27.6 C
Kollam
Wednesday 17th December, 2025 | 11:38:05 PM
Home Blog Page 2290

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു

തൃശ്ശൂർ .റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം.കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്

ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു

പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തി. ഇവിടെ നിന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തല്‍

കോട്ടയം. ജെസ്ന തിരോധാന കേസിൽ വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി.
കാണാതാകുന്നതിന് രണ്ട് ദിവസം മുന്പ് ജെസ്നയെന്ന തോന്നുന്ന പെൺകുട്ടിയെ
കണ്ടുവെന്നാണ് വെളിപ്പെടുത്തൽ. മുണ്ടക്കയത്തെ ഒരു ലോഡിജിൽ വെച്ചാണ്
കണ്ടെതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും
ഇവർ പറഞ്ഞു. ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. അതേസമയം
വെളിപ്പെടുത്തൽ അന്വേഷണം വഴിതെറ്റിക്കാനാണെന്ന് ജെസ്നയുടെ പിതാവ്
പ്രതികരിച്ചു.

മുണ്ടക്കയത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സിസിടിവിയിലാണ്
ജെസ്ന നടന്ന് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള
ലോഡ്ജിൽ ജെസ്ന എത്തിയെന്നാണ് ഇവിടുത്തെ ജോലിക്കാരിയായിരുന്ന
സ്ത്രീ പറയുന്നത്.ഒരു യുവാവും ഒപ്പമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

ഇതുരവരെ വിവരം പറയാതിരുന്നത് ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്നാണെന്നും
ഇവർ പറയുന്നു. എന്നാൽ ആരോപണങ്ങൾ ലോഡ്ജ് ഉടമ നിഷേധിച്ചു . ജോലിയിൽ നിന്നും
പറഞ്ഞ് വിട്ടതിന്റെ വൈരാഗ്യമാകാമെന്നാണ് വിശദീകരണം.
പൊലീസിൽ മൊഴി നല്കിയെന്നും ലോഡജ് ഉടമ വിശദമാക്കി.

അതേസമയം വെളിപ്പെടുത്തൽ അന്വേഷണം വഴിതിരിച്ച് വിടാനാണെന്നാണ്
ജെസ്നയുടെ പിതാവ് പറയുന്നത്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും
പിതാവ് പറഞ്ഞു.

ലോഡ്ജ് ഉടമയ്ക്കെതിരെ ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി മുണ്ടക്കയം സ്വദേശിനി
നല്കിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഇവരുടെ മൊഴിയെടുക്കാൻ നീക്കമുണ്ട്.

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും

ജമ്മു.ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും.25-40 വയസ്സിനിടയിലുള്ള പുതുമുഖങ്ങളെ സ്ഥാനാർത്ഥിയായി പരിഗണിക്കും. പ്രചാരണ പദ്ധതികൾ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികൾ ഉടൻ. ഹരിയാനയിൽ തിരഞ്ഞെടുപ്പ് എടുത്ത സാഹചര്യത്തിൽ നാല് ജെജെപി എംഎൽഎമാർ പാർട്ടി വിട്ടു.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകൾ ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാർട്ടിയുടെ തീരുമാനം. എന്നാൽ പ്രാദേശിക പാർട്ടികളുമായി ധാരണയിൽ എത്തുവാനും ബിജെപി പദ്ധതിയിടുന്നു. ഇതിനു മുൻപ് പിഡിപിയുമായിയായിരുന്നു ബിജെപിയുടെ സഖ്യം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം മാറ്റം വരുത്തുവാനും പാർട്ടി തീരുമാനിച്ചു. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഭൂരിഭാഗം പുതുമുഖങ്ങളെ മത്സരിപ്പിക്കാനാണ് ശ്രമം.

കായികം കലാ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുൻഗണന നൽകും. ജനങ്ങളുമായി അടുത്തു നിൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടിയ ശേഷം ആയിരിക്കും സ്ഥാനാർത്ഥി നിർണയം.പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വരുന്ന ദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് എടുത്ത ഹരിയാനയിൽ ബിജെപി സഖ്യം ഉപേക്ഷിച്ച ജെജെപിയിൽ നിന്ന് നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഇതോടെ നിയമസഭയിൽ ജെജെപിയുടെ അംഗസംഖ്യ 6 ആയി കുറഞ്ഞു.

ഡോക്ടറുടെ ബലാത്സംഗ കൊലപാതകകേസ്, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്യുന്നു

കൊല്‍ക്കൊത്ത.ഡോക്ടറുടെ ബലാത്സംഗ കൊലപാതകകേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്യുന്നു. പ്രതി സഞ്ജയ്‌ റോയയുടെ നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ ഉടൻ കോടതിയെ സമീപിക്കും.പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ ആർ ജി കർ ആശുപത്രി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്.ഇന്ന് നടക്കേണ്ട ഫുട് ബാൾ മത്സരത്തിനും വിലക്ക്.ആശുപത്രി ആക്രമണ കേസിൽ അറസ്റ്റിലായ ഭൂരിഭാഗവും തൃണ മൂൽ കോണ്ഗ്രസ് പ്രവർത്തകരെന്ന് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 13 മണിക്കൂറുകൾ വീതം ചോദ്യം ചെയ്ത ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഇന്ന് സിബിഐ വീണ്ടും ചോദ്യം ചെയ്യുകയാണ്. പ്രിൻസിപ്പളിന്റ ഭാഗത്ത് ഗുരുതരമായ കൃത്യവിലാപം ഉണ്ടായതായി, സിബിഐയ്ക്ക് മൊഴികൾ ലഭിച്ചിട്ടുണ്ട്.പുറമേ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണോ ഇത് എന്നതടക്കമുള്ള വിവരങ്ങളാണ് സിബിഐയ്ക്ക് ഇനി അറിയാനുള്ളത്.സന്ദീപ് ഘോഷിനെ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും വിലക്കി പശ്ചിമ ബംഗാൾ ഓർത്തോപീഡിക് അസോസിയേഷൻ നോട്ടീസ് അയച്ചു.പ്രതി സഞ്ജയ്‌ റോയയുടെ നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ ഉടൻ കോടതിയെ സമീപിക്കും.പരിശോധനകൾക്കായി ഡൽഹിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം കൊൽ ക്കത്തയിൽ എത്തി.

കാണികളിൽ നിന്നും പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിൽ ഇന്ന് വൈകീട്ട് നിശ്ചയിച്ച ഈസ്റ്റ് ബംഗാൾ vs മോഹൻ ബഗാൻ മത്സരത്തിന് പോലീസ് അനുമതി നിഷേധിച്ചു.ആർ ജി കർ ആശുപത്രി പരിസരത്തു 7 ദിവസത്തേക്ക് നിരോധനജ്ഞ പ്രഖ്യാപിച്ചു.ആശുപത്രി ആക്രമണക്കേസിൽ ഇതുവരെ അറസ്റ്റിലായ 32 പേരിൽ 14 പേരും ടി എം സി പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.76 പേരുടെ ചിത്രങ്ങൾ കൂടി പോലീസ് പുറത്തുവിട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും

കൊച്ചി. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും. നടി രഞ്ജിനി നൽകിയ ഹർജി കോടതി പരിഗണിച്ചതിനുശേഷമാകും സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ട് കൂടുതൽ ഹർജികൾ എത്താനും സാധ്യത.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അനിശ്ചിതത്വം ഇപ്പോഴും അവസാനിച്ചിട്ടില്ല. കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർക്ക് റിപ്പോർട്ടിന്റെ പകർപ് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്നാണ് നടി രഞ്ജിനിയുടെ ആവശ്യം. കോടതി ഹർജി തള്ളിയാൽ നാളെത്തന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നതാണ് ആകാംഷ. എന്നാൽ റിപ്പോർട്ട് പുറത്തു വിടരുത് എന്ന് ആവശ്യപ്പെടില്ലെന്ന് നടി രഞ്ജിനി ചാനലിനോട് പറഞ്ഞു.

ആദ്യം മൊഴി നൽകിയവർക്ക് റിപ്പോർട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ റിപ്പോർട്ട് പുറത്തുവരുന്നത് വൈകും. നാളെത്തന്നെ കൂടുതൽ ഹർജികൾ സിനിമ മേഖലയിൽ നിന്ന് കോടതിയിൽ എത്താനും സാധ്യതയുണ്ട്. സർക്കാർ മനപ്പൂർവ്വം റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ശ്രമം നടത്തുന്നു എന്ന ആരോപണവും ശക്തമാണ്.

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് പിടികൂടി

കൊട്ടാരക്കര: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തില്‍ ഹൗസ്, ഷംനാ മന്‍സിലില്‍ റഷ്ഫാല്‍ (22) ആണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ ഇനിഷ്യയല്‍ പബ്ലിക് ഓഫറിംഗ്‌സ് (ഐപിഒ) അലോട്ട്‌മെന്റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിന്‍വലിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ട്ര്‍ അനില്‍കുമാര്‍.വി. വി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കാസര്‍ഗോഡ് നിന്നും അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

‘യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി നിയമനം’: കേന്ദ്രത്തിന്റെ ലാറ്ററൽ എൻട്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്വകാര്യമേഖലയിൽനിന്ന് ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു ഭരണഘടനയ്ക്കു നേരെയുള്ള അതിക്രമമാണെന്നും രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എക്സിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിന്റെ കുറിപ്പിൽനിന്ന്:

‘‘എസ്‌സി – എസ്ടി – ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്കു പ്രാതിനിധ്യമില്ലെന്നു ഞാൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ടതിനു പകരം ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുമ്പോൾ പിന്നാക്കക്കാരെ ഉന്നത സ്ഥാനങ്ങളിൽനിന്നു കൂടുതൽ അകറ്റുകയാണ്. യുപിഎസ്‌സി ജോലികൾ ലക്ഷ്യമിട്ട് തയാറെടുപ്പു നടത്തുന്ന യുവതലമുറയുടെ അവകാശം തട്ടിപ്പറിക്കലാണിത്.

സംവരണം അടക്കമുള്ള സാമൂഹികനീതിയെന്ന ആശയത്തിനുനേർക്കുള്ള ആക്രമണം ആണിത്. കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ പദവികൾ കൈവശം വച്ചാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് സെബി. സർക്കാരിന്റേത് രാജ്യവിരുദ്ധ നീക്കമാണ്. ഇതിനെ ഇന്ത്യാ സഖ്യം ശക്തമായി എതിർക്കും. നീക്കം ഭരണനിർവഹണത്തെയും സാമൂഹിക നീതിയെയും വ്രണപ്പെടുത്തും. ഐഎഎസിന്റെ സ്വകാര്യവത്കരണം സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗ്യാരന്റിയാണ്.’’

ലാറ്ററൽ എൻട്രി വഴി 45 പേർ
10 ജോയിന്റ് സെക്രട്ടറിമാർ, 35 ‍ഡയറക്ടർമാർ അല്ലെങ്കിൽ ഡപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽനിന്നു നിയമിക്കാനാണ് തീരുമാനം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആൻഡ് ഐടി, സ്റ്റീൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഈ പദവികളിലേക്ക് ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള ഗ്രൂപ്പ് എ സിവിൽ സർവീസ് നേടിയവരെയാണ് പരിഗണിക്കുക.

കാറുകൾ കൂട്ടിയിടിച്ചു; യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർക്കു ദാരുണാന്ത്യം

വാഷിങ്ടൻ: ടെക്സസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകൾ ആൻഡ്രിൽ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ദമ്പതികളുടെ മകൻ ആദിർയാൻ സംഭവസമയത്ത് ഒപ്പമില്ലായിരുന്നു. കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ആദിർയാൻ മാത്രമാണ്.

അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാർ 112 കിലോമീറ്റർ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാർ 160 കിലോമീറ്റർ വേഗത്തിലുമായിരുന്നു.

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ആൻഡ്രിൽ ഡാലസ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു. എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറിൽ ഇടിക്കുകയായിരുന്നു.

നാളെ ആകാശത്ത് സൂപ്പർ മൂൺ മാത്രമല്ല, ബ്ലൂമൂണും; കാണാൻ അറിയേണ്ടത്!

വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. ഓഗസ്റ്റിലെ 19ന് കാണാവുന്ന പൗർണമിക്ക് സൂപ്പർമൂൺ, ബ്ലൂ മൂൺ, സ്റ്റർജൻ മൂൺ എന്നിങ്ങനെ നിരവധി പേരുകളാണുള്ളത്, നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രൻ കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ ഉണ്ടായിരുന്നു, അടുത്ത സീസണൽ ബ്ലൂ മൂൺ 2027 മെയ് മാസത്തിൽ സംഭവിക്കും.

എന്താണ് സൂപ്പർ മൂൺ?

ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്പോൾ, അത് ഒരു സൂപ്പർമൂൺ ആയി മാറും. ഓഗസ്റ്റ് 19, തിങ്കളാഴ്ച ഏകദേശം പുലർച്ചെ 12ന് ഇത് കാണാനാകും.

1979-ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുൾ സൂപ്പർമൂൺ. സാധാരണ ചന്ദ്രനെക്കാൾ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.

അപ്പോൾ ബ്ലൂമൂൺ എന്താണ്?
ഒരു ബ്ലൂമൂൺ യഥാർത്ഥത്തിൽ ചന്ദ്രന്റെ നിറത്തെ സൂചിപ്പിക്കുന്നില്ല. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ബ്ലൂമൂൺ എന്ന പേരിൽ ചിത്രങ്ങളിൽ കാണപ്പെടുന്നത് ഫിൽറ്ററുകളുടെ വിദ്യയാണ്. പക്ഷേ ചന്ദ്രൻ നീലനിറമായ അവസരങ്ങളുണ്ട്.

1883ൽ ഒരു ഇന്തോനേഷ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അന്തരീക്ഷത്തിലേക്ക് 50 മൈൽ (80 കിലോമീറ്റർ) വരെ ഉയരത്തിൽ ചാരം വ്യാപിക്കുകയും ചെയ്തു. ചെറിയ ചാര കണങ്ങൾ – ഏകദേശം ഒരു മൈക്രോൺ വലിപ്പമുള്ളവ ഒരു ഫിൽട്ടറായി പ്രവർത്തിച്ചു, ചുവന്ന വെളിച്ചം വിതറുകയും ചന്ദ്രനെ ഒരു പ്രത്യേക നീല-പച്ച നിറമാക്കുകയും ചെയ്തു.

മറ്റ് ചില അഗ്നിപർവ്വത സ്ഫോടനങ്ങളും 1983-ൽ മെക്സിക്കോയിലെ എൽ ചിച്ചോൺ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതും 1980-ൽ സെൻ്റ് ഹെലൻസ് പർവതവും 1991-ൽ പിനാറ്റുബോ പർവതവും പൊട്ടിത്തെറിച്ചതും ഉൾപ്പെടെ നീല ചന്ദ്രന് കാരണമായത്രെ.