Home Blog Page 2175

‘വാഴ’യും, ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു…. ഏറ്റവും പുതിയ റിലീസുകള്‍… ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും?

വിബിന്‍ ദാസിന്റെ രചനയില്‍ ആനന്ദ് മേനോന്‍ ഒരുക്കിയ ‘വാഴ’യും, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനായ ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
ഏറ്റവും പുതിയ റിലീസുകള്‍, ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും? പട്ടിക ചുവടെ;

ഹോട്ട്സ്റ്റാര്‍
വാഴ:
ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, സാഫ് ബോയ്, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ ഇന്ന് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. ഓഗസ്റ്റ് 15നായിരുന്നു ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്.

കില്‍:
ത്രസിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കൊണ്ട് തീയറ്ററില്‍ ശ്രദ്ധ നേടിയ ആക്ഷന്‍ ത്രില്ലര്‍ ‘കില്‍’ ഹോട്ട്സ്റ്റാറില്‍ കാണാം. സെപ്റ്റംബര്‍ 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. നിഖില്‍ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ്
തങ്കലാന്‍
വിക്രത്തിനെ നായകനാക്കി പാ രഞ്ജിത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തങ്കലാന്‍ ഇന്ന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്.

അഡിയോസ് അമിഗോ
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത ‘അഡിയോസ് അമിഗോ’ സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം തുടങ്ങി

സീ ഫൈവ്
നുണക്കുഴി
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’ സെപ്റ്റംബര്‍ 13 മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് തുടങ്ങി. മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ ചിത്രം കാണാം.

ആമസോണ്‍ പ്രൈം
ബാഡ് ന്യൂസ്:
തൃപ്തി ദിമ്രി, വിക്കി കൗശല്‍ െന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ബാഡ് ന്യൂസ് ആമസോണ്‍ പ്രൈമില്‍ കാണാം. സെപ്റ്റംബര്‍ 13നാണ് ചിത്രം പ്രൈമിലെത്തിയത്. ആനന്ദ് തിവാരിയാണ് സംവിധായകന്‍
വിശേഷം
ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ സെപ്റ്റംബര്‍ 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്ക് വെളിയിലുള്ളവര്‍ക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം കാണാം.

സോണി ലിവ്
തലവന്‍
ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രം തലവന്‍ സെപ്റ്റംബര്‍ 12 മുതല്‍ സോണി ലൈവില്‍ സംപ്രേക്ഷണം ആരംഭിച്ചു. മെയ് 24നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.

മൈനാഗപ്പള്ളി അപകടം;ഒന്നാം പ്രതി അജ്മലിൻ്റെ ജ്യാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്സിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിൻ്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി. അഡ്വ.മിഥുന്‍ബോസ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ അസി പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു. പ്രതിപുറത്തിറങ്ങുന്നത് അയാള്‍ക്കുതന്നെ അപകടകരമാണെന്നും മരിച്ച കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി ഹാജരായ അഡ്വ.കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു . എപിപിയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് ആർ.നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.

എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍… തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ, ടൗണ്‍ഹാളില്‍ നിന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കത്തിനിടെയാണ്, നാലു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു. ലോറന്‍സിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറന്‍സിന്റെ മൃതദേഹം ടൗണ്‍ഹാളില്‍നിന്നും മാറ്റിയത്.
മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ വാദം കൂടി കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അതുവരെ മൃതദേഹം പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്‍ കോടതിയെ അറിയിച്ചത്. രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഗംഗാവാലിയില്‍ നിന്ന് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; അര്‍ജുൻ ഓടിച്ച ലോറിയുടെതെന്ന് ഉടമ

അങ്കോല: ഉത്തര കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തിയതായി സൂചന.

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ക്രാഷ്ഗാർഡ് തന്നെയാണ് അതെന്ന് ലോറിയുടെ ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയില്‍ തടി കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് തിരച്ചില്‍ തുടർന്നാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.

നാവിക സേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്ബർ ലഭിച്ചത്. ബമ്ബറിന് പുറമെ ഒരു ബാഗും കിട്ടി. എന്നാല്‍ ബാഗ് അർജുന്റെത് അല്ലെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.

‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്’ -മനാഫ് പറഞ്ഞു.

മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ തിങ്കളാഴ്ചത്തെ തിരച്ചിലില്‍ പങ്കെടുത്തിരുന്നില്ല. ജില്ലാഭരണകൂടവും പൊലീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡ്രെഡ്ജർ ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മല്‍പെയെ അതിന് അനുവദിച്ചിരുന്നില്ല.

നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി, മധു നല്‍കിയത് കണ്ടോ

തിരുവനന്തപുരം.നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി. മധുവിൻറെ വസതിയിൽ എത്തിയാണ് ആശംസകൾ അറിയിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹത്തെ കാണാൻ വീട്ടിലെത്താറുണ്ട്. മധുവിന്റെ ജന്മനക്ഷത്ര ദിവസം ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിക്കുന്നുണ്ട്. മമ്മൂട്ടിയോട് മോഹൻലാലിനോടും ആലോചിച്ചതിനുശേഷം തീരുമാനം. ആഘോഷം സ്വന്തം വസതിയിൽ വച്ച് നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് സൂചിപ്പിച്ചു. ഭാര്യ രാധികയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപി എത്തിയത്. മധു അദ്ദേഹത്തിന് ഒരു സ്വര്‍ണമോതിരം സമ്മാനം നല്‍കിയാ്ണ് യാത്രയാക്കിയത്.

എഡിജിപി എം ആർ അജിത്കുമാർ നടത്തിയ പൂരം കലക്ക് അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല

തിരുവനന്തപുരം. തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് എഡിജിപി എം ആർ അജിത്കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. സിറ്റി പോലീസ് കമ്മിഷണറുടെ പരിചയക്കുറവും അനുനയമില്ലായ്മയും പൂരം അലങ്കോലപ്പെടുത്തി എന്നു കുറ്റപ്പെടുത്തുമ്പോഴും തുടർനടപടി എന്തെന്ന് പറയാതെ ആണ് റിപ്പോർട്ട്‌ അവസാനിപ്പിക്കുന്നത്.

മുൻ തൃശൂർ കമ്മിഷണർ അങ്കിത് അശോകന്റെ വീഴ്ചയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് റിപ്പോർട്ട് സമ്മതിക്കുമ്പോഴും ആർക്കെതിരെയും ഒരു നടപടിയും ശുപാർശ ചെയ്യുന്നില്ല. പൂര ദിവസം നഗരത്തിൽ തന്നെ ഉണ്ടായിരുന്നെങ്കിലും കമ്മീഷണറെ വേണ്ട നിർദേശങ്ങൾ നൽകേണ്ട എഡിജിപി അജിത്കുമാറിന്റെ മൗനത്തെ കുറിച്ചും ഒരു പരാമർഷവും ഇല്ല. നഗരത്തിൽ തങ്ങി പിറ്റേദിവസം മൂകാംബികയിലേക്ക് പോയെന്നാണ് ഡിജിപിയോട് അജിത് കുമാർ നൽകിയ വിശദീകരണം. എന്നാൽ ചുമതലയുണ്ടായിരുന്ന
IG, DIG എന്നിവരെക്കുറിച്ച് മിണ്ടാട്ടമില്ല.
ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന IG കെ സേതുരാമനും DIG അജീത ബീഗവും എന്ത് ചെയ്‌തെന്നും അറിയില്ല. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിയോഗിക്കാത്തത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിനും ഉത്തരമില്ല. 1500 പേജുകൾ വരുന്ന റിപ്പോർട്ടിൽ ആകെയുള്ളത് പൂരം നടത്തിപ്പിന്റെ സുരക്ഷ പ്രോട്ടോക്കോളും, ചിത്രങ്ങളും വരുത്തേണ്ട മാറ്റങ്ങളും മാത്രം. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഉള്ളടക്കം പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി ആകും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം,സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡെല്‍ഹി.കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾ തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി.ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും പകരം പദം വേണമെന്നും പാർലമെൻ്റിനോട് സുപ്രിം കോടതി
നിർദ്ദേശിച്ചു.


കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് ജെ ബി പർദിവാലയുടെയും ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്‌തതിന് 28 കാരനായ യുവാവിനെതിരെ കേസെടുത്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ പുനഃസ്ഥാപിച്ചു സുപ്രീം കോടതി, മദ്രാസ് ഹൈ ക്കോടതി ഉത്തരവിൽ ഗുരുതര പിഴവ് പറ്റിയതായി നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ചൈൽഡ് പോണോഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ വസ്തുക്കൾ ‘ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെൻ്റിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് കൊണ്ടുവരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

‘ജയ് ഹനുമാൻ’ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിനെ ആലിംഗനം ചെയ്ത് പ്രധനമന്ത്രി മോദി – വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാപ്പർ ഹനുമാൻകൈൻഡും കണ്ടുമുട്ടിയ വീഡിയോ വൈറലാകുന്നു. യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന യുഎസ് സന്ദർശനത്തിന്‍റെ ഭാഗമായി നാസൗ കൊളീസിയത്തിൽ നടന്ന ‘മോദിയും യുഎസും’ എന്ന പരിപാടിയിലാണ് ഈ അപൂര്‍വ്വ കൂടികാഴ്ച.

ഹനുമാൻകൈൻഡ് എന്ന് അറിയപ്പെടുന്ന മലയാളിയായ റാപ്പര്‍ സൂരജ് ചെറുകാട്ട് ഈ പരിപാടിയില്‍ തന്‍റെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. പിന്നാലെ, പ്രധാനമന്ത്രി മോദി റാപ്പറെ ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു. കലാകാരനെ ആലിംഗനം ചെയ്യുന്നതിനുമുമ്പ് പ്രധാനമന്ത്രി “ജയ് ഹനുമാൻ” എന്ന് വിളിച്ചതും ശ്രദ്ധേയമായി.

ഹനുമാന്‍ കൈന്‍റിന്‍റെ ഗാനം ബിഗ് ഡ്രോസ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ വൈറലാണ്. റഷ് അവര്‍, ഗോ ടു സ്ലീപ്പ് തുടങ്ങിയ ട്രാക്കുകളും ഹനുമാൻകൈൻഡിന്‍റെതായി ഹിറ്റാണ്. മുഖ്യധാരാ ഹിപ്-ഹോപ്പിലെ ഇന്ത്യന്‍ മുഖമായി അതിവേഗം ഉയർന്നുവരുന്ന സൂരജ് യുഎസിലെ പ്രധാനമന്ത്രിയുടെ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഗായകൻ ആദിത്യ ഗാധ്വി, സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് എന്നിവരുൾപ്പെടെയുള്ള മറ്റ് കലാകാരന്മാരുടെ പ്രകടനങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. വൈറൽ ഹിറ്റായ ഖലാസിക്ക് പേരുകേട്ട ആദിത്യയും 13,500-ഓളം വരുന്ന യുഎസ് ഇന്ത്യക്കാരുടെ ജനകൂട്ടത്തിന് മുന്നില്‍ ഗാനം അവതരിപ്പിച്ചു. പുഷ്പ: ദി റൈസ്, വാൾട്ടയർ വീരയ്യ എന്നീ ബ്ലോക്ക്ബസ്റ്ററുകളിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആ ഗാനങ്ങളും അവതരിപ്പിച്ചു.

സെപ്തംബർ 22-ന് പ്രധാനമന്ത്രി പതിനായിരക്കണക്കിന് ഇന്ത്യൻ-അമേരിക്കൻ വംശജരെ അഭിസംബോധന ചെയ്തു. പ്രസംഗത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഇന്ത്യയ്ക്കും ഇന്ത്യൻ പ്രവാസികൾക്കും പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

യുഎസിലെ ഇന്ത്യൻ സമൂഹത്തെ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് നിങ്ങളെന്ന് പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു.

വയോധികയെ ട്രെയിനിൽ നിന്ന് കാണാനില്ലന്ന് പരാതി

തിരുവനന്തപുരം.വയോധികയ ട്രെയിനിൽ നിന്ന് കാണാനില്ലന്ന് പരാതി.തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി വിലാസിനിയെയാണ് ട്രെയിനിൽ നിന്ന് കാണാതായത്.പൂനെയിൽ നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് എത്തുമ്പോഴായിരുന്നു സംഭവം.പൂനെ – കന്യാകുമാരി എക്‌സ്പ്രസിലാണ് ഇവർ യാത്ര ചെയ്തത്.യാത്ര ചെയ്യുന്ന സമയത്ത് ഭർത്താവ് കൃഷ്ണൻ കുട്ടി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.പാലക്കാട് എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം മനസ്സിലായത്. റയിൽവേ പോലീസിന്റെ പരിശോധനയിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സി സി ടി വിയിൽ വിലാസിനിയുടെ ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മക്കള്‍ക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും; ജയംരവി

നടന്‍ ജയം രവി ഭാര്യ ആരതിയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇപ്പോള്‍ മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
എന്റെ മക്കളായ ആരവിന്റേയും അയാന്റേയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരണമെന്നും രവി പറഞ്ഞു.
ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ആരതി സമീപിച്ചു എന്ന വാര്‍ത്തകളോട് രൂക്ഷമായ രീതിയിലാണ് താരം പ്രതികരിച്ചത്. താന്‍ രണ്ട് തവണ വക്കീല്‍ നോട്ടീസ് അയച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. അനുരഞ്ജനത്തിന് ശ്രമമുണ്ടായിരുന്നെങ്കില്‍ കാമുകിയെക്കുറിച്ച് വാര്‍ത്തകള്‍ വരുമായിരുന്നോ എന്നും താരം ചോദിച്ചു.
വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് താരം കുറിപ്പ് പുറത്തുവിടുകയായിരുന്നു. പിന്നാലെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞുകൊണ്ട് ആരതി രംഗത്തെത്തി. പിന്നാലെ ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് തള്ളിക്കൊണ്ട് താരം രംഗത്തെത്തിയിരുന്നു.