ചെന്നൈ മറീന ബീച്ചില്‍ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടി മൂന്നുപേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശ്രീനിവാസന്‍(48), കാര്‍ത്തികേയന്‍(34), ബാബു(56) എന്നിവരാണ് മരിച്ചത്. വന്‍ ജനക്കൂട്ടമായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോ കാണാനെത്തിയത്. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ ഏഴ് മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു.
മറീന ബീച്ചില്‍ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും ശ്വാസം മുട്ടി മൂന്നുപേര്‍ മരിച്ചു
മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയ ചുമതലയിലേക്ക് മനോജ് എബ്രഹാം എത്തും. നിലവിൽ അഡീഷണൽ ഡി.ജി.പി യായ മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ ആണ്. മുൻപ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിച്ചു. 1994 ബാച്ച് ഐ പി എസ് ഓഫീസറാണ് മനോജ് എബ്രഹാം
എഡിജിപി എം ആർ അജിത് കുമാർ തെറിച്ചു
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി.ബറ്റാലിയൻ എഡിജിപി ചുമതലയിൽ തുടരും. നടപടി ഡി ജി പി യുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്.
പതിവില്ലാതെ മുഖ്യമന്ത്രി ഞയറാഴ്ച രാത്രി സെക്രട്ടറിയറ്റിൽ എത്തി.അല്പസമയത്തിനകം നടപടി ഉത്തരവായി ഇറങ്ങുകയായിരുന്നു.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സർക്കാറിന് സമർപ്പിച്ചിരുന്നു.
എം ആർ അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഉടൻ, രാത്രി മുഖ്യമന്ത്രി സെക്രട്ടറിയറ്റിൽ എത്തി മടങ്ങി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് വിവരം. അതിന്‍റെ ഭാഗമായി പി. ശശിയും സി.എം. രവീന്ദ്രനും ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പതിവില്ലാതെ മുഖ്യമന്ത്രി ഞയറാഴ്ച രാത്രി സെക്രട്ടറിയറ്റിൽ എത്തി.അല്പസമയത്തിനകം നടപടി ഉത്തരവായി ഇറങ്ങും.ആഭ്യന്തര വകുപ്പിൽ തിരക്കിട്ട നീക്കം നടക്കുകയാണ്.
എഡിജിപിക്കെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സർക്കാറിന് സമർപ്പിച്ചിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡിജിപിയുടെ കണ്ടെത്തല്‍. എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും,മാമി തിരോധാന കേസിലും അജിത്കുമാറിന് പങ്കില്ല. പക്ഷേ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ശൂരനാട് വടക്ക് അഴകിയകാവിൽ
റോഡിനു കുറുകെ ചാടിയ നായയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു;യാത്രക്കാരിക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട:റോഡിനു കുറുകെ ചാടിയ നായയെ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു.ശൂരനാട് വടക്ക് പൈനിവിള കിഴക്കതിൽ രാജേഷിൻ്റെ ഭാര്യ ലിജി (33) ആണ് മരിച്ചത്.സ്കൂട്ടറിൽ ഇവർക്കൊപ്പം യാത്ര ചെയ്ത ഭർതൃ സഹോദരി രാജിക്ക് പരിക്കേറ്റു.
ഞായർ വൈകിട്ട് 4.30 ഓടെ സംഗമം ജംഗ്ഷനിൽ നിന്നും ഹൈസ്കൂൾ ജംഗ്ഷനിലേക്ക് വരവേ അഴകിയകാവിന് സമീപം വച്ചായിരുന്നു അപകടം.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടു പേര്‍കൂടി അറസ്റ്റില്‍
കൊല്ലം: മുക്കുപണ്ടം പണയം വെച്ച കേസില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മുഖ്യകണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കൊല്ലം നഗരത്തില്‍ അറസ്റ്റിലായി. ഇതോടെ വിവിധ കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഇരവിപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളുമായി ബന്ധപ്പെട്ട് ടികെഎം കോളേജ് പോസ്റ്റോഫീസില്‍ കോളേജ് നഗര്‍ 112 കൂട്ടത്ത് വിള വീട്ടില്‍ അല്‍ത്താഫ് മന്‍സില്‍ അല്‍ത്താഫ് (27), ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പഴമ്പിള്ളി മഠം തുളസീധരന്‍ (52) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പുന്തലത്താഴത്തുള്ള നാല് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഇരവിപുരത്ത് അറസ്റ്റ് നടന്നത്.
മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ചു ചന്ദ്രന്‍, രതീഷ്, ഗീത, ഗിരിജ, സുധീഷ് എന്നിവരെ ഇരവിപുരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. 12.3 ഗ്രാം പണയം വച്ച് 55,000 രൂപ തട്ടിയ കേസില്‍ സഞ്ചൂ ചന്ദ്രനെയും, രണ്ട് സംഭവങ്ങളിലായി 10 ഗ്രാം വീതം വെച്ച് 50,000, 41,000 രൂപ വാങ്ങിയ കേസില്‍ രതീഷിനെയും 13 ഗ്രാം സ്വര്‍ണം പണയം വെയ്ക്കാന്‍ ശ്രമിച്ച കേസിലുമാണ് ഗീത, ഗിരിജ എന്നിവര്‍ അറസ്റ്റിലായത്. ഈ വര്‍ഷം മെയ്, ആഗസ്ത് മാസങ്ങളിലായിരുന്നു തട്ടിപ്പ് നടന്നത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ പ്രത്യക സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രണ്ടു പേര്‍ കൂടി അറസ്റ്റിലായത്.
പുന്തലത്താഴത്ത് പണയം വെച്ച് കേസുകളുമായി ബന്ധപ്പെട്ട സുധീഷ് എന്നയാളെ മൂന്നുദിവസം മുമ്പ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ പുന്തലത്താഴത്ത് പണയം വെച്ച എല്ലാ കേസുകളിലും മുക്കുപണ്ടം പ്രതികള്‍ക്ക് നല്‍കിയത് സുധീഷ് ആണെന്ന് സമ്മതിച്ചിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് 25000 രൂപ കമ്മീഷന്‍ എന്ന നിലയില്‍ ആയിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രദേശവാസികളെ കണ്ടെത്തി പരിചയം ഉണ്ടാക്കി പണയം വെപ്പിക്കുകയായിരുന്നു.
സുധീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുക്കുപണ്ടം എത്തിച്ചു നല്‍കുന്നത് അല്‍താഫ് ആണെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. വളരെ നാളായി നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ഇന്നലെ പുലര്‍ച്ചെ തഴുതല ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് പിടിയിലായത്. വിചാരണ നടക്കുന്ന എംഡിഎംഎ കേസില്‍ ഉള്‍പെടെ ആറ് കേസുകളില്‍ അല്‍ത്താഫ് പ്രതിയാണ്.
മുക്കുപണ്ടം പണയം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അല്‍ത്താഫിന്റെ അറസ്റ്റ് വഴി പുറത്തുവന്നത്. മുക്കുപണ്ടം ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റു പ്രതികളെ അറസ്റ്റ് ചെയേണ്ടതായും ശക്തികുളങ്ങര കേസിലും ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും കൊല്ലം എസിപി എസ്. ഷെറീഫ് പറഞ്ഞു.
കാവനാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏപ്രില്‍ 24ന് 10 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 40,500 രൂപ തട്ടിയ കേസിലാണ് തുളസീധരന്‍ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ കാവനാട്, ശക്തികുളങ്ങര, രാമന്‍കുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചതായി സമ്മതിച്ചു.
പ്രത്യേക അന്വേഷണ സംഘത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, ഇരവിപുരം എസ്‌ഐ ജയേഷ്, ജിഎസ്‌ഐ അജിത്, സിപിഒ മാരായ സുമേഷ്, അനീഷ്, അനൂപ്, ശക്തികുളങ്ങര ജിഎസ്‌ഐമാരായ പ്രദീപ്, ഗോപാലകൃഷ്ണന്‍, എസ്പിപിഒ മനു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.
സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊട്ടിയം: സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാമല ശാരദവിലാസിനി വായന ശാലയ്ക്ക് സമീപം പുള്ളിത്തോടം മുക്ക് മുത്തോടീ അനില്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള വീട്ടിലെ സുരക്ഷാ ജീവനക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടറ പടപ്പക്കര സ്വദേശി അനിലാണ് മരിച്ചത്. നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന വീടിന്റെ പിറകുവശത്ത് സെപ്ടിക് ടാങ്കിന്റെ സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലെ പുറം ജോലികള്‍ ചെയ്യുന്ന ജോലിക്കാരിയാണ് ഇന്നലെ മൃതദേഹം കണ്ടത്.
എം ടിയുടെ വീട്ടിലെ മോഷണത്തിൽ പ്രതികള്‍ അറസ്റ്റിൽ
കോഴിക്കോട്. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണത്തിൽ പാചകക്കാരിയും അവരുടെ ബന്ധുവും അറസ്റ്റിൽ. നാലു വർഷത്തിനിടയിലാണ് പ്രതികൾ 26 പവൻ സ്വർണ്ണം കവർന്നത്. കോഴിക്കോട്ടെ 3 ജ്വല്ലറികളിലാണ് പ്രതികൾ വില്പന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കൊട്ടാരം റോഡിലെ എംടി വാസുദേവൻ നായരുടെ സിതാര എന്ന വീട്ടിൽ നിന്ന് പാചകക്കാരി ശാന്തയും ശാന്തയുടെ ബന്ധു പ്രകാശനും ചേർന്നാണ് മോഷണം നടത്തിയത്. കൂടുതൽ മോഷണം ശ്രദ്ധയിൽ പെട്ടതോടെ കഴിഞ്ഞ ദിവസം എം ടി യുടെ ഭാര്യ സരസ്വതി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് പോലീസിന് അഭിമാനനേട്ടം.
അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായത്. പ്രതികളെ എംടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗത്തിലെ മൂന്ന് ജ്വല്ലറികളിലാണ് പ്രതികൾ ആഭരണങ്ങൾ വിൽപ്പന നടത്തിയിരിക്കുന്നത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും.
കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍
കൊട്ടിയം: മയ്യനാട് ജന്മംകുളത്തെ പഴക്കടയിലും ആക്രിവ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. മയ്യനാട് താന്നിമുക്കില്‍ സാഗരതീരം സുനാമി ഫ്ളാറ്റ് ബ്ലോക്ക് നമ്പര്‍ 6ല്‍ 30-ാം നമ്പര്‍ വീട്ടില്‍ അനില്‍, മയ്യനാട് പുല്ലിച്ചിറ മണി മന്ദിരത്തില്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
പിടിയിലായ അനിലിന്റെ പേരില്‍ നിലവില്‍ പോക്സോ അടക്കം മൂന്ന് കേസുകളുണ്ട്. ലഹരി ഉപയോഗിച്ചശേഷമാണ് മോഷണം. ഇവര്‍ മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ബൈക്കും മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ സംശയം.
മോഷണ ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, സുനില്‍കുമാര്‍, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.
ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായ ജീവനക്കാരിയെ തെന്മലയിൽ നിന്നും കണ്ടെത്തി
ശാസ്താംകോട്ട:ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കാണാതായ തൃശൂർ സ്വദേശിയായ ജീവനക്കാരിയെ തെന്മലയിൽ നിന്നും കണ്ടെത്തി.ശനിയാഴ്ചയാണ് യുവതിയെ കാണാതായത്.വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.പിന്നീട് ആശുപത്രി അധികൃതർ ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തെന്മലയിൽ നിന്നും കണ്ടെത്തിയത്.കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു.






































