28.8 C
Kollam
Wednesday 17th December, 2025 | 08:32:07 PM
Home Blog Page 2063

മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടു പേര്‍കൂടി അറസ്റ്റില്‍

കൊല്ലം: മുക്കുപണ്ടം പണയം വെച്ച കേസില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി. ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇരവിപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളുമായി ബന്ധപ്പെട്ട് ടികെഎം കോളേജ് പോസ്റ്റോഫീസില്‍ കോളേജ് നഗര്‍ 112 കൂട്ടത്ത് വിള വീട്ടില്‍ അല്‍ത്താഫ് മന്‍സില്‍ അല്‍ത്താഫ് (27), ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പഴമ്പിള്ളി മഠം തുളസീധരന്‍ (52) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പുന്തലത്താഴത്തുള്ള നാല് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഇരവിപുരത്ത് അറസ്റ്റ് നടന്നത്.
മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ചു ചന്ദ്രന്‍, രതീഷ്, ഗീത, ഗിരിജ, സുധീഷ് എന്നിവരെ ഇരവിപുരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. 12.3 ഗ്രാം പണയം വച്ച് 55,000 രൂപ തട്ടിയ കേസില്‍ സഞ്ചൂ ചന്ദ്രനെയും, രണ്ട് സംഭവങ്ങളിലായി 10 ഗ്രാം വീതം വെച്ച് 50,000, 41,000 രൂപ വാങ്ങിയ കേസില്‍ രതീഷിനെയും 13 ഗ്രാം സ്വര്‍ണം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസിലുമാണ് ഗീത, ഗിരിജ എന്നിവര്‍ അറസ്റ്റിലായത്. ഈ വര്‍ഷം മെയ്, ആഗസ്ത് മാസങ്ങളിലായിരുന്നു തട്ടിപ്പ് നടന്നത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ പ്രത്യക സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടു പേര്‍ കൂടി അറസ്റ്റിലായത്.
പുന്തലത്താഴത്ത് പണയം വെച്ച് കേസുകളുമായി ബന്ധപ്പെട്ട സുധീഷ് എന്നയാളെ മൂന്നുദിവസം മുമ്പ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ പുന്തലത്താഴത്ത് പണയം വെച്ച എല്ലാ കേസുകളിലും മുക്കുപണ്ടം പ്രതികള്‍ക്ക് നല്‍കിയത് സുധീഷ് ആണെന്ന് സമ്മതിച്ചിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് 25000 രൂപ കമ്മീഷന്‍ എന്ന നിലയില്‍ ആയിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രദേശവാസികളെ കണ്ടെത്തി പരിചയം ഉണ്ടാക്കി പണയം വെപ്പിക്കുകയായിരുന്നു.
സുധീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുക്കുപണ്ടം എത്തിച്ചു നല്‍കുന്നത് അല്‍താഫ് ആണെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. വളരെ നാളായി നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ഇന്നലെ പുലര്‍ച്ചെ തഴുതല ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് പിടിയിലായത്. വിചാരണ നടക്കുന്ന എംഡിഎംഎ കേസില്‍ ഉള്‍പെടെ ആറ് കേസുകളില്‍ അല്‍ത്താഫ് പ്രതിയാണ്.
മുക്കുപണ്ടം പണയം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അല്‍ത്താഫിന്റെ അറസ്റ്റ് വഴി പുറത്തുവന്നത്. മുക്കുപണ്ടം ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയേണ്ടതായും ശക്തികുളങ്ങര കേസിലും ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷെറീഫ് പറഞ്ഞു.
കാവനാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏപ്രില്‍ 24ന് 10 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 40,500 രൂപ തട്ടിയ കേസിലാണ് തുളസീധരന്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ കാവനാട്, ശക്തികുളങ്ങര, രാമന്‍കുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചതായി സമ്മതിച്ചു.
പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, ഇരവിപുരം എസ്‌ഐ ജയേഷ്, ജിഎസ്‌ഐ അജിത്, സിപിഒ മാരായ സുമേഷ്, അനീഷ്, അനൂപ്, ശക്തികുളങ്ങര ജിഎസ്‌ഐമാരായ പ്രദീപ്, ഗോപാലകൃഷ്ണന്‍, എസ്പിപിഒ മനു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.

സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം: സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാമല ശാരദവിലാസിനി വായന ശാലയ്ക്ക് സമീപം പുള്ളിത്തോടം മുക്ക് മുത്തോടീ അനില്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള വീട്ടിലെ സുരക്ഷാ ജീവനക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടറ പടപ്പക്കര സ്വദേശി അനിലാണ് മരിച്ചത്. നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന വീടിന്റെ പിറകുവശത്ത് സെപ്ടിക് ടാങ്കിന്റെ സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലെ പുറം ജോലികള്‍ ചെയ്യുന്ന ജോലിക്കാരിയാണ് ഇന്നലെ മൃതദേഹം കണ്ടത്.

എം ടിയുടെ വീട്ടിലെ മോഷണത്തിൽ പ്രതികള്‍ അറസ്റ്റിൽ

കോഴിക്കോട്. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ പാചകക്കാരിയും അവരുടെ ബന്ധുവും അറസ്റ്റിൽ. നാലു വർഷത്തിനിടയിലാണ് പ്രതികൾ 26 പവൻ സ്വർണ്ണം കവർന്നത്. കോഴിക്കോട്ടെ 3 ജ്വല്ലറികളിലാണ് പ്രതികൾ വില്പന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

കൊട്ടാരം റോഡിലെ എംടി വാസുദേവൻ നായരുടെ സിതാര എന്ന വീട്ടിൽ നിന്ന് പാചകക്കാരി ശാന്തയും ശാന്തയുടെ ബന്ധു പ്രകാശനും ചേർന്നാണ് മോഷണം നടത്തിയത്. കൂടുതൽ മോഷണം ശ്രദ്ധയിൽ പെട്ടതോടെ കഴിഞ്ഞ ദിവസം എം ടി യുടെ ഭാര്യ സരസ്വതി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പോലീസിന് അഭിമാനനേട്ടം.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. പ്രതികളെ എംടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗത്തിലെ മൂന്ന് ജ്വല്ലറികളിലാണ് പ്രതികൾ ആഭരണങ്ങൾ വിൽപ്പന നടത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.

കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍

കൊട്ടിയം: മയ്യനാട് ജന്മംകുളത്തെ പഴക്കടയിലും ആക്രിവ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. മയ്യനാട് താന്നിമുക്കില്‍ സാഗരതീരം സുനാമി ഫ്ളാറ്റ് ബ്ലോക്ക് നമ്പര്‍ 6ല്‍ 30-ാം നമ്പര്‍ വീട്ടില്‍ അനില്‍, മയ്യനാട് പുല്ലിച്ചിറ മണി മന്ദിരത്തില്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
പിടിയിലായ അനിലിന്റെ പേരില്‍ നിലവില്‍ പോക്സോ അടക്കം മൂന്ന് കേസുകളുണ്ട്. ലഹരി ഉപയോഗിച്ചശേഷമാണ് മോഷണം. ഇവര്‍ മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ബൈക്കും മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ സംശയം.
മോഷണ ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, സുനില്‍കുമാര്‍, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.

ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായ ജീവനക്കാരിയെ തെന്മലയിൽ നിന്നും കണ്ടെത്തി

ശാസ്താംകോട്ട:ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായ തൃശൂർ സ്വദേശിയായ ജീവനക്കാരിയെ തെന്മലയിൽ നിന്നും കണ്ടെത്തി.ശനിയാഴ്ചയാണ് യുവതിയെ കാണാതായത്.വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.പിന്നീട് ആശുപത്രി അധികൃതർ ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തെന്മലയിൽ നിന്നും കണ്ടെത്തിയത്.കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു.

വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ

വനിതാ ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീം രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെ 6 വിക്കറ്റിന് തകര്‍ത്തു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 7 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
ഓപ്പണര്‍ സ്മൃതി മന്ധാന രണ്ടാം പോരിലും പരാജയപ്പെട്ടു. താരമാണ് ആദ്യം മടങ്ങിയത്. 7 റണ്‍സ് മാത്രമാണ് സ്മൃതി കണ്ടെത്തിയത്. എന്നാല്‍ മറുഭാഗത്ത് ഷെഫാലി വര്‍മ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 3 ഫോറുകള്‍ സഹിതം ഷെഫാലി 32 റണ്‍സ് സമ്മാനിച്ച് മടങ്ങി. രണ്ടാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി 45 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് മടങ്ങിയത്. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ജെമിമയ്ക്ക് മികച്ച പിന്തുണ നല്‍കി. അതിനിടെ ജെമിമ (23) റണ്‍സെടുത്തു മടങ്ങി.
ജെമിമയ്ക്ക് പിന്നാലെ എത്തിയ റിച്ച ഘോഷ് ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. എന്നാല്‍ ഒരറ്റത്ത് ഹര്‍മന്‍പ്രീത് ഉറച്ചു നിന്നതോടെ ഇന്ത്യ ജയം കൈവിട്ടില്ല. ഹര്‍മന്‍പ്രീത് 24 പന്തില്‍ 29 റണ്‍സുമായി നില്‍ക്കെ താരം റിട്ടയേര്‍ട് ഹര്‍ട്ടായി മടങ്ങി.
ഹര്‍മന്‍പ്രീത് കൗര്‍ മടങ്ങിയതിനു പിന്നാലെ മലയാളി താരം സജന സജീവനാണ് ക്രീസിലെത്തിയത്. താരം നേരിട്ട ആദ്യ പന്തില്‍ തന്നെ വിജയിക്കാന്‍ ആവശ്യമായ 2 റണ്‍സ് ഫോറടിച്ച് നേടി. 1 പന്തില്‍ 4 റണ്‍സുമായി സജന പുറത്താകാതെ നിന്നു. ടീം വിജയം പിടിക്കുമ്പോള്‍ ദീപ്തി ശര്‍മയായിരുന്നു ശോഭനയ്ക്കൊപ്പം ക്രീസില്‍. താരം 7 റണ്‍സുമായി നിന്നു.

ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷണം പോയ കേസില്‍ പൂജാരി അറസ്റ്റില്‍

തിരുവന്തപുരം. ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷണം പോയ കേസില്‍ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ ആണ് അറസ്റ്റിലായത്. ഇതേ പൂജാരിയെ നേരത്തെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസില്‍ കഴിഞ്ഞ ജൂലായ് 27 ന് അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മണക്കാട് കുര്യാത്തി മുത്തുമാരി അമ്മന്‍കോവിലില്‍ പൂജയ്ക്കിടെ കസ്റ്റഡിയിലെടുത്ത അന്നത്തെ നടപടി വിവാദമാവുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. ഇതേ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയും കമ്മലുമാണ് അരുണ്‍ മോഷ്ടിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയെന്ന് പ്രതി മൊഴിനല്‍കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കുറ്റവാസനയുള്ള ആളാണ് പ്രതി അരുണെന്നും പൂന്തറ വിഗ്രഹ മോഷണ കേസില്‍ പങ്കുണ്ടോ എന്നതില്‍ വിശദ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു

വിളിപ്പാടകലെ പൊലീസ് സ്റ്റേഷൻ:ശാസ്താംകോട്ട തടാകതീരം കേന്ദ്രീകരിച്ച് അനാശാസ്യവും ലഹരി വില്പനയും,ആത്മഹത്യകളും വർദ്ധിക്കുന്നു

ശാസ്താംകോട്ട:ശാസ്താംകോട്ട പൊലീസിൻ്റെ മൂക്കിൻ തുമ്പത്ത് തടാകതീരം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരി വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി പരാതി.പൊലീസിന് പരാതി നല്‍കാനെത്തുന്നവരെ പോലും ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. ദിവസങ്ങൾക്കു മുമ്പ് പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ കായലിൽ ചാടി ആത്മഹത്യ ചെയ്തിട്ടും തടാകതീരത്ത് ജാഗ്രത പുലർത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശാസ്താംകോട്ട പൊലീസിൽ നിരവധി പരാതികൾ നൽകിയിട്ടും സംഭവങ്ങളുടെ ഗൗരവം മനസിലാക്കി നാട്ടുകാർ നേരിട്ട് വിളിച്ച് അറിയിക്കാറുണ്ടെങ്കിലും പൊലീസ് തിരിഞ്ഞു നോക്കാറില്ലെന്ന് ആക്ഷേപമുണ്ട്.

കൂടുതലായും സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ് തടാകതീരത്ത് എത്തുന്നത്.സ്കൂൾ വിദ്യാർത്ഥികളിൽ പലരും യൂണിഫോമിൽ തന്നെയാകും എത്തുന്നത്.അമ്പലക്കടവ് മുതൽ കോളേജിന് താഴെ മുളങ്കൂട്ടം വരെ നീളുന്ന തീരത്തെ മൊട്ടക്കുന്നുകൾക്ക് താഴെയുള്ള പൊന്തക്കാടുകൾ കേന്ദ്രീകരിച്ചാണ് ഇക്കൂട്ടർ തമ്പടിക്കുന്നത്.ചില ഭാഗങ്ങളിൽ ‘ബങ്കർ’ പോലെയുള്ള താവളങ്ങളും കാണാം.വള്ളക്കടവ് കഴിഞ്ഞാൽ കായൽ കാണാൻ എത്തുന്നവരോ പ്രദേശവാസികളോ ആരും തന്നെ അത്തരം ഭാഗങ്ങളിലേക്ക് പോകാറില്ല.എംഡിഎംഎംഎ പോലുള്ള രാസലഹരിയുടെ ഉപയോഗവും കൈമാറ്റവും തീരം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.രാത്രികാലങ്ങളിൽ ഇത് സർവ്വസാധാരണമാണത്രേ.
അനാശാസ്യങ്ങളും ലഹരി ഉപയോഗവും ശ്രദ്ധയിൽപ്പെടുന്ന നാട്ടുകാർ മുൻപ് പ്രതികരിക്കുമായിരുന്നു. എന്നാൽ
പ്രതികരിക്കുന്നവരെ സദാചാര പൊലീസായി ചിത്രീകരിച്ച് പൊലീസ് തന്നെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുമെന്നതിനാൽ ഇപ്പോൾ അതിനും ആരും മിനക്കെടാറില്ല. മുൻപ്
ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും കുടുംബാംഗങ്ങളുമൊത്ത് കായൽ സൗന്ദര്യം ആസ്വദിക്കാനും വിവാഹ പാർട്ടികൾ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യാനെത്തുന്നവരും ധാരാളമായിരുന്നു.എന്നാൽ ഇപ്പോഴതല്ല സ്ഥിതി.സഞ്ചാരികളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണെന്ന് റിപ്പോർട്ടുണ്ട്.തടാകതീരത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും നിരീക്ഷണ ക്യാമറകളുടെ അഭാവവും പ്രശ്നമായിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥികളായ പൂയപ്പള്ളി സ്വദേശികളുടെ മൃതദേഹം തടാകത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.സുഹൃത്തുക്കളായ ഇരുവരും ആത്മഹത്യ ചെയ്യാൻ കിലോമീറ്ററുകൾക്ക് അകലെ നിന്നുമെത്തി ശാസ്താംകോട്ട കായലിൽ ചാടുകയായിരുന്നുവത്രേ. ആത്മഹത്യ ചെയ്യാൻ കണ്ടെത്തിയ സുരക്ഷിത പ്രദേശം ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനു സമീപമെന്നതാണ് ഞെട്ടിക്കുന്നത്. തടാകതീരത്ത് വീടുകളില്ലാത്ത ഈ ഭാഗത്ത് എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തീരത്ത് കവലേര്‍പ്പെടുത്തണമെന്നുള്ള ആവശ്യം പലരും ഉന്നയിച്ചിട്ടുള്ളതാണ്.

കോളേജ് റോഡിൽ നിന്നും അമ്പലക്കടവിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ നിരീക്ഷണത്തിനായി പൊലീസിനെ നിയോഗിക്കുകയും ഇടയ്ക്കിടയ്ക്ക് പരിശോധന ശക്തമാക്കുകയും ചെയ്താൽ തടാകതീരത്ത് വർദ്ധിച്ചു വരുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനും ദിവസങ്ങൾക്കുള്ളിൽ അറുതി വരുത്താൻ കഴിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഇതിനൊന്നും പൊലീസിന് സമയവും താല്പര്യവും ഇല്ലെന്നതാണ് യാഥാർത്ഥ്യം.

ദുഃസ്വപ്‌നങ്ങള്‍ കാണുന്നു; മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചുനല്കി മോഷ്ടാവ്

ലഖ്‌നൗ: പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചു നല്കി വിഗ്രഹ മോഷ്ടാവ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.
സപ്തം. 23നാണ് ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തിലെ കൃഷ്ണന്റെയും രാധയുടെയും, വിലമതിക്കാനാകാത്ത അഷ്ടലോഹ വിഗ്രഹം മോഷ്ടാവ് കവര്‍ന്നത്. പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടാന്‍ തുടങ്ങി. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ മൂലം ഉറക്കമില്ലാതെയായി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കുറ്റസമ്മത പത്രികയോടൊപ്പം വിഗ്രങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.
വിഗ്രഹം മോഷണം പോയതായി ആശ്രമം ക്ഷേത്രത്തിലെ പുരോഹിതന്‍ മഹന്ത് സ്വാമി ജയ്‌റാം ദാസ് മഹാരാജ് 23ന് പരാതി നല്കിയിരുന്നതായി നവാബ്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അനി
ല്‍ കുമാര്‍ മിശ്ര അറിയിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ ക്ഷേത്രത്തിന് സമീപം ഒരു സഞ്ചിയുപേക്ഷിച്ച് ഓടിപ്പോകുന്നതായി പ്രദേശവാസികള്‍ കണ്ടിരുന്നു. സഞ്ചി തുറന്നു നോക്കിയപ്പോഴാണ് മോഷണം പോയ വിഗ്രഹങ്ങള്‍ അതില്‍ കണ്ടത്. തുടര്‍ന്ന് ജനങ്ങള്‍ വിവരം പുരോഹിതനെ അറിയിച്ചു. പിന്നീട് പോലീസിനെയും. വിഗ്രഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കത്തിലാണ് പേടിസ്വപ്‌നങ്ങളെയും കുടുംബാംഗങ്ങളുടെ അസുഖത്തെപ്പറ്റിയും പറഞ്ഞിരുന്നത്. തിരിച്ചുകിട്ടിയ വിഗ്രഹം ജലാഭിഷേകം നടത്തി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ , കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്

തിരൂര്‍. കരിപ്പൂർ വഴി സ്വർണം കടത്തുന്ന 99% പേരും മുസ്ലിം പേരുകാർ ആണെന്ന കെടി ജലീലിന്റെ പ്രസ്താവനക്ക് എതിരെ മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളാക്കി ചിത്രീകരിക്കാൻ കെടി ജലീൽ ശ്രമിക്കുന്നു എന്ന് പിഎംഎ സലാം,പരാമർശം അത്യന്തം അപകടകരമെന്ന് കെഎം ഷാജി.വിവാദമായതോടെ വിശദീകരണവുമായി കെടി ജലീൽ രംഗത്ത് വന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99% മുസ്ലിം പേരുകാർ ആണെന്നാണ് കെടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചത്.പിന്നാലെ
രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.മുഴുവൻ കുറ്റകൃത്യതങ്ങളുടെയും ഉത്തരവാദിത്വം കെടി ജലീൽ മുസ്ലിം സമുദായതിന്റെ തലയിൽ കെട്ടി വെക്കുകയാണ് എന്ന് മുസ്ലിം ലീഗ്.വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണം എന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മതവും ജാതിയും നോക്കി സമീപിക്കുന്നത് ആർഎസ് എസ് രീതി എന്ന് കെഎം ഷാജി പറഞ്ഞു.

സംഭവം വിവാദം ആയതോടെ വിശദീകരണവുമായി ജലീൽ രംഗത്ത് വന്നു.കരിപ്പൂരിൽ സ്വർണവുമായി പിടിയിലാകുന്നത് മഹാ ഭൂരിപക്ഷവും മുസ്ലിം സമുദായക്കാർ ആണ്,സ്വര്ണക്കടത്തും ഹവാലയും മത വിരുദ്ധമല്ല എന്നാണ് നല്ലൊരു ശതമാനം മുസ്ലിംകളും വിശ്വസിക്കുന്നത് എന്ന് കെടി ജലീൽ.തെറ്റ് ചെയ്യുന്നത് സമുദായക്കാർ ആണെങ്കിലും എതിർക്കണം.ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാദിമാര് തയ്യാറാകണം.പാണക്കാട് സാദിഖ് അലി തങ്ങൾ തന്റെയും ഖാദി ആണെന്നും ജലീൽ.മുസ്ലിംകളിലെ കുറ്റം ചൂണ്ടി കാണിക്കേണ്ടത് മുസ്ലിം തന്നെ എന്നും ജലീൽ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.