Home Blog Page 2251

മണ്‍സൂണ്‍ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

തിരുവനന്തപുരം.മണ്‍സൂണ്‍ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയ ആളാണ് പിടിയിലായത്.തിരുനെൽവേലി സ്വദേശി എ സെൽവകുമാറിനെയാണ് പിടികൂടിയത്.ബിആര്‍ 98 നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി ഇയാൾ എത്തുകയായിരുന്നു.

ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ച ടിക്കറ്റാണ് ഹാജരാക്കിയത്.ലോട്ടറി ഡയറക്ടറേറ്റ് മ്യൂസിയം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു.

കാണാതായ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് സംശയം; യുവതിയും സുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പള്ളിപ്പുറം സ്വദേശിനിയുടെ കുഞ്ഞിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് ചേർത്തല പൊലീസിൽ പരാതിപ്പെട്ടത്.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി, ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാ പ്രവർത്തകർ വീട്ടിൽ ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നീട് ആശാപ്രവർത്തകർ അറിയിച്ചതു പ്രകാരം പൊലീസ് കേസെടുത്തു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിൽ എത്തിയത്. കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായി യുവതി പൊലീസിന് മൊഴി നൽകിയയെന്നാണ് സൂചന. യുവതിയുടെ സുഹൃത്തിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിക്കുന്നത് യുവതിയിൽ നിന്നാണ്. പല്ലുവേലി സ്കൂളിന് സമീപത്തുള്ള സുഹൃത്തിന്റെ വീടിനടുത്തായി കുഞ്ഞിനെ കുഴിച്ചുമൂടിയതായാണ് വിവരം.

കഴിഞ്ഞ മാസം 25ന് ആണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാർജ് ചെയ്തെങ്കിലും പണമില്ലാത്തതിനാൽ അന്നു പോയില്ല. പിന്നീട് 31നാണ് ആശുപത്രി വിട്ടത്. യുവതി പ്രസവത്തിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഭർത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാൻ മറ്റൊരാളെയാണ് നിർത്തിയിരുന്നതെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെക്കൂടി വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി പറഞ്ഞതായി ആശാപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

പരാതിക്കാരി സാധാരണക്കാരിയല്ല, മറ്റൊരു മുഖമുണ്ട്,സിദ്ദിഖ്

കൊച്ചി. കോടതിയില്‍ സിദ്ദിഖിന്‍റെ വാദമുഖങ്ങള്‍ ഇങ്ങനെ. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതി.പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല.സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം.ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ധീഖ്.സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം.പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്

സൂക്ഷമമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി.മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെത്താണ് നടിയുടെ വാദം.എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ല.പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യം.പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ബോധ്യപ്പെടുത്താനായില്ല.നടി മാധ്യമങ്ങളിലൂടെ നടത്തുന്നത് വ്യാജ പ്രചാരണമെന്നും സിദ്ധീഖ്

സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലെന്ന് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിയേറ്റര്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറി എന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായതിനാല്‍ ഇപ്പോള്‍ ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് യുവനടി പരാതി നല്‍കിയിട്ടുള്ളത്. സിദ്ദിഖിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും. സിദ്ദിഖിന് വേണ്ടി അഡ്വ. രാമന്‍പിള്ള ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

‘റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നു, പങ്കെടുക്കുന്നത് നിരവധി പെണ്‍കുട്ടികള്‍’: ആരോപണവുമായി ഗായിക സുചിത്ര

നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്ത്. റിമയുടെ കരിയര്‍ തകര്‍ന്നത് ലഹരി ഉപയോഗമാണെന്നും നടി വീട്ടില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്നും ഗായിക ആരോപിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്.
ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയര്‍ തകര്‍ന്നത്. പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്‌ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെണ്‍കുട്ടികള്‍ക്ക് റിമ അത് ആദ്യം നല്‍കി.
ഇവരുടെ പാര്‍ട്ടികളില്‍ എത്രയെത്ര പെണ്‍കുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്. റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവര്‍ പറയാറുണ്ട്. സുചിത്ര പറഞ്ഞു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.
ഇത്രയും പരസ്യമായി ഒരാള്‍ നടിയെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതെന്നും ചോദ്യം ഉയരുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിമ ഇത്തരം പാര്‍ട്ടികള്‍ നടത്തിയെന്നതരത്തില്‍ ആരോപണങ്ങളോ പരാതിയോ ഇതുവരേയും പോലീസിനോ അന്വേഷണ സംഘത്തിനോ ലഭിച്ചിട്ടില്ല.

അസ്ന ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; തെലങ്കാനയ്ക്ക് മുകളിൽ തീവ്ര ന്യൂനമർദം

ഹൈദരാബാദ്: അറബിക്കടലിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്ന അസ്ന ചുഴലിക്കാറ്റ് തീവ്രന്യൂനമർദമായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, വിദർഭയ്ക്കും തെലുങ്കാനയ്ക്കും മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ചൊവ്വാഴ്ച്ചയോടെ ന്യൂനമർദമായി ശക്തി കുറയുമെന്ന് കരുതുന്നു.

ഗുജറാത്തിനു പിന്നാലെ തെലങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്നത്. തെലങ്കാനയിൽ 13,000 ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നാഷനൽ ഹൈവേ വെള്ളത്തിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം ട്രെയിനുകൾ നിർത്തലാക്കി. തുടർന്ന് വിജയവാഡ റെയിൽവേ സ്റ്റേഷനിലും മറ്റുമായി നിരവധി യാത്രക്കാർ കുടുങ്ങി. 110 സ്പീഡ് ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

വിഞ്ചിപേട്ട്, ആർആർ പേട്ട്, ഭവാനിപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ വീടിന്റെ മുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടുമിക്ക നദികളും നിറഞ്ഞൊഴുകുകയാണ്.

കേരളത്തിൽ എല്ലാ ജില്ലകളിലും തിങ്കളാഴ്ച ഇടവേളകളോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓണാട്ടുകര പ്രതിഭാ പുരസ്കാരം വി രഘുത്തമന്

കരുനാഗപ്പള്ളി. ക്ലാപ്പന ഇഎംഎസ് ലൈബ്രറി ഏർപ്പെടുത്തിയ ഈ വർഷത്തെ ഓണാട്ടുകര പ്രതിഭാ പുരസ്കാര സമർപ്പണവും തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തവണത്തെ ഓണാട്ടുകര പ്രതിഭാ പുരസ്കാരം കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി രഘുത്തമന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അധ്യാപനത്തോടൊപ്പം കാർഷിക വൃത്തിയും സ്വന്തം ആലയിൽ നിന്നും പണിയായുധങ്ങൾ നിർമ്മിച്ചെടുക്കുന്നതിലും കാലി വളർത്തൽ, നാടൻ കൃഷി രീതികളുടെ പ്രചാരണം എന്നിവയിലും വേറിട്ട മാതൃകകൾ സൃഷ്ടിച്ച അധ്യാപകനാണ് വി രഘുത്തമൻ എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഓണാട്ടുകരയുടെ വിപ്ലവകാരി തോപ്പിൽഭാസിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് “പൊന്നരിവാളമ്പിളിയിൽ കണ്ണെറിഞ്ഞ നൂറു വർഷങ്ങൾ ” എന്ന പേരിൽ സെപ്റ്റംബർ 17ന് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. തോപ്പിൽഭാസിയുടെ മക്കളായ സോമനും, മാലയും വിശിഷ്ട അതിഥികളായി പങ്കെടുക്കും. തുടർന്ന് കെപിഎസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിൻ്റെ അവതരണവും ഉണ്ടാകും.

എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പൊലീസ് കള്ളക്കഥ ചമച്ചു, പിവി അൻവർ

മലപ്പുറം. എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ പൊലീസ് കള്ളക്കഥ ചമച്ചു എന്ന് പിവി അൻവർ ആരോപിച്ചു. 2023 ഏപ്രിൽ 22 ന് ആണ് സംഭവം നടക്കുന്നത്.കേസിൽ ഇതുവരെ നടന്ന നീക്കങ്ങള്‍ഇങ്ങനെ

2023 ഏപ്രിൽ 22 ന് പെരുന്നാൾ ദിനം ആണ് എടവണ്ണ സ്വദേശി അറയിലകത്ത് റിദാൻ ബാസിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ പുലിക്കുന്ന് മലയിൽ രാവിലെ എട്ട് മണിയോടെയാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടത്.ഏപ്രിൽ 24 ന് കേസിൽ ഒന്നാം പ്രതി റിദാന്റെ സുഹൃത് കൊളപ്പാടൻ മുഹമ്മദ് ഷാനെ പൊലീസ് അറസ്റ്റ് ചെയ്തു.പിന്നാലെ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ഇബ്നു റൗഫ് ,തിരുവാലി സ്വദേശി പുളിയക്കോടൻ അനസ് ,മുഹമ്മദ് നിസാം ,നിസാമിന്റെ ഭാര്യ ഫെമീ ,മുഹമ്മദ് ഷാന് തോക്ക് നൽകിയ യുപി സ്വദേശി ഖുർഷിദ് ആലം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മമ്പാട് സ്വദേശി വ്യവസായിയുടെ ബിസിനസ് നോക്കി നടത്തിയിരുന്നത് മുഹമ്മദ് ഷാൻ ആയിരുന്നു.ഷാനെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചു വിട്ടു.ജോലി പോകാൻ കാരണം റിദാൻ ആണെന്ന സംശയത്തിന്റെ പേരിൽ ആണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.
ഏപ്രിൽ 21 ന് രാത്രി 9 മണിക്ക് ഷാൻ റിദാനെ ബൈക്കിൽ കയറ്റി കൊണ്ട് പോയി വെടി വെച്ച് കൊലപ്പെടുത്തി എന്നുമാണ് പൊലീസ് വാദം.ഇതെല്ലാം പോലീസ് കള്ള കഥ ചമച്ചതാണ് എന്നാണ് പിവി അൻവറിന്റെ ആരോപണം.

കരിപ്പൂരിലെ സ്വർണകടത്തുമായി റിദാൻ ബാസിലിന് ബന്ധം ഉണ്ട്.സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിദാൻ ബാസിലിന് അറിയാം.ഇതാണ് കൊലക്ക് കാരണം. കൊലപാതകത്തിൽ എഡിജിപി അജിത്കുമാറിനും ,മുൻ എസ്പി സുജിത് ദാസിനും പങ്കുണ്ട് എന്നും അൻവർ പറയുന്നു.മുഹമ്മദ് ഷാനുമായു റിദാന്റെ ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സമ്മതിക്കാൻ പൊലീസ് ഇരുവരെയും ക്രൂരമായി മർദിച്ചു എന്ന് പിവി അൻവർ ആരോപിച്ചു.
സ്വർണക്കടത്തിന്റെ വിവരങ്ങൾ അടങ്ങിയ റിദാന്റെ മെബൈൽ ഫോണുകളും പൊലീസ് നശിപ്പിച്ചു ,എന്നാൽ പ്രതികൾ ഫോൺ പുഴയിൽ എറിഞ്ഞു എന്നാണ് പൊലീസ് പറഞ്ഞത് എന്നും അൻവർ ആരോപിച്ചു

സ്വർണ വിലയിൽ വീണ്ടും ഇടിവ്; 4 ദിവസത്തിനിടെ കുറഞ്ഞത് 360 രൂപ, വെള്ളിയിലും ആശ്വാസം

സ്വർണാഭരണ പ്രിയർക്ക് ആശ്വാസം പകർന്ന് വില താഴേക്ക്. ഇന്ന് കേരളത്തിൽ ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 6,670 രൂപയായി. 200 രൂപ താഴ്ന്ന് 53,360 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 360 രൂപ കുറഞ്ഞു; ഗ്രാമിന് 45 രൂപയും. രാജ്യാന്തര വിലയിലെ ട്രെൻഡാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,510-2,527 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില, ഇപ്പോഴുള്ളത് 2,496 ഡോളറിൽ. ഒരുവേള വില 2,491 ഡോളറിലേക്ക് ഇടിയുകയും ചെയ്തിരുന്നു.

18 കാരറ്റും വെള്ളിയും

കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,530 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വില വ്യത്യാസമുള്ളതിനാൽ സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.

വെള്ളി വിലയും ഗ്രാമിന് ഒരു രൂപ താഴ്ന്ന് 90 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കുറവ് നേരിയ ആശ്വാസമാണ്.

എന്തുകൊണ്ട് സ്വർണ വില കുറയുന്നു?

സ്വർണ വിലയെ നിലവിൽ ഏതാനും ആഴ്ചകളായി സ്വാധീനിക്കുന്നത് അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ്. മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധ സാഹചര്യമില്ലെന്നത് സ്വർണ വിലയിലെ കുതിപ്പിന് തടയിട്ടിട്ടുണ്ട്.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ഇളവ് ഉണ്ടായേക്കില്ലെന്നാണ് നിലവിലെ സൂചനകൾ. നേരത്തേ പ്രധാനമായും പണപ്പെരുപ്പം പരിഗണിച്ചാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ തൊഴിൽ കണക്കുകളിലേക്ക് ഫോക്കസ് മാറ്റിയതാണ് കാരണം. പണപ്പെരുപ്പം ആശ്വാസതലത്തിലാണ്. അതേസമയം, തൊഴിൽ കണക്ക് ആശാവഹവുമല്ല.

പലിശനിരക്കിൽ 0.50% വരെ ഇളവാണ് പലരും ആദ്യം പ്രതീക്ഷിച്ചത്. ഇപ്പോൾ പ്രതീക്ഷ 0.25%. ഇതോടെ ഡോളറിന്റെ മൂല്യവും അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡും) ഉണർവിലായതാണ് സ്വർണ വിലയെ പിന്നോട്ട് നയിക്കുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 0.02% ഉയർന്ന് 101.72 ആയിട്ടുണ്ട്. 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 0.003% കയറി 3.911 ശതമാനവുമായി.

അതായത് യുദ്ധം, കുറഞ്ഞ പലിശനിരക്ക് തുടങ്ങിയ സാഹചര്യങ്ങളിൽ മികച്ച ആദായം കിട്ടുന്ന നിക്ഷേപമാണെന്ന പെരുമ തൽകാലം സ്വർണത്തിനിപ്പോൾ നഷ്ടമായി. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് സൃഷ്ടിക്കുന്നതും വിലയിടിവിന് കാരണമാകുന്നു. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് താഴ്ത്തുമ്പേഴേക്കും വില വർധിക്കാനുള്ള സാധ്യതയും നിരീക്ഷകർ തള്ളുന്നില്ല. അതായത്, വരുംദിവസങ്ങളിലും സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

വിവാഹ പാർട്ടികൾക്ക് നല്ല അവസരം

ചിങ്ങമാസം വിവാഹ സീസൺ കൂടിയാണ്. വൻതോതിൽ സ്വർണാഭരണങ്ങൾ വിവാഹാവശ്യത്തിനും മറ്റും വാങ്ങാനുദ്ദേശിക്കുന്നവർ‌ക്ക് വിലക്കുറവ് പ്രയോജനപ്പെടുത്താം. മുൻകൂർ ബുക്കിങ്ങിലൂടെയാണിത്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം മുൻകൂർ അടച്ചാണ് ബുക്ക് ചെയ്യാനാകുക. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.

അതായത്, ബുക്ക് ചെയ്ത ശേഷം വില കൂടിയാലും ഉപയോക്താവിനെ ബാധിക്കില്ല. അഥവാ വാങ്ങുന്ന ദിവസത്തെ വില ബുക്ക് ചെയ്ത ദിവസത്തേക്കാൾ കുറഞ്ഞു എന്നിരിക്കട്ടെ, ആ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വർണാഭരണം കിട്ടും. ഒട്ടുമിക്ക പ്രമുഖ ജുവലറി ഗ്രൂപ്പുകളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നൊരു പവൻ ആഭരണ വില

ഇന്ന് പവന് വില 53,360 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും നൽകിയാലേ ഒരു പവൻ ആഭരണം കിട്ടൂ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ഇന്ന് നികുതികളും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽ 57,764 രൂപ കൊടുത്താൽ ഒരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,220.5 രൂപ.

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ തുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം. സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ തുടങ്ങുമെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകും.
വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.