പോരുവഴി:വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയിൽ പോരുവഴി ശാസ്താംനട ജംഗ്ഷന് പടിഞ്ഞാറ് വില്ലേജ് ഓഫീസിനു സമീപം കാറും സ്കൂട്ടറും കൂട്ടിമുട്ടി രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.ശാസ്താംനട കുറുമ്പകര സ്വദേശികളായ ജഗൻ(20),കാർത്തിക്ക് (21) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ ഒരാളുടെ കാൽ ഒടിഞ്ഞുതൂങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.ഇരുവരെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു അപകടം.ശാസ്താംനടയിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങാൻ പോയ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും അടൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടി ഇടിച്ചത്..സ്കൂട്ടർ യാത്രികർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും കാർ ഭാഗികമായും തകർന്നു.
വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരാണോ നിങ്ങൾ, തീർച്ചയായും ഇതറിയണം
മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമുക്ക് അറിയാം. എന്നാൽ ദിവസം മുഴുവനുമുള്ള തിരക്കും ജോലിസമയങ്ങളിലെ മാറ്റവുമെല്ലാം ആരോഗ്യകരമായ ഉറക്കത്തിന്റെ ഷെഡ്യൂൾ പലപ്പോഴും തകിടം മറിക്കും. ഇത് ഹൃദയാരോഗ്യം മോശമാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ഒരാഴ്ച മുഴുവൻ തടസപ്പെടുന്ന ഈ ഉറക്കം പരിഹരിക്കാൻ വാരാന്ത്യത്തിൽ അൽപം കൂടുതൽ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത 19 ശതമാനം കുറയ്ക്കുമെന്ന് പഠനം. ബെയിജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുവായ് ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയോ വാസ്‌കുലർ ഡിസീസ് സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് ഗവേഷകർ വാരാന്ത്യത്തിൽ അധികം ഉറങ്ങുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി. 90,903 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരും ഉറങ്ങാത്തവരും എന്ന നിലയിൽ രണ്ട് വിഭാഗമായി തിരിച്ചായിരുന്നു പഠനം.
14 വർഷം നീണ്ട പഠനത്തിൽ വാരാന്ത്യത്തിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറവാണെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഒരു നല്ല ഉറക്കം മികച്ച മാനസിക ഗുണങ്ങളുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഉറക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
മുഖ്യമന്ത്രി കയ്യൊഴിഞ്ഞു, എൻസിപിയിൽ മന്ത്രിമാറ്റം, എകെ ശശീന്ദ്രൻ സ്ഥാനമൊഴിയും; തോമസ് കെ തോമസ് മന്ത്രിയാകും
തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയിൽ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിൽ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായത്. ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്‍റെ തീരുമാനം തോമസ് കെ. തോമസിന് അനുകൂലമായിരുന്നു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങൾ അടക്കം എല്ലാ വിഷയങ്ങളും ചർച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.
പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിമാറ്റം സംബന്ധിച്ച് ധാരണയുണ്ടായത്. ഒരാഴ്ച കാത്തിരിക്കാൻ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്‍സിപി ജില്ലാ അധ്യക്ഷൻമാരും സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിന് അനുകൂലമായാണ് നിലകൊണ്ടത്. ഇതോടെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എകെ ശശീന്ദ്രൻ യോഗത്തിൽ അറിയിച്ചു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാക്കണമെന്നാണ് എകെ ശശീന്ദ്രന്‍റെ ആവശ്യം.
അതേസമയം, മന്ത്രി മാറുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ രാവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയും വിളിപ്പിച്ചാണ് ഇന്ന് ചര്‍ച്ച നടന്നത്. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്‍റെ ആവശ്യം.
ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.
നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
മൈനാഗപ്പളളിയിൽ പ്രതിയെ എത്തിച്ചു, ജനരോക്ഷം ഇരമ്പി, പൊലീസ് ജീപ്പ് വളഞ്ഞ് നാട്ടുകാർ, അജ്മലിനെ പുറത്തിറക്കിയില്ല
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ നടന്നത് നാടകീയ രംഗങ്ങൾ. അപകടം നടന്ന ആനൂർക്കാവിൽ ജനം പ്രതിക്കെതിരെ പ്രതിഷേധമുയർത്തി. ജീപ്പ് വളഞ്ഞു. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്ന് ഇറക്കിയില്ല.
അപകട ശേഷം രക്ഷപ്പെട്ട അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാർ തടഞ്ഞുവച്ച നോർത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് പ്രതി ഓടിച്ചിരുന്നത്.
ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി കസ്റ്റഡിൽ നൽകിയത്. പ്രോസിക്യൂഷൻ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികൾ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപകടമുണ്ടായതിൻ്റെ തലേ ദിവസം ഇരുവരും കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
യുവതിയുടെ ആത്മഹത്യ: കാലതാമസം കൂടാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: മരുത്തടി കന്നിമേല്‍ ചേരി സ്വദേശിനിയുടെ ആത്മഹത്യയില്‍ അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്. അലക്‌സാണ്ടര്‍ തോമസ്. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
അയിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 1073/22 നമ്പര്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ശ്രീകലയുടെ പിതാവ് കെ. ശങ്കരന്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വര്‍ക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ഡിസംബര്‍ 28 ന് വൈകിട്ട് ഇടവ കാപ്പില്‍ കണ്ണന്‍ മൂല ചന്ദ്രത്തില്‍ വീട്ടിലാണ് ശ്രീകല ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ശ്രീകല ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. മകളുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ,ആസൂത്രിത ഗൂഡാലോചന,വിവരാവകാശ അപേക്ഷ നൽകും:വിഎസ് സുനിൽകുമാർ
തൃശ്ശൂർ: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.
മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിൻറെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ല.പൊലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കയതിനു പിന്നിൽ ആരൊക്കെയന്നറിയാൻ ചീഫ് സെക്രട്ടരിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു..
യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങൾ അടക്കം അവിടെയുണ്ട്. പൂരപ്പറമ്പിൽ എം ആർ അജിത് കുമാറിൻറെ സാന്നിധ്യം കണ്ടില്ല. മൂന്ന് ഐപിഎസ് ഓഫീസർമാരെ കണ്ടു.
പൊലീസ് പറഞ്ഞിട്ടല്ല പൂരം നിർത്തിവക്കാൻ പറഞ്ഞത്.കൊച്ചിൻ ദേവസ്വം ബോർഡോ കളക്ടറേ അല്ല പൂരം നിർത്തിവെക്കാൻ പറഞ്ഞത്.മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്. വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്. എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവെക്കാൻ പറഞ്ഞത്. അതിനു കാരണക്കാരായ ആൾക്കാർ ആരൊക്കെയാണ് എന്ന് അറിയണം
ആർഎസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു. സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. രോഗികളെ കൊണ്ടുവരേണ്ട ആംബുലൻസ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു. തെരഞ്ഞെടുപ്പിനെക്കാൾ ഉപരി തൃശ്ശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു
ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതി; ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം, ശ്രുതി ആശുപത്രി വിട്ടു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ നന്നായ പരിചരിച്ചുവെന്ന് ശ്രുതി പറഞ്ഞു. മുണ്ടേരിയിലെ വീട്ടിലേക്കാണ് പോവുന്നതെന്നും ശ്രുതി പറഞ്ഞു.
ടി സിദ്ധിഖ് എംഎൽഎ സ്ഥലത്തെത്തി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും ശ്രുതിക്ക് നാളെ തന്നെ ലാപ്ടോപ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പിൻ്റെ മുഖമായി ശ്രുതിയെ മാറ്റിയെടുക്കുമെന്നും ടി സിദ്ധിഖ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി, ജാമ്യം കർശന ഉപാധികളോടെ
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴരവർഷത്തിനുശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൾസർ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കനത്ത സുരക്ഷയിലാണ് പൾസർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കർശന ഉപാധികളോടെയാണ് പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
സഹകരണ ബാങ്കിലെ വായ്പ പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ല: കുടിശ്ശിക ഉടൻ അടച്ചു തീർക്കണമെന്ന് സിപിഎംFAU
കോട്ടയം: സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പകൾ സിപിഎം പ്രവർത്തകർ തിരിച്ചടയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ രേഖ. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പണം ഉടൻ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽനിന്ന് നേതാക്കളും പ്രവർത്തകരും കോടികൾ തട്ടിയെടുക്കുന്നു എന്ന വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് സിപിഎമ്മിന്റെ സ്വയം വിമർശനം.
പാർട്ടി സഖാക്കൾ വായ്പയെടുത്ത പണം തിരിച്ചടയ്ക്കുന്നില്ലെന്ന പ്രശ്നം സഹകരണ മേഖലയിലുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്ഥിതിയാണ്. തിരിച്ചടയ്ക്കാൻ പറ്റുന്ന വായ്പകൾ മാത്രമേ സഖാക്കൾ ബാങ്കിൽ നിന്ന് എടുക്കാവൂ. വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള തുക എത്രയും വേഗം അടച്ച് തീർക്കണം. വലിയ സംഖ്യകൾ ബാങ്കിൽ നിന്നു വായ്പയായി എടുക്കുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റികളുടെ സമ്മതം വാങ്ങണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിലുണ്ട്.
ഓരോ ഏരിയയിലും സഹകരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധനാ സംവിധാനങ്ങൾ രൂപപ്പെടുത്തണം. കൃത്യമായ പരിശോധന നടത്തണം. കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിലവിൽ 47,172 കോടിരൂപയുടെ വായ്പാ കുടിശികയുണ്ടെന്നാണ് സർക്കാർ കണക്ക്. 277 സഹകരണ സംഘങ്ങളിലാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും നിക്ഷേപ തട്ടിപ്പ്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ കണ്ടെത്തിയിരിക്കുന്നത്.




































