25.7 C
Kollam
Thursday 25th December, 2025 | 11:26:14 PM
Home Blog Page 2148

അന്‍വറിനെതിരെ അങ്കംകുറിച്ച് സിപിഎം, പ്രസ്താവനകളുമായി നേതാക്കള്‍

തിരുവനന്തപുരം. ആഘാതത്തിന്‍റെ മരവിപ്പ് മാറിയതോടെ നിര്‍ദ്ദേശം ലഭിച്ചെന്നപോലെ സിപിഎം നേതാക്കളും ഘടകങ്ങളും അന്‍വറിനെതിരെ പ്രസ്താവനകളുമായി രംഗത്ത്. അന്‍വറിന്‍റെ ആരോപണങ്ങളോട് ആദ്യമണിക്കൂറുകളില്‍ നിശബ്ദമായിപ്രതികരിച്ച ഘടകങ്ങള്‍ ഈ വിവരം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെയാണ് സടകുടഞ്ഞുണര്‍ന്നത്. അന്‍വറിനെതിരെ വ്യാപകമായ പ്രതികരണം ഉണ്ടായേ പറ്റൂ എന്ന നിലയിലാണ് ഇപ്പോള്‍. പി വി അൻവർ ഇടതുപക്ഷം വിട്ട് പുറത്തുപോകാൻ കാരണം ഉണ്ടാക്കുന്നു എന്ന് അൻവറിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ആരോപണങ്ങൾ വിചിത്രവും അവിശ്വസനീയവും. അദ്ദേഹത്തിൻറെ ആരോപണങ്ങൾ സർക്കാർ അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിൻറെ ഉദ്ദേശശുദ്ധിയിൽ സംശമുണ്ടാക്കുന്നു. അന്വേഷണവും നടപടികളും അല്ല അൻവറിന് ആവശ്യം ,സ്വരാജ് പറഞ്ഞു.

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് വാര്‍ത്താകുറിപ്പിലൂടെ :മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്. പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി പി ഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.

നിലമ്പൂരിൽ പാർട്ടിയ്ക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.

കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാൻ പി വി അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പി വി അൻവറിനെതിരെ പി ജയരാജൻ ,തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു. സിപി ഐ എമ്മിനെ സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാട്. അൻവർ പിൻതുടരുന്നത് വലതുപക്ഷത്തിൻ്റെ ശൈലി. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായി അൻവർ മാറി. പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, തെറ്റ് തുറന്ന് കാണിച്ചപ്പോഴാണോ ബോധോദയമുണ്ടായതെന്നും പി ജയരാജൻ

അൻവറിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ടി കെ ഹംസ. അൻവർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.പാർട്ടി അൻവറിനോട് അനീതി കാണിച്ചിട്ടില്ല.പോകുന്നവർക്ക് എന്തും പറയാം, ആരെക്കുറിച്ചും പറയാം.അൻവറിനൊപ്പം സഖാക്കളില്ല.

സ്വർണ്ണക്കടത്ത് കാരിയറും അൻവറും തമ്മിൽ എന്താണ് ബന്ധം?.അതിൽ ദുരൂഹതയുണ്ട്.അൻവറിന്റെ പൊതുയോഗത്തിൽ നമ്മുടെ ആരാ പങ്കെടുക്കുന്നതെന്ന് നോക്കട്ടെ മറുപടി അപ്പോൾ പറയാം.ആരാണ് അൻവർ ?

സർക്കാർ നല്ല രീതിയിൽ പോകുമ്പോൾ അൻവർ ചാടി കളിച്ചാൽ എന്തു കുഴപ്പം ഉണ്ടാകാനാണ് ..ഇങ്ങനെ പോകാൻ മാത്രമുള്ള കുറ്റം സർക്കാരിനെതിരെ ചൂണ്ടിക്കാണിക്കാൻ അൻവറിന് കഴിഞ്ഞില്ല.ഇതിനെല്ലാം പിന്നിലുള്ള കാരണം അറിയാം. ഇപ്പോൾ പറയുന്നില്ലെന്നും ടി.കെ ഹംസ.


മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അന്‍വര്‍.
സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താനകൾ സഹായിക്കുന്നത്‌.
കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയിൽ ജനപ്രതിനിധിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത രീതിയിലാണ്‌ ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്‌. വേദിയില്‍നിന്ന് ഇറങ്ങിവന്ന്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളിൽ കണ്ടതാണ്‌. ജനപ്രതിനിധിക്ക്‌ നിരക്കാത്ത രീതിയിൽ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎൽഎയ്‌ക്ക്‌ ഒട്ടും അനുയോജ്യമല്ലാത്തതാണ്‌ ഇത്തരം നിലപാടുകൾ. ഇത്തരം പ്രവൃത്തികള്‍ തിരുത്തണമെന്ന്‌ പാർടി ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികൾക്ക്‌ സഹായകരമായ പരസ്യപ്രസ്‌താവനയുണ്ടാകില്ലെന്ന്‌ ജില്ലാ നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരസ്യപ്രസ്‌താവനകൾ വ്യക്തമാക്കുന്നത്‌. എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക്‌ അന്‍വര്‍ തരംതാണു. ഇത്തരം പ്രസ്‌താവനകളും പ്രവൃത്തികളും ആവർത്തിക്കുന്ന രീതി തിരുത്താൻ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവർത്തിക്കുന്ന പി വി അൻവറിന്റെ പ്രസ്‌താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാൻ പാർടി പ്രവർത്തകർ മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി പ്രസ്‌താവനയിൽ പറഞ്ഞു.

സെക്രട്ടറിയേറ്റ് പഠിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരം

തിരുവനന്തപുരം. മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. സെക്രട്ടറിയേറ്റ് പഠിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി താഴെത്തട്ടിൽ ശനിയാഴ്ച മുതൽ സമരം ആരംഭിക്കും. തൃശ്ശൂർ പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. എഡിജിപി എം ആർ അജിത് കുമാറിനെ പുറത്താക്കുക, തുടർ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് യുഡിഎഫ് നീക്കം. സമരപരിപാടികളിൽ സർക്കാരിനെതിരെയുള്ള വിവിധ ആരോപണങ്ങൾ ചർച്ചാവിഷയമാക്കും.
ഇന്ന് ചേർന്ന മുന്നണിയോഗത്തിലാണ് തീരുമാനം. അതേസമയം ഇടതുമുന്നണിയോട് ഇടഞ്ഞു നിൽക്കുന്ന പി വി അൻവർ എംഎൽഎയെ തൽക്കാലം മുന്നണിയിലേക്ക് ക്ഷണിക്കേണ്ടെന്ന് നേതൃയോഗത്തിൽ ധാരണയായി. അൻവർ…
സമരത്തിന് ഒരുങ്ങി യു.ഡി.എഫ്

മറ്റന്നാൾ മുതൽ താഴേത്തട്ടിൽ സമരം.മുഖ്യമന്ത്രിയുടെ രാജി പ്രധാന ആവശ്യം. സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ ആസ്ഥാനത്തും സമരം ഒക്ടോബർ ആദ്യവാരം. സെക്രട്ടറിയേറ്റ് പടിക്കൽ ഒക്ടോബർ എട്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം. തൽക്കാലം അൻവറിനെ ക്ഷണിക്കേണ്ട. തൽക്കാലം പിവി അൻവറിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടെന്ന് യുഡിഎഫ് യോഗ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞുതീരട്ടെ എന്ന് വിലയിരുത്തൽ. വിജയം കാണുന്നത് യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ എന്നും വിലയിരുത്തൽ

അടൂര്‍ ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി

അടൂര്‍. ഒന്നരക്കിലോയിലധികം കഞ്ചാവ് പിടികൂടി.ഒരാൾ പോലീസ് പിടിയിൽ.കാഞ്ഞിരവിള പുത്തൻ വീട്ടിൽ ജോയി ആണ് അടൂർ പൊലീസ് പിടിയിലായത്. പഴകുളം പ്രസാദ് ജംഗ്ഷനിൽ വച്ചാണ് പൊലീസ് കഞ്ചാവ് ശേഖരം പിടികൂടിയത് .ബൈക്ക് ഓടിച്ചിരുന്ന രൺജിത്ത് രക്ഷപ്പെട്ടു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

82 വയസ്സുള്ള റിട്ടയേർഡ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ

ആലുവ. 82 വയസ്സുള്ള റിട്ടയേർഡ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആലുവ അശോകപുരം നന്ദനത്തിൽ വീട്ടിൽ 82 വയസ്സുള്ള സരസ്വതിയമ്മയാണ് വീടിൻ്റെ സ്റ്റെയർ കെയ്സിൽ തുണി ഉപയോഗിച്ച് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെത്തിയ മകളാണ് അമ്മ സ്റ്റെയർ കെസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സരസ്വതി അമ്മയുടെ മൂന്നുമക്കളും വിദേശത്തും സ്വദേശത്തുമായി വിവിധ ആശുപത്രികളിൽ ഡോക്ടറായി സേവനം നടത്തിവരുന്നവരാണ്. ഇൻകെസ്റ്റ് നടപടികൾക്ക് ശേഷം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ അമ്പാട്ടുകാവ് ശ്മശാനത്തിൽ സംസ്കരിക്കും

നെഹ്റു ട്രോഫി ജലോത്സവം: ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി വയനാട് ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു.

സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

‘ന്യൂസ് അറ്റ് നെറ്റ് ‘   ഇന്നത്തെ പ്രധാന വാർത്തകൾ

2024 സെപ്തംബർ 26 വ്യാഴം 10.00 PM

? പി വി.അൻവറിൻ്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

? പി വി അൻവറിൻ്റെ ആരോപണങ്ങൾക്ക് നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയും

? പി വി അൻവറിനെതിരായ നടപടി നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം

? കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂടിയാലോചന നടത്തും.

? മുഖ്യമന്ത്രിക്കെതിരായ അൻവറിൻ്റെ വെല്ലുവിളി വളരെ ഗൗരവത്തോടെ സി പിഎം കാണുന്നു.

? അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കില്ല; ഞായറഴ്ച നിലമ്പൂരിൽ പൊതുയോഗം നടത്തും.

? അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽ കളിക്കുന്നുവോ എന്ന് സംശയമെന്ന് ഇടത് മുന്നണി കൺവീനർ.

? മുൻ എസ് പി സുജിത്ത് ദാസും, എഡിജിപി അജിത്ത് കുമാറും സ്വർണ്ണംതട്ടി, പി.ശശി കൂട്ടുനിന്നു വെന്ന് പി വി അൻവർ.

? ഇനി പ്രതീക്ഷ കോടതിയിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ

? മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരത്തിന്,സെക്രട്ടറിയേറ്റ് നടയിൽ മറ്റന്നാൾ സമരം.

?നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി,

?നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട വിചാരണ നാളെയും തുടരും.

?പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ

? എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ

? എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.

? അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ

?അർജുൻ്റെ മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.

?എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ

?തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

? നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

?പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

?ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

ചരിത്രത്തിലില്ലാത്ത വിധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇടത് എംഎൽഎ പി വി അൻവർ

തിരുവനന്തപുരം. ചരിത്രത്തിലില്ലാത്ത വിധം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇടത് എം.എൽ.എ പി വി അൻവർ. സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിസ്സഹായനാണെന്ന് അൻവർ വിമർശിച്ചു. ഈ പാർട്ടി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകർക്കു വേണ്ടിയാണ് താൻ ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നേതൃത്വത്തെ പൂർണ്ണമായും തള്ളിയ അൻവർ, കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലെന്ന് തിരിച്ചടിച്ചു. എല്ലാം വിശദീകരിക്കാൻ ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചു.

ഇടത് എംഎൽഎ എന്ന നിലയ്ക്കുള്ള എല്ലാ സീമകളും ലംഘിച്ച് പറയേണ്ടതിന്‍റെ പരമാവധി പറഞ്ഞുവെച്ചു പി വി അൻവർ. മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം ഈ പാർട്ടിയെ എങ്ങോട്ടാണ് നയിക്കുന്നത്? സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ നിവർത്തികേടുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞത്.

മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും അടുത്ത ഭാഷയിൽ വിമർശിച്ച അൻവർ പാർട്ടി പ്രവർത്തകരെ കൂടെ നിർത്തുന്ന തന്ത്രപരമായ ഭാഷയാണ് ഇന്ന് ഉപയോഗിച്ചത്. എന്താണ് പാർട്ടി എന്നും അതിലെ വ്യതിചലനവും വിശദീകരിച്ചു

സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ താൻ പറയുന്നത് കേൾക്കുമായിരുന്നു. അദ്ദേഹത്തിൻറെ മൃതദേഹം എകെജി സെന്ററിലേക്ക് കൊണ്ടുപോകാത്തതിനു പിന്നിൽ മുഖ്യമന്ത്രിയാണ്.

ഞായറാഴ്ച നിലമ്പൂരിൽ രാഷ്ട്രീയ പൊതുസമ്മേളനം അൻവർ വിളിച്ചു. തന്റെ ഭാഗം വിശദീകരിക്കാനാണ് സമ്മേളനമെങ്കിലും നിലവിൽ പാർട്ടിക്കുള്ളിൽ നിന്നടക്കം ലഭിക്കുന്ന ജനപിന്തുണ ഉറപ്പിക്കുകയാണ് ലക്ഷ്യം.

നാഷണൽ സർവ്വീസ് സ്കീം ദിനാചരണം

കൊല്ലം. ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ വൈവിധ്യമാർന്ന പരിപാടികളോടെ 56-ാം പിറന്നാൾ ദിനം സമുചിതമായി ആഘോഷിച്ചു. മാലിന്യ നിർമ്മാർജ്ജന, ലഹരിവിരുദ്ധ, പരിസ്ഥിതി സംരക്ഷണ പ്രവൃത്തികളിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തേയും, ജീവകാരുണ്യ പ്രവർത്തനങ്ങളേയും മുൻ നിർത്തിയാണ് യൂണിറ്റുകൾ ദിനാചരണം സംഘടിപ്പിച്ചത്.

ജില്ലാതല ഉദ്ഘാടനം കൊല്ലം ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിലെ പട്ടത്തുവിള ഹാളിൽ സംഘടിപ്പിച്ച ആകർഷകമായ ചടങ്ങിൽ സംസ്ഥാന ക്ഷീരവികസന വകുപ്പ്മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എൻ എസ് എസ് കൊല്ലം ക്ലസ്റ്റർ കൺവീനർ ഗ്ലാസീസൺ എൽ സ്വാഗതമാശംസിക്കുകയും ജില്ലാ കൺവീനർ അഭിലാഷ് എസ് എസ്, എൻ എസ് എസ് ദിനസന്ദേശം നൽകുകയും ചെയ്തു. സെൻ്റ് അലോഷ്യസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ ശ്രീമതി കലാജോർജ്ജ് കൃതജ്ഞത രേഖപ്പെടുത്തി. എല്ലാ യൂണിറ്റുകളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാരും വോളണ്ടിയർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കാഴ്ച , സത്യമേവ ജയതേ , ജാഗ്രതാ ജ്യോതി , ജീവദ്യുതി, കാവലാൾ എന്നീ വിഷയങ്ങളെ അധികരിച്ച് നടത്തിയ സെമിനാറുകളും ക്യാമ്പയിനുകളും യഥാക്രമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ, കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് , സെപ്യൂട്ടി മേയർ കൊല്ലം മധു, എൻ എസ് എസ് ദക്ഷിണമേഖലാ കൺവീനർ ബിനു പി ബി , ഈസ്റ്റ് പോലീസ് സ്റ്റേഷൻ സിഐ എൻ അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം ജില്ലാ കോർഡിനേറ്റർ പോൾ ആൻ്റണി, ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ സന്തോഷ് കുമാർ ഡി , ഷൈജു ടി.എസ്, ബിജു ജെ, റോയ് സെബാസ്റ്റ്യൻ, ദീപ്തി ബി, റോയിസ്റ്റൺ എ , പ്രദീപ് സി വി , ദീപ്തി, രേണുക, അനുപ് ജോൺ എന്നിവർ സെമിനാറുകളിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ റാലിയും, ഫ്ലാഷ് മോബും, തെരുവുനാടകവും ജനശ്രദ്ധ ആകർഷിച്ചു

എൻ ബി ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനത്തിനുള്ള അവാർഡ് ചവറ വികാസിന്

ചവറ. എൻ.ബി ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ചവറ വികാസിന്

കേരളത്തിലെ ഏറ്റവും മികച്ച സാംസ്ക്‌കാരിക സ്ഥാപനത്തിനുള്ള ഈ വർഷത്തെ എൻ.ബി.ത്രിവിക്രമൻപിള്ള അവാർഡിനു വികാസ് കലാസാംസ്ക‌ാരികസമിതിയെ തെരഞ്ഞെടുത്തു.

നാടകരംഗത്ത് പ്രവർത്തിച്ച കലാകാരകന്മാർക്കും ഈ വർഷത്തെ എൻ.ബി. ത്രിവിക്രമൻപിളള അവാർഡ് 29 ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് വികാസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും. വികാസ് കലാസാംസ്‌കാരികസമിതിക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും നൽകുമെന്ന് ത്രിവിക്രമൻപിളള ഫൗണ്ടേഷൻ ഭാരവാഹികൾ വികാസിനെ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച സമ്മേളനം ഡോ.സുജിത് വിജയൻപിളള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് സുജാതൻ, ഡോ.വസന്തകുമാർ സാംബശിവൻ, വക്കം ഷക്കീർ, ഡോ.ജി.സുദർശനൻ. തുടങ്ങിയവർ പങ്കെടുക്കും.

പടിഞ്ഞാറെകല്ലടയിൽ ചോളം വിളവെടുപ്പ്

പടിഞ്ഞാറെകല്ലട. പട്ടകടവ് പതിനാലാം വാർഡിൽ യുവകർഷക കൂട്ടം നടത്തിയ ചോളകൃഷിയിൽ റിക്കാർഡ് വിലവാണുണ്ടായത്. സാബു കുരുട്ടുവാൽ, പ്രകാശ്, മനു, ജിതിൻ, വിദ്യവിജയൻ, ദിവ്യവിജയൻ, ജീന എന്നിവരടങ്ങിയ കർഷക ഗ്രൂപ്പാണ് ചോളകൃഷി നടത്തിയത്. അരഏക്കറിൽ നടത്തിയ കൃഷിയിൽ നിന്ന് ഏതാണ്ട് 50ടൺ ചോളം ലഭിച്ചു.
വിളവെടുപ്പിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ഗ്രാമപഞ്ചായത്ത്‌ അംഗം സുനിതദാസ് പൊതുപ്രവർത്തകരായ കലാദേവി, എ. സാബു, ജോസ് പ്രസാദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സുദർശൻ അരക്കില്ലം, സാബു കുരട്ടുവാൽ അടക്കമുള്ള കർഷകരും ചടങ്ങിൽ പങ്കെടുത്തു. ചോളം വിളവെടുപ്പ് കേന്ദ്രത്തിൽ തന്നെ ആവശ്യകാർക്ക് നൽകുകയും, അധികം വരുന്നത് ഉണക്കി പൊടിച്ചു ചോളപ്പൊടിയാക്കി വിപണിയിലെത്തിക്കാനുമാണ് ഉത്പാദകർ തീരുമാനിച്ചിട്ടുള്ളത്. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും ഇവർക്ക് ഉത്പാദനബോണസ് നൽകുമെന്ന് പഞ്ചായത്ത്‌ പപ്രസിഡന്റ് അറിയിച്ചു.