Home Blog Page 2057

വാർത്താനോട്ടം

2024 ജൂൺ 26 ബുധൻ

BREAKING NEWS

?കളീയ്ക്കാവിളയിൽ ക്വാറി ഉടമ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

?കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

?ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും ഇന്ന് സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

?പാലക്കാട് മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി
കൊല്ലം പെരിനാട് സ്വദേശി വിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

?സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

? ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്, എൻ ഡി എ യുടെ ഓം ബിർളയും, ഇന്ത്യാ മുന്നണിയുടെ കൊടിക്കുന്നിൽ സുരേഷും സ്ഥാനാർത്ഥികൾ

? മാള സഹകരണ ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കുമെന്ന് കോൺഗ്രസ്

?കേരളീയം?

? സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും നാശനഷ്ടം റിപ്പോര്‍ട്ട ചെയ്തു. ശക്തമായ മഴയെ തുടര്‍ന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാര്‍ സിഎസ്ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

? മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ട് പേര്‍ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്.

? കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാര്‍ പവര്‍ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആര്‍ ടി സി ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.

? സി ക്ലാസ് പട്ടികയിലേക്ക് കേരളാ ബാങ്കിനെ തരം താഴ്ത്തി റിസര്‍വ് ബാങ്ക്. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

? ഈ മാസം 10 ന് ആരംഭിച്ച സംസ്ഥാന നിയമസഭാ സമ്മേളനം ജൂലൈ 11 ന് അവസാനിക്കും. നടപടിക്രമങ്ങള്‍ ജൂലൈ 11 നുള്ളില്‍ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം.

? പത്തനംതിട്ട ഏഴകുളം കൈപ്പട്ടൂര്‍ റോഡ് പണി തുടരാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. കൊടുമണ്ണില്‍ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിന്റെ മുന്നിലെ ഓടയുടെ തര്‍ക്കത്തില്‍ നിര്‍മ്മാണം മുടങ്ങിയിരുന്നു.

? കനത്ത മഴയില്‍ മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ചു. എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ ഭാര്യ മാല (38)യാണ് മരിച്ചത്. മണ്ണിനിടയില്‍ കുടുങ്ങിയ മാലയെ മണ്ണ് നീക്കം ചെയ്തശേഷം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

? പൊതുരംഗത്ത് സജീവമാകാന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതം അദ്ദേഹം അവസാനിപ്പിച്ചത്.

? ട്രെയിന്‍ യാത്രക്കിടയില്‍ മധ്യഭാഗത്തെ ബെര്‍ത്ത്
പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) മരിച്ചു.

? വയനാട് തലപ്പുഴയില്‍ കുഴിബോംബ് കണ്ടെത്തി. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. മക്കിമല മേഖലയില്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്. തണ്ടര്‍ബോള്‍ട്ടിന്റെ പട്രോളിങ്ങിനിടെയായിരുന്നു കഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിര്‍വീര്യമാക്കി.

? തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനും അങ്കമാലി സ്വദേശിയുമായ ശ്രീജിത്ത് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. എ ആര്‍ ക്യാമ്പിനടുത്തുള്ള പെരുന്നിനാക്കുളം ക്ഷേത്രത്തിന്റെ കുളത്തില്‍ ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

?? ദേശീയം ??

?കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി പതിനെട്ടാമത് ലോക്സഭയുടെ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതാവെന്ന് അറിയിച്ചു കൊണ്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്ത് നല്‍കി.

? പതിനെട്ടാമത് ലോക്സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎക്കു വേണ്ടി ബിജെപിയുടെ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കു വേണ്ടി കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്.

? മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്ത സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് കെജ്രിവാളിനെ സിബിഐ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കൂ.

? കര്‍ണാടകയില്‍ ഒരു പാക്കറ്റ് പാലിന് രണ്ട് രൂപ വില വര്‍ദ്ധന. വില കൂട്ടിയതിനു പകരമായി അര ലിറ്റര്‍, ഒരു ലിറ്റര്‍ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റര്‍ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും
വിലവര്‍ധന ബാധകമണ്.

? പൂനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19ന് 17 വയസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു.

? റെയില്‍വേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഐഡിയില്‍നിന്ന് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്, യൂസറിനും കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കി നിയന്ത്രിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഐആര്‍സിടിസി.

? പരീക്ഷാ ക്രമക്കേട് നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. നിയമസഭാ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെയും ആര്‍.ഒ.-എ.ആര്‍.ഒ. പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.

?? അന്തർദേശീയം ??

? നികുതി വര്‍ധന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് കെനിയയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു.

കായികം ?

? ക്രിക്കറ്റ് ആരാധകരുടെ ഹരമായ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതോടെയാണ് 37-ാം വയസില്‍ ഡേവിഡ് വാര്‍ണറുടെ അന്താരാഷ്ട്ര വിരമിക്കല്‍ സംഭവിച്ചത്.

? ടി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ. ആദ്യസെമിയില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതലാണ് മത്സരം ആരംഭിക്കുക. രണ്ടാമത്തെ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ്. ഇന്ത്യന്‍ സമയം രാത്രി 8 മണിമുതല്‍ മത്സരം ആരംഭിക്കും.

? യൂറോ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഡി യില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഗ്രൂപ്പ ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ഓസ്ട്രിയ. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്ട്രിയ ഡച്ച് പടയെ തകര്‍ത്തത്.

?ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തില്‍
പോളണ്ടിനെതിരേ സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാമതായും നോക്കൗട്ട് ഉറപ്പിച്ചു.

?യൂറോ കപ്പ്
ഫുട്ബോളിലെ ഗ്രൂപ്പ് സി യില്‍ സ്ലൊവേനിയക്കെതിരായ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ഇംഗ്ലണ്ട് അഞ്ച് പോയിന്റോടെ ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയക്കെതിരെ ഗോള്‍രഹിത സമനില നേടിയ ഡെന്മാര്‍ക്ക് മൂന്ന് സമനിലയുമായി രണ്ടാംസ്ഥാനത്തോടെ നോക്കൗട്ട് ഉറപ്പിച്ചു.

വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.

ആരോഗ്യവകുപ്പിന്‍റെ അന്ത്യശാസനത്തിന് പുല്ലുവില

തിരുവനന്തപുരം.ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം പാലിക്കുന്നില്ല. അനധികൃത അവധിയിലുള്ളവർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന നിർദ്ദേശം പാലിക്കാതെ ആരോഗ്യ പ്രവർത്തകർ. സമയപരിധി കഴിഞ്ഞിട്ടും ഡോക്ടർമാർ അടക്കമുള്ളവർ ജോലിയിൽ തിരികെ പ്രവേശിച്ചില്ല. അനധികൃത അവധിയിലുള്ള 700 പേരിൽ തിരികെ പ്രവേശിച്ചത് 24 പേർ. തിരികെ ജോലിയിൽ പ്രവേശിക്കാത്തവരെ പുറത്താക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്. ഒരുമാസം മുമ്പാണ് ആരോഗ്യവകുപ്പ് അനധികൃത അവധിയിലുള്ളവർ തിരികെ എത്തണമെന്ന് നിർദ്ദേശം നൽകിയത്

തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം. തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു.ബഷീര്‍ സ്മാര വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാ(53)ണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞ് വീണു
സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്ബാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.

സംസ്ഥാനത്ത് ഇന്നും നാളെയും കൂടെ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം. കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ടുപേർക്ക് പരിക്ക്.ചെറുമുക്ക് സ്വദേശി സിനാൻ (22) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരനായ വേങ്ങര സ്വദേശിയ തിരൂരങ്ങാടി ഗവൺമെൻറ് ഗവൺമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്

കണ്ണൂര്‍. മനു തോമസിൻ്റെ കത്ത് പുറത്ത്, കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നു. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരായ പരാതി ഉള്ള കത്താണ് ഇത്. എം ഷാജർ കൊട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും തെളിവായി ശബ്ദരേഖ ലഭിച്ചതായി പരാതിയിൽ പറയുന്നു. ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയാണ് പുറത്തുവന്നത്.

അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ സ്വര്‍ണ കടത്തുകാരുടെ രക്ഷകര്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കളാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.

സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ഇപ്പോഴും ബന്ധമുണ്ടെന്നായിരുന്നു സിപിഎമ്മില്‍ നിന്നും ഒഴിവായതിനു ശേഷം മനു തോമസിന്റെ ആരോപണം. ഇത്തരം ബന്ധങ്ങള്‍ ആദ്യം പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയത് താനാണെന്നായിരുന്നു മനു തോമസിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയെ മറയാക്കി തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരെ കുറിച്ചും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്ന നേതാക്കളെ കുറിച്ചും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും താന്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം നിസാര വല്‍ക്കരിച്ചുവെന്നാണ് മനുവിന്റെ ആരോപണം.

.

മാളബാങ്ക് തട്ടിപ്പ്,കോണ്‍‍ഗ്രസ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍.മാള സർവീസ് സഹകരണ ബാങ്കിലെ കരുവന്നൂർ മോഡൽ തട്ടിപ്പ്, സ്വന്തം ഭരണസമിതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

ജോയിൻ രജിസ്റ്ററുടെ റിപ്പോർട്ട് പഠിക്കാനും ഭരണസമിതിയുടെ വീഴ്ചകൾ വിലയിരുത്താനും 9 അംഗ സമിതിയെ ചുമതലപ്പെടുത്തി.വീഴ്ച ഉണ്ടായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തെ സമീപിക്കാനാണ് നീക്കം.വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിന് കൈവിട്ട് കോൺഗ്രസ് നേതൃത്വം.മാള സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെ കാര്യത്തിൽ പാർട്ടിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി എ എ അഷ്റഫ്.പാർട്ടിയെ അനുസരിക്കുന്നവരല്ല ഭരണസമിതി അംഗങ്ങൾ.ഭരണസമിതിയുടെ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് ആരോപണം.

സമസ്ത സ്ഥാപക ദിന നേതൃസംഗമം ഇന്ന് നടക്കും

കോഴിക്കോട്. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മണിക്ക് സമസ്ത അങ്കണത്തില്‍ വെച്ച് നേതൃസംഗമം നടക്കും. സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകുന്ന ചടങ്ങ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തയുടെ 99 ആം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലും നടത്തുന്നത്. കാലിക്കറ്റ് ടവറിൽ നടക്കുന്ന പരിപാടിയിൽ അബൂബക്കർ മുസ്‌ലിയാർക്കൊപ്പം ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹിമുൽ ബുഖാരി തങ്ങൾ, അലി ബാഫഖി തങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.

ക്വാറി ഉടമയുടെ കൊലപാതകം: പ്രതി പിടിയിൽ

തിരുവനന്തപുരം: കളിയ്ക്കാവിളയിൽ തിരുവനന്തപുരം സ്വദേശിയായ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ നേമം സ്വദേശി അമ്പിളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രി കച്ചവടക്കാരനായ ഇയാൾ കൊലപാതകമുൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കന്യാകുമാരി പോലീസ് അന്വേഷണം തുടരുകയാണ്.