Home Blog Page 2177

മൂന്ന് പെട്ടികളിലായി 100 കിലോ സ്വർണം, ഒരു പെട്ടിയിൽ പണം; വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ട്രിപ്പോളി: ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിൽ 100 കിലോ സ്വർണവും 15 ലക്ഷം യൂറോയും പിടികൂടി. സ്വർണക്കട്ടികൾ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്കേസുകളിലായാണ്. ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

സ്വർണം കടത്താനുള്ള ശ്രമം മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. മിശ്രാതയിൽ നിന്ന് തുർക്കിയിലേക്ക് പോവുന്ന വിമാനത്തിൻറെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.

തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള തുറമുഖ നഗരമാണ് മിശ്രാത. സ്യൂട്ട്കേസ് ഉടമകളെ അറസ്റ്റ് ചെയ്തെന്ന് അധികൃതർ അറിയിച്ചു. എവിടെ നിന്ന് എവിടേക്ക് ആർക്കു വേണ്ടി സ്വർണവും പണവും കടത്തി എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

26,000 കിലോ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയതിന് മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ മെയ് മാസത്തിൽ അറ്റോർണി ജനറൽ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഈ സ്വർണക്കടത്ത്.

സുഭദ്രയുടെ 5 ​ഗ്രാമിന്‍റെ വള വിറ്റത് മുല്ലയ്ക്കലെ സ്വർണക്കടയിൽ; തെളിവെടുപ്പ് പൂർത്തിയായതായി പൊലീസ്

ആലപ്പുഴ: ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി. സുഭദ്രയുടെ അഞ്ച് ​ഗ്രാം വരുന്ന സ്വർണവള ശർമിള ഈ കടയിലാണ് വിറ്റത്. സ്വർണം ഉരുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശർമിളെയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.

വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. കോടതി വളപ്പിൽ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശർമിളയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പറഞ്ഞത്.

മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.

ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ, ഇത് തങ്ങളെ ബാധിക്കില്ല; കൈമാറണമെന്നത് എംഎം ലോറൻസിൻ്റെ ആ​ഗ്രഹമെന്ന് മകൻ

കൊച്ചി: മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കുന്നവർ തരംതാഴുകയാണ്. കോടതിയിൽ നിന്ന് പ്രതികൂല തീരുമാനമില്ലെങ്കിൽ മൃതദേഹം കൈമാറണമെന്ന തീരുമാനവുമായി മുന്നോട്ട് പോവുമെന്നും മകൻ പ്രതികരിച്ചു.

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി ഹൈക്കോടതി അൽപ്പസമയത്തിന് ശേഷം പരിഗണിക്കും.

ഇതെല്ലാം ഒന്നുകിൽ സഹോദരി ആശ സ്വയം ചെയ്യുന്നത്, അല്ലെങ്കിൽ ഇത് ആരെങ്കിലും ചെയ്യിക്കുന്നതാണ്. ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ. ഇത് തങ്ങളെ ബാധിക്കില്ലെന്നും എംഎൽ സജീവൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനാവില്ലെന്നാണ് ആശയുടെ ഹർജി. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998 ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന എംഎം ലോറന്‍സിന്‍റെ ആത്മകഥ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയും പിന്നീട് പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയും വിശദമായി പ്രതിപാദിക്കുന്ന ആത്മകഥയില്‍ പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ വിഎസ് അച്ചുതാന്ദന്‍ ശ്രമിച്ചുവെന്ന ആരോപണം എംഎം ലോറന്‍സ് ആവര്‍ത്തിച്ചിരുന്നു.

അജാസ് ഖാന്റെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി

കോട്ടയം: എസ്എംഇ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി. രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനമായി. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. സീന, റീനു എന്നി അധ്യാപകർക്കാണ് സ്ഥലം മാറ്റം. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

ഈ മാസം രണ്ടാം തീയതിയായിരുന്നു കോട്ടയം എസ്എംഇ കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഒന്നാം വര്‍ഷ എംഎൽടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിൽ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറല്ല. അജാസ് ഖാന്റെ ആത്മഹത്യയിൽ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്നാണ് കുടംബം ആരോപിക്കുന്നത്.

പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദമല്ല, കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മകന് മാനസിക പീഡനം എൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്റെ 400 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചുള്ളു.

60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം; രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 766 ആയി

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര സർക്കാർ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകൾ ആണ് ഉണ്ടായിരുന്നത്. മോദി സർക്കാരിന്‍റെ ആദ്യ 100 ദിവസങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്.

കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളജുകളുടെ എണ്ണമെങ്കിൽ 2024-25ൽ 766 ആയി. സർക്കാർ മെഡിക്കൽ കോളജുകൾ- 423, സ്വകാര്യ മെഡിക്കൽ കോളജുകൾ- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ൽ 1,08,940 ആയിരുന്നു. 2024-25 ൽ 1,15,812 ആയി. അതായത് 6.30 ശതമാനം വർദ്ധന.

പിജി മെഡിക്കൽ സീറ്റുകൾ 2023-24ൽ 69,024 ആയിരുന്നത് 2024-25ൽ 73,111 ആയി വർദ്ധിച്ചു. 2013-14 മെഡിക്കൽ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വർഷത്തിനിടയിൽ പിജി സീറ്റുകളുടെ എണ്ണത്തിൽ 39,460 സീറ്റുകളുടെ (127 ശതമാനം വർദ്ധന) വർദ്ധനയാണുണ്ടായത്.

ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർഭംഗയുടെ കാര്യത്തിലുള്ള ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്.

2020 സെപ്റ്റംബറിലാണ് എയിംസ് ദർഭംഗ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 1,264 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്., രോഗികൾക്ക് താങ്ങാനാകുന്ന മികച്ച സൌകര്യങ്ങളോടെയുള്ള ചികിത്സ നൽകാൻ എയിംസിലൂടെ കഴിയുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഫോൺ വെള്ളത്തിൽ വീണാൽ ഉറപ്പായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

നിങ്ങളുടെ കൈയിലെ ഫോൺ വെളളത്തിൽ വീണാൽ എന്ത് ചെയ്യണം. പലരും ചോദിക്കാറുള്ള ചോദ്യമാണിത്. എല്ലാ സ്മാർട്ട് ഫോണുകളും വാട്ടർ റെസിസ്റ്റൻ്റ് ആകാണമെന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോൺ വെളളത്തിൽ വീണാൽ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ..
​ഫോൺ താഴെ വീണാൽ ആദ്യം ചെയ്യേണ്ടത് തെറ്റായ ഉപദേശങ്ങൾ പരീക്ഷിക്കാത്തിരിക്കുക എന്നുളളതാണ്.
ഫോൺ വാങ്ങുമ്പോൾ തന്നെ നിർദ്ദേശങ്ങൾ വായിക്കുക. വാട്ടർ റെസിസ്റ്റൻ്റ് ആണോ ,റിഫഡ് ചെയ്യുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഉറപ്പ് വരുത്തുക.

  • ഫോൺ വെളളത്തിൽ വീണാൽ ഉടൻ ഫോൺ എടുത്ത് തുണി ഉപയോഗിച്ച് നന്നായിട്ട് വെളളം തുടച്ചെടുക്കുക. അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. തുടർന്ന് ടിഷ്യു പേപ്പറോ,തുണിയോ ഉപയോഗിച്ച് ഈർപ്പം തുടച്ചെടുക്കുക. ഹെഡ്ഫോൺ, കേബിൾ എന്നിവ ഫോണിൽനിന്നും മാറ്റുക കൂടാതെ സിം കാർഡും മെമറി കാർഡും മാറ്റുക.
  • ചെയ്യാവുന്ന മറ്റൊരു പോംവഴി ഫോൺ വായു കയറാത്ത പെട്ടിയിലാക്കി വെക്കുക എന്നതാണ്. അല്ലെങ്കിൽ അരി കലത്തിനകത്ത് 24-48 മണിക്കൂർ വരെ ഫോൺ വെക്കുക.
  • ചെയ്യാൻ പാടില്ലാത്ത മറ്റൊരു കാര്യമാണ് ഹെയർ ഡ്രയർ ഉപയോഗിച്ച് ഈർപ്പം അകറ്റാൻ ശ്രമിക്കരുത്. ഹയർ ഡ്രൈയറിൽ നിന്ന് വരുന്ന ചൂട് ഫോണിൻ്റെ ഇലക്ട്രോണിക് കംബോണന്റുകളെ നശിപ്പിക്കും. കൂടാതെ ചൂടുളള ഒവനിൻ്റെ അടുത്ത് വെക്കുന്നതും തടയുക
  • പലപ്പോഴും ബീച്ചിലോ മറ്റുമോ ഫോൺ വീണാൽ ഉപ്പ് പറ്റി ഇരിക്കുന്നതിനാൽ ശുദ്ധ വെളളത്തിൽ കഴുകാൻ പലരും ശ്രമിക്കാറുണ്ട്. അത് കൂടുതൽ ഫോണിന് ദോഷം ചെയ്യുകയേയുളളൂ​. ശുദ്ധവെളളത്തിൽ വീണ ഫോണിനെ രക്ഷിക്കുന്നതിലും പ്രയാസമാണ് ഉപ്പ് വെളളത്തിൽ വീണ ഫോണിനെ രക്ഷിക്കുന്നത്.
  • ഫോൺ പവർ ഓണായി കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് മുഴുവൻ ഡേറ്റയും ബാക്കപ്പ് ചെയ്യുകയാണ് എന്നതാണ്. വെളളത്തിൽ വീണ ഫോണിന്‍റെ ആയുസ് കുറയുന്നതിനാല്‍ എത്രയും പെട്ടെന്ന് മറ്റൊരു ഫോൺ നോക്കുന്നതാണ് നല്ലത്.

വേണാട് എക്‌സ്പ്രസില്‍ തിരക്ക്, യാത്രക്കാര്‍ കുഴഞ്ഞുവീണു

വേണാട് എക്‌സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. പിറവം റോഡ് കഴിഞ്ഞപ്പോളാണ് സംഭവം. ഓണാവധി കഴി‍ഞ്ഞ് ഇന്ന് സ്കൂളും കോളേജുമൊക്കെ തുറന്നതിനാല്‍ വലിയ തിരക്കായിരുന്നു രാവിലത്തെ മിക്ക ട്രെയിനുകളിലും.
കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനില്‍ കുഴഞ്ഞുവീണിരുന്നു.
അതേസമയം, തിരക്ക് പരിഗണിച്ച് മെമു ട്രെയിന്‍ അനുവദിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

അമേരിക്കയിൽ നിന്ന് അനുര ദിസനായകക്ക് അഭിനന്ദനവുമായി മോദിയുടെ സന്ദേശം, സഹകരണം ശക്തമാക്കാൻ ചേർന്ന് പ്രവർത്തിക്കാം

വാഷിംഗ്ടൺ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.

അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ്‌ ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ്‌ ജാ വ്യക്തമാക്കി.

ലങ്കയിൽ ഇടതുപക്ഷത്തിന് ചരിത്രവിജയം

ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്‍റാകും അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

ഓണാവധി കഴിഞ്ഞതോടെ കാലുകുത്താൻ ഇടമില്ല; വേണാട് എക്സ്പ്രസില്‍ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.

ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയിൽ പലർക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.