Home Blog Page 2260

മഹാരാഷ്ട്രയിൽ കൊല്ലം സ്വദേശിയെ വെട്ടിക്കൊന്നു

കോലാപൂര്‍.മഹാരാഷ്ട്രയിൽ മലയാളിയെ വെട്ടിക്കൊന്നു. സംഭവം കോലാപ്പൂരിൽ. കൊല്ലം സ്വദേശി ഗിരീഷ് പിള്ള ( 50 ) ആണ് മരിച്ചത്. കോലാപുരിലെ ടയർ കടയിൽ വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ഇല്ല

നടിയുടെ പരാതി; അഡ്വ. വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് കോടതി; സെപ്റ്റംബർ 3 വരെ അറസ്റ്റ് പാടില്ല

കൊച്ചി: നടിയുടെ പരാതിയിൽ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. സെപ്റ്റംബർ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്. വി എസ് ചന്ദ്രശേഖരൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നടിയുടെ ലൈം​ഗികാതിക്രമണ പരാതിയെ തുടർന്ന് വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

നടി ഉന്നയിച്ച ആരോപണം കളവാണെന്നായിരുന്നു ‌ചന്ദ്രശേഖരന്റെ പ്രതികരണം. താരത്തിനൊപ്പം ഒരിക്കൽ പോലും ഒന്നിച്ച് കാറിൽ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതു ജീവിതവും പ്രഫഷണൽ ജീവിതവും അവസാനിപ്പിക്കുമെന്നും വി എസ് ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊല്ലത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും അമ്മയും ചികിത്സയിൽ, മകൻ മരിച്ചു

കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ 14 കാരൻ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്. ശിവയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സംഭവത്തിൻ്റെ കാരണം വ്യക്തമല്ല. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നു. പരവൂർ പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

താലൂക്ക് ആശുപത്രിയിലെ ബെഡിൽ നിന്ന് കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ 9 പേരെ സ്ഥലംമാറ്റി

കായംകുളം: താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടി. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒൻപത് പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ ജീവനക്കാർക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ്‌ കണ്ടെത്തിയിരുന്നു.

പനി ബാധിച്ച് കായംകുളം താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നായിരുന്നു കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിച്ച സൂചി തുളച്ചു കയറിയത്. സംഭവത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ്‌ ഓഫീസറുടെ റിപ്പോർട്ട്‌, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ്‌ നടപടിക്ക് ശുപാർശ ചെയ്തത്. ജീവനക്കാർക്ക്‌ ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ്‌ കണ്ടെത്തി. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ്‌ ജീവനക്കാർ, അസിസ്റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ്‌ നടപടി.

ആരോഗ്യവകുപ്പിന്‌ കീഴിലുള്ള ഹെഡ്‌ നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടർക്കും റിപ്പോർട്ട്‌ കൈമാറിയിരുന്നു. സംഭവത്തിൽ കുട്ടിക്ക്‌ മൂന്ന്‌, ആറ്‌ മാസങ്ങളിൽ മാത്രം എച്ച്‌ഐവി പരിശോധന നടത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്‌ദ്ധ പാനലിന്റെ വിലയിരുത്തൽ. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്നും എച്ച്‌ഐവി ബാധയ്‌ക്കുള്ള സാധ്യത വിരളമാണെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം.

നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചേക്കും; നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

ആലപ്പുഴ: ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളി നടക്കാനുള്ള സാധ്യത മങ്ങുന്നു. വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു നിവേദനം നൽകിയ കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളോടാണു മുഖ്യമന്ത്രിയും മന്ത്രിയും ഇക്കാര്യം പറഞ്ഞത്.

എന്നാൽ, വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും ഓണം കഴിഞ്ഞു നടത്താൻ സാധ്യതയുണ്ടെന്നും കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. നാളെ ചേരുന്ന കലക്ടർമാരുടെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇക്കൊല്ലം വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും അതിനു പറ്റിയ സമയമല്ല ഇതെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വള്ളംകളിക്കു സർക്കാർ സഹായം നൽകാൻ കഴിയില്ലെന്നു മന്ത്രി വ്യക്തമാക്കി. എന്നാൽ, ബോട്ട് ക്ലബ്ബുകളും വള്ളം ഉടമകളും മറ്റും ചേർന്നു സ്വന്തം നിലയ്ക്കു നടത്തുന്നതിനു തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. ചാംപ്യൻസ് ബോട്ട് ലീഗ് ഇത്തവണയില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയ നിവേദനം അദ്ദേഹം വായിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. മന്ത്രിമാരായ വി.എൻ.വാസവൻ, പി.പ്രസാദ് എന്നിവരെയും പ്രതിനിധികൾ തിരുവനന്തപുരത്തെത്തി കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കാനായിരുന്നു അവരുടെ നിർദേശം. വയനാട് ദുരന്തത്തെത്തുടർന്നു വള്ളംകളി മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ഓണത്തിനു ശേഷം നടത്തിയേക്കുമെന്ന പ്രതീക്ഷ മന്ത്രിമാർ ഉൾപ്പെടെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 10നു വള്ളംകളി നടത്താനുള്ള ആദ്യ തീരുമാന പ്രകാരം നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കു വൻ ബാധ്യതയും ബോട്ട് ക്ലബ്ബുകൾക്കും കരകൾക്കും വലിയ ചെലവും ഉണ്ടായിട്ടുണ്ട്. വള്ളംകളി നടത്തിയാൽ ബോട്ട് ക്ലബ്ബുകൾക്കു നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന പ്രശ്നവും സർക്കാരിനു മുന്നിലുണ്ട്. ഇനിയൊരു തീയതി നിശ്ചയിച്ചാൽ ടിക്കറ്റുകൾ വിൽക്കുന്നതും സംഘാടകർക്കു പ്രയാസമാകും.

‘ജയസൂര്യയുടെ അതിക്രമം പിഗ്‍മാൻ ഷൂട്ടിങ് ലൊക്കേഷനിൽ’; താല്‍പ്പര്യമില്ലെന്ന് മനസിലായപ്പോൾ മാപ്പ് പറഞ്ഞെന്ന് നടി

‌തിരുവനന്തപുരം: പിഗ്‍മാൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്ന് അതിക്രമം ഉണ്ടായതെന്ന് നടി. അവിരാ റബേക്ക എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര്. ഒരു പന്നി വളര്‍ത്തല്‍ കേന്ദ്രത്തിലായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമാണ്. രമ്യ നമ്പീശനൊക്കെ ഷൂട്ടിങ്ങിനുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.

‘‘സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമാക്കാര്‍ വലിയ വിലകൊടുക്കാറില്ല. എനിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്ന മേല്‍വിലാസം കൂടിയുള്ളതിനാല്‍ കുറച്ചു കൂടി ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്. ബാത്ത്റൂമിലേക്കുള്ള വഴിയില്‍ വച്ച് നടന്‍ എന്നെ കയറിപ്പിടിച്ചു. എനിക്ക് താല്‍പ്പര്യമില്ലെന്നു മനസിലായപ്പോൾ മാപ്പ് പറഞ്ഞു. നമുക്ക് പിടിച്ചുമാറ്റാൻ കഴിയാത്ത രീതിയിൽ ശക്തമായിരുന്നു ജയസൂര്യയുടെ കൈകൾ’’ – നടി പറഞ്ഞു.

തനിക്കെതിരെ ധാരാളം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. രണ്ട് കോടി വാങ്ങിച്ചുവെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിനു പിന്നില്‍ ഏതാനും യൂട്യൂബ് ചാനലുകളാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നടി പറഞ്ഞു.

ലിഫ്റ്റില്‍ കയറുന്നതിനിടെ ഏഴാംനിലയില്‍നിന്നും പിറ്റിലേക്കു വീണു മലയാളി മരിച്ചു

സൂറത്ത്.ഗുജറാത്തിലെ സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ചു.കോട്ടയം കുടമാളൂർ സ്വദേശി 45കാരനായ രഞ്ജിത്ത് ബാബു ആണ് മരിച്ചത്. സൂറത്ത് റിംഗ് റോഡിലെ ഹോട്ടലിൽ വെച്ചാണ് അപകടം. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ ലിഫ്റ്റ് മുകളിൽ ആയിരുന്നു. കാലെടുത്തുവച്ചതോടെ ഏഴാം നിലയിൽ നിന്നും ലിഫ്റ്റിൻ്റെ പിറ്റിലേക്ക് വീഴുകയായിരുന്നു. വ്യാപാരം ആവശ്യത്തിനായി ഭാര്യയോടൊപ്പം സൂറത്തിൽ എത്തിയതായിരുന്നു രഞ്ജിത്ത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി സംഘടനകൾ ഇടപെട്ട് ക്രമീകരണങ്ങൾ തുടങ്ങി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൂഴ്ത്തിവെപ്പുകൾ ശരിയല്ലെന്ന് നടന്‍ ലാലു അലക്സ്

കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൂഴ്ത്തിവെപ്പുകൾ ശരിയല്ലെന്ന് നടന്‍ ലാലു അലക്സ്. അമ്മ സംഘടനയിലെ പ്രശ്നങ്ങൾ ശരിയായി പറയണമെങ്കിൽ റിപ്പോർട്ട് മുഴുവൻ പുറത്ത് വിടണം. റിപ്പോർട്ട് ഭാഗികമായി പുറത്ത് വിട്ടത് ശരിയായ നടപടി അല്ല. ഉള്ളടക്കം ശരിയായി മനസിലായങ്കിലെ ആരാണ് നല്ലതെന്ന് പറയാൻ സാധിക്കൂ എന്ന് അദ്ദേഹം ചാനലിനോട് പ്രതികരിച്ചു.

എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും കൊല്ലത്ത് വ്യാപക പ്രതിഷേധം

കൊല്ലം. എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും കൊല്ലത്ത് വ്യാപക പ്രതിഷേധം. വുമൺ ജസ്റ്റിസ് മുവ്മെൻറിൻ്റെയും മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് മുകേഷിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിഗേഡ് കടന്ന് മുകേഷിന്റെ ഓഫീസിലേക്ക് ചാടി കടക്കാൻ ശ്രമിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ചിലർ മുകേഷിന്റെ ഓഫീസ് പടിക്കൽ റീത്തു വച്ച് പ്രതിഷേധിച്ചു.
മുകേഷ് രാജിവെക്കും വരെ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സമര ഉദ്ഘാടനം ചെയ്ത മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം. പി പറഞ്ഞു.പട്ടത്താനത്തെ മുകേഷിൻ്റെ വീട്ടിലേക്ക് ബി.ജെ.പി. പ്രതിഷേധമാർച്ച് നടത്തി. അമ്മൻനടയിൽ നിന്നാരംഭിച്ച മാർച്ച് പട്ടത്താനം സ്കൂളിന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ മുകേഷിന്റെ കോലവും കത്തിച്ചു.എസ് ഡി പി ഐ യും മുകേഷിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. കനത്ത മഴപോലും അവഗണിച്ചായിരുന്നു പ്രതിഷേധങ്ങൾ

മുഖത്ത് കരിവാളിപ്പോ? നമ്മുടെ തൊടിയിലുള്ള ദേ ഇവനെയൊന്ന് ഇങ്ങനെ ഉപയോ​ഗിച്ചേ

മുഖത്തെ കരിവാളിപ്പ് എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്നതാണ് പപ്പായ. പപ്പായയിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട്, നാച്യുറൽ മോയ്ചറൈസറായി പ്രവർത്തിക്കാൻ പപ്പായ്ക്ക് കഴിയാറുണ്ട്. ചർമ്മം മൃദുവാക്കാനും തുടിപ്പും തിളക്കവും കൂട്ടാനും വളരെ നല്ലതാണ് പപ്പായ. ചർമ്മത്തിൽ ജലാംശം പിടിച്ച് നിർത്താനും ആവശ്യത്തിന് ജലാംശം നില തുടരാനും ഇത് സഹായിക്കാറുണ്ട്. സ്ഥിരമായ പപ്പായ ഉപയോ​ഗിക്കുന്നത് മുഖത്ത് വരൾച്ചയും ചർമ്മത്തിൻ്റെ നിറം വർധിപ്പിക്കാനുമൊക്കെ സഹായിക്കാറുണ്ട്. കൊളാജൻ ഉത്പ്പാദനം വർധിപ്പിച്ച് ചർമ്മത്തിന് യുവത്വം നിലനിർത്താനും നല്ലതാണ് പപ്പായ. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിലൊരിക്കലോ ഇത്തരം ഫേസ് പായ്ക്കുകൾ ഉപയോ​ഗിക്കേണ്ടത് വളരെ പ്രധാനമാണ്.

പപ്പായയും തൈരും

പപ്പായ്ക്ക് ഒപ്പം തൈര് കൂടി ചേർത്താൽ ചർമ്മത്തിൻ്റെ ഭം​ഗി ഇരട്ടിയാകുമെന്ന് വേണമെങ്കിൽ പറയാം. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് ചർമ്മത്തിന് കൂടുതൽ ഭം​ഗിയും അതുപോലെ ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതും. കരിവാളിപ്പ്, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയൊക്കെ ഇല്ലാതാക്കാനും അതുപോലെ കൂടുതൽ ഭം​ഗിയാക്കാനും ഇത് സഹായിക്കും. തൈര് കൂടി ഇതിനൊപ്പം ചേർക്കുന്നത് ​ഗുണം ഇരട്ടിയാക്കും. അര കപ്പ് പപ്പായ പേസ്റ്റിനൊപ്പം 2 ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

പപ്പായയും മഞ്ഞളും

ച‍ർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മഞ്ഞളിലുണ്ടെന്ന് തന്നെ പറയാം. മുഖക്കുരു വരാനുള്ള കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ വളരെ മികച്ചതാണ് മഞ്ഞൾ. കണ്ണിന് ചുറ്റുമുള്ള ‍ഡാർക് സർക്കിൾസ് മാറ്റാനും ഹൈപ്പർ പി​ഗ്മൻ്റേഷൻ പ്രശ്നങ്ങൾ ഒഴിവാക്കാനും വളരെ മികച്ചതാണ് മഞ്ഞൾ. അര കപ്പ് പപ്പായയ്ക്കൊപ്പം അര ടീ സ്പൂൺ മഞ്ഞളും ചേ‍ർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കി എടുക്കാവുന്നതാണ്. കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ പാടെ മാറ്റാൻ ഇത് ഏറെ സഹായിക്കും.

പപ്പായയും തേനും

ചർമ്മത്തിന് തിളക്കം കൂട്ടാൻ വളരെ നല്ലതാണ് തേൻ. ഇതിൻ്റെ ആൻ്റി ബാക്ടീരിയൽ ആൻ്റി ഫം​ഗൽ ​ഗുണങ്ങൾ ച‍ർമ്മത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. ടാനും പാടുകളുമൊക്കെ മാറ്റാൻ തേൻ നല്ലതാണ്. കൂടാതെ ആൻ്റി ഏജിം​ഗ് ​ഗുണങ്ങളും തേനിനുണ്ട്. നല്ല പോലെ പഴുത്ത പപ്പായ മിക്സിയിലിട്ട് അടിച്ച് എടുക്കുക. ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ തേനും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

പപ്പായയും പാലും

അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളാക്കിയ ശേഷം നന്നായി ഉടച്ചോ അല്ലെങ്കിൽ അരച്ചോ എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും, ഒരു ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും ഈ പായ്ക്ക് തേച്ച് പിടിപ്പിക്കുക. ഇനി 20 മിനിറ്റ് വച്ച ശേഷം കഴുകി വ്യത്തിയാക്കാം. പാൽ ഒരു നല്ല ക്ലെൻസർ കൂടിയാണ്. ചർമ്മത്തിലെ അഴുക്കിനെയും മറ്റും പാടെ കളയാൻ ഇത് ഏറെ സഹായിക്കാറുണ്ട്. പാൽ ഉത്പ്പന്നങ്ങൾ അലർജി ഉള്ളവരാണെങ്കിൽ തീർച്ചയായും പാൽ ഒഴിവാക്കാൻ ശ്രമിക്കുക.