26.5 C
Kollam
Thursday 18th December, 2025 | 01:27:47 AM
Home Blog Page 2066

ഹൃദയ കുഴലിന്‍റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്

ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവര്‍ക്കും തന്‍റെ ആരോഗ്യവിവരം തിരക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് വാര്‍ത്ത കുറിപ്പ് ഇറക്കി. അടുത്തിടെയാണ് ഹൃദയത്തിലെ രക്തകുഴലുകള്‍ക്ക് വീക്കം കണ്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രജനികാന്ത് ചികിത്സയ്ക്ക് വിധേയനായത്.

താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അഭ്യുദയകാംക്ഷികൾ നൽകിയ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും പിന്തുണയ്ക്കും രജനികാന്ത് എക്സ് വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. സെപ്തംബർ 30 നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ചികിത്സിച്ച അയോർട്ടയിലെ വീക്കം പരിഹരിക്കാനായിരുന്നു ഇത്. വെള്ളിയാഴ്ച ഇദ്ദേഹത്തെ ചികില്‍സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

രജനികാന്ത് തമിഴിൽ എക്‌സിൽ പങ്കിട്ട സന്ദേശത്തില്‍ പറയുന്നത് ഇതാണ് “ഞാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എന്‍റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ സിനിമാ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും, എല്ലാവർക്കും എന്‍റെ ആത്മാർത്ഥമായ നന്ദി, എന്നെ ജീവനോടെ നിലനിർത്തുകയും എന്നെ അളവറ്റ സ്‌നേഹിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു”

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിതാഭ് ബച്ചന്‍റെയും ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച എക്സ് പോസ്റ്റുകള്‍ക്കും പ്രത്യേകമായി രജനികാന്ത് നന്ദി പറഞ്ഞിരുന്നു.

രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വെട്ടൈയന്‍ ആണ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 10നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്.

അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനിയുടെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രം. രജനികാന്തിന്റെ കൂലിയുടെ രംഗങ്ങള്‍ പ്രധാനപ്പെട്ട എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ രജനിയുടെ ആരോഗ്യാവസ്ഥ ബാധിക്കുമോയെന്നതിലാണ് സിനിമയുടെ ആരാധകരുടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മകൾക്ക് സ്വാഗതം പറഞ്ഞില്ല; സിപിഐ നേതാവായ പിതാവിന്റെ രോഷപ്രകടനം; അങ്കലാപ്പിലായി മന്ത്രിയടക്കമുള്ളവർ

മൂന്നാർ: മന്ത്രിയോടൊപ്പം വേദി പങ്കിട്ട ബ്ലോക്ക് പഞ്ചായത്തംഗവും മകളുമായ യുവതിക്ക് സ്വാഗതപ്രസംഗകൻ സ്വാഗതം ആശംസിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് മന്ത്രി ജി.ആർ.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തിൽ രോഷാകുലനായി ബഹളം വച്ചത്.

ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസർ ബൈജു.കെ.ബാലൻ, നോട്ടിസിൽ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാൻ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎൽഎ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേൽ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാൻ ആവശ്യപ്പെട്ടത്. ഇതോടെ ഇവർ വേദിവിട്ട് സദസ്സിലെത്തി.

നേതാവ് ബഹളംവച്ചതോടെ മന്ത്രിയും വേദിയിലുണ്ടായിരുന്നവരും അങ്കലാപ്പിലായി. ഇതോടെ എംഎൽഎ സംഭവത്തിൽ ക്ഷമാപണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗത്തിന് സ്വാഗതം പറഞ്ഞ് മടക്കി വേദിയിൽ കയറ്റിയതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്.

അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ചു; ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 4 വിദ്യാർഥികൾ പിടിയിൽ

ആഗ്ര: അധ്യാപികയുടെ അർധനഗ്ന വിഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പൊലീസ് പിടിയിലായത്. ചിത്രീകരിച്ച വിഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക് അധ്യാപിക സ്വന്തം വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നു. അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥി രഹസ്യമായി മൊബൈലിൽ പകർത്തി. പിന്നീട് ഇത് കാണിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭീഷണിപ്പെടുത്തി. അധ്യാപിക വിസമ്മതിച്ചതോടെ, വിദ്യാർഥി സുഹൃത്തുക്കൾക്ക് വിഡിയോ കൈമാറിയശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപിക അകലം പാലിച്ചതോടെ വിദ്യാർഥി കൂടുതൽ സമ്മർദം ചെലുത്തി. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക ഒരു സംഘടനയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കരിയര്‍ എക്സ്പോ

കൊല്ലം: ജില്ലയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് യോഗ്യതക്ക് അനുസരിച്ച തൊഴില്‍ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് ജില്ലയില്‍ നടത്തുന്ന കരിയര്‍ എക്സ്പോ സഹായകരമാകുമെന്ന് കളക്ടര്‍ എന്‍. ദേവിദാസ് പറഞ്ഞു. തൊഴില്‍ ദാതാക്കളുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ജോലി സാദ്ധ്യതകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം വച്ചാണ് 19ന് ജില്ലയില്‍ കരിയര്‍ എക്സ്പോ സംഘടിപ്പിക്കുക. കുടുംബശ്രീക്കാണ് സംഘാടനത്തിന്റെ പ്രധാന ചുമതല.
പ്ലസ് ടു കഴിയുമ്പോള്‍ തന്നെ ഏത് മേഖലയില്‍ തൊഴില്‍ സാധ്യത എന്ന് കണ്ടെത്തി പഠനം തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ചര്‍ച്ചകളും എക്സ്പോയുടെ ഭാഗമായി നടത്തും. വിദേശ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പോടുകൂടിയുള്ള പഠന അവസരങ്ങളും അറിയുന്നതിന് എക്സ്പോ സഹായകരമാകും. സബ് കളക്ടര്‍ നിഷാന്ത് സിഹാര, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണ് നട്ട് കോൺ​ഗ്രസും ബിജെപിയും

ന്യൂഡൽഹി: ഹരിയാന ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ണു നട്ടു ബിജെപിയും കോൺഗ്രസ്സും.രണ്ടിടങ്ങളിലും ഇന്ത്യ സഖ്യത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ്പോൾ സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.ഹരിയാനയിൽ ബിജെപി അപ്രസക്തമാകുമെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നുമാണ് മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം പ്രവചിച്ചിരിക്കുന്നത്.

ബി​ജെപി പരമാവധി 24 സീറ്റുകളിലൊതുങ്ങുമെന്നും കോണ്ഗ്രസ് 65 സീറ്റു വരെ പിടിക്കും എന്നുമാണ് പ്രധാന സർവേ എജൻസികളുടെ പ്രവചനം.ജമ്മു കശ്മീരിൽ ഇൻഡ്യാ സഖ്യം 46 മുതൽ 50 വരെ സീറ്റുകളും,എൻഡിഎ സഖ്യം 23 മുതൽ 27 വരെ സീറ്റുകളും,പിഡിപി 7 മുതൽ 11 വരെ സീറ്റുകളും മറ്റുള്ളവർ നാല് മുതൽ ആറ് വരെ സീറ്റുകളും നേടുമെന്നും വിവിധ സർവേകൾ പ്രവചിക്കുന്നു.

സർവ്വേകളെക്കാൾ മികച്ച വിജയം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിക്കുമ്പോൾ, വോട്ടെണ്ണുമ്പോൾ സർവേകൾ അപ്രസക്തമാകുമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

എം. രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്‌ 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: ആകാശവാണി വാർത്ത പ്രക്ഷേപകൻ എം. രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്‌. രാവിലെ 10 മണി വരെ മുടവൻ മുകളിലെ സ്വവസതിയിൽ പൊതുദർശനം. രാവിലെ 10.30 മുതൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം ഉണ്ടാകും. 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

ഇന്നലെ ഉച്ചയ്ക്കാണ് എം. രാമചന്ദ്രൻ മരിച്ചത്. 91 വയസായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ആകാശവാണി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച വാർത്ത അവതാരകനായിരുന്നു എം. രാമചന്ദ്രൻ. അദ്ദേഹം അവതരിപ്പിച്ച കൗതുക വാർത്തകൾ എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കെ.എസ്.ഇ.ബി ജീവനക്കാരാനായിരുന്നു രാമചന്ദ്രൻ വാർത്ത വായനയോടുള്ള ഇഷ്ടം കൊണ്ടാണ് ആകാശവാണി തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്. ഇന്ദിരാഗാന്ധി അന്തരിച്ച വിവരം ആദ്യം ലോകം കേട്ടത് എം രാമചന്ദ്രൻ്റെ ശബ്ദത്തിലൂടെ ആയിരുന്നു.

ജർമനിയിൽ മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു; മൃതദേഹം കണ്ടെത്തിയത് ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്ന്

മാവേലിക്കര: ജർമനിയിലെ ബർലിനിൽ ഉന്നതപഠനം നടത്തുകയായിരുന്ന മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയിൽ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോൻ-30) ആണു കൊല്ലപ്പെട്ടത്. ബഹ്റൈനിൽ ഫാർമസിസ്റ്റ് ആയ ലില്ലി ഡാനിയലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്.

ബർലിൻ ആർഡേൻ സർവകലാശാലയിൽ പഠിക്കുകയായിരുന്ന ആദമിനെ കഴിഞ്ഞ 30 മുതൽ കാണാതായിരുന്നു. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഒരു ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്നു മൃതദേഹം കണ്ടെത്തി.

കുത്തേറ്റു മരിച്ച നിലയിലായിരുന്നു. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ മൽപിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാൾ പൊലീസിൽ അറിയിച്ചത്. എന്നാൽ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡിൽ ജഡം ഉപേക്ഷിച്ചാൽ പിടിക്കപ്പെടുമെന്നതിനാൽ ആഫ്രിക്കൻ വംശജൻ സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജർമനിയിൽ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

ആദമിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളർന്നത്. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്.

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന; പേരുകളിലേക്ക് പാർട്ടികൾ: സാധ്യത ഇവർക്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും ഇതേ ആത്മവിശ്വാസം തന്നെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നു. എട്ടിനു ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും മത്സരത്തിനു താൽപര്യപ്പെടുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് രാഹുലിനെ മുൻകൂട്ടി അവതരിപ്പിച്ചതിന്റെ പരിഭവം പലർക്കുമുണ്ടായിരുന്നെങ്കിലും അത് ഏറക്കുറെ പരിഹരിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎം ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. മുൻ സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്.

ചേലക്കരയിൽ, രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകണമെന്ന താൽപര്യത്തിനാണു കോൺഗ്രസിൽ മുൻതൂക്കം. കെ.എ.തുളസി, മണ്ഡലത്തിൽ തന്നെയുള്ള യുവനേതാവ് ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളുമുണ്ട്. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഭാര്യയുമാണു തുളസി. കെ.രാധാകൃഷ്ണനു മത്സരിക്കാൻ കഴിഞ്ഞതവണ ചേലക്കര സീറ്റ് ഒഴിഞ്ഞുകൊടുത്ത യു.പ്രദീപിനാണു സിപിഎമ്മിൽ മുൻഗണന. ബിജെപി ചർച്ച ചെയ്യുന്നതു തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ പേരാണ്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയിൽനിന്ന് എം.ടി.രമേശ് മത്സരിച്ചേക്കും.

നേരത്തേ ഒരുങ്ങി പാർട്ടികൾ

ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ, മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പാർട്ടികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. കെ.സുധാകരൻ ആയുർവേദ ചികിത്സയിലായതിനാൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നേരിട്ടിറങ്ങിയാണു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രവർത്തനം നിയന്ത്രിക്കുന്നത്.

പാലക്കാട്ടും ചേലക്കരയിലും അദ്ദേഹം പങ്കെടുത്ത് നാലും അഞ്ചും തവണ ബൂത്തുതല യോഗങ്ങൾ ചേർന്നുകഴിഞ്ഞു. പാലക്കാട്ട് ഏഴായിരത്തോളം വോട്ടും ചേലക്കരയിൽ ആറായിരത്തോളം വോട്ടും ചേർത്തു.

പാലക്കാട്ട് ആകെയുള്ള 180 ബൂത്തുകളിലും ചേലക്കരയിൽ 177ൽ 173 ബൂത്തുകളിലും കമ്മിറ്റികളായി. പാലക്കാട്ട് ബി.എ.അബ്ദുൽ മുത്തലിബ്, ബാബുരാജ്, ചേലക്കരയിൽ പി.എം.നിയാസ്, വി.പി.സജീന്ദ്രൻ എന്നിവരെയാണു കെപിസിസി ചുമതലയേൽപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിയുടെയും മുന്നണിയുടെയും കമ്മിറ്റികൾ രൂപീകരിക്കുന്നതിനു മുന്നോടിയായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതിയോഗം നിർദേശം നൽകിയിട്ടുണ്ട്.

വിവാദങ്ങൾക്ക് വിരാമം; അർജുന്റെ കുടുംബവുമായി സംസാരിച്ച് മനാഫ്

കോഴിക്കോട്: ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന്റെ സംസ്കാരത്തിന് പിന്നാലെ നടന്ന വിവാദത്തിന് വിരാമം. ട്രക്കുടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ രൂപപ്പെട്ട സ്വര ചേർച്ചയില്ലായ്മ ഇരു കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ രമ്യമായി പരിഹരിച്ചു.

മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഖാദർ കരിപ്പൊടി, അൽ ബാബു, സായ്കൃഷ്ണ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തിയത്.

എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു, 3 പേർക്ക് പരുക്ക്

കൊച്ചി: വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. രാത്രിയിലാണ് പൊട്ടിത്തെറിയുണ്ടായത്.