Home Blog Page 2261

യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം

അബുദാബി: നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി രണ്ട് വർഷമാക്കി വർധിപ്പിച്ചതും അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടാൽ 15 ദിവസത്തിനകം പ്രാഥമിക കോടതിയിൽ ഫയൽ ചെയ്യാമെന്നതുമാണ് പുതിയ ഭേദഗതിയിലെ പ്രധാന നിർദേശങ്ങൾ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളിയെക്കൊണ്ട് ജോലിയെടുപ്പിക്കുക, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുക, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, റിക്രൂട്ട് ചെയ്ത ശേഷം ജോലി നൽകാതിരിക്കുക, പ്രായപൂർത്തിയാകാത്തവരെ ജോലിക്കു വയ്ക്കുക, ലൈസൻസിൽ പരാമർശിക്കാത്ത ജോലിയിൽ ഏർപ്പെടുക, തൊഴിൽ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയായിരിക്കും പിഴ.

തൊഴിൽ തർക്ക കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം എടുത്ത തീർപ്പുകളിൽ വിയോജിപ്പുണ്ടെങ്കിൽ അപ്പീൽ കോടതിയെ സമീപിക്കാതെ പ്രാഥമിക കോടതിയിൽ ചോദ്യം ചെയ്യാൻ കമ്പനിക്ക് അവകാശമുണ്ടായിരിക്കുമെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. ഇങ്ങനെ നൽകുന്ന കേസുകളിൽ 3 പ്രവൃത്തി ദിവസങ്ങൾക്കകം വിചാരണ നടത്താനും 30 ദിവസത്തിനകം തീർപ്പാക്കാനും നിർദേശമുണ്ട്.

പുതിയ നിയമപ്രകാരം ഒരു കമ്പനിയിലെ ജോലി അവസാനിപ്പിച്ചാലും നഷ്ടപരിഹാരം സംബന്ധിച്ച കേസുകൾ ഫയൽ ചെയ്യാൻ രണ്ട് വർഷം വരെ സാവകാശം നൽകി. നിലവിൽ ഇത് ഒരു വർഷമായിരുന്നു. ജോലി അവസാനിപ്പിച്ച തീയതി മുതലാണ് രണ്ട് വർഷം കണക്കാക്കുക. ഇതു നഷ്ടപ്പെട്ട ആനുകൂല്യം വീണ്ടെടുക്കാൻ തൊഴിലാളിക്ക് അവസരം നൽകുന്നു. വിവിധ കാരണങ്ങളാൽ വീസ റദ്ദാക്കി ഉടൻ നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന തൊഴിലാളിക്കും തിരിച്ചെത്തി രണ്ട് വർഷത്തിനകം കേസ് നൽകിയാൽ മതിയെന്നതാണ് ആശ്വാസകരം.

വ്യാജ സ്വദേശിവൽക്കരണം നടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. ഇത്തരം കേസുകൾ സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നൽകാനാകൂവെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റം തെളിഞ്ഞാൽ പിഴയ്ക്കു പുറമെ സ്വദേശിയെ ജോലിക്ക് വച്ചതുമൂലം മന്ത്രാലയത്തിൽനിന്ന് ലഭിച്ച ആനുകൂല്യങ്ങൾ (ഫീസിളവ് ഉൾപ്പെടെ) തിരികെ നൽകുകയും വേണം.

ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു

oppo_0

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോയ ലോറി മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെ 5ന് കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംഗഷന് സമീപമാണ് അപകടം ഉണ്ടായത്. ദേശീയ പാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി മുതല്‍ താത്കാലികമായി നിര്‍മ്മിച്ച റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. നിലവിലുള്ള റോഡില്‍ നിന്നും ഉയരത്തില്‍ നിര്‍മ്മിച്ച ഈ റോഡിലൂടെ കൊല്ലം ഭാഗത്ത് നിന്നും വന്ന വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. സിലിണ്ടറുകള്‍ റോഡിലേക്ക് വീണെങ്കിലും വാതക ചോര്‍ച്ചയുണ്ടായില്ല. എറണാകുളത്ത് നിന്നും മറ്റൊരു വാഹനമെത്തി സിലിണ്ടറുകള്‍ മാറ്റി.

മലയാള സിനിമാ മേഖലയില്‍നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വൈശാലി സിനിമയിലെ നായിക സുപര്‍ണ ആനന്ദ്

മലയാള സിനിമാ മേഖലയില്‍നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വൈശാലി സിനിമയിലെ നായിക സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണു സുപര്‍ണ. പ്രശ്നങ്ങള്‍ക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.
പീഡനക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണം. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കണമെന്നും സുപര്‍ണ അഭിപ്രായപ്പെട്ടു. സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. മലയാള സിനിമയില്‍ എനിക്കും ദുരനുഭവമുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. സിനിമ ഉപേക്ഷിച്ചത് പ്രയാസമുള്ള അനുഭവങ്ങള്‍ കാരണമാണെന്നും സുപര്‍ണ പറഞ്ഞു. കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ടെന്നും അവര്‍ പറഞ്ഞു.

‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

ബെംഗ്ലൂരു: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്‍റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന പരാതി. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് അതിജീവിത പ്രതികരിച്ചു.

സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പരാതി അറിഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയെന്ന് അണിയറക്കാര്‍ അറിയിച്ചു. ഹൈദരാബാദ് പൊലീസ് മൻസൂർ റഷീദിനെ അന്വേഷിച്ച് കേരളത്തിൽ വന്നപ്പോൾ ഇയാളുടെ വീട്ടിലടക്കം ഒളിവിൽ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോൺ ട്രാക്കിംഗ് രേഖകൾ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു. സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ എന്നിവരെ 2021-ൽ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും അതിജീവിത പറയുന്നു.

നാട്ടിൽ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയിൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന്‍റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദിൽ പരാതി നൽകിയതിന്‍റെ പക വീട്ടാൻ മൻസൂർ റഷീദ് തന്‍റെ കുടുംബജീവിതവും തകർത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവിൽ ഹൈദരാബാദിൽ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും പരാതിക്കാരി പ്രതികരിച്ചു. കുഞ്ഞിനെയും തന്നെയും മൻസൂർ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയിൽ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

നാട്ടിൽ വിവാഹമോചനക്കേസ് നടത്താൻ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മൻസൂർ പാനീയത്തിൽ മയക്ക് മരുന്ന് കലർത്തിയാണ് ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു. പ്രധാനതാരങ്ങൾ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് ഇന്ന് മെയിൽ വഴി പരാതി നൽകും. ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുത്തുമെന്നും അതിജീവിത പറഞ്ഞു.

സിനിമയിൽനിന്നു മോശം അനുഭവമുണ്ടായി; ഹേമ കമ്മിറ്റിയിൽ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കണം: ‘വൈശാലി’ നായിക

ന്യൂഡൽഹി: മലയാള സിനിമാ മേഖലയില്‍നിന്നു തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണു സുപർണ. പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും സുപര്‍ണ പറഞ്ഞു.

‘‘സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയിൽനിന്നു ദുരനുഭവമുണ്ടായി. വർഷങ്ങൾക്കു മുൻപു നടന്ന സംഭവമായതിനാൽ ഇപ്പോൾ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. പീഡനക്കേസില്‍ പ്രതിയായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം. മുതിർന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കണം.’’– സുപർണ അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ കുറച്ചു സിനിമകളിലേ സുപർണ അഭിനയിച്ചുള്ളൂ. പ്രയാസമുള്ള അനുഭവങ്ങള്‍ കാരണമാണു സിനിമ ഉപേക്ഷിച്ചതെന്നു സുപർണ പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കു നിന്നുകൊടുക്കാൻ സാധിക്കാത്തതു കൊണ്ടാണ് സിനിമ വിടേണ്ടി വന്നത്. കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്തുപറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ വ്യക്തമാക്കി.

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജലസേചന വകുപ്പിൻ്റെ അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി.

വാട്ടർ അതോറിറ്റി എംഡിയായി ജീവൻ ബാബുവിനെ നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്ത് ഡി സജിത്ത് ബാബുവിനെ നിയമിച്ചു. കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ അധിക ചുമതല നൽകി. പിആർഡി ഡയറക്ടറായി ടിവി സുഭാഷിനെ നിയമിച്ചു.

കുട്ടി സ്‌കൂട്ടറിന്റെ ആക്സിലേറ്റര്‍ തിരിച്ചു; തുണിക്കടയിലേക്ക് വാഹനം ഇടിച്ചുകയറി

ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം. മുന്നില്‍ പോകുകയായിരുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആഷിക് അബു ഫെഫ്കയില്‍നിന്ന് രാജിവച്ചു

സംവിധായകന്‍ ആഷിക് അബു ഫെഫ്കയില്‍നിന്ന് രാജിവച്ചു. നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വമെന്ന വിമര്‍ശനത്തോടെയാണ് രാജി. തന്റെ പരാതിയില്‍ ഇടപെട്ടതിന് സിബി മലയില്‍ കമ്മിഷന്‍ ചോദിച്ചെന്നും ആഷിക് അബു ആരോപിച്ചു.

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിന് പുറമേ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് പ്രവചിച്ചതോടെ ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് ആയി. 10 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് ശക്തമായ മഴ ലഭിക്കുന്നത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം: അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകി

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ കുടുബത്തിന് സഹായം എന്ന നിലയില്‍ അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
അര്‍ജുനന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.