കൊട്ടാരക്കര: അയല്‍വാസിയായ നാലര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ എഴുകോണ്‍ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപം ആദിത്യനെ (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി അഞ്ചുവര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിര്‍ല ആണ് വിധി പ്രസ്താവിച്ചത്.
2023 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ഇന്‍സ്‌പെക്ടര്‍ എ. അനീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.
നാലര വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പോലീസിന്റെ പിടിയിലായി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 45 ല്‍ പ്രീയ മന്‍സിലില്‍ ഡെന്നി (36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശ രാജ്യത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,96,500 രൂപ തട്ടിയെടുത്ത കുറ്റത്തിനാണ് അറസ്റ്റ്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് ഡ്രൈവര്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പല തവണകാളായി പണം തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വിസലഭിക്കാതായതോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെസമാനമായ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതിഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജയന്‍, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
മോഹൻലാലിന് നായിക ഐശ്വര്യ, ഒപ്പം ‘ചിന്താവിഷ്ടയായ ശ്യാമള’യും; സത്യൻ അന്തിക്കാട് പടം ഉടൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിലെ കൂടുതൽ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്ന യുവതാരം ഐശ്വര്യ ലക്ഷ്മിയാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം നടി സംഗീതയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്. ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും’, എന്നാണ് സത്യന്‍ അന്തിക്കാട് കുറിച്ചത്.
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഒന്‍പത് വര്‍ഷത്തിന് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുമ്പോള്‍ വരുന്നത് ഒരു ഫൺ മോഡ് സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സോനു ടിപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അതേസമയം, ബറോസ് എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഓക്ടോബര്‍ 3ന് സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചുവെങ്കിലും ഇത് പിന്നീട് മാറ്റുകയായിരുന്നു. എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി ചിത്രം, വൃഷഭ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
നല്ല കുടലിൻ്റെ ആരോഗ്യം എന്നത് സന്തുലിതവും പ്രവർത്തിക്കുന്നതുമായ ദഹനവ്യവസ്ഥയെ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ കുടൽ ശക്തമായ പ്രതിരോധശേഷി, മാനസികാരോഗ്യം, വീക്കം കുറയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടലിന്റെ പ്രവർത്തനം തകരാറിലാകുന്നത് ദഹനത്തെ തടസ്സപ്പെടുത്തുകയോ ശരീരവണ്ണം ഉണ്ടാക്കുകയോ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയോ ചെയ്യും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
ധാരാളം വെള്ളം കുടിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുക മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ജലാംശം ആവശ്യത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. അതിനാൽ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഹെർബൽ ടീ, തേങ്ങാ വെള്ളം എന്നിവയും ജലാംശം നിലനിർത്താനും ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
പ്രോബയോട്ടിക്സ് ഒരു സമീകൃത ഗട്ട് മൈക്രോബയോമിനെ ഗുണം ചെയ്യുന്ന ബാക്ടീരിയയാണ്. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ പ്രോബയോട്ടിക്സിൻ്റെ മികച്ച ഉറവിടങ്ങളാണ്. ദഹനത്തെ പിന്തുണയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കും.
നാരുകൾ കുടലിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും സ്ഥിരമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രീബയോട്ടിക്കുകൾ ദഹിക്കാത്ത നാരുകളാണ്. ഇത് നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം തുടങ്ങിയ ഭക്ഷണങ്ങളിൽ പ്രീബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും.
സംസ്കരിച്ച ഭക്ഷണങ്ങൾ കുടൽ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
കുടലിൻ്റെ ആരോഗ്യത്തിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാറുന്ന കാലാവസ്ഥ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. ഇത് കുടലിൻ്റെ പ്രവർത്തനത്തെ ബാധിക്കും. ദഹനത്തെ പിന്തുണയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി ദിവസവും എട്ട് മണിക്കൂർ ഉറങ്ങുക.
സമ്മർദ്ദം കുടലിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കാനും കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരിക്കുന്ന സഫൈദിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഇസ്രയേലിന്റെ തന്നെ ആക്രമണത്തിലാണ് നസ്റല്ലയും കൊല്ലപ്പെട്ടത്. നസ്റല്ലയുടെ പിൻഗാമിയേയും ഇസ്രയേൽ ലക്ഷ്യംവയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മധ്യ ബെയ്റൂട്ടിൽ ലബനൻ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ബുധനാഴ്ച രാത്രി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും രണ്ട് ആരോഗ്യപ്രവർത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി.
കരയുദ്ധം ശക്തമാകുന്ന തെക്കൻ ലബനൻ അതിർത്തിയിൽ പ്രവിശ്യാതലസ്ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളിൽനിന്നുകൂടി ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, മറോൺ അൽ റാസ് ഗ്രാമത്തിൽ ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ടു ബോംബ് സ്ഫോടനം നടത്തിയെന്നും വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾക്കുനേരെ 20 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുല്ല പറഞ്ഞു..
‘അയാൾ കൊല്ലും’: ഓഗസ്റ്റിൽ പരാതി നൽകി, പൊലീസ് അനങ്ങിയില്ല, യുപിയിൽ നാലംഗ കുടുംബത്തെ വെടിവച്ചു കൊന്നു
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബം ഭയത്തിലാണു കഴിയുന്നതെന്നു പൂനം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകി.
ഒരാളെ ഭയമുണ്ടെന്നു രണ്ടു മാസം മുൻപു പൂനം പൊലീസ് പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തന്നെ കൊല്ലുമെന്നു പലതവണ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ചൂണ്ടിക്കാട്ടി. കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലെന്നും ആസൂത്രിതമാണെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് സൂചിപ്പിച്ചു. ചന്ദൻ വർമ എന്നയാൾക്കെതിരെ ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണു പൂനം പരാതിയിൽ ആരോപിച്ചിരുന്നത്.
ഓഗസ്റ്റിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. ഓഗസ്റ്റ് 18ന് കുഞ്ഞിനു മരുന്നു വാങ്ങാനായി ഭർത്താവിനൊപ്പം റായ്ബറേലിയിലെ ആശുപത്രിയിൽ പോയപ്പോൾ ചന്ദൻ വർമ പൂനത്തിനോടു മോശമായി പെരുമാറിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എതിർത്തപ്പോൾ തന്നെയും ഭർത്താവിനെയും അടിച്ചെന്നും ജാതി അധിക്ഷേപം നടത്തിയെന്നും പൂനം പറഞ്ഞു. ‘‘ഈ സംഭവം മറ്റാരോടെങ്കിലും പറഞ്ഞാൽ നിങ്ങളെ ഞാൻ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. കുടുംബം ഭയത്തിലാണു കഴിയുന്നത്. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചന്ദൻ വർമയാണ് ഉത്തരവാദി. ഉചിതമായ നടപടിയെടുക്കണം’’– പൂനം പരാതിയിൽ ആവശ്യപ്പെട്ടു.
‘‘മാസ്റ്റർ സാഹിബ് (സുനിൽകുമാർ) വളരെ ലാളിത്യമുള്ള വ്യക്തിയാണ്. ഇവിടെ താമസം തുടങ്ങിയിട്ടു രണ്ടുമൂന്നു മാസമായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആക്രമികൾ എങ്ങനെയാണ് എത്തിയത് എന്നറിയില്ല. മുൻഭാഗത്തു കൂടെ വീട്ടിലേക്കു കയറുന്നതായി ശ്രദ്ധയിൽപ്പെട്ടില്ല. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടു’’– സുനിൽകുമാറിന്റെ വീടിനു സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമ രാം മനോഹർ യാദവ് പറഞ്ഞു. കൂട്ടക്കൊലയിൽ ചന്ദനു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. യുപി പൊലീസിന്റെ പ്രത്യേക സംഘമാണ് (എസ്‌ടിഎഫ്) കേസ് അന്വേഷിക്കുന്നത്
സ്വർണവില പുതിയ ഉയരത്തിൽ; സെഞ്ച്വറി അടിച്ച് വെള്ളിയും
കൊച്ചി: കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡ് പൊളിച്ചെഴുതി. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 7,110 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് പവൻ വില ഇനി 40 രൂപ മാത്രം അകലെ.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഓഹരി, കടപ്പത്ര വിപണികൾ നേരിടുന്ന വിൽപനസമ്മർദമാണ് സ്വർണവില കുതിച്ചുകയറാൻ മുഖ്യകാരണം. യുദ്ധം മുറുകുന്നത് രാജ്യാന്തര വ്യാപാരം, ആഗോള സമ്പദ്‍വ്യവസ്ഥ എന്നിവയ്ക്കു തിരിച്ചടിയാകുമെന്ന ഭീതിമൂലം നിക്ഷേപകർ ഓഹരി, കടപ്പത്രങ്ങൾ വിറ്റൊഴിഞ്ഞ്, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമ എക്കാലത്തുമുള്ള ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്കു മാറ്റുകയാണ്. ഡിമാൻഡ് കൂടിയതോടെ സ്വർണവില കുതിക്കാനും തുടങ്ങി.
പുറമേ, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങളും സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. യുഎസ് കേന്ദ്രബാങ്ക് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണു വിലയിരുത്തലുകൾ. യുഎസിലെ തൊഴിലില്ലായ്മ കണക്കുകൾ ഇന്നു പുറത്തുവരും. കണക്കുകൾ പ്രതികൂലമായാൽ പലിശയിൽ വീണ്ടും വലിയ ഇളവിനായി മുറവിളി ഉയരും. പലിശ കുറയുന്നത് യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളെയും ഡോളറിനെയും ദുർബലപ്പെടുത്തും. ഇതും സ്വർണവില കൂടാൻ ഇടവരുത്തും.
സ്വാധീനശക്തിയായി ഇന്ത്യയും
ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്കു വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും ഉത്സവകാല സീസണായതിനാൽ ഇന്ത്യയിൽ ആഭരണ ഡിമാൻഡ് വർധിക്കുന്നതും സ്വർണ വില കൂടാനുള്ള കാരണങ്ങളാണ്. ഔൺസിന് 2,654 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോൾ 2,664 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് ഇന്ന് കേരളത്തിലെ വിലയെയും റെക്കോർഡിലേക്ക് നയിച്ചത്.
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് പുതിയ ഉയരമായ 5,885 രൂപയിലെത്തി. വെള്ളി വില ഗ്രാമിനു രണ്ടു രൂപ വർധിച്ച് 100 രൂപയായി. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വെള്ളിവില വീണ്ടും സെഞ്ച്വറിയടിക്കുന്നത്. വെള്ളി പാദസരം, അരഞ്ഞാണം, വള, പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിനു വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വില വർധന തിരിച്ചടിയാണ്.
ഇന്നൊരു പവന് വില 56,960 രൂപ
56,960 രൂപയാണ് ഇന്നൊരു പവന് വില. ഇതോടൊപ്പം 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപയും അതിന്റെ 18% ജിഎസ്ടിയും), പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20 ശതമാനത്തിനു മുകളിലുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 61,656 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,707 രൂപയും.
മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്ന് വ്യാജ ഫോൺകോൾ; മനംനൊന്ത് അധ്യാപികയായ അമ്മ മരിച്ചു
ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന് വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് ഹൃദയം തകർന്ന് മരിച്ചത്.
തിങ്കളാഴ്ച മാൽതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ്(ഡിപി) ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് അയാൾ പറഞ്ഞത്. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാൽതിയുടെ മകൻ ദിപാൻഷു പൊലീസിനോടു പറഞ്ഞു. പണം നൽകിയാൽ മകൾക്കെതിരെയുള്ള കേസ് ഒഴിവാക്കാമെന്നും വിളിച്ചയാൾ പറഞ്ഞെന്ന് ദിപാൻഷു അറിയിച്ചു.
‘‘ആഗ്രയിലെ അച്നേരയിൽ സർക്കാർ സ്കൂൾ അധ്യാപികയാണ് എന്റെ അമ്മ. ഈ കോൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ എന്നെ വിളിച്ചിരുന്നു. കോൾ വന്ന നമ്പർ ഞാൻ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി. അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ തോന്നുന്നതായും പറഞ്ഞു. ഞാൻ വീണ്ടും വീണ്ടും പ്രശ്നമൊന്നുമില്ലെന്നും കോളജിലുള്ള സഹോദരിയെ വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും അമ്മയ്ക്ക് ആശ്വാസമായില്ല. അമ്മയുടെ ആരോഗ്യനില മോശമാവുകയും സ്കൂളിൽനിന്ന് തിരികെ വന്നപ്പോൾ വേദന അനുഭവപ്പെടുന്നതായി പറയുകയും ചെയ്തു. ഞങ്ങൾ വെള്ളം നൽകി, അത് കുടിച്ചതിനു ശേഷം വേദന കൂടുകയും മരിക്കുകയുമായിരുന്നു’’– ദിപാൻഷു പറഞ്ഞു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കനത്ത മഴയിൽ കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നു, 9 പേർക്ക് ദാരുണാന്ത്യം
തായ്പേയ്: കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നും ഒൻപത് പേർക്ക് ദാരുണാന്ത്യം. തായ്വാന്റെ തെക്കൻ മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം. ക്രാത്തോൺ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടൺ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടർന്നത്. നേരത്തെ കൊടുങ്കാറ്റിന് പിന്നാലെ വലിയ രീതിയിലെ മണ്ണിടിച്ചിലും കൊടും മഴയും ശക്തമായ കാറ്റും ദ്വീപിനെ സാരമായി ബാധിച്ചിരുന്നു. തീ പടർന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് ഒൻുത് പേരും മരിച്ചത്. സംഭവത്തിൽ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമീപ മേഖലയിൽ നിന്ന് എത്തിയ സൈനികരുടെ അടക്കം സഹായത്തോടെയാണ് അഗ്നിരക്ഷാ സേന ആശുപത്രി ജീവനക്കാരേയും രോഗികളേയും തീ പടരുന്നതിനിടെ പുറത്ത് എത്തിച്ചത്. അവശനിലയിലായ 176ഓളം രോഗികളെയാണ് പുറത്തെത്തിച്ച് ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. കൊടും മഴയിൽ ടാർപോളിൻ കൊണ്ട് മറപിടിച്ചായിരുന്നു രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.
മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ക്രാത്തോൺ തുറമുഖ നഗരമായ കവോസിയുംഗിൽ മണ്ണിടിച്ചിലിന് കാരണമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വളരെ കുറഞ്ഞ വേഗതയിൽ കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ആയിരങ്ങളേയാണ് മലയോര മേഖലയിൽ നിന്ന് മാറി പാർക്കുന്നതിന് നിർബന്ധിപ്പിച്ചിട്ടുള്ളത്. കൊടുങ്കാറ്റിന് പിന്നാലെ ഉയർന്ന തിരമാലകളും മഴയും മേഖലയിലെ ഗതാഗതം, വൈദ്യുതി ബന്ധം എന്നിവയെ താറുമാറാക്കിയിരിക്കുകയാണ്.






































