തിരുവനന്തപുരം.വയോധികയ ട്രെയിനിൽ നിന്ന് കാണാനില്ലന്ന് പരാതി.തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി വിലാസിനിയെയാണ് ട്രെയിനിൽ നിന്ന് കാണാതായത്.പൂനെയിൽ നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് എത്തുമ്പോഴായിരുന്നു സംഭവം.പൂനെ – കന്യാകുമാരി എക്‌സ്പ്രസിലാണ് ഇവർ യാത്ര ചെയ്തത്.യാത്ര ചെയ്യുന്ന സമയത്ത് ഭർത്താവ് കൃഷ്ണൻ കുട്ടി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.പാലക്കാട് എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം മനസ്സിലായത്. റയിൽവേ പോലീസിന്റെ പരിശോധനയിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സി സി ടി വിയിൽ വിലാസിനിയുടെ ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മക്കള്‍ക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും; ജയംരവി
നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇപ്പോള്‍ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു.
ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്ന വാര്‍ത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.
വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് താരം കുറിപ്പ് പുറത്തുവിടുകയായിരുന്നു. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു.
മല്ലിയില ജ്യൂസ് ഇങ്ങനെ കുടിച്ച് നോക്കൂ, ശരീരത്തിലെ മാറ്റങ്ങൾ അനുഭവച്ചറിയൂ
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് മല്ലിയില. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ മല്ലിയില ജ്യൂസ് തയ്യാറാക്കി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
രാവിലെ വെറും വയറ്റില്‍ മല്ലിയില ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍:
- വയറു കുറയ്ക്കാന്‍
ശരീരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കാം.
- ദഹനം
നാരുകള്‍ അടങ്ങിയ മല്ലിയില ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.
- രോഗ പ്രതിരോധശേഷി
മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
- കണ്ണുകളുടെ ആരോഗ്യം
വിറ്റാമിന്‍ എ ഉള്ളതിനാല്‍ മല്ലിയില ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- എല്ലുകളുടെ ആരോഗ്യം
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മല്ലിയില ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കാം.
- കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും മല്ലിയില ജ്യൂസ് സഹായിക്കും.
- ചര്‍മ്മം
വിറ്റാമിനുകളും മറ്റും അടങ്ങിയ മല്ലിയില വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഗുരുതര പിഴവ് വന്നതിന്റെ പേരില്‍ ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍. ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേശാഭിമാനി ഫീച്ചര്‍ ഡസ്‌കിന്റെ ചുമതല വഹിച്ചിരുന്ന അനില്‍കുമാര്‍ സ്വന്തമായി എഴുതിയ കുറിപ്പിന് മോഹന്‍ലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് വെച്ചതും അതില്‍ സാരമായ തെറ്റ് വന്നതും ഗുരുതരമായ കുറ്റമായി ദേശാഭിമാനി മാനേജ്മെന്റും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന അമ്മയെ മരിച്ചതായാണ് കുറിപ്പില്‍ ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ ‘അമ്മ, പൊന്നമ്മ’എന്ന തലക്കെട്ടില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ ‘…എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതാണെന്നാണ് മനസ്സിലാക്കുന്നത്. രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞു പോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു…’. വിഷയം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഞായറാഴ്ച സംഭവിച്ച പിശകുകളില്‍ പത്രം നിര്‍വ്യാജമായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് ന്യൂസ് എഡിറ്റര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുത്; തത്ക്കാലം ആശുപത്രി മോർച്ചറിയിൽ
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ പ്രതികരിച്ചത്.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൂന്ന് പെട്ടികളിലായി 100 കിലോ സ്വർണം, ഒരു പെട്ടിയിൽ പണം; വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
ട്രിപ്പോളി: ലിബിയയിലെ മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിൽ 100 കിലോ സ്വർണവും 15 ലക്ഷം യൂറോയും പിടികൂടി. സ്വർണക്കട്ടികൾ കണ്ടെത്തിയത് മൂന്ന് സ്യൂട്ട്കേസുകളിലായാണ്. ഒരു സ്യൂട്ട് കേസിൽ പണവും കണ്ടെത്തി. അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.
സ്വർണം കടത്താനുള്ള ശ്രമം മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്. മിശ്രാതയിൽ നിന്ന് തുർക്കിയിലേക്ക് പോവുന്ന വിമാനത്തിൻറെ സുരക്ഷാ പരിശോധനക്കിടെയാണ് സ്വർണം പിടികൂടിയത്.
തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ കിഴക്കുള്ള തുറമുഖ നഗരമാണ് മിശ്രാത. സ്യൂട്ട്കേസ് ഉടമകളെ അറസ്റ്റ് ചെയ്തെന്ന് അധികൃതർ അറിയിച്ചു. എവിടെ നിന്ന് എവിടേക്ക് ആർക്കു വേണ്ടി സ്വർണവും പണവും കടത്തി എന്നതിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
26,000 കിലോ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയതിന് മിശ്രാത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടർ ജനറലിനെയും മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാൻ മെയ് മാസത്തിൽ അറ്റോർണി ജനറൽ ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഈ സ്വർണക്കടത്ത്.
സുഭദ്രയുടെ 5 ഗ്രാമിന്‍റെ വള വിറ്റത് മുല്ലയ്ക്കലെ സ്വർണക്കടയിൽ; തെളിവെടുപ്പ് പൂർത്തിയായതായി പൊലീസ്
ആലപ്പുഴ: ആലപ്പുഴ കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂർത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വർണവള ശർമിള ഈ കടയിലാണ് വിറ്റത്. സ്വർണം ഉരുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശർമിളെയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കിടെ രക്തം പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. കോടതി വളപ്പിൽ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശർമിളയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പറഞ്ഞത്.
മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.
ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ, ഇത് തങ്ങളെ ബാധിക്കില്ല; കൈമാറണമെന്നത് എംഎം ലോറൻസിൻ്റെ ആഗ്രഹമെന്ന് മകൻ
കൊച്ചി: മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കുന്നവർ തരംതാഴുകയാണ്. കോടതിയിൽ നിന്ന് പ്രതികൂല തീരുമാനമില്ലെങ്കിൽ മൃതദേഹം കൈമാറണമെന്ന തീരുമാനവുമായി മുന്നോട്ട് പോവുമെന്നും മകൻ പ്രതികരിച്ചു.
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹർജി ഹൈക്കോടതി അൽപ്പസമയത്തിന് ശേഷം പരിഗണിക്കും.
ഇതെല്ലാം ഒന്നുകിൽ സഹോദരി ആശ സ്വയം ചെയ്യുന്നത്, അല്ലെങ്കിൽ ഇത് ആരെങ്കിലും ചെയ്യിക്കുന്നതാണ്. ആശ നിയമനടപടിയുമായി മുന്നോട്ട് പോവട്ടെ. ഇത് തങ്ങളെ ബാധിക്കില്ലെന്നും എംഎൽ സജീവൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനാവില്ലെന്നാണ് ആശയുടെ ഹർജി. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1946 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ എംഎം ലോറന്‍സിന്‍റേത് സമരോജ്ജ്വലമായ പൊതുജീവിതമായിരുന്നു. എറണാകുളം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു എംഎം ലോറന്‍സ്. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും മുൻ ഇടുക്കി എംപിയുമാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1998 ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്. 2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന എംഎം ലോറന്‍സിന്‍റെ ആത്മകഥ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ചയും പിന്നീട് പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയും വിശദമായി പ്രതിപാദിക്കുന്ന ആത്മകഥയില്‍ പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ വിഎസ് അച്ചുതാന്ദന്‍ ശ്രമിച്ചുവെന്ന ആരോപണം എംഎം ലോറന്‍സ് ആവര്‍ത്തിച്ചിരുന്നു.
അജാസ് ഖാന്റെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി
കോട്ടയം: എസ്എംഇ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി. രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനമായി. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. സീന, റീനു എന്നി അധ്യാപകർക്കാണ് സ്ഥലം മാറ്റം. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
ഈ മാസം രണ്ടാം തീയതിയായിരുന്നു കോട്ടയം എസ്എംഇ കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഒന്നാം വര്‍ഷ എംഎൽടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിൽ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറല്ല. അജാസ് ഖാന്റെ ആത്മഹത്യയിൽ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്നാണ് കുടംബം ആരോപിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദമല്ല, കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മകന് മാനസിക പീഡനം എൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു
ഇറാൻ: ഇറാനിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്റെ 400 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചുള്ളു.





































