡൽഹി: വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ വാർഷിക തിരുന്നാളിന് പങ്കെടുക്കാൻ കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആഹ്ലാദം പകർന്ന് സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. ചെന്നൈ, ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ‘കിഴക്കിന്റെ ലൂർദ്ദി’ലേക്ക് എത്തിച്ചേരാൻ ഈ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കും. ഓഗസ്റ്റ് 29നാണ് വേളാങ്കണ്ണി പെരുന്നാൾ ആരംഭിക്കുക. 11 ദിവസം നീണ്ടു നിൽക്കുന്നതാണ് പെരുന്നാൾ. മലയാളികളടക്കം നിരവധി സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരങ്ങൾ ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിലേക്ക് പ്രവഹിക്കും.
സെപ്തംബർ 8നാണ് വാർഷിക തിരുനാൾ. പോര്‍ച്ചുഗീസ് നാവികർ വന്നിറങ്ങുകയും വേളാങ്കണ്ണി പള്ളി നിർമ്മിക്കുകയും ചെയ്ത ദിവസമാണിത്. പതിനൊന്ന് ദിവസത്തെ പെരുന്നാളിലെ ഏറ്റവും വിശേഷപ്പെട്ട ദിനം.
സെക്കന്തരാബാദിൽ നിന്ന്
തെലങ്കാനയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് വരുന്നവർക്ക് സെക്കന്ദരാബാദ് – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിനെ (07125, 07126) ആശ്രയിക്കാവുന്നതാണ്. സെക്കന്തരാബാദിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും രണ്ടുവീതം സർവ്വീസുകളാണ് നടത്തുക. ഓഗസ്റ്റ് 27 മുതൽക്കാണ് സർവ്വീസ്. രാവിലെ 8.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 25 മണിക്കൂറെടുക്കും യാത്ര പൂർത്തിയാകാൻ. തിരിച്ച് വേളാങ്കണ്ണിയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെട്ട് രണ്ടാംദിവസം കാലത്ത് 3 മണിക്ക് സെക്കന്ദരാബാദിൽ എത്തിച്ചേരും.
ഗോവ ടു ബെംഗളൂരു ടു വേളാങ്കണ്ണി
ഗോവയിൽ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിശ്വാസികൾക്ക് സഹായകമാകും വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ (07361, 07362) ട്രെയിൻ. ഓഗസ്റ്റ് 27 ചൊവ്വാഴ്ച, സെപ്റ്റംബർ 2 തിങ്കളാഴ്ച, സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഗോവയിൽ നിന്ന് യാത്ര പുറപ്പെടും ഈ ട്രെയിൻ. രാത്രി 9.55 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 1.10 ന് വേളാങ്കണ്ണിയിലെത്തും. ഇരുപത്തേഴര മണിക്കൂർ യാത്രയുണ്ട് ട്രെയിനിന്. വേളാങ്കണ്ണിയിൽ നിന്ന് ഈ ട്രെയിൻ തിരിച്ച് ഓഗസ്റ്റ് 29 വ്യാഴാഴ്ച, സെപ്റ്റംബർ 4 ബുധനാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ ദിവസങ്ങളിൽ ഗോവയിലേക്ക് തിരിക്കും.
ചെന്നൈയിൽ നിന്ന്
ചെന്നൈയിൽ നിന്നുള്ള വിവിധ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ദിവസങ്ങളിൽ ഓടും. ചെന്നൈ – തിരുനെൽവേലി വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ (06070) ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ വ്യാഴാഴ്ചകളിൽ ഓടും. ചെന്നൈ-തിരുനെൽവേലി (06069) ട്രെയിൻ ഓഗസ്റ്റ് 23 മുതൽ സെപ്തംബർ 6 വരെ വെള്ളിയാഴ്ചകളിൽ ഈ റൂട്ടിൽ ഓടും.
ചെന്നൈ – വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രണ്ടു ദിശയിലേക്കും ഞായർ, ശനി, തിങ്കൾ ദിവസങ്ങളിലാണ് ഓടുക. ഓഗസ്റ്റ് 23 മുതൽ സെപ്തംബർ വരെചെന്നൈ – വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിലും, വേളാങ്കണ്ണി -ചെന്നൈ ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ശനി, തിങ്കൾ ദിവസങ്ങളിലുമാണ് ഓടുക.
താംബരം -രാമനാഥപുരം ബൈവീക്ക്‌ലി ട്രെയിൻ (06051) വ്യാഴം, ശനി ദിവസങ്ങളിൽ ഓടും. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 14 വരെയാണ് സർവ്വീസ്. തിരിച്ചുള്ള രാമനാഥപുരം – ചെന്നൈ ബൈവീക്ക്‌ലി ട്രെയിൻ (06052) ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 15 വരെ ഓടും. വെള്ളി, ഞായർ ദിവസങ്ങളിലാണിത്.
കേരളത്തിൽ നിന്നുള്ള ട്രെയിൻ
കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് ഒരു ട്രെയിനാണ് ഉള്ളത്. എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ (16361). ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. പതിനാറര മണിക്കൂറാണ് യാത്രാസമയം. എറണാകുളം ജങ്ഷൻ വിട്ടാൽ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജംക്ഷൻ, കുണ്ടറ, കൊട്ടാരക്കര, അവുണേശ്വരം, പുനലൂർ, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തമിഴ്നാട്ടിൽ തെന്മല, ചെങ്കോട്ട, തെങ്കാശി ജങ്ഷൻ, കാടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ ജങ്ഷൻ, അരുപ്പുക്കോട്ടൈ, മാണമദുരൈ ജങ്ഷൻ, കരൈക്കുടി ജങ്ഷൻ, അരന്താനി, പെരവൂർണി, പട്ടുക്കോട്ടൈ, അതിരംപട്ടിണം, തിരുതുറൈപുണ്ടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് (16362) ട്രെയിനിന്റെ തിരിച്ചുള്ള യാത്ര ചൊവ്വ ഞായർ ദിവസങ്ങളിലാണ്. വൈകീട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.
മുടി വളർത്താൻ ബയോട്ടിൻ ഡ്രിങ്ക് വീട്ടിലുണ്ടാക്കാം
മുടികൊഴിച്ചിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി വളർത്തണമെങ്കിൽ ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ ശരിയായ പ്രശ്നം കണ്ടെത്തി മുടി കൊഴിച്ചിൽ മാറ്റാനുള്ള വഴികൾ വേണം കണ്ടെത്താൻ. ഭക്ഷണത്തിൽ സിങ്ക്, അയൺ, ബയോട്ടിൻ എന്നിവയൊക്കെ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അതുപോലെ മുടി വളരാൻ സഹായിക്കുന്ന ഒരു സിമ്പിൾ ബയോട്ടിൻ ഡ്രിങ്കാണിത്. മുടി കൊഴിച്ചിൽ മാറ്റാനും മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും ഇത് ഏറെ സഹായിക്കുന്നതാണ്. മുടി വളർത്താൻ മാത്രമല്ല ആരോഗ്യത്തിനും കൂടി വളരെ നല്ലതാണ് ഈ ബയോട്ടിൻ ഡ്രിങ്ക്.
ഫ്ലാക്സ് സീഡ്സ് അഥവ ചണവിത്ത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, ആൻ്റി ഓക്സിഡൻ്റ് എന്നിവയെല്ലാം ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പോഷിപ്പിക്കാനും മുടി നന്നായി വളർത്തിയെടുക്കാനും ഏറെ സഹായിക്കുന്നതാണ് ഫ്ലാക്സ് സീഡ്സ്. അകാല നര മാറ്റാൻ സഹായിക്കുന്ന ഘടകങ്ങൾ ഫ്ലാക്സ് സീഡ്സിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കിന്ന ഒമേഗ 3 ഫാറ്റി ആസിഡ് തലയോട്ടിയിലെ മുടി പോകുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഏറെ സഹായിക്കും.
മുടിയ്ക്ക് വളരെ നല്ലതാണ് ബദാം. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ് ബദാം ഓയിൽ. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാൻ ഇത് ഏറെ സഹായിക്കാറുണ്ട്. മുടിയ്ക്ക് ആവശ്യമായ ബയോട്ടിൻ, വൈറ്റമിൻ ബി 7 എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നാച്യുറൽ ബയോട്ടിൻ സപ്ലിമെൻ്റായി ബദാം ഉപയോഗിക്കാവുന്നതാണ്. മുടിയെ നല്ല ബലമുള്ളതാക്കാനും അതുപോലെ പൊട്ടി പോകാതിരിക്കാനും ബദാം സഹായിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള രശ്മികളിൽ നിന്ന് മുടിയ്ക്ക് ഏൽക്കുന്ന കേടുപാടുകളെ മാറ്റാനും ബദാം നല്ലതാണ്. നാച്യുറൽ ആൻ്റി ഓക്സിഡൻ്റായ വൈറ്റമിൻ ഇയും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
മുടികൊഴിച്ചിലും മുടി അഴകും വർധിപ്പിക്കാൻ വളരെ നല്ലതാണ് കറുത്ത എള്ള്. പവർഫുൾ ആൻ്റി ഓക്സിഡൻ്റാണ് കറുത്ത എള്ളിലുള്ളത്. ഇതിലെ ആൻ്റി ഫംഗൽ ഗുണങ്ങൾ മുടി അമിതമായി കൊഴിയുന്നതും കട്ടി കുറഞ്ഞ് പോകുന്നതും ഇല്ലാതാക്കാൻ സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാനും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ് കറുത്ത എള്ള്.
ആരോഗ്യത്തിന് വളരെ നല്ലതാണ് മത്തങ്ങ വിത്തുകൾ. അതുപോലെ മുടി വളർത്താനും ഇത് ഏറെ സഹായിക്കും.
ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, വൈറ്റമിൻ ഇ, എ, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, വിലയേറിയ അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ) എന്നിവയുൾപ്പെടെ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും മത്തങ്ങയുടെ സത്തിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കുറവ് മൂലമുള്ള മുടി കൊഴിച്ചിലിനെതിരെ ഒരു സംരക്ഷണ വലയമാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങയുടെ സത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, ലിനോലെയിക് എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുകയും ഓക്സിഡേഷൻ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആദ്യം തന്നെ ഫ്ലാക്സ് സീഡ്സ്, മത്തങ്ങ കുരുവും, ബദാമും, കശുവണ്ടിയും, കറുത്ത എള്ളും ഒരു പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക. ഇനി ഇത് തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്കോ അല്ലെങ്കിൽ ബ്ലെൻഡറിലോ ഇട്ട് നന്നായി പൊടിച്ച് എടുക്കുക. മധുരത്തിനായി പനം കൽക്കണ്ടം കൂടി ചേർത്ത് പൊടിക്കാവുന്നതാണ്. ഒരു ഗ്ലാസ് പാലിൽ രണ്ട് സ്പൂൺ ചേർത്ത് രണ്ട് ദിവസത്തിൽ ഒരിക്കൽ കുടിക്കാവുന്നതാണ്. ഈ പൊടി കാറ്റ് കയറാത്ത നല്ലൊരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ ഇത് ഒരു മാസം വരെ സൂക്ഷിക്കാവുന്നതാണ്.
1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. “എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്” മന്ത്രി വ്യക്തമാക്കി.
ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം 1204 ഭിന്നശേഷിക്കാരെ സ്കൂളുകൾ നിയമിച്ചു. വയനാട് ജില്ലയ്ക്ക് വേണ്ടി ഉത്തരമേഖല അദാലത്തിൽ ഹെൽപ് ഡെസ്ക് ഉണ്ടെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മേഖലകൾ തിരിച്ചുള്ള അദാലത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസും കേന്ദ്രീകരിച്ച് അദാലത്തുകൾ നടത്തും. ഇതോടെ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വലിയൊരളവുവരെ തീർപ്പാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ വെച്ച് പത്തോളം അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരിൽ കൈമാറി. ഇതിനുപുറമേ 20 വർഷമായി കെട്ടിക്കിടന്നിരുന്ന, മലപ്പുറം മങ്കട സ്കൂളിലെ വിരമിച്ച പ്രധാന അധ്യാപകന്റെ പെൻഷൻ സംബന്ധിച്ച കാര്യങ്ങളും തീർപ്പാക്കിയുള്ള ഉത്തരവും കൈമാറി. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്സ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
കനത്ത മഴ; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ റബ്ബർ തോട്ടത്തിൽ ഉരുൾപൊട്ടി
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴയിൽ ഉരുൾപൊട്ടി. മാങ്ങാപേട്ടയിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ഉരുൾപൊട്ടിയത്. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് സംഭവം. വലിയ രീതിയിലുള്ള കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ആളപായമില്ല.
രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മലയോരമേഖലയായ കൂട്ടിക്കലിൽ മണ്ണിടിച്ചിൽ ഉണ്ടായി. ശക്തമായ മലവെള്ളപ്പാച്ചിലിൽ മണിമലയാർ നിറഞ്ഞൊഴുകി. നിലവിൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. മല്ലപ്പള്ളി, തിരുവല്ല, കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശമുണ്ട്.
മണിമലയാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർദേശിച്ചു. അതിശക്തമായ മഴ സാധ്യതയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.
മഴ ഇന്ന് രാത്രിയും ശക്തമായി തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്നും ആളുകൾ ഈ മേഖലകളിൽനിന്നു സ്വയം മാറിനിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
‘ഹേമ കമ്മിറ്റിയോട് ഞാൻ നാലുമണിക്കൂർ സംസാരിച്ചു’; മറ്റുള്ളവർ എന്ത് പറഞ്ഞെന്നറിയില്ലെന്ന് മുകേഷ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎൽഎയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് നാലുമണിക്കൂർ സംസാരിച്ചു. ഇത്രയും നേരം സംസാരിച്ചതിന് തന്നെ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവർ എന്ത് പറഞ്ഞെന്ന് തനിക്കറിയില്ല. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും പ്രവൃത്തിക്കുന്ന സ്ത്രീകൾക്കും സംരക്ഷണം നൽകണമെന്ന് മുകേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് ഡാമേജിങ് ആയതൊന്നും വരുമെന്ന് എനിക്ക് തോന്നുന്നില്ല. കാര്യഗൗരവമുള്ള കാര്യങ്ങളാണ്. എല്ലാ സ്ഥലത്തും സ്ത്രീകൾക്ക് പരിഗണനയും സ്ത്രീകളുടെ കാര്യങ്ങൾക്ക് ഗൗരവവും ആവശ്യമാണെന്ന് മുകേഷ് പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റ് റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി സമർപ്പിച്ച ഹർജി കോടതിയിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനം സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നാണ് നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നടി രഞ്ജിനി കോടതിയെ സമീപിച്ചത്. ഇക്കാര്യം രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും അവരെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് റോളില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്പിഐഒ) ആണ് റിപ്പോർട്ട് പുറത്ത് വിടേണ്ടത്. ഇക്കാര്യത്തിൽ വെപ്രാളം എന്തിനാണെന്നും മന്ത്രി ചോദിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അതിനെ സർക്കാർ എതിർത്തിട്ടില്ല. റിപ്പോർട്ട് പുറത്തുവിടുന്നതിനോട് സക്കാർ യോജിക്കുകയാണ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ എസ്പിഐഒ റിപ്പോർട്ട് പുറത്തുവിടണം. സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല, സർക്കാരിനിതിൽ റോളില്ല. റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു വ്യക്തമാക്കി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നാളെ… തൃപ്പുത്തരി 28ന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ. രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള മുഹൂര്‍ത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന പ്രസിദ്ധമായ ചടങ്ങിനുള്ള കതിര്‍ക്കറ്റകള്‍ എത്തി. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.
രാവിലെ പത്തു മണിയോടെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കതിര്‍ക്കറ്റകള്‍ ഏറ്റുവാങ്ങി. അഴീക്കല്‍ കുടുബാംഗം വിജയന്‍ നായര്‍, മനയം കുടുംബാഗം കൃഷ്ണകുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ഓഗസ്റ്റ് 28ന് നടക്കും.
ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് ; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി, ഇനി കേരളം മുഴുവൻ ഓടാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.
എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.
അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന ലാഘവത്തോടെയുള്ള നിബന്ധവെച്ചാണ് തീരുമാനം. സിഐടിയുവിന്‍റെ സമ്മർദ്ദത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.
4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.
മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.
മോദിയുടെ താടിയില്‍ പിടിച്ച് കുറുമ്പ് കാട്ടിയ നൈസമോള്‍ ആശുപത്രി വിട്ടു
വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ, ആശ്വസിപ്പിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നൈസമോളിന്റെ ചിത്രങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചുപേരെ നഷ്ടമായ ഈ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. മേപ്പാടി നെല്ലിമുണ്ട സ്‌കൂള്‍പടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയത്.
വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ കാണാന്‍ നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോഴാണ് നൈസമോളെ ശ്രദ്ധിച്ചത്. ഓടിയെത്തിയ മോദിയുടെ താടിയില്‍ പിടിച്ച് കുറുമ്പ് കാട്ടിയ ഈ കൊച്ചുമിടുക്കി എല്ലാവരെയും കൈയിലെടുത്തു. കുട്ടിയുടെ കുറുമ്പിനൊപ്പം മോദിയും നിന്നുകൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായാണ് പ്രചരിച്ചത്.

































