Home Blog Page 2037

സിനിമ ലൊക്കേഷനുകളിലെ ലഹരി ,അന്വേഷിക്കാൻ എസ്‌ഐടിയ്ക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി.സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ എസ്‌ഐടിയ്ക്ക് ഹൈക്കോടതി നിർദ്ദേശം. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ നിർദ്ദേശം നൽകിയ ഹൈക്കോടതി ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്‌ഐടിക്ക് നിർദ്ദേശം നൽകി. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം എന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. പരാതിക്കാരുടെ പേര് മറയ്ക്കണം. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണെന്നും കോടതി പറഞ്ഞു.

അതേസമയം കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്ഐടി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി എസ്‌ഐടിക്ക് മുന്നോട്ടുപോകാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിർദേശിച്ചു. മൊഴി നല്‍കാന്‍ ആരെയും എസ്‌ഐടി നിര്‍ബന്ധിക്കരുതെന്നും അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാവുന്നതാണെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്

നെന്മാറ. മംഗലംഡാമിനു സമീപം കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്.വക്കാല സ്വദേശികളായ സനു (30), സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ എന്നിവർക്കാണ് പരുക്കേറ്റത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം,വക്കാല ഭാഗത്തേക്ക് പോവുകയായിരുന്നു ഇവർ,മംഗലംഡാം ചപ്പാത്ത് പാലത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സനുവിന് ഇടതു തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.റയാന് തലക്കും നെറ്റിയിലും ആണ് പരിക്ക്

തൊടുപുഴയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയവർക്ക് ക്രൂരമർദ്ദനം

ഇടുക്കി . തൊടുപുഴയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയ പ്രവർത്തകർക്ക് ക്രൂരമർദ്ദനം.ഇവർ താമസിച്ച സ്വകാര്യ ലോഡ്ജിലെ മുറിക്കുള്ളിൽ കയറി 20 അംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ആർട്ട് ജീവനക്കാരായ ജയസേനൻ, റെജിൽ, ജിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജയസേനൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.തൊടുപുഴ സ്വദേശിയായ പിക്കപ്പ് ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

ആദിക്കാട്ട് ജംക്ഷനിലും പരിസരത്തും കാട്ടുപന്നി എത്തി,വിഡിയോ

ശാസ്താംകോട്ട. മാസങ്ങള്‍ മുമ്പു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയ കാട്ടുപന്നികള്‍ ആദിക്കാട്ട് ജംക്ഷനിലും പരിസരത്തും എത്തി. നിരവധി പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നുണ്ട്. ഇന്നലെ ആദിക്കാട്ട് തറവാടിന് പടിഞ്ഞാറ് ഭാഗത്ത് കൂറ്റന്‍ പന്നിമേയുന്നത് നാട്ടുകാര്‍ കണ്ടു.ആദിക്കാട്ട് ജംക്ഷനില്‍ രാത്രി ഇറങ്ങിയ പന്നി വാഹനം കണ്ട് തിരിഞ്ഞോടി. സമീപത്ത് ചെമ്പില്‍ ചതുപ്പ് ഭാഗത്ത് വന്‍തോതില്‍ പന്നികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിജനമായ ഏറെ കാട്ടുപൊന്തകളുള്ള ഈ ചതുപ്പുമേഖല പന്നികള്‍ക്ക് പറ്റിയ വാസസ്ഥാനമാണ്.

പന്നികള്‍ ആളുകളെ ആക്രമിക്കാനിടയുണ്ടെന്നതിനാല്‍ ജനം ഭീതിയിലാണ്. നേരത്തേ മൈനാഗപ്പള്ളി പഞ്ചായത്ത് പന്നിവേട്ടക്ക് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതാണ്.

പട്ടയമേള; 589 പട്ടയങ്ങള്‍ വിതരണം ചെയ്യും

ജില്ലാതല റവന്യൂപട്ടയമേള 16ന് വൈകിട്ട് നാലിന് ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ താലൂക്കുകളിലായി 589 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുക. കൊല്ലം താലൂക്കില്‍ കടല്‍പുറമ്പോക്കില്‍ താമസിച്ച് വരുന്ന 500 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പട്ടയമേളയിലൂടെ കൈവശഭൂമിയുടെ അവകാശം ലഭിക്കും. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് പട്ടയമേള നടത്തുന്നത്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷിപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത പാലിക്കണം

ജില്ലയില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജലാശയത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.അനിത അറിയിച്ചു. കടുത്ത തലവേദനയും പനിയുമായി ഒക്ടോബര്‍ 12ന് കൊട്ടാരക്കര താലുക്കാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. 13ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലാശയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് നടത്താനും സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് ബോധവത്ക്കരണ സന്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആര്‍.ആര്‍.ടി യോഗത്തില്‍ പങ്കെടുത്തു
അമീബിക് മസ്തിഷ്‌ക ജ്വരം വരുന്ന സാഹചര്യം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

പ്രാഥമിക ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ.
കുട്ടികളിലെ ലക്ഷണങ്ങള്‍
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.
  • വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
  • സ്വിമ്മിങ് പൂളുകളില്‍ നീന്തുന്നവരും നീന്തല്‍ പഠിക്കുന്നവരും മൂക്കില്‍ വെള്ളം കടക്കാതിരിക്കാന്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്കില്‍ വെള്ളം കയറാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക.
  • നിലവിലെ സാഹചര്യത്തില്‍ കുളങ്ങള്‍ പോലുള്ള ജലസ്രോതസ്സുകളില്‍ കുളിക്കരുത്.
  • മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം
    നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
  • ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി കളയണം.
  • സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
  • പ്രതലങ്ങള്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കണം.
  • നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കണം. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം.
  • വെള്ളത്തിന്റെ അളവിനനുസരിച്ച് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 1000 ലിറ്റര്‍ വെള്ളത്തിന് എന്ന അനുപാതത്തില്‍ ക്ലോറിനേറ്റ് ചെയ്യണം.
  • ക്ലോറിന്‍ ലെവല്‍ 0.5 പി.പി.എം മുതല്‍ 3 പി.പി.എം ആയി നിലനിര്‍ത്തണം.

കേരള തീരത്ത് ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത – റെഡ് അലെർട്ട്

കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന് റെഡ് അലെർട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്.*

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കേരളം നോക്കു കൂലിയിൽ കുരുങ്ങിക്കിടക്കുന്നു, നിർമല സീതാരാമൻ

ന്യൂഡെല്‍ഹി. കേരളം നോക്കു കൂലിയിൽ കുരുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. നോക്കു കൂലിയും അനുബന്ധ പ്രശ്നങ്ങളും കേരളത്തിന് നാണകേട്. ഇത് വ്യവസായ വികസനത്തിന് തടസം. നോക്കു കൂലിയിൽ നിന്ന് കേരളം പുറത്തുവരണം. ഇല്ലെങ്കിൽ കേരളത്തിൽ ആരും ഒരു സംരംഭവും തുടങ്ങാൻ വരില്ല. ഗൾഫ് രാജ്യങ്ങളിലെ വൻകിട സംരംഭകർ പലരും മലയാളികൾ ആണെന്നത് മനസിലാക്കണമെന്നും നിർമല സീതാരാമൻ

എടപ്പാളിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

മലപ്പുറം. എടപ്പാളിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. എടപ്പാൾ സ്വദേശി ഷിബു എന്ന ഷഹബാസിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ബാർബർ ഷോപ്പിൽ കയറിയാണ് ഇയാൾ അതിക്രമം കാണിച്ചത്.

ശുകപുരത്തുള്ള ബാർബർ ഷോപ്പിൽ കയറി ഷഹബാസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പണം ചോദിച്ച് ബാർബർ ഷോപ്പ് ജീവനക്കാരനായ പ്രജീഷിന് നേരെ വടിവാൾ വീശി. അക്രമം തടയാൻ ശ്രമിച്ച പ്രജീഷിന്റെ സുഹൃത്ത് വിനോദിന്റെ കൈവിരലിന് പരിക്കേറ്റു. ബാർബർ ഷോപ്പ് പ്രതി അടിച്ചു തകർത്തു. തുടർന്ന് ചങ്ങരംകുളം പോലീസിൽ പ്രജീഷ് നൽകിയ പരാതിയെ തുടർന്നാണ് ഷഹബാസ് പിടിയിലാകുന്നത്. ഇയാളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടപ്പാൾ പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന പരാതി വ്യാപകമായി നാട്ടുകാർക്ക് ഉണ്ട്. രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.

രാഹുലിനും ഫിറോസിനും ജാമ്യം

തിരുവനന്തപുരം. രാഹുലിനും ഫിറോസിനും ജാമ്യം. നിയമസഭാ മാർച്ചിനിടയുണ്ടായ സംഘർഷം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ ഫിറോസ് എന്നിവർക്ക് ജാമ്യം. ആകെ 37 യുഡിവൈഎഫ് പ്രവർത്തകർക്കാണ് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ജയിലിലായിരുന്നു