Home Blog Page 2255

‘എല്ലാം വിശദമായി എഴുതും’; ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും ജയരാജൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടർസംഭവങ്ങളുമെല്ലാം ആത്മകഥയിൽ തുറന്നെഴുതുമെന്നാണു ജയരാജന്റെ വെളിപ്പെടുത്തൽ.

രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോൾ പറയുമെന്നാണു ജയരാജൻ പറയുന്നത്. ‘‘എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിക്കും. വിശദമായി എഴുതും’’ – ഇ.പി. ജയരാജൻ പറഞ്ഞു. ആത്മകഥ പുറത്തിറക്കി ജയരാജൻ രാഷ്ട്രീയം വിടും എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ഇന്നലെയാണ് ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ‌ സ്ഥാനത്തു നിന്ന് മാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമ്പോഴും ഇടഞ്ഞുനിൽക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ ആരംഭിക്കവെ രാഷ്ട്രീയ ആകാംക്ഷ കൂട്ടുന്നതാണ് ജയരാജന്റെ ആത്മകഥ പ്രഖ്യാപനം.

‘അമ്മ’യുടെ ഓഫിസിൽ വീണ്ടും പൊലീസ് പരിശോധന; എത്തിയത് ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘം

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫിസിൽ വീണ്ടും പൊലീസിന്റെ പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ സിനിമ പീഡനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫിസിലെത്തി പരിശോധന നടത്തിയത്. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് എത്തിയത്.

സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം ‘അമ്മ’ ഓഫിസിൽ പരിശോധന നടത്തുന്നത്. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.

സിനിമയിൽ ശക്തികേന്ദ്രമില്ല; ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ: മമ്മൂട്ടിയുടെ പ്രതികരണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും മമ്മൂട്ടി വിശദീകരിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും.

ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്.

ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്കണം.

കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ.

റദ്ദാക്കിയ ട്രെയിനുകൾ

  1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.
  2. സെപ്റ്റംബർ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229, തിരുവനന്തപുരം സെൻട്രൽ – സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂർണമായി റദ്ദാക്കി.

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

  1. ഓഗസ്റ്റ് 31ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.
  2. ഓഗസറ്റ് 31ന് കോർബയിൽ നിന്ന് പുറപ്പെട്ട കോർബ – കൊച്ചുവേളി എക്സ്പ്രസ് വാറങ്കൽ, ആർക്കോണം വഴി തിരിച്ചുവിടും.
  3. ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.

പോക്സോ കേസ്: പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും

POSCO act

ആലപ്പുഴ: പോക്സോ കേസ് പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കൊട്ടാരക്കര വിളക്കുടി കുന്നിക്കോട് മാണിക്കംവിള വീട്ടില്‍ മുഹമ്മദ് ആഷിക്കി (29) നെയാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി 1 (സ്പെഷ്യല്‍ പോക്സോ കോടതി) കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.

ജെസിബിയുടെ യന്ത്രഭാഗം മോഷ്ടിച്ച മുഖ്യപ്രതി പിടിയില്‍

കൊല്ലം: ദേശീയപാതാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായി. കൊല്ലം ആശ്രാമം കാവടിപ്പുറത്ത് പുത്തന്‍വീട്ടില്‍ നിന്ന് പനയം നടുവിലക്കര കണ്ടച്ചിറ ആയക്കുന്ന് പടിഞ്ഞാറ്റതില്‍ വീട്ടില്‍ താമസിക്കുന്ന പ്രിന്‍സ് (34) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 18ന് നീണ്ടകര ചീലാന്തിമുക്കിന് സമീപം അറ്റകുറ്റ പണക്കായി ഊരിവച്ചിരുന്ന ജെസിബിയുടെ 40,000 രൂപയോളം വിലവരുന്ന മണ്ണ് കോരുന്ന ഇരുമ്പ് ബക്കറ്റാണ് പ്രതിമോഷണം നടത്തിയത്.
ചവറ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും മോഷണ മുതല്‍ വാങ്ങിയ മുന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രിന്‍സിനെ കുറിച്ച് കൊല്ലംസിറ്റി പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
ചവറ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍എസ്‌ഐ അനീഷ് എസ്, സിപിഒമാരായ സീനു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍

കൊല്ലം: മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹോദരിമാര്‍ പിടിയില്‍. ആലുംമൂട് ചെറിയേല ചരുവിളവീട്ടില്‍ ഗീത (43), ഗിരിജ (42) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.45 ഓടെയാണ് പുന്തലത്താഴത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതികള്‍ ഇരുവരും 916 മുദ്ര പതിപ്പിച്ചിട്ടുള്ള 13 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വക്കാന്‍ എത്തിയത്.
സംശയം തോന്നി നടത്തിയ പരിശോധനയില്‍ മുക്കുപണ്ടത്തില്‍ 916 മുദ്ര പതിപ്പിച്ച സ്വര്‍ണ തകിട് വിളക്കി ചേര്‍ത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നിര്‍ദേശാനുസരണം എസ്‌ഐ ജയേഷിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ രാജേശ്വരി, അമ്പു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കം

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേരള ക്ഷേത്ര സംരക്ഷണ സമിതിയും മഹാഗണപതിക്ഷേത്രം ഉപദേശക സമിതിയും ചേര്‍ന്നു നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി ഡോ.നാരായണന്‍ ഭട്ടതിരിപ്പാട് ആചാര്യനായുള്ള ഗണേശ പുരാണ യജ്ഞവും ഇന്ന് തുടങ്ങി.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ചിത്രരചനാ മത്സരം കൊട്ടാരക്കര ഡിവൈഎസ്പി കെ. ബൈജുകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5.30ന് ഗണേശ പുരാണയജ്ഞം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗണേശ മാഹാത്മ്യ പ്രഭാഷണം.
അഞ്ചിന് വൈകിട്ട് അഞ്ചിന് ഹൈന്ദവ സമ്മേളനം സ്വാമി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ ആറിന് തന്ത്രി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം സ്വാഗതസംഘം പ്രസിഡന്റ് വിനായക എസ്.അജിത് കുമാറിന്റെ അധ്യക്ഷതയില്‍ മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര താരങ്ങളായ ഭാമ, അതിഥി രവി, ദേവനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏഴിന് രാവിലെ അഞ്ചിന് 1008 നാളികേര കൂട്ടിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ഗജപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ദീപം തെളിയിക്കും. 9.30ന് മാതൃസമ്മേളനം ഡോ.സി.എന്‍. വിജയകുമാരി ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന സെക്രട്ടറി വി.വി. ലക്ഷ്മി പ്രിയ പ്രഭാഷണം നടത്തും.
10.15ന് കളഭാഭിഷേകം, വൈകിട്ട് അഞ്ചിന് പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശ്രീഗണേശ മഹാഘോഷയാത്രയില്‍ ഗജവീരന്മാരും, ഗണപതിവേഷങ്ങളും വാദ്യമേളങ്ങളും നിരക്കും. രാത്രി 7.45-ന് മഹാഗണപതി എഴുന്നള്ളത്തും നടക്കും.

കൊട്ടാരക്കര-പുത്തൂര്‍ റോഡിലെ യാത്ര ദുസ്സഹമാകുന്നു

കൊട്ടാരക്കര: ഭൂരിഭാഗം കുഴികളും അടയ്ക്കാതെ ചെറിയൊരു ഭാഗം ടൈല്‍ പാകി ഉദ്ഘാടനം ചെയ്ത കൊട്ടാരക്കര-പുത്തൂര്‍ റോഡിലെ യാത്ര ദുസ്സഹമാകുന്നു. റെയില്‍വെ മേല്‍ പാലം മുതല്‍ മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് വാഹന ഗതാഗതം താറുമാറായി. അപകടം പതിവായതോടെ വീട്ടമ്മ ധനകാര്യമന്ത്രിയുടെ കാറിനു മുന്‍പില്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ സ്ഥലം എംഎല്‍എയും ധനകാര്യ മന്ത്രികൂടിയായ കെ.എന്‍. ബാലഗോപാലിനും സര്‍ക്കാരിനും നാണകേടുണ്ടായതോടെയാണ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. 12 ലക്ഷം രൂപയ്ക്ക് കെആര്‍എഫ്ബിക്കായിരുന്നു നിര്‍മാണ ചുമതല. ഒന്‍പത് ദിവസം അടച്ചിട്ടാണ് റോഡ് നിര്‍മിച്ചത്. ഇതിനു ശേഷം നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനവും ചെയ്തു.
ശേഷം തുറന്ന റോഡ് കണ്ട് നാട്ടുകാര്‍ ഞെട്ടി. തുടക്കത്തില്‍ കുറച്ചു ടൈല്‍സ് നിരത്തി ബാക്കിഭാഗത്തെ കുഴികള്‍ മുഴുവന്‍ അതേപോലെയുണ്ട്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ അധികൃതര്‍ക്കെതിരെ സാമൂഹ്യമാധ്യങ്ങളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അഴീക്കല്‍ പ്രജില്‍ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം

കൊല്ലം: അഴീക്കല്‍ സ്രായിക്കാട് തുറയില്‍ കിഴക്കേതില്‍ പ്രവീണ്‍ ഭവനില്‍ പ്രജിലിനെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരന്‍ പ്രവീണിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം കഠിന തടവും 2,25,000 രൂപ പിഴയും. അഴീക്കല്‍ തുറയില്‍ പുത്തന്‍വീട്ടില്‍ അര്‍ജുന്‍ (29) നെയാണ് കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് സുഭാഷ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 2ലക്ഷം രൂപ പിഴയും പ്രജിലിനെയും സഹോദരനെയും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 5 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക പ്രജിലിന്റെ വൃദ്ധമാതാപിതാക്കളായ പ്രബുദ്ധനും രമയ്ക്കും കൈമാറാനും കോടതി ഉത്തരവിട്ടു. അര്‍ജുന്‍ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ആറു പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ മറ്റ് അഞ്ചു പ്രതികളെ വെറുതെവിട്ടു.
കുടുംബ സുഹൃത്തിന്റെ മകളെ ശല്യം ചെയ്യുന്നതില്‍ നിന്ന് അര്‍ജുനനെ വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് പ്രജിലിനെയും സഹോദരനെയും അര്‍ജുനനും സുഹൃത്തുക്കളും ആക്രമിച്ചത്. 2016 ജൂലൈ 18ന് ആയിരുന്നു സംഭവം.
തന്റെ ഫോണില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അര്‍ജുന്‍ ആവശ്യപ്പെട്ടതു പ്രകാരം എത്തിയ പ്രജിലിനെയും, സഹോദരനെയും അര്‍ജുനും സുഹൃത്തുക്കളും മാരകായുധങ്ങളുമായി ആക്രമിച്ചെന്നായിരുന്നു കേസ്.
ഓച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന രാജപ്പന്‍ റാവുത്തര്‍, എം അനില്‍കുമാര്‍ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി മഹേന്ദ്ര ഹാജരായി. പ്രോസിക്യൂഷന്‍ സഹായി എഎസ്‌ഐ സാജു.