Home Blog Page 2190

സമുദ്രതീരങ്ങളില്‍ ശുചീകരണം നാളെ

കൊല്ലം: രാജ്യാന്തര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴു മുതല്‍ 10വരെ പരിസ്ഥിതി സംരക്ഷണസമിതി സമുദ്രതീരങ്ങളില്‍ ശുചീകരണം നടത്തും. കൊല്ലം ബീച്ചില്‍ ജില്ലാ കളക്ടര്‍ എന്‍., ദേവിദാസ് ഉദ്ഘാടനം ചെയ്യും. സണ്‍ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കേണല്‍ എസ്. ഡിന്നി, പ്രശസ്ത ശാസ്ത്രജ്ഞന്‍ സൈനുദ്ദീന്‍ പട്ടാഴി തുടങ്ങിയവര്‍ പങ്കെടുക്കും. പരവൂര്‍ മുതല്‍ ആലപ്പാട് വരെ വിവിധ കേന്ദ്രങ്ങളിലാണ് ശുചീകരണം നടത്തുക.

എംപോക്‌സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്

കൊല്ലം: എംപോക്സ് ബാധയ്ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വായുവിലൂടെ പകരുന്ന രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗികബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗവ്യാപന സാധ്യതയുണ്ട്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

കൂത്തമ്പലത്തിന് പുറത്ത് ചാക്യാര്‍കൂത്ത്; 75-ാം വാര്‍ഷികം നാളെ

കൊല്ലം: കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാര്‍കൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാര്‍ഷികം നാളെ ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിലും സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ആഡിറ്റോറിയത്തിലുമായി നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാംസ്‌കാരിക വകുപ്പ്, കേരള കലാമണ്ഡലം, ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠം, പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം നേതൃത്വത്തിലാണ് ചടങ്ങുകള്‍. മുടപ്പിലാപ്പിള്ളി മഠത്തില്‍ രാവിലെ 9ന് ഫോട്ടോ അനാഛാദനം. തുടര്‍ന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം പ്രകാശിപ്പിക്കും.
9.30ന് ചാക്യാര്‍കൂത്ത്, 10ന് ക്ഷേത്രഓഡിറ്റോറിയത്തില്‍ പൈങ്കുളം രാമചാക്യാര്‍ അനുസ്മരണ സെമിനാര്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പൈങ്കുളം രാമചാക്യാര്‍ സ്മാരക കലാപീഠം പ്രസിഡന്റ് ഡോ.സി.എം. നീലകണ്ഠന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ മുഖ്യാതിഥിയാകും.
കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.വി. നാരായണന്‍, കലാമണ്ഡലം മുന്‍ റജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രഫ. ഡോ.ദേവി കെ.വര്‍മ, തന്ത്രി ഡോ.മുടപ്പിലാപ്പിള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സെമിനാറുകള്‍ നയിക്കും.
വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാലും വാര്‍ഷികാഘോഷം കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചീഫ്‌വിപ് ഡോ.എന്‍. ജയരാജ് ചരിത്ര സ്മാരകം അനാഛാദനം ചെയ്യും. പി.സി. വിഷ്ണുനാഥ് എംഎല്‍എ, കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ബി.അനന്തകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡോ.ബി. അനന്തകൃഷ്ണന്‍, വി.എന്‍. ഭട്ടതിരി, എന്‍.എം. വാസുദേവ ഭട്ടതിരി, കേശവരു ഭട്ടതിരി എന്നിവരെ മന്ത്രി ആദരിക്കും. 6.30ന് കലാമണ്ഡലം അവതരിപ്പിക്കുന്ന ഭഗവദജ്ജുകം കൂടിയാട്ടം.
സംഘാടക സമിതി ഭാരവാഹികളായ വി.എന്‍. ഭട്ടതിരി, എന്‍.എം. വാസുദേവരു ഭട്ടതിരി, പി.ഗോപിനാഥന്‍പിള്ള, ജെ.രാമാനുജന്‍, പൈങ്കുളം നാരായണ ചാക്യാര്‍, കെ പ്രദീപ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുന്നത്തൂര്‍ താലൂക്ക് വിപുലീകരണം; സബ്മിഷന്‍ ഉന്നയിക്കുമെന്ന് എംഎല്‍എ

കൊല്ലം: കുന്നത്തൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകള്‍ കൂടി ഉള്‍പ്പെടുത്തി കുന്നത്തൂര്‍ താലൂക്ക് പരിധി നിര്‍ണയിക്കുന്നതു സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
ഇതിനു മുന്‍പ് മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും മുന്നില്‍ വിഷയം അവതരിപ്പിക്കും. റവന്യു മന്ത്രിക്കു മുന്‍പാകെ നേരത്തെ ഈ വിഷയം ഉന്നയിച്ചതാണെന്നും ചില സാങ്കേതിക തടസ്സങ്ങളാണ് താലൂക്ക് വിപുലീകരണത്തിന് തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പവിത്രേശ്വരം, പുത്തൂര്‍ വില്ലേജുകള്‍ നിലവില്‍ കൊട്ടാരക്കര താലൂക്കിന്റെയും മണ്‍റോതുരുത്ത്, കിഴക്കേകല്ലട വില്ലേജുകള്‍ കൊല്ലം താലൂക്കിലുമാണ് ഉള്‍പ്പെടുന്നത്. ഒറ്റതാലൂക്ക് ആയാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണ മഹോത്സവം ഒക്‌ടോബര്‍ 12ന്

ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണ മഹോത്സവം ഒക്‌ടോബര്‍ 12ന് നടക്കും. ക്ഷേത്രത്തിന്റെ വിവിധ കരകളില്‍ നിന്ന് കാളകെട്ട് സംഘങ്ങള്‍ നന്ദികേശന്മാരെ ക്ഷേത്രത്തില്‍ എത്തിക്കുന്നതിനും ക്രമനമ്പര്‍ ലഭിക്കുന്നതിനും ക്ഷേത്ര ഭരണ സമിതിയില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഫോം 23 മുതല്‍ 30 വരെ ലഭിക്കും. അവസാന തീയതി 30. റജിസ്ട്രേഷന്‍ ഫീസ് 100 രൂപ.

മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍; വാട്‌സാപ്പില്‍ പരാതി അറിയിക്കാം

കൊല്ലം: മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതും സംബന്ധിച്ച പരാതികള്‍ 9466700800 എന്ന വാട്‌സാപ്പ് നമ്പരില്‍ നല്കാം. പദ്ധതി പ്രഖ്യാപനം സ്വച്ഛത ഹി സേവാ സംസ്ഥാനതല ഉദ്ഘടനത്തോട് അനുബന്ധിച്ച് കൊല്ലം കോര്‍പറേഷനില്‍ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് എവിടെ നിന്നും വാട്‌സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയത്.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടര്‍ന്ന് ലൊക്കേഷന്‍ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ലഭ്യമാക്കും മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴതുകയുടെ 25 ശതമാനം (പരമാവധി 2500രൂപ) പാരിതോഷികം ലഭിക്കും.
ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്‌സാപ്പ് നമ്പറുകള്‍ ആണ് നിലവില്‍ ഉണ്ടായിരുന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നമ്പറുകള്‍ മനസ്സിലാക്കി പരാതികള്‍ അറിയിക്കുക എന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്.

“മിന്നും താരങ്ങള്‍”, ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്..



മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ ഹിറ്റ് സിനിമകളിലും അശ്വിൻ ആര്യൻ പ്രവർത്തിച്ചിട്ടുണ്ട്.  ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു ഗാനമാണ് സംഗീതസംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.

പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് –  ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – ടെൻ ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്.

പ്രതികളായ അജ്മലും ശ്രീക്കുട്ടിയും എം ഡി എം എ ഉപയോഗിച്ചിരുന്നെന്ന് പ്രോസിക്യൂഷന്‍,പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ശാസ്താംകോട്ട. മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളെ പ്രതികളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികള്‍ എം എ ഡി എം എ ഉപയോഗിച്ചതായി തെളിഞ്ഞു. ഇരുവരും ലഹരിയ്ക്ക് അടിമയെന്ന് പ്രോസിക്യുഷൻ. മെഡിക്കൽ പരിശോധന യിൽ എം എ ഡി എം എ ഉപയോഗിച്ചതായി തെളിഞ്ഞു. ചോദ്യം ചെയ്യുമ്പോൾ പ്രതികളുടെ മൊഴികൾ പരസ്പര വിരുദ്ധം

.3 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ഡോക്ടർ ശ്രീക്കുട്ടിയെ എന്തിനാണ് കസ്റ്റഡിയിൽ വിടുന്നതെന്ന് ശ്രീക്കുട്ടിയുടെ അഭിഭാഷകൻ ചോദിച്ചു. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർ ശ്രീക്കുട്ടിയെ പ്രതിയാക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകൻ

എം ഡി എം എ ഉപയോഗിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഡോക്ടർ എന്ന് പറയുന്ന പരിഗണന ശ്രീക്കുട്ടി അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ.

ഡോ.ശ്രീക്കുട്ടിയുടെ നിർദ്ദേശപ്രകാരമാണ് കാർ അജ്മൽ മുന്നോട്ട് എടുത്തത്.
ലഹരിയുടെ ഉറവിടം കണ്ടെത്താൻ ഡോക്ടറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ
പ്രതികളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

സ്ത്രീ എന്നും പുരുഷന് അടിമയായിരിക്കണം എന്ന ചിന്ത മാറണം: ഡെപ്യൂട്ടി സ്പീക്കർ

അടൂർ: സ്ത്രീ എന്നും പുരുഷന് അടിമയായിരിക്കണം എന്ന ചിന്ത സമൂഹത്തിൽ നിന്ന് മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്ത്രീയെ എന്നും ഉപഭോഗവസ്തുവായി മാത്രം കരുതുന്ന സംസ്ക്കാരം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അടൂർ മണക്കാല ജെ റ്റി എസിലെ 1981 ബാച്ച് വിദ്യാർത്ഥികളുടെ സൗഹൃദ സംഗവും റ്റി.എസ് ആശാ ദേവി രചിച്ച ‘അരങ്ങിലെ സ്ത്രീ നാട്യം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കലയിലും സാഹിത്യത്തിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
അടൂർ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ പി ജയൻ പുസ്തകം ഏറ്റുവാങ്ങി. നാടക സംവിധായകനും രചയിതാവുമായ ജെയിംസ് പി.എൽ പുസ്തകം പരിചയപ്പെടുത്തി.ഫാദർ.ഫിലിപ്പോസ് ഡാനിയേൽ അധ്യക്ഷനായി.മുൻ യുഎൻ ഡയറക്ടർ ജെഎസ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. പി.എൻ. മാത്യു., ലക്ഷമി മംഗലത്ത്, സുരേഷ് ബാബു, എ കുഞ്ഞുമോൻ ബേബി ജോൺ
എന്നിവർ പ്രസംഗിച്ചു. ഗുരു വന്ദനത്തിൽ അധ്യാപകരായിരുന്ന പി എൻ മാത്യു, റ്റി.കെ.വാസവൻ, എൻ.രാജേന്ദ്രൻ നായർ എന്നിവരെ ആദരിച്ചു.റ്റി.കെ.വാസവൻ മറുപടി പ്രസംഗം നടത്തി.

ശാസ്താംകോട്ട ടൗണില്‍ ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു

ശാസ്താംകോട്ട. ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി;കമ്പി കഴുത്തിൽ തുളച്ചു കയറി
ഡ്രൈവർക്ക് ദാരുണാന്ത്യം

ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഓട്ടോയുടെ വശത്തെ കമ്പി കഴുത്തിൽ തുളച്ചു കയറി
ഡ്രൈവർ മരിച്ചു.വേങ്ങ കിണറുവിള വടക്കതിൽ സതീഷ്കുമാർ (32,കൊച്ചുവാവ) ആണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ 9 ഓടെ ആയിരുന്നു അപകടം.ആഞ്ഞിലിമൂട് ഭാഗത്തു നിന്നും ഭരണിക്കാവിലെ വർക്ക്ഷോപ്പിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.ഓട്ടോ ഉടമയുടെ പിതാവും പിറകില സീറ്റിൽ ഉണ്ടായിരുന്നു.ശാസ്താംകോട്ട ബസ് സ്റ്റോപ്പിന് സമീപം വച്ച് സതീഷ് കുമാറിന് അസ്വസ്ഥത ഉണ്ടാകുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടുകയും ചെയ്ത ശേഷമാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നത്.സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആഞ്ഞിലിമൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്.ഓട്ടത്തിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായി നിയന്ത്രണം വിട്ടതാണോ എന്നും സംശയമുണ്ട്.

സതീഷിന്‍റെ പിതാവ് രമണന്‍പിള്ള വര്‍ഷങ്ങള്‍ മുന്‍പ് കുമരംചിറ ഉല്‍സവത്തിന് പോയിവരുമ്പോള്‍ സതീഷ് ഓടിച്ച ഓട്ടോയില്‍ നിന്നും വീണ് മരിക്കുകയായിരുന്നു.