24.2 C
Kollam
Wednesday 24th December, 2025 | 12:54:49 AM
Home Blog Page 2243

ഓണത്തിനോട് അനുബന്ധിച്ച് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ എൻഎസ്എസ് സ്വയംസഹായ സംഘങ്ങൾക്ക് മൂന്നു കോടി രൂപ അനുവദിച്ചു

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ള വിവിധ കരയോഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ 30 സ്വയംസഹായ സംഘങ്ങൾക്കായി 3 കോടി രൂപ വായ്പ അനുവദിച്ചു.നായർ സർവീസ് സൊസൈറ്റിയും ധനലക്ഷ്മി ബാങ്കും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ശുപാർശ പ്രകാരം തഴവാ ധനലക്ഷ്മി ബാങ്കിൽ നിന്നാണ് വായ്പ അനുവദിച്ചിട്ടുള്ളത്.30 സ്വയoസഹായ സംഘങ്ങളിൽപ്പെട്ട 300 വനിതകൾക്കാണ് ഒരു ലക്ഷം രൂപ വീതം ഈടോ ജാമ്യമോ ഇല്ലാതെ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കുന്നത്.മൂന്നുവർഷം കൊണ്ട് തിരിച്ചടയ്ക്കത്തക്ക തവണകളായാണ് തുക
നൽകുന്നത്.ഓണത്തിനോട് അനുബന്ധിച്ച് വനിതകൾ നടത്തിവരുന്ന സംരംഭങ്ങളുടെ നില മെച്ചപ്പെടുത്തി കൂടുതൽ വരുമാനമുണ്ടാക്കി സാമ്പത്തിക ഭദ്രത കൈവരിക്കുന്നത് ലക്ഷ്യമിട്ടാണ് തുക ചെലവഴിക്കുന്നത്.വായ്പ വിതരണ ഉദ്ഘാടനം എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വി.ആർ.കെ ബാബു നിർവഹിച്ചു.ചടങ്ങിൽ ധനലക്ഷ്മി ബാങ്ക് തഴവ ശാഖാ മാനേജർ അനൂപ് നായർ,യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻ പിള്ള,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്ര കുറുപ്പ്, എംഎസ്എസ്എസ് ട്രഷറർ സി.സുരേന്ദ്രൻ പിള്ള,യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എം.എസ്.എസ്.എസ് മേഖലാ കോർഡിനേറ്റേഴ്സ്, ഓഫീസ് സ്റ്റാഫുകൾ വായ്പ്പയ്ക്ക് അർഹത നേടിയ കരയോഗം ഭാരവാഹികൾ, സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കുന്നത്തൂർ:കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഐവർകാല സർക്കാർ ആയൂർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവുണ്ട്.ഗവ/ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്.സി എംഎൽറ്റി/ഡിഎംഎൽറ്റി യോഗ്യത
നേടിയിട്ടുള്ളവർ 9ന് രാവിലെ 10ന് ആയൂർവേദ ആശുപത്രിയിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

മുഖ്യമന്ത്രി രാജി വെയ്ക്കുകകോൺഗ്രസ്സ് സെക്രട്ടറിയേറ്റ് മാർച്ച് നാളെ

ശാസ്താംകോട്ട: അധോലോക നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി നാളെ നടത്തുന്നസെക്രട്ടറിയേറ്റ് മാർച്ചിൽ 250 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു. കല്ലട ഗിരീഷ്, പി.എം. സെയ്ദ് , വർഗ്ഗീസ്തരകൻ, എം.വൈ. നിസാർ , കടപുഴ മാധവൻ പിള്ള, ഷിബു മൺറോ , മഠത്തിൽ .ഐ.സുബയർ കുട്ടി, ജോൺ പോൾ സ്റ്റഫ്, വൈ. നജിം, തടത്തിൽ സലിം,കെ. സോമൻ പിള്ള ,ഷാജി ചിറക്കുമേൽ , ടി.ജി.എസ് തരകൻ, അബ്ദുൽ സലാം പോരുവഴി , റഷീദ് ശാസ്താംകോട്ട, റോയി മുതുപിലാക്കാട്, ഗീവർഗ്ഗീസ്,
കെ.പി. അൻസർ, എൻ.ശിവാനന്ദൻ,
പി.ആർ. ബിജു ,എം.എസ്. വിനോദ്, ഹാഷിം സുലൈമാൻ ,എസ്. ബീന കുമാരി , ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു

കാര്‍പൂളിംഗ് ആപ്പ് വഴി കാറില്‍ ഒരുമിച്ച് യാത്ര, അന്ത്യയാത്രയായി

ന്യൂഡല്‍ഹി. ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തിന്‍റെ വിവരങ്ങള്‍ വെളിവായി. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്‌ബോഴാണ് അപകടം ഉണ്ടായത്.

ടെക്സാസിലാണ് അപകടം. വെള്ളിയാഴ്ച അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം വെന്തുമരിക്കുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന എസ്യുവിയില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കുകയാണ് അധികൃതര്‍.

ആര്യന്‍ രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യന്‍ രഘുനാഷും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന്‍ ബെന്റണ്‍വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്‍ള. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദര്‍ശിനി വാസുദേവന്‍ ബെന്റണ്‍വില്ലിലുള്ള അമ്മാവനെ കാണാന്‍ പോകുകയായിരുന്നു. അവര്‍ ഒരു കാര്‍പൂളിംഗ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന്‍ രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി വാസുദേവന്‍ തമിഴ്നാട് സ്വദേശിയാണ്.

കോയമ്ബത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ‘യുവാക്കളുടെ മാതാപിതാക്കള്‍ മെയ് മാസത്തില്‍ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനത്തിനായി യുഎസില്‍ ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, അവര്‍ മകനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം കൂടി യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്യന്‍ പറഞ്ഞു. വിധി ഇങ്ങനെയാണ് സംഭവിച്ചത്.’ -ബന്ധു പറഞ്ഞു.

ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നടപ്പാക്കി ഏകാധിപതി കിം ജോങ് ഉന്‍

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഏകാധിപതി കിം ജോങ് ഉന്‍.

ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയില്‍ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കനത്ത മഴയും ഉരുള്‍പ്പൊട്ടലും ചാങ്ഗാങ് പ്രവിശ്യയില്‍ കനത്ത നാശം വിതയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതെന്ന് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതി, കൃത്യനിര്‍വഹത്തില്‍ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സിന്‍ജുവില്‍ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിര്‍ദേശം പുറത്തുവന്നത്.

വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ 20-30 ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതല്‍ ചാങ്ഗാങ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടിക്ക് വിധേയരായവരില്‍ ഉള്‍പ്പെടുന്നതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം 4,000ത്തോളം കുടുംബങ്ങളെ ബാധിച്ചിരുന്നു. 15,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ക്കാണ് വീടും മറ്റ് സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.

ഇതിനു പിന്നാലെ കിം ജോങ് ഉന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മാസങ്ങളെടുക്കുമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. അമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, പരിക്കേറ്റ സൈനികര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 15,400 പേര്‍ക്ക് പ്യോങ്യാങ്ങില്‍ സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു.

ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന താനും പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണന്ന് ധ്യാന്‍ ശ്രീനിവാസന്‍;

കൊച്ചി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ വിവാദം പുകയുകയാണ്.

നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് എന്ന പരാമർശത്തില്‍ ഇപ്പോള്‍ തന്റെ അഭിപ്രായം പറയുകയാണ് ധ്യാൻ. ഒരു ഉദ്ഘാടന വേദിയില്‍ ഇത് സംബന്ധിച്ച്‌ ധ്യാന്‍ പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു പവര്‍ ഗ്രൂപ്പിനെ സംബന്ധിച്ച്‌ പറയുന്നുണ്ട്. കേട്ടിട്ടില്ല, അങ്ങനെ പറയുമ്പോ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്യുന്ന ഞാനല്ലെ പവര്‍ ഗ്രൂപ്പ്. ആ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഞാന്‍. സിനിമ ഇപ്പോഴല്ലെ ചെയ്യാന്‍ പറ്റൂ, കിട്ടുമ്പോള്‍ ചെയ്യുക” ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ധ്യാന്‍ പറയുന്നത്. ധ്യാനിന്‍റെ പരാമര്‍ശത്തിന് ആളുകള്‍ ചിരിക്കുന്നതും കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

അതേ സമയം ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് നിര്‍മ്മാതാക്കള്‍. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രമായ ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുറത്തിറങ്ങുക.

ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ, രാഹുല്‍ ജി എന്നിവർ ചേർന്ന് രചിച്ച്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലൻ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്.

കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി . കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ആഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു

ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം. ബസ്സിന്റെ ചില്ല് പൊട്ടി വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു നിർമ്മാണം നടക്കുന്ന ദേശീയപാത 66 ൽ പള്ളിപ്പുറം ഡിജിറ്റൽ സർവകലാശാലയ്ക്ക് മുൻപിൽ അപകടം.സംഭവത്തിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദമായ അന്വേഷണം നടത്തണം

ബസ്സിൽ ഉണ്ടായിരുന്ന സഹപാഠികളുടേയും അപകടം പറ്റിയ കുട്ടികളുടെയും മൊഴികൾ രേഖപ്പെടുത്തണം.ബസ്സിന്റെ പിൻഭാഗത്ത് സുരക്ഷയ്ക്കായി വയ്ക്കാറുള്ള ഇരുമ്പ് കമ്പി ഉണ്ടായിരുന്നില്ല എന്ന പരാതി അന്വേഷിക്കണം.റോഡിലെ കുഴി നികത്താത്തതും, അറ്റകുറ്റപ്പണിയും സംബന്ധിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ നിയോഗിക്കുന്ന അസിസ്റ്റൻറ് എൻജിനീയറും അന്വേഷണം നടത്തണം.

പി ശശിക്കെതിരെ പി വി അൻവർ നൽകിയ പരാതി സിപിഎം അന്വേഷിക്കും

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ നൽകിയ പരാതി സിപിഐഎം അന്വേഷിക്കും.സംസ്ഥാന സെക്രട്ടറിയേറ്റ് പരാതി ചർച്ച ചെയ്യാനാണ് തീരുമാനം.
പരാതി ഗൗരവത്തിൽ പരിഗണിക്കാനാണ് നേതൃത്വത്തിലെ ധാരണ.സമ്മേളനകാലയളവിലെ
തിരുത്തൽ നടപടികൾക്ക് അൻവറിന്റെ പരാതി കാരണമാകുമോ എന്നതാണ് നിർണ്ണായകം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്നതാണ് പി.വി അൻവറിൻ്റെ പരാതിയിലെ പ്രധാന ആരോപണം. ഈ പരാതി ഏറെക്കാലമായി സിപിഐഎമ്മിൽ
തന്നെ പുകയുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് നൽകിയ പരാതിയിൽ ഇതു മാത്രമല്ല
പി ശശിക്കെതിരെ പി വി അൻവർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ.അൻവറിന്റെ പരാതി സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചർച്ച ചെയ്യും.പരാതികൾ അന്വേഷിക്കാൻ നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്.
എന്ത് അന്വേഷണം വേണമെന്ന് സെക്രട്ടറിയേറ്റ് തീരുമാനിക്കും.അതേ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയമില്ലെന്നാണ് പി ശശി ദി.വീക്കിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്.സർവാധികാരി മനോഭാവം തനിക്കില്ലെന്നും പി.ശശി പറയുന്നു.
കുറ്റം ആരോപിച്ചത് കൊണ്ട് മാത്രം കുറ്റവാളി ആകില്ലെന്നും കുറ്റം തെളിഞ്ഞാൽ കർശന നടപടിയെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണന്റെ പ്രതികരണം.

സംസ്ഥാന സെക്രട്ടറിയേറ്റിൽ നിർണ്ണായകമായ പല നീക്കങ്ങളുമുണ്ടാകും.പി.ശശിക്കെതിരെ വീണു കിട്ടിയ ആയുധം എങ്ങനെയൊക്കെ സിപിഐഎമ്മിനുള്ളിൽ ഉപയോഗിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന പി ശശിയോട് വിശദീകരണമെങ്കിലും ചോദിച്ചാൽ അത് മുഖ്യമന്ത്രിയെ ഓഡിറ്റ് ചെയ്യപ്പെടുന്നതിനു തുല്യമാകും.അൻവറിന്റെ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം പ്രഹസ്വനമാണെന്നു പോലും അഭിപ്രായമുള്ളവർ സിപിഐഎമ്മിലുണ്ട്.സമ്മേളന കാലയളവായതുകൊണ്ട് പി.വി അൻവർ ഉന്നയിച്ച പരാതി സിപിഐഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും

മുഖ്യമന്ത്രിയുടെ രാജി ആവശ്യം കടുപ്പിച്ച് കോൺഗ്രസ്,മറ്റന്നാൾ സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യം കടുപ്പിച്ച് കോൺഗ്രസ്. മറ്റന്നാൾ കെപിസിസി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച്.സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കും.സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും മാർച്ചിന്റെ ഭാഗമാകും.മാർച്ചിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കുമെന്ന് കെപിസിസി

നാളെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാർച്ചും തീരുമാനിച്ചിട്ടുണ്ട്