26.5 C
Kollam
Thursday 18th December, 2025 | 01:26:14 AM
Home Blog Page 2291

ഗുണ്ടയെ കൂട്ടുപിടിച്ച് ‘സഹോദരിമാരായ പൊലീസുകാരിമാരുടെ’ ഭീഷണി

തിരുവനന്തപുരം: പോത്തൻകോട്ട് സഹോദരിമാരായ പൊലീസ് ഉദ്യോഗസ്ഥർ സാമ്പത്തികത്തട്ടിപ്പിൽനിന്നു തടിയൂരാൻ ഗുണ്ടാനേതാവിനെക്കൊണ്ടു വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം പൊലീസിനു തലവേദനയാകുന്നു. പൊലീസ് സഹോദരിമാരും ഗുണ്ടയും കൈകോർത്തപ്പോൾ ഒരു വീട്ടമ്മയുടെ ജീവിതമാണ് ദുസ്സഹമായത്. ആതിരയെന്ന വീട്ടമ്മ പരാതിപ്പെട്ടതോടെ ചെറിയ വകുപ്പുകൾ ചുമത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചെങ്കിലും റൂറൽ എസ്പി ഇടപെട്ടതോടെ നടപടികൾ കടുപ്പിക്കേണ്ടിവന്നു.

കാട്ടായിക്കോണം ജയ്‌നഗർ ഗാർഡൻവ്യൂ പിജെ ഗാർഡൻസിൽ ആതിരയോട് പല തവണയായി വാങ്ങിയ 19 ലക്ഷം രൂപ തിരികെ നൽകാൻ തയാറാകാതിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒടുവിൽ ഗുണ്ടുകാട് സാബു എന്ന ഗുണ്ടാനേതാവിനെ കൊണ്ട് ഫോണിൽ ആതിരയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. ആതിരയുടെ പരാതിയിൽ ആദ്യം കേസെടുത്തത് ഭീഷണിപ്പെടുത്തിയതിനു മാത്രമാണ്. വനിതാ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നതോടെ പിന്നീട് വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ കൂടി ചേർത്തു. അന്വേഷണവും മന്ദഗതിയിലായിരുന്നു.

തുടർന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പി ഇടപെട്ടതോടെയാണ് പോത്തൻകോട് പൊലീസ് നടപടി ശക്തമാക്കിയത്. ഒന്നാം പ്രതി ഗുണ്ടുകാട് സാബു, സീനിയർ ഗ്രേഡ് വനിതാ സിപിഒമാരും സഹോദരിമാരുമായ പേയാട് വിവേകാനന്ദനഗർ പാർവതിയില്ലത്തിൽ പി.സംഗീത, പി.സുനിത, ഭർത്താവ് സൈനിക ഉദ്യോഗസ്ഥനായ ജിപ്‌സൺ രാജ്, സംഗീതയ്‌ക്കൊപ്പം താമസിക്കുന്ന ശ്രീകാര്യം കരിയം ഇടവക്കോട് വിശ്വേന്ദ്രിയത്തിൽ വി.ആദർശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഗീത വിഴിഞ്ഞം കോസ്റ്റൽ സ്‌റ്റേഷനിലും സുനിത തൃശൂർ വനിതാസെല്ലിലുമാണ് ജോലി ചെയ്യുന്നത്. ഇവർ പൊലീസുകാരാണെന്ന് എഫ്‌ഐആറിലും ഉണ്ടായിരുന്നില്ല. ആദ്യം കേസെടുത്തെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. എന്നാൽ റൂറൽ എസ്പി ഇടപെട്ടതോടെ ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തു. മാർച്ച് നാലിനാണ് ഗുണ്ടുകാട് സാബു ആതിരയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അതിനു മുൻപ് മറ്റൊരു ഗുണ്ടയും വിളിച്ച് ഭീഷണിപ്പെടുത്തി.

സഹോദരിയാണെന്നു പറഞ്ഞ് ആദർശാണ് സംഗീതയെ പരിചയപ്പെടുത്തിയതെന്നും ആദ്യം പണം കടം വാങ്ങിയതെന്നും ആതിര പറഞ്ഞു. ‘‘പണം തിരികെ നൽകാൻ പറ്റാതെ വന്നതോടെ അവരുടെ പേരിലുളള വസ്തു നൽകാമെന്നു പറഞ്ഞു. ആദ്യം കടം വാങ്ങിയതിനു പുറമേ വസ്തുവിന്റെ വില എന്ന നിലയിൽ 19 ലക്ഷത്തോളം രൂപ അവർക്കു നൽകി. വസ്തുവിന്റെ പേരിലുള്ള വായ്പ അടച്ചുതീർക്കാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. വസ്തു അവർ കാണിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വസ്തു ഞങ്ങളുടെ പേരിൽ എഴുതാൻ തയാറായില്ല. പിന്നെ ഫോൺ വിളിച്ചാലും എടുക്കാതായി.

പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വസ്തു കണ്ടുകെട്ടിയതാണെന്ന് അറിയുന്നത്. നമ്മളെ കാണിച്ചു തന്നത് അവരുടെ പേരിലുള്ള വസ്തുവല്ലെന്നും പിന്നീടറിഞ്ഞു. വേറെ ആരുടെയോ പുരയിടമായിരുന്നു അത്. ആ വിധത്തിലും വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. അവർ നൽകിയ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ മടങ്ങി. അതിന്റെ കേസ് ആറ്റിങ്ങൽ കോടതിയിൽ നടക്കുന്നു. ഇതിനിടെയാണ് ഗുണ്ടാ ഭീഷണി ഉണ്ടാകുന്നത്. എഗ്രിമെന്റും ചെക്കും മടക്കി നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനിടയിലാണ് സംഗീത, ആദർശിന്റെ സഹോദരിയല്ലെന്നും അവർ ഒരുമിച്ചു താമസിക്കുകയാണെന്നും അറിയുന്നത്. നാലു ദിവസം മുൻപ് പോത്തൻകോട് പൊലീസ് വന്നു മൊഴിയെടുത്തിരുന്നു.’’ – ആതിര പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു. പലപ്പോഴായി ആതിരയുടെ ഭർത്താവിൽനിന്ന് 19 ലക്ഷം രൂപയാണ് സംഗീത കൈപ്പറ്റിയത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്‌സൺ രാജുമായിരുന്നു. എന്നാൽ പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി. തുടർന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടു. അതിനു ശേഷം ഗുണ്ടുകാട് സാബു ഫോണിൽ വിളിച്ച്, സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

സാബുവിന്റെ ഫോണിൽ നിന്നാണു വിളിച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പലരിൽനിന്നും പണം കൈപ്പറ്റി അവരെയും വഞ്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉൾപ്പെടെ ആതിര പരാതി നൽകിയിരുന്നു. സംഗീത പേയാട് താമസിക്കുന്നതിനാൽ ആദ്യം മലയിൻകീഴ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. തുടർന്ന് ആതിരയുടെ വീടുള്ള പോത്തൻകോട് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു.

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റി; വിദ്യാർഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരു∙ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ ബലാത്സംഗം ചെയ്തു. നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.

‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി.

ജനവാസ മേഖലയിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ ആള്‍ക്കൂട്ടം ഇരുമ്പുദണ്ഡില്‍ ചുറ്റി തീപന്തം എറിഞ്ഞു… ആനയുടെ പുറത്ത് തുളച്ചുകയറി… ആന ചരിഞ്ഞു

ബംഗാളിലെ ജാര്‍ഗ്രാം ജില്ലയില്‍ ജനവാസ മേഖലയിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആന ചരിഞ്ഞത്. ഇരുമ്പുദണ്ഡില്‍ ചുറ്റി തീപന്തം എറിഞ്ഞതോടെ ഇത് ആനയുടെ പുറത്ത് തുളച്ചുകയറുകയായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പചരിച്ചതോടെ ആക്രമിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്. ആനകളുടെ ആക്രമണത്തില്‍ വയോധികന്‍ മരിക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ആനകള്‍ ഗ്രാമത്തില്‍ തമ്പടിച്ചതോടെയാണ് ഇരുമ്പുവടിയും തീപന്തങ്ങളുമായി ആനകളെ ആക്രമിച്ചത്. ‘ഹുള്ള’ എന്നറിയപ്പെടുന്നൊരു സംഘമാണ് ആനകളെ തുരുത്തുന്നതിന് നേതൃത്വം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

റീല്‍സ് എടുക്കാനായി മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ട്; ഗതികെട്ട് നാട്ടുകാര്‍ ബൈക്ക് എടുത്ത് താഴേക്കെറിഞ്ഞു

മേല്‍പ്പാലത്തില്‍വച്ച് റീല്‍സ് എടുക്കാനായി ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പാഠം പഠിപ്പിച്ച് നാട്ടുകാര്‍. ബംഗളുരു- തുമകുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യുവാക്കളുടെ ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എടുത്ത് എറിയുകയായിരുന്നു.
യുവാക്കളുടെ ബൈക്ക് താഴോട്ട് എറിയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു തിരക്കേറിയ ദേശീയപാതയില്‍ യുവാക്കളുടെ വീഡിയോ ചിത്രീകരണം. ഇതില്‍ കോപാകുലരായ നാട്ടുകാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയിലൂടെ ബൈക്ക് താഴോട്ട് ഇടുകയായിരുന്നു.

മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
കടുത്ത പനി, ശ്വാസം മുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടൊയാണ് താരം ചികിത്സ തേടിയത്. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു… 20 പേര്‍ക്ക്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുലന്ദ്ഷഹറിലെ സലേംപൂര്‍ മേഖലയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്

പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി ആരോപണം. കോൺഗ്രസ് ഓഫീസ് റവന്യൂഭൂമി കയറിയിട്ടുണ്ടെന്ന് ആവർത്തിച്ച് വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ്. അനധികൃത മായി വാണിജ്യ ആവശ്യത്തിന് നിർമ്മിച്ച കെട്ടിടത്തിൽ നിന്ന് ലഭിച്ച വാടക സർക്കാർ കണ്ടുകെട്ടണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നില്‍ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ഓട നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രദേശത്ത് ഹര്‍ത്താല്‍ അടക്കം നടത്തിയിരുന്നു.

തദ്ദേശഅദാലത്ത് ഇതുവരെ ജില്ലയില്‍ 1,177 അപേക്ഷകള്‍ ലഭിച്ചു

കൊല്ലം ജില്ലയില്‍ തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട്  ഇതുവരെ 1177  അപേക്ഷകള്‍ ലഭിച്ചു.  കോര്‍പ്പറേഷന്‍- 183, ഗ്രാമപഞ്ചായത്ത് – 907, മുനിസിപ്പാലിറ്റി  79, ബ്ലോക്ക്പഞ്ചാത്ത്  8 എന്നിങ്ങനെയാണ്  ഇതുവരെ അപേക്ഷ ലഭിച്ചത്. പൊതുസൗകര്യവുമായി ബന്ധപ്പെട്ടതാണ് 634 അപേക്ഷകളും.  മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 84 അപേക്ഷകളും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-84 അപേക്ഷകളും  ബില്‍ഡിംഗ് പെര്‍മിറ്റ്  196 അപേക്ഷകളും  സിവില്‍രജിസ്‌ട്രേഷന്‍ -13 അപേക്ഷകളും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 23നാണ്  ജില്ലാ പഞ്ചായത്ത് ഹാളില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കുന്ന ജില്ലാതല  അദാലത്ത് നടക്കുക. ഓണ്‍ലൈനായി ഇന്നുകൂടി (ഞായര്‍)അപേക്ഷ സമര്‍പ്പിക്കാന്‍ ആകും.

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. ഇടുക്കി , കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത്  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തൃശൂരും പാലക്കാടും ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലര്‍ട്ട്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ഇടുക്കി മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ ഉയർത്തിയത്.

ബറോസിനായി കാത്തിരിപ്പ് നീളും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഓണം റിലീസ് ആയി ഉണ്ടാകില്ല. മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായത്തിൽ എത്തുന്ന ബറോസിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് താരം.
ഒക്ടോബര്‍ മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നേരത്തെ ഓണം റിലീസായി ചിത്രം എത്തും എന്നാണ് പറഞ്ഞിരുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി പ്രവാസി മലയാളിയായ എഴുത്തുകാരന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റിലീസ് നീട്ടിയത്.
ജര്‍മനിയില്‍ താമസിക്കുന്ന ജോര്‍ജ് തുണ്ടിപറമ്പിലാണ് ചിത്രത്തിനെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ജോര്‍ജിന്റെ മായ എന്ന നോവലുമായി ചിത്രത്തിന് ബന്ധമുണ്ട് എന്നാണ് ആരോപണം. ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കോപ്പിയടി ആരോപണങ്ങള്‍ ജിജോ പുന്നൂസ് തള്ളിയിരുന്നു.