24.5 C
Kollam
Thursday 18th December, 2025 | 06:05:36 AM
Home Blog Page 2281

ഹേമാ കമ്മിറ്റി റിപ്പോർട്ട് , തുടർ നടപടിയെന്തെന്ന് ആലോചന തുടങ്ങി WCC

കൊച്ചി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തുടർ നടപടിയെന്തെന്ന് ഗൗരവതരമായ ആലോചന തുടങ്ങി WCC. ഇന്ന് ചേരുന്ന യോഗത്തിൽ നിയമനടപടിയെ കുറിച്ച് ചർച്ച ചെയ്യും. അതിനിടെ ഗൗരവമുള്ള വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉത്തരവാദിത്തമുള്ള ഒരു പ്രതികരണവുമുണ്ടായില്ലെന്ന് വനിത ചലച്ചിത്ര പ്രവർത്തകർ വിമർശിച്ചു.

റിപ്പോർട്ടിൻറെ വെളിച്ചത്തിൽ സമാന്തര നിയമനടപടിയുമായി മുന്നോട്ടുപോകണോ എന്നാലോചിക്കാനാണ് WCC യോഗം. ഓൺലൈനായാണ് യോഗം ചേരുന്നത്. എന്നാൽ നിയമനടപടി ആവശ്യമില്ല എന്ന് WCCയിലെ ചില അംഗങ്ങൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. അതേസമയം ഗുരുതര ലൈംഗിക അത്രികമം അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും ലാഘവത്തോടെയുള്ള സാസ്കാരിക മന്ത്രിയുടെ പ്രതികരണത്തിനെതിരെ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി.

റിപ്പോർട്ടിൽ വിമർശിക്കുന്ന WCC സ്ഥാപക അംഗത്തിനെതിരെ ഒരു പ്രതികരണവും അംഗങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ യോഗത്തിൽ ഈ കാര്യം ചർച്ചായേക്കും.

ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ തന്റേത് കൂടിയാണെന്നും അത് നിറവേറ്റുമെന്നും രാഹുൽഗാന്ധി

ന്യൂഡെല്‍ഹി.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-മത് ജന്മവാർഷിക ദിനത്തിൽ വീർ ഭൂമിയിലെത്തി പുഷ്പാർച്ചന നടത്തി പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ തന്റേത് കൂടിയാണെന്നും അത് നിറവേറ്റുമെന്നും
രാഹുൽഗാന്ധി എക്സ് പോസ്റ്റിൽ കുറച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരും രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരവ് അര്‍പ്പിച്ചു. രാജ്യത്തിൻറെ മുന്നേറ്റത്തിനായി നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന നേതാവാണ് രാജീവ് ഗാന്ധി എന്ന മല്ലികാർജുൻ ഖാർഗെ.രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുളത്തുപ്പുഴ. പത്താം ക്ലാസുകാരി വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി ജയഭവനിൽ ജയകുമാർ അശ്വതി ദമ്പതികളുടെ മകൾ കല്യാണി ജയകുമാർ ആണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ കുളത്തൂപ്പുഴ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് കല്യാണി ജയകുമാറിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കുട്ടിയെ അഞ്ജലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നും ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാകുന്നു. അതേസമയം പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. സ്കൂളിൽ കൂട്ടുകാരുമായി ഉണ്ടായ ചില തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തുപ്പുഴയിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ബാർ ജീവനക്കാരും മദ്യപ സംഘവും തമ്മിൽ ഏറ്റുമുട്ടി

കോട്ടയം. വൈക്കത്ത് ബാർ ജീവനക്കാരും മദ്യപ സംഘവും തമ്മിൽ ഏറ്റുമുട്ടി.വൈക്കം തോട്ടകത്ത് കഴിഞ്ഞ പതിനഞ്ചാം തീയതി ആയിരുന്നു സംഭവം .
ഓഡർ ചെയ്ത ടച്ചിങ്സിനെ ചൊല്ലി മദ്യപസംഘവും ബാർ ജീവനക്കാരും സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു . ആർക്കും പരാതിയില്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് വൈക്കം പൊലീസ് പറഞ്ഞു . ടച്ചിങ്സ് ലഭിക്കാൻ വൈകിയതിനെ തുടർന്ന് മദ്യപസംഘത്തിലെ ഒരാൾ ബാർ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് അടിച്ചു. തുടർന്ന് ജീവനക്കാർ ചോദ്യം ചെയ്യുകയും അടിപിടിയിൽ കലാശിക്കുകയായിരുന്നു. അക്രമദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നല്ല തേങ്ങ… ഏത് തേങ്ങ?

മലയാളികളുടെ ഏത് കറികളിലും ഒഴിച്ചുകൂടാനാകാത്തതാണ് തേങ്ങ അഥവാ നാളികേരം. വറുത്തരച്ചും ചമ്മന്തിയാക്കിയും തോരനിലും എന്നുവേണ്ട ഏതു കറികളിലും തേങ്ങ ഒരല്പം ചേര്‍ത്തില്ലെങ്കില്‍ ആ കറിക്കൊരു പൂര്‍ണതയില്ലെന്നു വിശ്വസിക്കുന്നവരാണ് നമ്മള്‍. തേങ്ങ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വളരെ ചെറുതെന്നു കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും ഈ വിദ്യകള്‍ പരീക്ഷിക്കുന്നത് വഴി നല്ല തേങ്ങ വാങ്ങിക്കുവാന്‍ സാധിക്കും.

പുറമെ പച്ചനിറം തന്നെയാണോ?
പൊതിക്കാത്ത തേങ്ങയാണ് വാങ്ങുന്നതെങ്കില്‍ പുറമെയുള്ള ഭാഗം നോക്കാം. നല്ല പച്ച നിറത്തിലുള്ള മൂത്ത തേങ്ങ ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും. ധാരാളം വെള്ളവും, മാംസളമായ ഉള്‍ക്കാമ്പും ഈ തേങ്ങയിലുണ്ടാകും. തവിട്ടു നിറമാണെങ്കില്‍ ചിലപ്പോള്‍ വാടിയതോ മൂക്കാത്തതോ ആകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ളവ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.

രൂപം നോക്കാം
ഒരു തേങ്ങ വാങ്ങുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ രൂപം തന്നെയാണ്. നല്ലതു പോലെ ഉരുണ്ട തേങ്ങയില്‍ വെള്ളം കൂടുതലായിരിക്കും. എന്നാല്‍ കുറച്ചൊന്നു വീതികൂടിയതു പോലെ ഇരിക്കുന്ന തേങ്ങകള്‍ നല്ലതുപോലെ മൂത്തതായിരിക്കും. ഇവയില്‍ വെള്ളവും കുറവായിരിക്കും. കറികളില്‍ അരയ്ക്കാന്‍ ഈ തേങ്ങയാണ് ഏറ്റവും നല്ലത്.

തേങ്ങ കുലുക്കി നോക്കാം
തേങ്ങ കുലുക്കി നോക്കാതെ വാങ്ങുകയേ ചെയ്യരുത്. കരിക്കാണോ മൂത്തതാണോ ചീത്തയാണോ എന്നെല്ലാം അറിയാന്‍ ഇങ്ങനെ ചെയ്തു നോക്കിയാല്‍ മനസിലാകും. ചെവിയ്ക്കു സമീപം പിടിച്ചു കുലുക്കി നോക്കുമ്പോള്‍ അകത്തുള്ള വെള്ളത്തിന്റെ ശബ്ദം കേട്ടാല്‍ തേങ്ങ നല്ലതാണെന്നു മനസിലാക്കാം. എന്നാല്‍ കരിക്കില്‍ നിറയെ വെള്ളം ഉള്ളത് കൊണ്ടുതന്നെ ഇത്തരത്തില്‍ കുലുക്കുമ്പോള്‍ ശബ്ദം കേള്‍ക്കാന്‍ സാധ്യതയില്ലെന്ന് മാത്രമല്ല, ഭാരവും കൂടുതലായിരിക്കും. നല്ലതുപോലെ മൂത്ത, വിളഞ്ഞ തേങ്ങയാണ് ആവശ്യമെങ്കില്‍ കുലുങ്ങുന്ന തേങ്ങ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം.

ഭാരം കൂടുതലോ കുറവോ
തേങ്ങ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം അതിന്റെ ഭാരമാണ്. അധികം, മൂപ്പെത്താത്തതാണെങ്കില്‍ അവയ്ക്ക് ഭാരം കൂടുതലായിരിക്കും. ധാരാളം വെള്ളവും ഇതിനകത്തുണ്ടാകും. അതേ സമയം ഭാരം ഒട്ടുമില്ലാത്തതും വാങ്ങരുത്. അവ ചിലപ്പോള്‍ നല്ലതാകാന്‍ വഴിയില്ല. കുറച്ചു ഭാരമുള്ള, കുലുക്കി നോക്കുമ്പോള്‍ വെള്ളത്തിന്റെ ശബ്ദം കേള്‍ക്കുന്നവ വാങ്ങാം.

അടയാളങ്ങളോ പാടുകളോ ഉണ്ടോ
തേങ്ങയുടെ മുകളിലും താഴെയും കറുത്ത കുത്തുകളോ പാടുകളോ ഉണ്ടോയെന്നു നോക്കാന്‍ മറക്കണ്ട. അത്തരത്തില്‍ പാടുകള്‍ ഉണ്ടെങ്കില്‍ അത് നല്ലതാകാന്‍ സാധ്യതയില്ല. അതുപോലെ തന്നെ മണത്തു നോക്കുമ്പോള്‍ ചീത്ത മണമാണെങ്കില്‍ അങ്ങനെയുള്ളവയും വാങ്ങാതിരിക്കുന്നതാണ് നല്ലത്.

ക്രിക്കറ്ററില്‍ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ യാത്ര സിനിമയാകുന്നു….ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ സംഭവും പുനഃസൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തയും സൂപ്പര്‍ ഹീറോ യുവരാജ് സിംഗിന്റെ ജീവിതം സിനിമയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ബയോപിക്കുകളുടെ കൂട്ടത്തില്‍ ഇനി യുവരാജ് സിങ്ങിനെയും കാണാം. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്ങിന്റെ ബയോ പിക് അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് ടി-സിരീസ് എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട വിവരം. ‘സിക്‌സ് സിക്‌സസ്’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ചിത്രത്തന്റെ പേര് ഇതുതന്നെയാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം, 2011 ലെ ഏകദിന ലോകകപ്പ് നേട്ടം എന്നിവയില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. കളിമികവിനു പുറമെ താരത്തിന്റെ വ്യക്തി ജീവിതവും സിനിമയില്‍ അനാവരണം ചെയ്യും. ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച കഥയും സിനിമയില്‍ പറയുമെന്നാണ് സൂചന. ടി-സിരീസ് മേധാവി ഭുഷന്‍ കുമാറിനൊപ്പം, 2017ല്‍ സചിന്‍ തെന്‍ഡുല്‍ക്കറുടെ ബയോപിക് (സചിന്‍: എ ബില്യന്‍ ഡ്രീംസ്) നിര്‍മിച്ച രവി ബാഗ്ചന്ദ്കയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.
2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിനെതിരെ യുവരാജ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ സംഭവം പുനഃസൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2011-ലെ ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തത് യുവരാജിനെ ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. തൊട്ടടുത്ത വര്‍ഷം ക്രീസിലേക്ക് തിരിച്ചെത്തിയ യുവി അടുത്ത ഏഴു വര്‍ഷം കൂടി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2019ലാണ് രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

കുണ്ടറയിലെ കൊലപാതകം; അഖില്‍കുമാറിനായി അന്വേഷണം കേരളത്തിന് പുറത്തേക്ക്….പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നു

കുണ്ടറ: കുണ്ടറ പടപ്പക്കരയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനായി അന്വേഷണം കേരളത്തിന് പുറത്തേക്ക്. പ്രതിയെ കണ്ടെത്താന്‍ ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു.
ഇന്ത്യയിലുടനീളം ഇടക്കിടെ യാത്ര ചെയ്യുക പതിവുള്ളയാളാണ് അഖില്‍. അതിനാല്‍ തന്നെ ഇയാള്‍ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് ഇക്കഴിഞ്ഞ 17-ാം തീയതി രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അഖില്‍കുമാറിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം തുടരുകയാണ്. ലഹരിക്ക് അടിമയായ അഖില്‍ പണം നല്‍കാത്തതിന്റെ പേരിലാണ് അമ്മ പുഷ്പലതയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ലഹരിയുടെ പുറത്താണോ പുഷ്പലതയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നു. അമ്മയെ കൊലപ്പെടുത്തിയ കേസിന് പുറമേ മുത്തച്ഛന്‍ ആന്റണിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്.

‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’… മാക്ട തകര്‍ത്തതിന് പിന്നിലും ചില കളികള്‍: വിനയന്‍

സിനിമയിലെ ചില ഗ്രൂപ്പുകളെപ്പറ്റിയും കൊള്ളരുതായ്മകളെപ്പറ്റിയും വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണെന്ന് സംവിധായകന്‍ വിനയന്‍. ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങള്‍ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ ഗ്രൂപ്പാണെന്ന് വിനയന്‍ പറഞ്ഞു.
പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയ്ക്ക് ഒത്തിരി ഡാമേജ് ഉണ്ടാക്കുന്നതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരാന്‍ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഇതിനെ വളരെ ലഘൂകരിച്ച് സംസാരിക്കുന്നവരുണ്ട്. ‘ഇത്രയല്ലേ ഉള്ളൂ, ഇതിലും വലുത് ഞങ്ങള്‍ കണ്ടിട്ടുണ്ടെന്ന’ രീതിയില്‍ ചില മന്ത്രിമാര്‍, സിനിമാക്കാര്‍ തുടങ്ങിയവര്‍ സംസാരിക്കുന്നത് കണ്ടു. ‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’ എന്നാണ് അവരോട് പറയാനുള്ളതെന്നും വിനയന്‍ പറഞ്ഞു. സിനിമ രംഗത്ത് മാഫിയ ഗ്രൂപ്പിന്റെ ഏറ്റവും ശക്തമായ പീഡനം ഏറ്റുവാങ്ങിയ വ്യക്തിയാണ് താന്‍. മലയാള സിനിമയില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ട്രേഡ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഡ്രൈവര്‍മാര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തുടങ്ങിയവരുടെ യൂണിയനാണ് ആദ്യം ഉണ്ടാക്കിയത്. ഇതിനുശേഷമാണ് സംവിധായകരുടെയും മറ്റും യൂണിയനുണ്ടാക്കുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി വലിയ തീരുമാനങ്ങളും എടുത്തിരുന്നു. എന്നാല്‍ വരേണ്യവര്‍ഗത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. മാക്ട തകര്‍ത്തതിന് പിന്നില്‍ ഒരു നടനാണ്. 40 ലക്ഷം അഡ്വാന്‍സ് വാങ്ങിയിട്ട് ആ നടന്‍, സിനിമ ചെയ്യണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാക്ട ന്യായത്തിന്റെ കൂടെ, സംവിധായകന്റെ കൂടെ നിന്നു. അതിന്റെ പേരില്‍ ആ നടന്‍ സംഘടനയെ തകര്‍ത്തു. ആ ഇഷ്യൂ മൂലമാണ് താന്‍ 10-12 വര്‍ഷമായി വിലക്ക് അനുഭവിച്ച് പുറത്തു നില്‍ക്കാന്‍ കാരണമായതെന്നും വിനയന്‍ പറഞ്ഞു.

വീണ്ടും കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത

വീണ്ടും കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തി വയ്പ്പ്

കൊല്ലം: തെരുവ്നായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഭാഗത്ത് നായപിടുത്തവും നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പും ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരുടെയും ഡോഗ് ക്യാച്ചര്‍മാരുടെയും ടീം പാരിപ്പള്ളിയിലെത്തി നായ്ക്കളെ പിടിച്ചു പേവിഷ പ്രതിരോധകുത്തിവയ്പ്പിന് വിധേയമാക്കി.
ചീഫ് വെറ്ററിനറി ഓഫീസര്‍, ഡോ.ഡി. ഷൈന്‍കുമാര്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആര്‍. ഗീതാറാണി, ഡോ.എസ്.ഷീജ, ഡോ. ആര്യ സുലോചനന്‍, എസ്പിസിഎ ഇന്‍സ്പക്ടര്‍ റിജു നിഹാസ്, ഷിബു പ്രകാശ്, അജിത് മുരളി എന്നിവര്‍ അടങ്ങുന്ന വെറ്ററിനറി ടീമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.