പതാരം:സാമൂഹിക-സാംസ്കാരിക- പൊതു മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന ശൂരനാട് തെക്ക് മുൻ ഗ്രാമപഞ്ചായത്ത് അംഗം തൃക്കുന്നപ്പുഴ വടക്ക് കാവുള്ളതിൽ വടക്കതിൽ കെ.വി രാമകൃഷ്ണപിള്ള (91) നിര്യാതനായി.സാക്ഷരത പ്രവർത്തകൻ,കവി,കോൺഗ്രസ്(എസ്) സംസ്ഥാന കമ്മിറ്റി അംഗം,കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:രാധമ്മയമ്മ.മക്കൾ:ശ്രീജ( സൂപ്രണ്ട്,കെഎസ്എംഡിബി കോളേജ്,ശാസ്താംകോട്ട),ശ്രീകുമാർ (അഡ്വ.ക്ലാർക്ക്,ശാസ്താംകോട്ട),
ശ്രീകാന്ത്(റിട്ട.ബിഎസ്എഫ്),ശ്രീകല.
മരുമക്കൾ:ബി.സി പിള്ള (ഓട്ടോ ടാക്സി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം),രമ്യ ചന്ദ്രൻ(വനിത വ്യവസായ സഹകരണ സംഘം,ശൂരനാട്),രാജി,വിനോദ് കുമാർ.
കവിയും പൊതുപ്രവര്‍ത്തകനുമായ കെ വി രാമകൃഷ്ണപിള്ള നിര്യാതനായി
വാഴപ്പഴം വേഗത്തില്‍ കറുത്ത് പോകുന്നുണ്ടോ? പരിഹാരമുണ്ട്….
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും വാഴപ്പഴം പ്രിയപ്പെട്ടതാണ് വാഴപ്പഴം വെറുതെ കഴിക്കാനും അവ കൊണ്ട് മറ്റെന്തെങ്കിലും വിഭവങ്ങള്‍ ഉണ്ടാക്കാനും ബെസ്റ്റാണ്. മാത്രമല്ല വാഴപ്പഴം വര്‍ഷം മുഴുവനും ലഭ്യമാണ്. എങ്കിലും പഴം സംഭരിക്കുമ്പോള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അവ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കറുക്കാന്‍ തുടങ്ങും എന്നതാണ്.
ശരിയായ രീതിയില്‍ സംഭരിക്കുന്നില്ലെങ്കില്‍ അവ വേഗത്തില്‍ കേടാകും എന്നത് ഉറപ്പാണ്. എന്നാല്‍ വാഴപ്പഴം എങ്ങനെ ശരിയായി സംഭരിക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ അവ ഒരാഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് അറിയാമോ? വാഴപ്പഴം കേടുകൂടാതെ എങ്ങനെ സംഭരിക്കണം….
വാഴപ്പഴം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ തണ്ടുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക. വാഴപ്പഴം വേര്‍തിരിച്ച് ഓരോന്നിന്റെയും മുകള്‍ഭാഗം പൊതിയണം. എന്നാല്‍ വാഴപ്പഴം മുഴുവന്‍ മൂടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പഴം വേഗത്തില്‍ കറുക്കുന്നതിനെ തടയുന്നു. കൗണ്ടര്‍ടോപ്പില്‍ വാഴപ്പഴം കൂടുതല്‍ നേരം സൂക്ഷിക്കരുത് എന്നതാണ് അടുത്ത മാര്‍ഗം. പകരം അവ തൂക്കിയിടുക.
വാഴപ്പഴത്തിന്റെ മുകളില്‍ കെട്ടി നിങ്ങളുടെ അടുക്കളയില്‍ എവിടെയെങ്കിലും ഒരു കയറോ ചരടോ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഇവ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വാഴപ്പഴം മറ്റ് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും അകറ്റി നിര്‍ത്തുക. ആപ്പിള്‍, തക്കാളി തുടങ്ങിയ പഴങ്ങള്‍ എഥിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. അതിനാല്‍ പഴം പ്രത്യേകം സൂക്ഷിക്കുന്നത് അവ കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.
ഫ്രിഡ്ജില്‍ വാഴപ്പഴം സൂക്ഷിക്കുന്നതും നല്ലതല്ല. തണുത്ത അന്തരീക്ഷത്തില്‍ വാഴപ്പഴം വേഗത്തില്‍ കേടാകും. ഊഷ്മാവില്‍ ഉണങ്ങിയ സ്ഥലത്ത് അവ വെക്കുന്നതാണ് നല്ലത്. വാഴപ്പഴം വാങ്ങുമ്പോള്‍ അധികം പഴുക്കാത്തതോ പാടുകളില്ലാത്തതോ ആയവ തിരഞ്ഞെടുക്കുക. ഇനി നന്നായി പഴുത്തതാണെങ്കില്‍ ആവശ്യത്തിന് മാത്രം വാങ്ങുക എന്നതാണ് ബുദ്ധി.
ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം
ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് നടത്തിയ പരിശോധനയില്‍ അതു പശുവിന്റെതാണെന്ന് വ്യക്തമായതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.
ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുകയായിരുന്നു. അതേസമയം, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
റേഷന്‍കാര്‍ഡ് ഉടമകള്‍ ആധാര്‍ അപ്ഡേഷന്‍ നടത്തണം
കൊല്ലം: ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ., പി.എച്ച്.എച്ച്.(ചുവപ്പ്, മഞ്ഞ) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും ഇ-പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ അപ്ഡേഷന്‍ നടത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ.ബിന്ദു അറിയിച്ചു.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ എല്ലാ റേഷന്‍കടകളിലും ഇതിനുള്ള സൗകര്യമുണ്ടാകും. അപ്ഡേഷനായി ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം. കിടപ്പു രോഗികള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് ഉദ്യോഗസ്ഥര്‍ താമസസ്ഥലങ്ങളിലെത്തി അപ്ഡേഷന്‍ നടത്തും.
‘വാഴ’യും, ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു…. ഏറ്റവും പുതിയ റിലീസുകള്‍… ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും?
വിബിന്‍ ദാസിന്റെ രചനയില്‍ ആനന്ദ് മേനോന്‍ ഒരുക്കിയ ‘വാഴ’യും, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം നായകനായ ‘തങ്കലാനും’ ഇന്ന് മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
ഏറ്റവും പുതിയ റിലീസുകള്‍, ഏതൊക്കെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും? പട്ടിക ചുവടെ;


ഹോട്ട്സ്റ്റാര്‍
വാഴ:
ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, സാഫ് ബോയ്, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ ഇന്ന് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചു. ഓഗസ്റ്റ് 15നായിരുന്നു ചിത്രത്തിന്റെ തീയറ്റര്‍ റിലീസ്.

കില്‍:
ത്രസിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കൊണ്ട് തീയറ്ററില്‍ ശ്രദ്ധ നേടിയ ആക്ഷന്‍ ത്രില്ലര്‍ ‘കില്‍’ ഹോട്ട്സ്റ്റാറില്‍ കാണാം. സെപ്റ്റംബര്‍ 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. നിഖില്‍ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


നെറ്റ്ഫ്‌ലിക്‌സ്
തങ്കലാന്‍
വിക്രത്തിനെ നായകനാക്കി പാ രഞ്ജിത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തങ്കലാന്‍ ഇന്ന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് നായികമാര്‍. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്.

അഡിയോസ് അമിഗോ
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്ത ‘അഡിയോസ് അമിഗോ’ സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേക്ഷണം തുടങ്ങി


സീ ഫൈവ്
നുണക്കുഴി
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’ സെപ്റ്റംബര്‍ 13 മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് തുടങ്ങി. മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ ചിത്രം കാണാം.

ആമസോണ്‍ പ്രൈം
ബാഡ് ന്യൂസ്:
തൃപ്തി ദിമ്രി, വിക്കി കൗശല്‍ െന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ബാഡ് ന്യൂസ് ആമസോണ്‍ പ്രൈമില്‍ കാണാം. സെപ്റ്റംബര്‍ 13നാണ് ചിത്രം പ്രൈമിലെത്തിയത്. ആനന്ദ് തിവാരിയാണ് സംവിധായകന്‍
വിശേഷം
ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ സെപ്റ്റംബര്‍ 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്ക് വെളിയിലുള്ളവര്‍ക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം കാണാം.

സോണി ലിവ്
തലവന്‍
ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രം തലവന്‍ സെപ്റ്റംബര്‍ 12 മുതല്‍ സോണി ലൈവില്‍ സംപ്രേക്ഷണം ആരംഭിച്ചു. മെയ് 24നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്.
മൈനാഗപ്പള്ളി അപകടം;ഒന്നാം പ്രതി അജ്മലിൻ്റെ ജ്യാമ്യാപേക്ഷ കോടതി തള്ളി
ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്സിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിൻ്റെ (29) ജ്യാമ്യാപേക്ഷ കോടതി തള്ളി. അഡ്വ.മിഥുന്‍ബോസ് മുഖാന്തിരമാണ് അജ്മലിനു വേണ്ടി ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. എന്നാൽ അസി പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു. പ്രതിപുറത്തിറങ്ങുന്നത് അയാള്‍ക്കുതന്നെ അപകടകരമാണെന്നും മരിച്ച കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനുവേണ്ടി ഹാജരായ അഡ്വ.കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു . എപിപിയുടെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് ആർ.നവീൻ ജാമ്യഹർജി തള്ളി ഉത്തരവായത്.
എം.എം. ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍… തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു
മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ, ടൗണ്‍ഹാളില്‍ നിന്നു മൃതദേഹം മാറ്റുന്നത് തടഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കത്തിനിടെയാണ്, നാലു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു. ലോറന്‍സിന്റെ കൊച്ചുമകനും ആശയ്ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറന്‍സിന്റെ മൃതദേഹം ടൗണ്‍ഹാളില്‍നിന്നും മാറ്റിയത്.
മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ വാദം കൂടി കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അതുവരെ മൃതദേഹം പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്‍ കോടതിയെ അറിയിച്ചത്. രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി, മധു നല്‍കിയത് കണ്ടോ
തിരുവനന്തപുരം.നടൻ മധുവിന് ആശംസകളുമായി സുരേഷ് ഗോപി. മധുവിൻറെ വസതിയിൽ എത്തിയാണ് ആശംസകൾ അറിയിച്ചത്. ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹത്തെ കാണാൻ വീട്ടിലെത്താറുണ്ട്. മധുവിന്റെ ജന്മനക്ഷത്ര ദിവസം ആഘോഷ പരിപാടികൾ നടത്താൻ തീരുമാനിക്കുന്നുണ്ട്. മമ്മൂട്ടിയോട് മോഹൻലാലിനോടും ആലോചിച്ചതിനുശേഷം തീരുമാനം. ആഘോഷം സ്വന്തം വസതിയിൽ വച്ച് നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് സൂചിപ്പിച്ചു. ഭാര്യ രാധികയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപി എത്തിയത്. മധു അദ്ദേഹത്തിന് ഒരു സ്വര്‍ണമോതിരം സമ്മാനം നല്‍കിയാ്ണ് യാത്രയാക്കിയത്.
എഡിജിപി എം ആർ അജിത്കുമാർ നടത്തിയ പൂരം കലക്ക് അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല
തിരുവനന്തപുരം. തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് എഡിജിപി എം ആർ അജിത്കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. സിറ്റി പോലീസ് കമ്മിഷണറുടെ പരിചയക്കുറവും അനുനയമില്ലായ്മയും പൂരം അലങ്കോലപ്പെടുത്തി എന്നു കുറ്റപ്പെടുത്തുമ്പോഴും തുടർനടപടി എന്തെന്ന് പറയാതെ ആണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
മുൻ തൃശൂർ കമ്മിഷണർ അങ്കിത് അശോകന്റെ വീഴ്ചയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്ന് റിപ്പോർട്ട് സമ്മതിക്കുമ്പോഴും ആർക്കെതിരെയും ഒരു നടപടിയും ശുപാർശ ചെയ്യുന്നില്ല. പൂര ദിവസം നഗരത്തിൽ തന്നെ ഉണ്ടായിരുന്നെങ്കിലും കമ്മീഷണറെ വേണ്ട നിർദേശങ്ങൾ നൽകേണ്ട എഡിജിപി അജിത്കുമാറിന്റെ മൗനത്തെ കുറിച്ചും ഒരു പരാമർഷവും ഇല്ല. നഗരത്തിൽ തങ്ങി പിറ്റേദിവസം മൂകാംബികയിലേക്ക് പോയെന്നാണ് ഡിജിപിയോട് അജിത് കുമാർ നൽകിയ വിശദീകരണം. എന്നാൽ ചുമതലയുണ്ടായിരുന്ന
IG, DIG എന്നിവരെക്കുറിച്ച് മിണ്ടാട്ടമില്ല.
ഉന്നത ഉദ്യോഗസ്ഥരെ കമ്മീഷണർ വിവരമറിയിച്ചില്ലെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. സ്ഥലത്തുണ്ടായിരുന്ന IG കെ സേതുരാമനും DIG അജീത ബീഗവും എന്ത് ചെയ്‌തെന്നും അറിയില്ല. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽ നിയോഗിക്കാത്തത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിനും ഉത്തരമില്ല. 1500 പേജുകൾ വരുന്ന റിപ്പോർട്ടിൽ ആകെയുള്ളത് പൂരം നടത്തിപ്പിന്റെ സുരക്ഷ പ്രോട്ടോക്കോളും, ചിത്രങ്ങളും വരുത്തേണ്ട മാറ്റങ്ങളും മാത്രം. റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ഉള്ളടക്കം പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി ആകും മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക.






































