ഇരവിപുരം :സെൻറ് ജോൺസ് ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവ ലോഗോ നാം പ്രകാശനം ചെയ്തു. കൊല്ലം കോർപ്പറേഷൻ ഹരിത കർമ്മ സേന പ്രതിനിധി ഷേർളി ഷിബു, സ്കൂൾ പാചക തൊഴിലാളി റോസി, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ.ഡി, വിദ്യാർത്ഥി പ്രതിനിധികളായ അവന്തിക, അഭിജിത്ത്, അധ്യാപക പ്രതിനിധികളായ ലിസി, നൊറീൻ, കിരൺ ക്രിസ്റ്റഫർ എന്നിവർ ചേർന്നാണ് കലോത്സവ ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 9, 10 തീയതികളായി 3 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഞാനും നീയുമല്ല ‘നാം ‘ എന്നതാണ് ആപ്തവാക്യം.
നിയമസഭയിൽ ഇന്ന് നടന്നത് വെറും പൊറാട്ട് നാടകം ,വി മുരളീധരന്‍
തിരുവനന്തപുരം. നിയമസഭയിൽ ഇന്ന് നടന്നത് വെറും പൊറാട്ട് നാടകമാണെന്നും സർക്കാർ മുന്നോട്ട് വെച്ച കള്ളക്കണക്ക് എന്താണെന്ന് പോലും പ്രതിപക്ഷം ചോദിച്ചിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭ സമ്മേളനത്തിന്റെ തുടക്കം തന്നെ സിപിഎം – വി ഡി സതീശൻ അന്തർധാര ആയിരുന്നു. മുഖ്യമന്ത്രി ചിരിച്ച് ഒഴിഞ്ഞു മാറിയിട്ട് കാര്യമില്ല. ലേഖനത്തിൽ മലപ്പുറം പരാമർശം ഉൾക്കൊള്ളിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും
കേരളത്തിലെ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കാനുള്ള ശ്രമമാണ് പി ആർ ഏജൻസി വഴി മുഖ്യമന്ത്രി നടപ്പാക്കിയതെന്നും മുരളീധരൻ പറഞ്ഞു.
ഡോ. അനിത. എ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേറ്റു
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ.അനിത.എ കൊല്ലം ജില്ലാമെഡിക്കല്‍ ഓഫിസര്‍ ആയി ചുമതലയേറ്റു. 1996- ല്‍ എറണാകുളം ജില്ലയിലെ ഏഴിക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആശുപത്രി വികസനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് എം.ബി.ബി എസ് പഠനം പൂര്‍ത്തിയാക്കിയത്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് എം.പി.എച്ച് നേടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയാണ്.
പുലിപ്പേടിയില്‍ ഭീതിയൊഴിയാതെ പത്തനാപുരം നിവാസികള്‍
ഭീതിയൊഴിയാതെ പത്തനാപുരം നിവാസികള്‍. പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ നാട്ടുകാരും തൊഴിലാളികളും. പത്തനാപുരം എസ്എഫ്സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്. പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചതായാണ് സൂചന.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി പ്രഖ്യാപിച്ചിരുന്നു.
പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച പലകകള്‍ മാറ്റി
പുനലൂര്‍: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിലെ ദ്രവിച്ച നടപ്പലകകള്‍ മാറ്റി. ഒരുവര്‍ഷം മുന്‍പ് നടത്തിയ നവീകരണ പ്രവൃത്തിയുടെ ബാധ്യതാ കാലാവധി (ഡിഎല്‍പി) അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ദ്രവിച്ച പലകകള്‍ അടിയന്തിരമായി മാറ്റിസ്ഥാപിച്ചത്.
മണ്ണടിയില്‍ സൂക്ഷിച്ചിട്ടുള്ള കമ്പകത്തടി എത്തിച്ചാണ് പലകകള്‍ മാറ്റിയത്. പുനലൂരിലെ അമിതമായ ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് പാലത്തിലെ പലകകള്‍ വേഗം ദ്രവിക്കുന്നതിന് കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപദ്ധതിയില്‍പെടുത്തി ഒരുവര്‍ഷം മുന്‍പാണ് പാലം പുനരുദ്ധരിച്ചത്. പുരാവസ്തു വകുപ്പില്‍ നിന്ന് അനുവദിപ്പിച്ച 26.88 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ഇത്. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗര്‍ഡറുകളിലെ തുരുമ്പു നീക്കി ചായം പൂശുകയും നടപ്പലകകള്‍ കശുവണ്ടിക്കറ പൂശി ബലപ്പെടുത്തുകയും പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കുകയും കല്‍ക്കമാനങ്ങളുടെ അടിത്തട്ട് ബലപ്പെടുത്തുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ ആരംഭിച്ച പുനരുദ്ധാരണം ഏപ്രിലില്‍ പൂര്‍ത്തിയാക്കി മെയ് 10ന് പാലം വീണ്ടും തുറന്നുനല്‍കി. രണ്ടുവര്‍ഷത്തിനുള്ളില്‍ തൂക്കുപാലത്തിലെ മുഴുവന്‍ നടപ്പലകകളും മാറ്റി പുതിയ കമ്പകപ്പലകകള്‍ സ്ഥാപിക്കും.
1.35 കോടി രൂപ ചെലവഴിച്ച് 2016-ല്‍ നടത്തിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കമ്പകപ്പലകകളാണ് ഇപ്പോള്‍ പാലത്തിലുള്ളത്. വരുന്ന രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പലകകള്‍ മാറ്റിസ്ഥാപിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിനുള്ള കമ്പകത്തടി വകുപ്പിന്റെ ശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1877 ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ കല്ലടയാറിനു കുറുകെ നിര്‍മിച്ചതാണ് തൂക്കുപാലം. നാലുവശത്തുമായി നിര്‍മിച്ചിരിക്കുന്ന കിണറുകളിലെ കൊളുത്തില്‍ തൂക്കി കൂറ്റന്‍ ചങ്ങലകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മാണവിദ്യ ഇപ്പോഴും വിസ്മയിപ്പിക്കുന്നതാണ്.
916 മുക്കുപണ്ടം തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: മുക്കുപണ്ടങ്ങളില്‍ 916 മുദ്ര വ്യാജമായി പതിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ ഒരാള്‍കൂടി പിടിയില്‍. കൊല്ലം ആയത്തില്‍ വടക്കേവിള വില്ലേജില്‍ ചരുവിള വീട്ടില്‍ സുധീഷ് ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ തന്നെ നാല് കേസുകള്‍ നിലവിലുണ്ട്.
സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങള്‍ക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. സംഘത്തില്‍ ഇനിയും ആളുകള്‍ ഉള്ളതായി സുധീഷില്‍ നിന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
916 പതിപ്പിച്ച വ്യാജ മുക്കുപണ്ടങ്ങള്‍ പണയം വച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം തട്ടുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണാഭരണം പണയം വെച്ചിരിക്കുന്ന ചില ആളുകളെ സമീപിച്ച് അവര്‍ക്ക് മുക്കുപണ്ടങ്ങള്‍ നല്‍കി, ഇത് പണയം വച്ച ശേഷം യഥാര്‍ത്ഥ സ്വര്‍ണം തിരികെ എടുത്ത് തട്ടിപ്പു നടത്തുകയുമായിരുന്നു സംഘത്തിന്റെ രീതി.
സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസിപി ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ ശൂരനാട് ഒളി സങ്കേതത്തില്‍ നിന്നും പിടികൂടിയത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജ 916 മുദ്രയുള്ള ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ആളിനെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്, അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എരുമേലിയില്‍ ഇനി കുറി തൊടീല്‍ വേണ്ടെന്ന് ബോര്‍ഡ്
തിരുവനന്തപുരം: എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടല്‍ ഇനി അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രചാരമല്ലാത്തതിനാലാണ് ഇത് ഒഴിവാക്കുന്നതെന്നും പൊട്ടുകുത്തലിന് ഫീസ് ഈടാക്കാന്‍ നല്കിയ കരാറുകള്‍ റദ്ദാക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതിനു വേണ്ട നിയമ നടപടികള്‍ സ്വീകരിക്കും.
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടയ്ക്കുമുന്‍പ് വലിയതോട്ടില്‍ കുളിച്ചെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലില്‍ കുങ്കുമവും ഭസ്മവുമുള്‍പ്പെടുള്ളവ നല്കാറുണ്ട്. ഇവിടെ കുറി തൊടുന്നതിന് 10 രൂപ ഈടാക്കാന്‍ തീരുമാനിച്ചതില്‍ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനായി കരാര്‍ നല്കിയതും വിവാദമായിരുന്നു. കുറി തൊടല്‍ എരുമേലി ശാസ്താ ക്ഷേത്രമോ ശബരിമലയോ ആയി ബന്ധപ്പെട്ട ആചാരമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിലപാട്.
ഇക്കാര്യം ഹൈന്ദവസംഘടനകളും ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. അമിതനിരക്ക് തടയാനും തര്‍ക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോര്‍ഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച് മൂന്നുപേര്‍ക്ക് കരാര്‍ നല്കിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ആഗസ്ത് 15 ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിര്‍പ്പോ ഉന്നയിച്ചില്ലെന്ന് ബോര്‍ഡ് വിശദീകരിച്ചു.
നാലര വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്
കൊട്ടാരക്കര: അയല്‍വാസിയായ നാലര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ എഴുകോണ്‍ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപം ആദിത്യനെ (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി അഞ്ചുവര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ചു മീര ബിര്‍ല ആണ് വിധി പ്രസ്താവിച്ചത്.
2023 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ്ഇന്‍സ്‌പെക്ടര്‍ എ. അനീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു. സി. തോമസ് ഹാജരായി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ പോലീസിന്റെ പിടിയിലായി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 45 ല്‍ പ്രീയ മന്‍സിലില്‍ ഡെന്നി (36) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിദേശ രാജ്യത്ത് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,96,500 രൂപ തട്ടിയെടുത്ത കുറ്റത്തിനാണ് അറസ്റ്റ്.
എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരില്‍ വിദേശത്ത് ഡ്രൈവര്‍ വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പല തവണകാളായി പണം തട്ടിയെടുത്തത്. പണം നല്‍കിയിട്ടും വിസലഭിക്കാതായതോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെസമാനമായ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രതിഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സജയന്‍, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.





































