Home Blog Page 2267

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടി

തേവലക്കര.പ്രഥമ സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് ജൂനിയർ വിഭാഗം ചെസ്സിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ തേവലക്കര ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി പൗർണമി എസ്‌ ഡി. കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക ദിവ്യ വി ജിയുടേയും മകളാണ്.

സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചു, രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം.നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് മേധാവിക്ക് ഇ–മെയിൽ മുഖേനയാണ് രേവതി പരാതി അയച്ചത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നാണ് രേവതി പറയുന്നത്. ലൈം​ഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നുമായിരുന്നു സിദ്ദിഖിന്റെ പരാതി.

അമ്മയിലെ തിരുത്തൽവാദിയായി നടന്‍ ജഗദീഷ്

കൊച്ചി. അമ്മയിലെ തിരുത്തൽവാദിയായി മാറിയ ഒരാളുണ്ട് നടന്‍ ജഗദീഷ്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ അടക്കം സംഘടനയ്ക്ക് എതിരെ ജഗദീഷ് സ്വീകരിച്ച നിലപാട് നിർണായകമായി.
ജഗദീഷ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടരാജിക്ക് ജഗദീഷിന്റെ ഈ വിമത ശബ്ദത്തിന് നിർണായക പങ്കുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിക്കേണ്ട നിലപാടിൽ അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ആദ്യം തുറന്നു പറഞ്ഞത് ജഗദിഷാണ്.
യുവതാരങ്ങൾ അടക്കം നിലപാടിനെ സ്വാഗതം ചെയ്തു. നിലപാടുകൾ കൊണ്ട് അമ്മയിലൊരു ഒരു സമാന്തര ശക്തിയായി ജഗദീഷ് മാറിയിട്ടുണ്ട് . ഇതിലുള്ള അതൃപ്‌തിയും ചില താരങ്ങൾ വ്യക്തമാക്കി. എന്നാല്‍ ജഗദീഷിന് അവഗണിച്ച് ശക്തിപ്രകടനം നടത്തിയാല്‍ അത് ചിലപ്പോള്‍ തിരികെ ശക്തിനേടാനാവാത്തവിധം അംഗങ്ങള്‍ക്ക് എതിരാവുമെന്ന് പവര്‍ഗ്രൂപ്പുകാരും സൂപ്പര്‍ താരങ്ങളുമടക്കം തിരിച്ചറിഞ്ഞതാണ് അമ്മയുടെ പിന്മാറ്റത്തിലെത്താനിടയാക്കിയത്. നേരത്തേ ഡബ്ളിയുസിസി ആഞ്ഞടിച്ചപ്പോഴും ഇതേപോലെ അമ്മക്ക് പിന്മാറേണ്ടി വന്നിരുന്നു.

വിമത ശബ്ദത്തിന് പുറമെ ഇനിയും വിമർശനങ്ങൾ വരുമെന്ന് തിരിച്ചറിവും കൂട്ടരാജിയിലേക്ക് നയിച്ചതിൽ പ്രധാന കാരണമാണ്. പുതിയ തലമുറ വരേണ്ടത് അനിവാര്യമാണ്. ആരോപണങ്ങൾക്ക് എതിരെ പോരാടണമെന്ന് ചില അംഗങ്ങൾ നിലപാടെടുത്ത് എങ്കിലും പോരാടാൻ ഇത് രാഷ്ട്രീയം അല്ലെന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ എതിരില്ലാതെ ജയിച്ച് രാജ്യസഭയിൽ; കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ

ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടി കേന്ദ്രം ഭരിക്കുന്ന എൻഡിഎ. രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒൻപത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയോടെയാണ് എൻഡിഎ കേവല ഭൂരിപക്ഷം നേടിയത്.

245 ആണ് രാജ്യസഭയിലെ അംഗസംഖ്യ. ജമ്മു കശ്മീരിൽനിന്ന് നാല് അംഗങ്ങളും നാല് നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെടെ എട്ട് അംഗങ്ങളുടെ ഒഴിവ് രാജ്യസഭയിലുണ്ട്. അതിനാൽ നിലവിലെ അംഗങ്ങളുടെ എണ്ണം 237 ആണ്. ബില്ലുകളടക്കം പാസാക്കാനുള്ള കേവല ഭൂരിപക്ഷം 119 ആണ്. ബിജെപിയുടെ ഒൻപത് അംഗങ്ങൾക്ക് പുറമേ, എൻഡിഎയിലെ എൻസിപി അജിത് പവാർ വിഭാഗത്തിലെ അംഗവും രാഷ്ട്രീയ ലോക് മഞ്ചിലെ അംഗവും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഒരംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സംഖ്യത്തിൻ്റെ രാജ്യസഭയിലെ അംഗസംഖ്യ 85 ആയി.

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്. അസമിൽനിന്ന് മിഷൻ രഞ്ജൻ ദാസും രാമേശ്വർ തേലിയും, ബിഹാറിൽനിന്ന് മനം കുമാർ മിശ്ര, ഹരിയാനയിൽനിന്ന് കിരൺ ചഥരി, മഹാരാഷ്ട്രയിൽനിന്ന് ധൈര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽനിന്ന് മമത മോഹന്ത, രാജസ്ഥാനിൽനിന്ന് രവനീത് സിങ് ബിട്ടു, ത്രിപുരയിൽനിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി അംഗങ്ങൾ.

മുതിർന്ന കോൺഗ്രസ് നേതാവായ അഭിഷേക് മനു സിങ്വി ആണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷാംഗം. തെലങ്കാനയിൽ നിന്നാണ് സിങ്വി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീൽ മഹാരാഷ്ട്രയിൽ നിന്നും രാഷ്ട്രീയ ലോക് മഞ്ചിൻ്റെ ഉപേന്ദ്ര കുശ്വാഹ ബിഹാറിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സുപ്രധാന ബില്ലുകളടക്കം പാസാക്കാൻ ബിജെപിക്ക് രാജ്യസഭയിൽ കേവല ഭൂരിപക്ഷം അനിവാര്യമാണ്. നേരത്തെ ബില്ലുകൾ രാജ്യസഭ കടത്താൻ ബിജെപിക്ക് ബിജു ജനതാദളിൻ്റെയും വൈഎസ്ആർ കോൺഗ്രസിൻ്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരു പാർട്ടികളും ഭരണത്തിലിരുന്ന ഒഡീഷയിലും ആന്ധ്ര പ്രദേശിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരുകളാണ് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയത്. അതിനാൽ ഇരുകക്ഷികളും രാജ്യസഭയിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള വഴിയടഞ്ഞു.

ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി

കോട്ടയം.കഞ്ഞിക്കുഴി ഹോപ്പ് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി…മൂവരെയും ചങ്ങനാശേരിയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്…15ഉം 14ഉം വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് ഇന്നലെ വൈകുന്നേരം 4.30ഓടെ ചൈൽഡ് ഹോമിൽ നിന്നും കടന്ന് കളഞ്ഞത്. മാരാരിക്കുളം പോലീസ് നടത്തിയ തെരച്ചിലാണ് ഇന്ന് വൈകുന്നേരത്തോടെ മൂന്ന് കുട്ടികളെയും കണ്ടെത്തിയത്…ആദ്യം രണ്ട് കുട്ടികളെ ചങ്ങനാശേരിയിൽ നിന്നും മൂന്നാമനെ പിന്നീട് ചങ്ങനാശേരിയിൽ മറ്റൊരു ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു…മൂന്ന് പേരിൽ ഒരാളുടെ വീട്ടിലേക്കാണ് കുട്ടികൾ പോയതെന്നാണ് സൂചന…ഇവർ എന്തിനാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിയതെന്ന് വ്യക്തമല്ല…ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്.

ലാലാജി സ്മാരക ഗ്രന്ഥശാല കെട്ടിട ഉദ്ഘാടനവും 95-ാം വാർഷികവും

കരുനാഗപ്പള്ളി . പഞ്ചാബ് സിംഹം എന്ന പേരിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി ലാലി ലജ്പത് റായിയുടെ നാമധേയത്തിൽ തുടക്കം കുറിച്ച കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 95-ാംവാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1929 ഒക്ടോബർ 26ന് തറക്കല്ലിട്ട് 1930 ഒക്ടോബർ 10ന് ബാരിസ്റ്റർ എ കെ പിള്ള കെട്ടിട ഉദ്ഘാടനം നിർവഹിച്ച ഗ്രന്ഥശാല 95 വർഷമായി കരുനാഗപ്പള്ളിയുടെ സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രമുഖ സ്ഥാപനമായി പ്രവർത്തിച്ചു വരികയാണെന്ന് സംഘാടകർ പറഞ്ഞു. 1934 ഫെബ്രുവരി 20ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും, 1931 മാർച്ച് 27ന് ജവഹർലാൽ നെഹ്റുവും പത്നിയും മകൾ ഇന്ദിരാ പ്രിയദർശിനിയും ഉൾപ്പെടെയുള്ളവർ ഗ്രന്ഥശാല സന്ദർശിച്ചിട്ടുണ്ട്.

2002ൽ താലൂക്ക് റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെട്ട ഗ്രന്ഥശാലയിൽ 25000 ത്തോളം പുസ്തകങ്ങളും ആറായിരത്തോളം അംഗങ്ങളുമുണ്ട്. പുസ്തകങ്ങളെല്ലാം പൂർണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായും 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും 200 ഓളം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച പകൽ 11.30 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് പ്രൊഫ. കെ ആർ നീലകണ്ഠ പിള്ള, സെക്രട്ടറി ജി സുന്ദരേശൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ വള്ളിക്കാവ് മോഹൻദാസ്, കോടിയാട്ട് രാമചന്ദ്രൻപിള്ള, വർഗീസ് മാത്യു കണ്ണാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

‘മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഡബ്ല്യുസിസി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയ്ക്കു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി). ‘‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം’’ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു.

‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവച്ച മോഹൻ‌ലാലിന്റെ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ, നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പിൽ പറയുന്നു.

രാജിവിവരം പ്രഖ്യാപിച്ച് മോഹൻലാൽ‌ പുറത്തുവിട്ട വാർത്തക്കുറിപ്പിൽനിന്ന്:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.

‘അമ്മ’ ഒന്നാം തീയതി നൽ‌കുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽ‌പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’

ചെണ്ടുമല്ലി പൂവഴകിൽ കിഴക്കേ കല്ലട ഗ്രാമം

കിഴക്കേ കല്ലട:ഓണ വിപണി ലക്ഷ്യമിട്ട് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ തെക്കേമുറി വാർഡിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ്.ജില്ലയിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത സച്ചു.വി.ആർ ൻ്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും
സഹായത്തോടെയാണ് കൃഷി നടത്തിയത്.ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു ലോറൻസ് നിർവ്വഹിച്ചു. തെക്കേമുറി വാർഡ് മെമ്പർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഉമാദേവിയമ്മ,മെമ്പർ ശ്രീരാഗ് മഠത്തിൽ,കൃഷി ഓഫീസർ ആത്മജ,അസി.കൃഷി ആഫീസർ രത്നകുമാരി,ഹൗസിംഗ് ആഫീസർ ജയ,അഭിലാഷ്,സിഡിഎസ് ചെയർപേഴ്സൺ രശ്മി, ജില്ലയിലെ മികച്ച കർഷകരായി
തെരഞ്ഞെടുക്കപ്പെട്ട അനിൽ മംഗല്യ,സച്ചു.വി.ആർ,പ്രശാന്ത് മറവൂർ, തൊഴിലുറപ്പ് പദ്ധതി എ.ഇ ലിജു,ഫെബി എന്നിവർ സംസാരിച്ചു.

കാണിക്കവഞ്ചി തകര്‍ത്ത് മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. മയ്യനാട്, താന്നി സുനാമി ഫ്‌ളാറ്റില്‍, അനില്‍ (23), മയ്യനാട്, താന്നി സുനാമി ഫ്‌ളാറ്റില്‍, അനന്തു (28), മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ ലാലു (29) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
മയ്യനാട് വലിയതോട്ടത്തുകാവ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ മുന്‍വശത്തെ റോഡില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകര്‍ത്ത് പണവുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ സന്തോഷ് നല്‍കിയ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും പിന്നീട് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ മറ്റു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകന്‍ പോലീസിന്റെ പിടിയിലായി. നീണ്ടകര, പനയിത്ര കിഴക്കതില്‍, രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അടുത്ത് കരാട്ടെ പരിശീലിക്കാന്‍ എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഈ കാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയും ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പീഡനത്തെ തുടര്‍ന്ന്കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് സംശയം തോന്നി രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ രതീഷ് മൈസുരിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജില്ലാപോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ നിരീക്ഷിക്കുകയും ട്രെയിന്‍ മാര്‍ഗം കൊല്ലത്തേക്ക് എത്തിയ പ്രതിയെ കായംകുളത്ത് നിന്നും കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ്‌കുമാര്‍, എസ്.സി.പി.ഓ മാരായ മനീഷ്, അനില്‍കുമാര്‍, സി.പി.ഒ മാരായ ശ്യാം, വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.