തിരുവനന്തപുരം. വെള്ളറട ആറാട്ടു കുഴിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.വെള്ളറട സ്വദേശി സുധീഷ് (28)ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ഗുരുതരമായി പരിക്കേറ്റ ആറാട്ടുകുഴി സ്വദേശി ജഗൻ ദേവ്, വെള്ളറട സ്വദേശി അനന്തു എന്നിവർ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുൻ എംഎൽഎയും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ പാർട്ടി നടപടി
പാലക്കാട് .മുൻ എംഎൽഎയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി ,തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു,സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു,പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി,ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി,കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും വൈകാതെ ശശിയെ മാറ്റിയെക്കും,വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു,ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി
കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം,മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി
കൊല്ലം .കുണ്ടറയിലെ വീട്ടമ്മയുടെ കൊലപാതകം. പുഷ്പലതയുടെ മകൻ അഖിൽ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. മുത്തച്ഛൻ ആൻ്റണിയെ ആക്രമിച്ചതിന് കൊലപാതക ശ്രമവും ചുമത്തി. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് പൊലീസ്. പ്രതി ഒളിവിലാണ്.
കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി പിതാവ് കൈകൂപ്പാത്ത അധികാരകേന്ദ്രമില്ല,ഇനി നീതിപീഠത്തിന്റെ മുന്നിലേക്ക്
ആലപ്പുഴ. ഒരു പൗരനെ നഷ്ടപ്പെട്ടാൽ അയാൾക്ക് എന്തുപറ്റി എന്നുള്ളത് പോലും സ്വന്തം കുടുംബത്തെ അറിയിക്കാൻ തയ്യാറാകാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു അച്ഛൻ. ആലപ്പുഴ സ്വദേശി ബാബു തിരുമല എന്ന അച്ഛനാണ് കപ്പൽ ജോലിക്കിടെ കാണാതായ മകൻ വിഷ്ണുവിന് വേണ്ടി നീതിപീഠത്തിന്റെ മുന്നിലേക്ക് എത്തുന്നത്. ജനപ്രതിനിധികളിൽ അടക്കം വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് ഒടുവിൽ ഈ അച്ഛൻ ഹൈക്കോടതിയെ സമീപിക്കുന്നത്
കപ്പൽ ജോലിക്കിടെ മലാക്ക കടലിടുക്കിൽ വച്ച് കാണാതായ വിഷ്ണുവിന് എന്തു പറ്റി എന്നറിയാൻനിറകണ്ണുകളോടെ ഈ അച്ഛൻ ഒരുപാട് ജനപ്രതിനിധികളുടെ മുന്നിൽ പരാതിയുമായി എത്തിയിരുന്നു.
സംസ്ഥാന സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നൽകി. വിഷ്ണുവിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു മറുപടി പോലും ഔദ്യോഗികമായി ആരും നൽകിയില്ല. ചെന്നൈ ആസ്ഥാനമായ ഡെൻസായി മറൈൻ കാർഗോ എന്ന കമ്പനിയുടെ കപ്പലിലായിരുന്നു ട്രെയിനിങ് വൈപ്പറായി വിഷ്ണു ജോലി ചെയ്തിരുന്നത്.മലാക്ക കടലിടുക്കിൽ വെച്ചാണ് വിഷ്ണുവിനെ ജൂലൈ 18ന് കാണാതാകുന്നത്.കാണാതാകുന്നതിന്റെ തലേദിവസം രാത്രി വരെ അച്ഛനും അമ്മയുമായും സംസാരിച്ച വിഷ്ണുവിന് പിന്നെ എന്തു പറ്റിയെന്ന് ആർക്കും അറിയില്ല.കപ്പൽ കമ്പനി അധികൃതർ മാത്രമാണ് വിവരങ്ങൾ തങ്ങളെ അറിയിക്കുന്നതെന്ന് ഈ കുടുംബം പറയുന്നു.
ഭരണകൂടം നീതി നിഷേധിച്ചതോടെ നീതിപീഠത്തിനു മുന്നിൽ തൊഴുകൈകളുമായി എത്തുകയാണ് ഈ അച്ഛൻ
ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കപ്പൽ കമ്പനി അധികൃതർ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല.സർക്കാർതലത്തിൽ കേന്ദ്രം ഇടപെടൽ നടത്തിയാൽ മകന് എന്ത് സംഭവിച്ചു എന്ന് എങ്കിലും അറിയാമെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. മകൻ നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിൻറെ കണ്ണുനീർ നീതിപീഠമെങ്കിലും കാണുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിന് അവസാനമായി ഉള്ളത്.
റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു
തൃശ്ശൂർ .റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം.കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്
ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു
പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തല്‍
കോട്ടയം. ജെസ്ന തിരോധാന കേസിൽ വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി.
കാണാതാകുന്നതിന് രണ്ട് ദിവസം മുന്പ് ജെസ്നയെന്ന തോന്നുന്ന പെൺകുട്ടിയെ
കണ്ടുവെന്നാണ് വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡിജിൽ വെച്ചാണ്
കണ്ടെതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും
ഇവർ പറഞ്ഞു. ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. അതേസമയം
വെളിപ്പെടുത്തൽ അന്വേഷണം വഴിതെറ്റിക്കാനാണെന്ന് ജെസ്നയുടെ പിതാവ്
പ്രതികരിച്ചു.
മുണ്ടക്കയത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ്
ജെസ്ന നടന്ന് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള
ലോഡ്ജിൽ ജെസ്ന എത്തിയെന്നാണ് ഇവിടുത്തെ ജോലിക്കാരിയായിരുന്ന
സ്ത്രീ പറയുന്നത്.ഒരു യുവാവും ഒപ്പമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
ഇതുരവരെ വിവരം പറയാതിരുന്നത് ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്നാണെന്നും
ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ ലോഡ്ജ് ഉടമ നിഷേധിച്ചു . ജോലിയിൽ നിന്നും
പറഞ്ഞ് വിട്ടതിന്റെ വൈരാഗ്യമാകാമെന്നാണ് വിശദീകരണം.
പൊലീസിൽ മൊഴി നല്കിയെന്നും ലോഡജ് ഉടമ വിശദമാക്കി.
അതേസമയം വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നാണ്
ജെസ്നയുടെ പിതാവ് പറയുന്നത്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും
പിതാവ് പറഞ്ഞു.
ലോഡ്ജ് ഉടമയ്ക്കെതിരെ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി മുണ്ടക്കയം സ്വദേശിനി
നല്കിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കാൻ നീക്കമുണ്ട്.
ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും
ജമ്മു.ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും.25-40 വയസ്സിനിടയിലുള്ള പുതുമുഖങ്ങളെ സ്ഥാനാർത്ഥിയായി പരിഗണിക്കും. പ്രചാരണ പദ്ധതികൾ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികൾ ഉടൻ. ഹരിയാനയിൽ തിരഞ്ഞെടുപ്പ് എടുത്ത സാഹചര്യത്തിൽ നാല് ജെജെപി എംഎൽഎമാർ പാർട്ടി വിട്ടു.
മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകൾ ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ പ്രാദേശിക പാർട്ടികളുമായി ധാരണയിൽ എത്തുവാനും ബിജെപി പദ്ധതിയിടുന്നു. ഇതിനു മുൻപ് പിഡിപിയുമായിയായിരുന്നു ബിജെപിയുടെ സഖ്യം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം മാറ്റം വരുത്തുവാനും പാർട്ടി തീരുമാനിച്ചു. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഭൂരിഭാഗം പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ശ്രമം.
കായികം കലാ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുൻഗണന നൽകും. ജനങ്ങളുമായി അടുത്തു നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടിയ ശേഷം ആയിരിക്കും സ്ഥാനാർത്ഥി നിർണയം.പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വരുന്ന ദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് എടുത്ത ഹരിയാനയിൽ ബിജെപി സഖ്യം ഉപേക്ഷിച്ച ജെജെപിയിൽ നിന്ന് നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഇതോടെ നിയമസഭയിൽ ജെജെപിയുടെ അംഗസംഖ്യ 6 ആയി കുറഞ്ഞു.
ഡോക്ടറുടെ ബലാത്സംഗ കൊലപാതകകേസ്, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്യുന്നു
കൊല്‍ക്കൊത്ത.ഡോക്ടറുടെ ബലാത്സംഗ കൊലപാതകകേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്യുന്നു. പ്രതി സഞ്ജയ് റോയയുടെ നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ ഉടൻ കോടതിയെ സമീപിക്കും.പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ആർ ജി കർ ആശുപത്രി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്.ഇന്ന് നടക്കേണ്ട ഫുട് ബാൾ മത്സരത്തിനും വിലക്ക്.ആശുപത്രി ആക്രമണ കേസിൽ അറസ്റ്റിലായ ഭൂരിഭാഗവും തൃണ മൂൽ കോണ്ഗ്രസ് പ്രവർത്തകരെന്ന് റിപ്പോർട്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 13 മണിക്കൂറുകൾ വീതം ചോദ്യം ചെയ്ത ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഇന്ന് സിബിഐ വീണ്ടും ചോദ്യം ചെയ്യുകയാണ്. പ്രിൻസിപ്പളിന്റ ഭാഗത്ത് ഗുരുതരമായ കൃത്യവിലാപം ഉണ്ടായതായി, സിബിഐയ്ക്ക് മൊഴികൾ ലഭിച്ചിട്ടുണ്ട്.പുറമേ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണോ ഇത് എന്നതടക്കമുള്ള വിവരങ്ങളാണ് സിബിഐയ്ക്ക് ഇനി അറിയാനുള്ളത്.സന്ദീപ് ഘോഷിനെ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും വിലക്കി പശ്ചിമ ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ നോട്ടീസ് അയച്ചു.പ്രതി സഞ്ജയ് റോയയുടെ നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ ഉടൻ കോടതിയെ സമീപിക്കും.പരിശോധനകൾക്കായി ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം കൊൽ ക്കത്തയിൽ എത്തി.
കാണികളിൽ നിന്നും പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ ഇന്ന് വൈകീട്ട് നിശ്ചയിച്ച ഈസ്റ്റ് ബംഗാൾ vs മോഹൻ ബഗാൻ മത്സരത്തിന് പോലീസ് അനുമതി നിഷേധിച്ചു.ആർ ജി കർ ആശുപത്രി പരിസരത്തു 7 ദിവസത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചു.ആശുപത്രി ആക്രമണക്കേസിൽ ഇതുവരെ അറസ്റ്റിലായ 32 പേരിൽ 14 പേരും ടി എം സി പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.76 പേരുടെ ചിത്രങ്ങൾ കൂടി പോലീസ് പുറത്തുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും
കൊച്ചി. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും. നടി രഞ്ജിനി നൽകിയ ഹർജി കോടതി പരിഗണിച്ചതിനുശേഷമാകും സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് കൂടുതൽ ഹർജികൾ എത്താനും സാധ്യത.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അനിശ്ചിതത്വം ഇപ്പോഴും അവസാനിച്ചിട്ടില്ല. കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർക്ക് റിപ്പോർട്ടിന്റെ പകർപ് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്നാണ് നടി രഞ്ജിനിയുടെ ആവശ്യം. കോടതി ഹർജി തള്ളിയാൽ നാളെത്തന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നതാണ് ആകാംഷ. എന്നാൽ റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെടില്ലെന്ന് നടി രഞ്ജിനി ചാനലിനോട് പറഞ്ഞു.
ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ റിപ്പോർട്ട് പുറത്തുവരുന്നത് വൈകും. നാളെത്തന്നെ കൂടുതൽ ഹർജികൾ സിനിമ മേഖലയിൽ നിന്ന് കോടതിയിൽ എത്താനും സാധ്യതയുണ്ട്. സർക്കാർ മനപ്പൂർവ്വം റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ശ്രമം നടത്തുന്നു എന്ന ആരോപണവും ശക്തമാണ്.

































