Home Blog Page 2100

വായുകോപം മാറാന്‍ ആയുര്‍വേദ പാനീയങ്ങള്‍

വായുകോപം അഥവാ ഗ്യാസ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില ആയുര്‍വേദ പാനീയങ്ങളുമുണ്ട്. ഇവയേതെല്ലാം എന്നറിയാം.

വായുകോപം മാറാന്‍ ആയുര്‍വേദ പാനീയങ്ങള്‍

വായുകോപം അഥവാ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് കാരണങ്ങള്‍ പലതാണ്. നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍, വ്യായാമക്കുറവ്, ചില മരുന്നുകള്‍, ചിലതരം രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് പുറകിലുണ്ട്. ഗ്യാസ് ചില പ്രത്യേക കാരണങ്ങള്‍ ചിലപ്പോള്‍ മാത്രം വരുന്നതാണ്. എന്നാല്‍ ചിലര്‍ക്കിത് സ്ഥിരം പ്രശ്‌നമാണ്. ഇതെത്തുടര്‍ന്ന് വയര്‍ വന്നു വീര്‍ക്കുന്നതുള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ഛര്‍ദിയും വയറിന് അസ്വസ്ഥതയും ഉണ്ടാകും. ആയുര്‍വേദത്തില്‍ ഇതിന് പരിഹാരമായി പറയുന്ന ചില പാനീയങ്ങളുണ്ട്. ഇവ പരീക്ഷിച്ച് നോക്കുന്നത് ഏറെ ഗുണം നല്‍കും.

​പെരുഞ്ചീരകം, ജീരകം ​

പെരുഞ്ചീരകം, ജീരകം എന്നിവ പല കറികളിലും നാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇവ മസാല രൂപത്തില്‍ മാത്രമല്ല, മരുന്നായും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പെരുഞ്ചീരകം കാല്‍ ടീസ്പൂണ്‍, സാധാരണ ജീരകം എന്നിവ വീതം കാല്‍ ടീസ്പൂണ്‍ എടുക്കാം. ഇവ രണ്ടും ചേര്‍ത്ത് വറുക്കുക. ഇത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത ഏറെ നല്ലതാണ്. ധന്വന്തരം ഗുളിക ചെറുചൂടുള്ള ജീരകവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. ജീരകം പൊതുവേ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിയ്ക്കുന്നത് ഗ്യാസ് , അസിഡിററി പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാകാറുമുണ്ട്.

ഇഞ്ചി

ഇഞ്ചി നീര് നല്ലതാണ്. ഇഞ്ചിക്ക് ദഹനശേഷിയുണ്ട്. വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും ഇത് നല്ല മരുന്നുമാണ്. ആവണക്കെണ്ണ ശോധനക്കുറവിന് പൊതുവേ ഉപയോഗിച്ച് വരുന്ന ഒന്നാണ്. അരടീസ്പൂണ്‍ ഇഞ്ചിനീര്, അര ടീസ്പൂണ്‍ ചെറുചൂടുവെള്ളം, 3 തുള്ളി ആവണക്കെണ്ണ എന്നിവ ചേര്‍ത്തളക്കി കുടിയ്ക്കുന്നതും ഏറെ നല്ലത്. ആവണക്കെണ്ണയും ഇഞ്ചിയും അധികം കൂടുതല്‍ ഉപയോഗിയ്ക്കരുത്. ഇത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കും.

​ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ​

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വായുകോപത്തിന് ഏറെ നല്ലതാണ്. അര ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നാലഞ്ച് ടീസ്പൂണ്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും രണ്ട് നുള്ള് വീതം ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. പുതിന ചായ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഗ്യാസ് കുറയ്ക്കാന്‍​

ഭക്ഷണക്കാര്യത്തില്‍ ഇത്തരക്കാര്‍ ശ്രദ്ധിയ്ക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കുക, വലിയ അളവില്‍ കഴിയ്ക്കുന്നതിന് പകരം ചെറിയ അളവുകളില്‍ പല തവണയായി കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ഇളംചൂടുവെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. തണുത്തവ ഒഴിവാക്കുക. ഇതുപോലെ പഴകിയ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. ഭക്ഷണത്തില്‍ ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കാം. ഇഞ്ചി, വെളുത്തുള്ളി, ജീരകം, പെരുഞ്ചീരകം എന്നിവയെല്ലാം നല്ലതാണ്.

ആർത്തവ ദിവസങ്ങളിൽ ശീതള പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കൂ, കാരണം

വയറുവേദന, ഓക്കാനം, നടുവേദന എന്നിവ മിക്ക പല സ്ത്രീകളും ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ചായകളോ ഡാർക്ക് ചോക്ലേറ്റോ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും. എന്നാൽ ആർത്തവ വേദനയെ വഷളാക്കു്ന ചില പാനീയങ്ങളുമുണ്ട്.

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യും. ആർത്തവ സമയത്ത് സോഡാ പാനീയങ്ങൾ കുടിക്കുന്നത് വേദനയെ വഷളാക്കുമെന്ന് പഠനം പറയുന്നു. അടിവയറ്റിൽ കഠിനമായ വേദന, ഓക്കാനം, ക്ഷീണം, തലവേദന, തലകറക്കം, മൂഡ് സ്വിംഗ്സ്, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ പിരീഡ്സ് ദിവസങ്ങളിലുണ്ടാകാം.

ശീതളപാനീയങ്ങൾ കുടിക്കുന്നത് ആർത്തവവിരാമത്തിന് കാരണമായേക്കാം. ചൈനയിലെ 1,809 വനിതാ കോളേജ് വിദ്യാർത്ഥികൾ ശീതളപാനീയങ്ങളും ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യാവലികൾക്ക് ഉത്തരം നൽകി. പങ്കെടുത്തവരിൽ പകുതിയോളം പേർക്ക് പ്രൈമറി ഡിസ്മനോറിയ ഉണ്ടെന്ന് കണ്ടെത്തി. മധുര പാനീയങ്ങൾ കഴിക്കാത്ത യുവതികളെ അപേക്ഷിച്ച് ശീതളപാനീയങ്ങൾ കഴിക്കുന്നവർക്ക് ആർത്തവ വിരാമം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 2024 സെപ്റ്റംബറിൽ സയൻ്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആർത്തവസമയത്ത് ശീതളപാനീയങ്ങൾ കഴിച്ചവരിൽ 89.54 ശതമാനം പേർക്കും ആർത്തവ വേദന വർദ്ധിക്കുന്നതായി കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു. ശീതളപാനീയങ്ങളിൽ പലപ്പോഴും പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുന്നതിനും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യും. ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻസുലിൻ അളവിൽ വർദ്ധനവിന് കാരണമാകും. ഇത് പ്രോസ്റ്റാഗ്ലാൻഡിൻസിൻ്റെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന ഹോർമോണുകളുടെ) ഉത്പാദനം വർദ്ധിപ്പിക്കും.

പല ശീതളപാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ തലവേദനയ്ക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ശരീരത്തിലെ പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യും.

വെള്ളം, ഹെർബൽ ടീ അല്ലെങ്കിൽ ഫ്രഷ് ജ്യൂസുകൾ പോലുള്ള പോഷക സമ്പുഷ്ടമായ പാനീയങ്ങൾക്ക് പകരം ശീതളപാനീയങ്ങളെ ആശ്രയിക്കുന്നത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിന് കാരണമാകും. കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങളുടെ കുറവ് ആർത്തവ വേദന വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ട് ഡ്രൈ ഫ്രൂട്ട്സ്

ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം. അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. അതുപോലെ വിളറിയ ചര്‍മ്മം, തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാകാം.

അയേണിന്‍റെ കുറവുള്ളവര്‍ കഴിക്കേണ്ട രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.

  1. ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 0.89 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. കൂടാതെ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും അടങ്ങിയ ഈന്തപ്പഴം പതിവാക്കുന്നത് നല്ലതാണ്.

  1. ഉണക്കമുന്തിരി

100 ഗ്രാം ഉണക്കമുന്തിരിയില്‍ 4.26 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്‍റെ അഭാവം അകറ്റാനും വിളർച്ചയെ തടയാനും ഇവ കഴിക്കാം. കൂടാതെ ഉണക്ക മുന്തിരിയിൽ കോപ്പർ, ബി കോംപ്ലക്സ് വിറ്റാമിനുകൾ, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, എള്ള്, ഫ്ലക്സ് സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ന്യൂസ് അറ്റ് നെറ്റ്                   BIG BREAKING

2024ഒക്ടോബർ 03 വ്യാഴം 11.30

?പൂരം വിവാദം കലക്കലിൽ തുടരന്വേഷണം നടത്തും.

? ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

?മൂന്ന് തലത്തിലുള്ള അന്വേഷണമായിരിക്കും നടത്തു

?എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല.

BREAKING NEWS മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 11.30ലേക്ക് മാറ്റി

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 11.30 ലേക്ക് മാറ്റി.മന്ത്രിസഭാ യോഗം തുടരുന്നതിനാലാണിത്. സമീപകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത പി ആർ വിവാദം, എഡിജിപി – ആർ എസ് എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദം, പി വി അൻവർ ഉന്നയിച്ച വിവരങ്ങൾ ഇതിനൊക്കെ മറുപടി നൽകാനും കാര്യങ്ങളിൽ വ്യക്തത വരുത്താനുമായിട്ടായിരുന്നു സെക്രട്ടറിയറ്റിലെ മീഡിയാ റൂമിൽ മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ചത്.

നെറ്റിയിൽ സിന്ദൂരമണിഞ്ഞ്, നിറവയറുമായി അനുശ്രീ; ‘സ്പെഷ്യൽ മൊമന്‍റെ’ന്ന് താരം

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരിൽ പലരും ഇപ്പോഴും ലൈം ലൈറ്റിൽ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. അനുശ്രീ, സ്വാഭാവിക അഭിനയം കൊണ്ട് വേ​ഗത്തിൽ ശ്രദ്ധിക്കപ്പെടുക ആയിരുന്നു.

ഇതിനോടകം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ കുഞ്ഞ് വലിയ വിശേഷങ്ങളെല്ലാം അനുശ്രീ പങ്കുവയ്ക്കാറുമുണ്ട്. അവ ‍ഞൊടിയിട കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതും. അത്തരത്തിൽ കഴിഞ്ഞ ദിവസം അനുശ്രീ ഷെയർ ചെയ്ത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.

ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് നിറവയറിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ്. സാരി ഉടുത്ത്, നെറ്റിയിൽ സുന്ദരവുമിട്ട്, ​ഗർഭിണി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടുമുണ്ട്.

love#specialmoments##special#workmode #shoottime എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് അനുശ്രീ ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഇതിൽ നിന്നുതന്നെ പുതിയ സിനിമയിലെ താരത്തിന്റെ വേഷമാണിതെന്ന് വ്യക്തമാണ്. അതേസമയം, എന്തിനാണ് അനുശ്രീ കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്.

ഡയമണ്ട് നെക്‌ലെയ്സിലൂടെ വെള്ളിത്തിരയിൽ എത്തിയ അനുശ്രീ ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാ​ഗമായി. നായികയായും സഹതാരമായുമെല്ലാം അവർ തിളങ്ങി.

കഥ ഇന്നുവരെ എന്ന സിനിമയാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ബിജു മേനോൻ നായകനായി എത്തിയ ചിത്രത്തിലെ നാല് പ്രണയങ്ങളിൽ ഒന്നിലെ നായിക ആയിരുന്നു അനുശ്രീ. മേതിൽ ദേവിക, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.

കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ; ഇനിയും മുന്നേറുമെന്ന് പ്രവചനം

കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തി. ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് വില 7,110 രൂപയായി. 80 രൂപ ഉയർന്ന് 56,880 രൂപയാണ് പവൻ വില. സെപ്റ്റംബർ 27നും ഇന്നലെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ.

കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് അഞ്ച് രൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയിലെത്തി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

പൊന്നിൻ വിലയിൽ യുദ്ധാവേശം

ഇറാൻ-ഇസ്രയേൽ യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സാഹചര്യത്തിലാണ് നിലവിൽ സ്വർണവിലയുടെ മുന്നേറ്റം. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ ഓഹരി, കടപ്പത്ര വിപണികൾ നഷ്ടത്തിലേക്ക് വീഴാറുണ്ട്. നിക്ഷേപകർ പിൻവലിയുന്നതാണ് കാരണം. അവർ താത്കാലിമായി സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുന്നത് വില വർധന സൃഷ്ടിക്കുകയാണ്.

റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും ഇന്ത്യയിൽ ഉത്സവ, വിവാഹകാല സീസണിന്റെ പശ്ചാത്തലത്തിൽ ആഭരണ ആവശ്യകത വർധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. പുറമേ, ലോകത്തെ ഒന്നാം നമ്പർ സമ്പദ്ശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുന്നു എന്ന സൂചനകളും സ്വർണ വില വർധിക്കാനുള്ള കാരണമാകുന്നുണ്ട്.

കഴിഞ്ഞവാരം ഔൺസിന് 2,685 ഡോളർ എന്ന എക്കാലത്തെയും ഉയരംകുറിച്ച രാജ്യാന്തരവില പിന്നീട് താഴേക്കിറങ്ങിയെങ്കിലും യുദ്ധ പശ്ചാത്തലത്തിൽ തിരിച്ചുകയറി. ഒരുവേള 2,648 ഡോളർ വരെ താഴ്ന്ന വില 2,661 ഡോളർ വരെയാണ് കയറിയത്. നിലവിൽ‌ വില 2,654 ഡോളർ.

സ്വർണവില ഇനി എങ്ങോട്ട്?

2024ന്റെ അവസാനമോ 2025ന്റെ തുടക്കത്തിലോ തന്നെ രാജ്യാന്തരവില ഔൺസിന് 2,900-3,200 ഡോളർ വരെ എത്തിയേക്കാമെന്നാണ് ഗോൾഡ്മാൻ സാക്സ് അടക്കമുള്ള രാജ്യാന്തര ധനകാര്യസ്ഥാപനങ്ങൾ വിലയിരുത്തുന്നത്. പലിശനിരക്കുകൾ താഴുന്നതും യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ശമനമില്ലാതെ തുടരുന്നതു മൂലം ഗോൾഡ് ഇടിഎഫ് അടക്കമുള്ള ബദൽ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറുന്നതുമാണ് മുഖ്യ കാരണം.

റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ വിദേശ നാണ്യശേഖരത്തിലേക്ക് കറൻസികൾക്ക് പകരം കൂടുതലായി സ്വർണം വാങ്ങിക്കൂട്ടുന്നതും വിലയെ സ്വാധീനിക്കും. കറൻസികൾ സമ്മർദ്ദത്തിൽ മുങ്ങുന്നതാണ് സ്വർണത്തിനോട് താൽപര്യം കൂടാൻ കാരണമാകുന്നത്. രാജ്യാന്തര വില 2,900ലേക്ക് എത്തിയാൽ കേരളത്തിൽ പവൻ വില 65,000-70,000 രൂപ കടന്നേക്കും.

ജിഎസ്ടിയടക്കം ഇന്നത്തെ വില

ഇന്ന് പവൻ വില 56,880 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപ ഹോൾമാർക്ക് ഫീസ് (പുറമേ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,570 രൂപയെങ്കിലും കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,700 രൂപയ്ക്കടുത്തും നൽകണം.

ന്യൂസ് അറ്റ് നെറ്റ്                   BlG BREAKING അഭിമുഖത്തിൻ്റെ റിക്കാഡ് പുറത്ത് വിടണം

2024 ഒക്ടോബർ 03 വ്യാഴം 10.30 am

?മുഖ്യമന്ത്രി മുമ്പും മലപ്പുറത്തെ കുറ്റപ്പെടുത്തിയിട്ടുണ്ടന്ന് പി വി.അൻവർ

?ഇപ്പോൾ നടക്കുന്നത് നാടകം , ഒരു ജില്ലയെ അപരവല്ക്കരിക്കാൻ ശ്രമിക്കുന്നു.

? മുഖ്യമന്ത്രിയുടെ അഭിമുഖത്തിൻ്റെ
റിക്കാഡ് പുറത്ത് വിടണമെന്ന് പി വി.അൻവർ

?അഭിമുഖം ആർ എസ് എസ് നേതാക്കളിലേക്ക് എത്താൻ വേണ്ടി

?പി ആർ വിവാദത്തിൽ പാർട്ടിയിൽ എതിരഭിപ്രായമുണ്ടെന്നും പി വി.അൻവർ

മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി; ആത്മഹത്യാ മുനമ്പായി അടൽസേതു കടൽപാലം

മുംബൈ: തിങ്കളാഴ്ച ബാങ്ക് ഡെപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്.

ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. നവിമുംബൈ പൊലീസും അഗ്നിരക്ഷാസേനയും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുമാസങ്ങളായി അദ്ദേഹം മാനസിക സമ്മർദം നേരിട്ടിരുന്നെന്നും ചികിത്സ നടക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

ദേശസാൽകൃത ബാങ്കിൽ ഉദ്യോഗസ്ഥനായ ബംഗാൾ സ്വദേശി സുശാന്ത് ചക്രവർത്തി (40) 3 ദിവസം മുൻപാണ് അടൽ സേതുവിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിറ്റേന്നാണു മൃതദേഹം കണ്ടെത്താനായത്. ജോലി സമ്മർദത്തെത്തുടർന്നാണ് മരണം എന്നാരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം രണ്ടിന് സ്വകാര്യ ബാങ്കിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ പുനെ മലയാളി അലക്സ് ജോജിയും പാലത്തിൽനിന്നു കടലിലേക്കു ചാടി ജീവനൊടുക്കി. ജോലിസമ്മർദം കാരണമാണ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.

അടൽ സേതു കടൽപാലത്തിൽനിന്ന് ചാടി ജീവനൊടുക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിന് ഇരുവശത്തും സുരക്ഷാവേലി ഒരുക്കണമെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിയോട് (എംഎംആർ‍ഡിഎ) പൊലീസ് ആവശ്യപ്പെട്ടു. 22 കിലോമീറ്റർ നീളമുള്ള പാലം 16.5 കിലോമീറ്ററോളം കടലിലൂടെയും 5.5 കിലോമീറ്ററോളം കരയിലൂടെയുമാണു കടന്നുപോകുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ പശ്ചിമേഷ്യൻ ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ24 (FlightRadar24)-ൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

പല എയർലൈനുകളും ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ അല്ലെങ്കിൽ ബാധിത വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേയ്ക്കു ഇന്നും നാളെയും പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ഉപയോക്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി അറിയിച്ചു.

ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും എയർലൈൻ അറിയിച്ചു.