25.6 C
Kollam
Thursday 18th December, 2025 | 03:24:07 AM
Home Blog Page 2282

കഞ്ചാവ് കച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം,മലപ്പുറം എസ്പി യെ വേദിയിലിയിരുത്തി രൂക്ഷമായി വിമർശിച്ച് പി വി അൻവർ എംഎൽഎ

മലപ്പുറം. എസ്.പിയെ വേദിയിലിയിരുത്തി രൂക്ഷമായി വിമർശിച്ച് പി.വി.അൻവർ എം.എൽ.എ.മലപ്പുറം ജില്ലയിൽ സേനയിൽ ഉണ്ടായ സ്ഥലം മാറ്റത്തിൽ ഇടപെട്ടപ്പോൾ കഞ്ചാവ് കച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അദ്ദേഹം തുറന്നടിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ എസ്.പി വൈകി എത്തിയതിനേയും എം.എൽ.എ വിമർശിച്ചു. അൻവറിന്റെ പരാമർശങ്ങൾക്കു പിന്നാലെ മുഖ്യപ്രാസംഗികനായ എസ്.പി ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു വേദി വിട്ടു.

പൊലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് എസ്പിയെ വേദിയിലിരുത്തി പിവി അൻവറിന്റെ പരസ്യ വിമർശനം.ജില്ലയിൽ സാധാരണ പൊലീസുകാരെ മനുഷ്യത്വപരമായി സ്ഥലം മാറ്റി.വിഷയത്തിൽ ഇടപെട്ടപ്പോൾ കഞ്ചാവ് കച്ചവടക്കാരുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നാണ് ഉന്നത പൊലീസ് ഉദ്യോഹസ്ഥൻ പറഞ്ഞത്

തന്റെ പാർക്കിലെ രണ്ടായിരത്തിലധികം ഭാരം വരുന്ന റോപ്പ് മോഷണം പോയി എട്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായില്ല.വിഷയം തെളിവ് സഹിതം നിയസഭയിൽ അവതരിപ്പിക്കും എന്നും പിവി അൻവർ

പൊലീസിലെ ഇത്തരം പുഴുക്കുത്തുകൾ സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നു എന്നും പിവി അൻവർ പറഞ്ഞു.പരിപാടിയുടെ മുഖ്യ പ്രാസംഗികനായിരുന്ന മലപ്പുറം എസ്പി എസ് ശശിധരൻ ഐപിഎസ് ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു

തൃശ്ശൂർ. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ചു. അവശനിലയിൽ കണ്ടെത്തിയ യുവതിക്കായി റെയിൽവേ പോലീസ് ആംബുലൻസ് എത്തിക്കുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു. പിന്നീട് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവരക്ഷ നടത്തി. പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നു പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററിന് സമീപമാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. യാത്രക്കാർ അറിയിച്ചത് പ്രകാരം റെയിൽവേ പോലീസ് എത്തി ആംബുലൻസ് സജ്ജീകരിച്ചു. എന്നാൽ ഇതിനിടയിൽ യുവതി പ്രസവിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രസവ രക്ഷ. ക്ലീനിങ് സ്റ്റാഫായ സുഹറ കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചുമാറ്റി. അതിനുള്ള കത്രിക തൊട്ടടുത്ത ചായക്കടയിൽ നിന്ന് പുരുഷ പോലീസുകാർ എത്തിച്ചു. അങ്ങനെ സിനിമയെ വെല്ലുന്ന രംഗങ്ങൾക്കൊടുവിൽ ഇതര സംസ്ഥാനക്കാരിയായ യുവതിക്ക് റെയിൽവേ പ്ലാറ്റ്ഫോമിൽ സുഖപ്രസവം.

രണ്ടു ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് മറ്റു ജീവനക്കാരും. പിന്നീട് ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്ന സർക്കാര്‍, വിഡി സതീശൻ

കൊച്ചി. സിനിമ മേഖലയിലെ ലൈംഗിക ചൂഷണ പരമ്പരകൾ വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ വൈകിയതിൽ
സർക്കാരിനെതിരെ വിമർശനം.സർക്കാർ വേട്ടക്കാരുടെ സ്വകാര്യതയാണ് സംരക്ഷിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി
സതീശൻ കുറ്റപ്പെടുത്തി.റിപ്പോർട്ടിന്മേൽ നിയമനടപടിക്ക് തടസ്സങ്ങളുണ്ടെന്ന ന്യായീകരണവുമായി മുൻ സിനിമാമന്ത്രി
എ കെ ബാലനും രംഗത്തെത്തി.അതേ സമയം റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാ തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിഞ്ഞുമാറി.

ഗുരുതര ലൈംഗിക ക്രൂരതകൾ ഉൾപ്പടെ ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടു സർക്കാർ അഞ്ചു വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നു
എന്നതാണ് ഉയരുന്ന വിമർശനം. ക്രിമിനൽ കുറ്റങ്ങളുടെ പരമ്പര സർക്കാർ മറച്ചുവയ്ക്കുന്നുവെന്നും സർക്കാർ പൊതു സമൂഹത്തിന് മുന്നിൽ കുറ്റ വിചാരണ ചെയ്യപ്പെടുമെന്നും വിഡി സതീശൻ.

വ്യക്തിപരമായ മൊഴികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സർക്കാരിനാകില്ലെന്നും മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരത്തുണ്ടായിരുന്ന കേന്ദ്ര മന്ത്രി. സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

സുരേഷ് ഗോപി കൂടി ഉൾപ്പെട്ട സമൂഹത്തിന് എതിരെയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും സുരേഷ് ഗോപി പ്രതികരിക്കണമെന്നും നോവലിസ്റ്റായ സാറ ജോസഫ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരട്ടത്താപ്പ് ആരോപണം ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

‘ആരാണ് നഗ്നചിത്രം അയച്ചു കൊടുത്തതെന്ന് പുരോഗമന ഫെമിനിച്ചികൾ വെളിപ്പെടുത്തണം’: അഖിൽ മാരാർ

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് തെറ്റ് ചെയ്യാത്തവരെ കൂടി പ്രതിക്കൂട്ടിലാക്കുന്ന സമീപനമാണെന്ന് സംവിധായകൻ അഖിൽ മാരാർ. ആരാണ് നഗ്ന ചിത്രം അയച്ചുകൊടുത്തത്, കിടക്ക പങ്കിടാൻ ക്ഷണിച്ചത് എന്നൊക്കെ പരാതി പറഞ്ഞവർ പുറത്തു പറഞ്ഞില്ലെങ്കിൽ നിരപരാധികൾ പോലും സംശയത്തിന്റെ നിഴലിൽ ആകും എന്നും അഖിൽ പറഞ്ഞു.
.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു. അതു വായിച്ചു. ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും. പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്, ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്, ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ.’ അഖിൽ പറഞ്ഞു.

‘ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഓഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റെയും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു.’ അഖിൽ കുറിച്ചു.

പാർട്ടിക്കൊടി പുറത്തിറക്കാൻ ദളപതി; ‘മഞ്ഞ’നിറമെന്ന് അഭ്യൂഹം, പതാകയിൽ വാകപ്പൂവും

ചെന്നൈ:രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം നിർണായക നീക്കത്തിനൊരുങ്ങി തമിഴ് നടൻ വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക താരം ഉടൻ പുറത്തിറക്കും. ഓഗസ്റ്റ് 22ന് ചെന്നൈയ്ക്കു സമീപം പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് വിജയ്, പാർട്ടി പതാക പുറത്തിറക്കുക. പതാകയുടെ നിറത്തെ സംബന്ധിച്ചും സൂചനകൾ പുറത്തുവരുന്നുണ്ട്. പൂർണമായും മഞ്ഞയായിരിക്കുമെന്നും പതാകയിലെ ചിഹ്നമായി വാകപ്പൂവ് ഉൾപ്പെടുത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

തമിഴ്നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറം ഉപയോഗിക്കുന്നത്. ഇതിന് പുറമെ കാർഷിക സമ്പൽ സമൃദ്ധിയുടെ സൂചകമായി വാകപ്പൂവിനെയും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും പാർട്ടിക്കൊടിയിൽ വേണമെന്ന് വിജയ് നിർദേശിച്ചുവെന്നാണ് സൂചന. തിങ്കളാഴ്ച പൗർണമി ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള കൊടി ഉയർത്തിയിരുന്നു. ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിൽ തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തമിഴക വെട്രി കഴകത്തിന്റെ മുന്നൂറോളം ഭാരവാഹികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് 100 ഓളം മാധ്യമ പ്രവർത്തകരെയും പാർട്ടി ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വിജയുടെ പുതിയ ചലച്ചിത്രമായ ‘ഗോട്ടി’ന്റെ റിലീസിന് മുന്നോടിയായി പാർട്ടി പതാക വ്യാപകമാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകൾക്കൊപ്പം പാർട്ടി പതാക വ്യാപകമായി സ്ഥാപിക്കാനുള്ള നിർദേശവും പാർട്ടി ഭാരവാഹികൾ നൽകിയിട്ടുണ്ട്. അതിനിടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം സെപ്തംബർ 22ന് വിഴുപുരം ജില്ലയിലെ വിക്രവണ്ടിയിൽ നടത്താനാണ് നീക്കം. സേലം, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിൽ സംസ്ഥാന സമ്മേളനം നടത്താൻ വെട്രി കഴകം ഭാരവാഹികൾ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാതായതോടെയാണ് സമ്മേളന വേദിയായി വിക്രവണ്ടി തിരഞ്ഞെടുത്തത്.

അതിനിടെ അന്തരിച്ച ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന്റെ ചെന്നൈയിലെ വസതിയിൽ വിജയ് സന്ദർശനം നടത്തി. വിജയകാന്തിനെ ഗോട്ട് സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി അവതരിപ്പിക്കാൻ അനുമതി നൽകിയതിന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തിനോട് വിജയ് നന്ദി അറിയിച്ചിട്ടുണ്ട്. വിജയകാന്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിജയ് മടങ്ങിയത്.

‘സിനിമാ സെറ്റിൽ അസൗകര്യമുണ്ട്; പരാതി പറഞ്ഞാൽ ഇടപെടും, അതാണ് എനിക്ക് സിനിമയില്ലാത്തത്’ തുറന്ന് പറഞ്ഞ് ​ഗണേഷ്

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ആരെങ്കിലും പരാതിയായി തന്നോട് പറഞ്ഞാൽ ഉടൻ ഇടപെടുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടൻ കൂടിയായ മന്ത്രി. ‘‘സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി പറഞ്ഞാൽ ഉടൻ നടപടി എടുത്തിരിക്കും. അതാണ് സ്വഭാവം. അതാണ് സിനിമയിൽ അധികം അവസരം ഇല്ലാത്തത്’’–ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞിട്ടുണ്ട്. സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പുണ്ട്. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. ശുപാർശയാണ് ജസ്റ്റിസ് ഹേമ നൽകിയത്. സിനിമാ സെറ്റുകളിൽ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാൽ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്. നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മൾ കേട്ടിട്ടുള്ളതാണ്. അതിലൊന്നും അഭിപ്രായം പറയുന്നില്ല.

റിപ്പോർട്ടിൽ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. നിയമപരമായി പുറത്തുവന്നതാണ്. റിപ്പോർട്ടിലില്ലാത്തത് ഊഹമായി പറയേണ്ട കാര്യമില്ല. റിപ്പോർട്ടിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാൽ, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു. സിനിമാ സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സിനിമാ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.

യുവഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവം; ആർജി കർ മെഡിക്കൽ കോളജിന്റെ ചരിത്രം ദുരൂഹം, പല മരണങ്ങളും വീണ്ടും വെളിച്ചത്തേക്ക്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറായ 31കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കവേ ആശുപത്രിയിൽ മുമ്പ് നടന്ന പല സംശയസ്പദമായ മരണങ്ങളും ചർച്ചയാകുന്നു. പൗലാമി സാഹ എന്ന വിദ്യാർഥിനിയെ 2020ൽ അത്യാഹിത കെട്ടിടത്തിൻ്റെ ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും പറഞ്ഞത്. ഈ സംഭവത്തിൽ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല. 2003-ൽ, എംബിബിഎസ് ഇൻ്റേൺ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാർത്ഥി ആൻ്റീ ഡിപ്രസൻ്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല.

മറ്റൊരു വിദ്യാർത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി. സൗമിത്രയുടെ മരണത്തിൽ അന്നുമുതലേ ആരോപണമുയർന്നിരുന്നു. ഹോസ്റ്റൽ മുറികളിൽ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാർഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നും ആരോപണമുയർന്നു. അശ്ലീല വീഡിയോ റാക്കറ്റ് ആശുപത്രിയിലെ മൃതദേഹങ്ങൾ ചൂഷണം ചെയ്തതായും ന്യൂസ് എക്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഓഗസ്റ്റ് 9 ന് കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 16 ബാഹ്യ, ഒമ്പത് ആന്തരിക പരിക്കുകളും ജനനേന്ദ്രിയത്തിൽ മാരകമായ പരിക്കും കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചെന്നും വ്യക്തമായിരുന്നു. സ്വകാര്യഭാഗങ്ങൾക്ക് പുറമെ കവിൾ, മൂക്ക്, ചുണ്ടുകൾ, കഴുത്ത്, കൈകാലുകൾ എന്നിവയിലെ ചതവുകളും കഴുത്തിലെ പേശികളിലും തലയോട്ടിയിലും മറ്റ് ഭാഗങ്ങളിലും ആന്തരിക പരിക്കുകളും കണ്ടെത്തി. എല്ലാ പരിക്കുകളും ഇര മരിക്കുന്നതിന് മുമ്പ് സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ഗുണ്ടാ ഫിനാൻസ്

തൃശൂര്‍. തൃശ്ശൂരിൽ ഗുണ്ടാ ഫിനാൻസ്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ഗുണ്ടാ ഫിനാൻസ്.മണി ലെൻഡിങ് ലൈസൻസ് കോർപ്പറേഷന്റെ അനുമതിയോ ഇല്ലാതെ നഗരത്തിൽ പണമിടപാട് സ്ഥാപനം നടത്തി ഗുണ്ടാസംഘം.തൃശ്ശൂർ എ ആർ മേനോൻ റോഡിൽ എസ് ആർ ഫിനാൻസ് എന്ന പേരിലായിരുന്നു സ്ഥാപനം.പുറമേക്ക് സ്ഥാപനത്തിന്റെ ഉടമയായി സചീന്ദ്രൻ എന്നയാളെ അവതരിപ്പിച്ചായിരുന്നു സ്ഥാപന നടത്തിപ്പ്.സ്ഥാപനവുമായി ബന്ധപ്പെട്ട് കടവി രഞ്ജിത്ത് ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചിരുന്നു

റീൽസ് നിരീക്ഷിച്ച പോലീസ് സ്ഥാപനത്തിൽ റൈഡ് നടത്തി രഞ്ജിത്ത് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് 6 ലക്ഷം രൂപ സ്ഥാപനം കടം കൊടുത്തു എന്നാണ് പോലീസ് കണ്ടെത്തൽ.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

.പ്രതീകാത്മക ചിത്രം

നാലു വയസ്സുള്ള 2 പെൺകുട്ടികളെ നഴ്‌സറി ശുചിമുറിയിൽ പീഡിപ്പിച്ച് 24കാരൻ; പ്രതിഷേധം ഇരമ്പുന്നു

താനെ: നഴ്സറി സ്കൂളിൽ പഠിക്കുന്ന നാല് വയസ്സുള്ള രണ്ട് പെൺകുട്ടികളെ സ്കൂൾ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ ആണ് സംഭവം സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെൺകുട്ടികളുടെ ടോയ്‌ലറ്റിനുള്ളിൽ വച്ച് രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്.

എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരില്‍ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ – കല്യാൺ റെയിൽവേ പാതയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടയുന്നത്.

പ്രതി ശനിയാഴ്ച അറസ്റ്റിലായെങ്കിലും, പരാതി നൽകി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.

ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ നിയമിച്ചത്. പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകാൻ ഇയാളെ അനുവദിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തി. മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ട് കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കുട്ടികളുടെ മാതാപിതാക്കളെ ഏറെ നേരം പൊലീസ് പുറത്ത് കാത്തുനിർത്തിയിരുന്നു. പിന്നീട് ഇവരെ വിളിപ്പിച്ചുവെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അഭാവത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് സ്റ്റേഷൻ ‍ഇൻ – ചാർജ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിക്കുകയും സമിതിയുടെ നിർദശ പ്രകാരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് റജിസ്ടർ ചെയ്യുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്. പെൺകുട്ടികളെ ശുചിമുറിയിൽ കൊണ്ടുപോകുന്നതിന് വനിതാ ജീവനക്കാരില്ലെന്നും സ്‌കൂളിലെ പല സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

വെളുത്തുള്ളിക്കും വ്യാജന്‍; തൊലി പൊളിച്ചാല്‍ ഉള്ളില്‍ സിമന്‍റ്

വിപണിയിൽ വെളുത്തുള്ളി വില കുത്തനെ ഉയര്‍ന്നതോടെ വെളുത്തുള്ളിക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ വന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അകോളയില്‍ നിന്നാണ് ഇത്തരം ഒരു പരാതി ഉയര്‍ന്നത്. പുറമേ വെളുത്തുള്ളിയുടെ രൂപവും നിറവും ഉള്ളതിനാല്‍ പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. മുറിച്ച് നോക്കുമ്പോള്‍ മാത്രമാണ് അകത്ത് സിമന്റ് ആണെന്ന് മനസിലാകുക.
ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അകോളയിലെ ഒരു വഴിയോര കച്ചവടക്കാരനില്‍ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് ഒരു വീട്ടമ്മ വാങ്ങിയത്. വീട്ടിലെത്തി ഒരെണ്ണം പൊളിച്ചുനോക്കിയപ്പോള്‍ തൊലിക്ക് നല്ല കട്ടി. പിന്നെ പൊട്ടിച്ചുനോക്കി. ഉള്ളില്‍ കണ്ടത് സിമന്‍റിന്‍റെ ഒരു കട്ട. പുറം കണ്ടാല്‍ വെളുത്തുള്ളിയല്ലെന്ന് ആരും പറയില്ല. ഈ വ്യാജന് നൂറ് ഗ്രാം ഭാരമുണ്ടായിരുന്നു. യഥാര്‍ഥ വെളുത്തിള്ളിക്കൊപ്പം ഒന്നോ രണ്ടോ വ്യാജന്‍ കൂടി കയറ്റി ഉപഭോക്താക്കളെ പറ്റിക്കുന്ന പരിപാടിയാണ് നടക്കുന്നത്. 
വെളുത്തുള്ളിക്ക് മഹാരാഷ്ട്രയുടെ ഗ്രാമീണ മേഖലകളില്‍ 300 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്.