Home Blog Page 2036

‘എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്’: ദാമ്പത്യം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് വിജയ് യേശുദാസ്

വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും മക്കൾ എല്ലാ തീരുമാനത്തിലും തന്നെയും ദർശനയെയും പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് പറയുന്നു. മാധ്യമപ്രവർത്തകയായ ധന്യാ വർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

‘എന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി.

മകൾക്ക് വളരെ പക്വതയുണ്ട്. അവൾ എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകൾക്ക് ഇപ്പോൾ 15 വയസ്സും മകന് 9 വയസ്സുമാണ്. അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ല’, വിജയ് യേശുദാസ് പറഞ്ഞു.

അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2007–ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. അമേയ, അവ്യാൻ എന്നിവരാണ് മക്കൾ. ഏറെക്കാലമായി വിജയ്‌യുടെയും ദർശനയുടെയും വിവാഹമോചനവാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല.

സിപിഒ റാങ്ക് പട്ടികയിലുള്ളവർക്ക് ആശ്വാസം; ഉത്തരവിറക്കി സർക്കാർ, പരിശീലനത്തിനായി 1200 താൽക്കാലിക തസ്തികകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആശ്വാസം. ഇവരുടെ പരിശീലനത്തിനായി 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്താത്തത് വാർത്ത ആയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അടുത്ത മെയ് മാസത്തിലാണ് പൊലീസിലെ സിവിൽ പൊലിസ് ഓഫീസർ തസ്തികളിയിൽ കൂട്ട വിരമിക്കൽ ഒഴിവുകള്‍ വരുന്നത്. അങ്ങനെ പ്രതീക്ഷിത ഒഴിവിലേക്ക് മുൻകൂട്ടി പരിശീലനം നൽകാനായി സർക്കാർ ഉത്തരവിറക്കിയാലെ ഈ പട്ടികയിൽ നിന്ന് 1000 പേർക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണിപ്പോള്‍ 1200 താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പൊലീസ് കോണ്‍സ്റ്റബിൽ തസ്തികയിൽ ഓരോ ജില്ലയിലും വരുന്ന ഒഴിവുകളിലെ നിശ്ചിത എണ്ണം തസ്തികകള്‍ വനിതകള്‍ക്കായി മാറ്റിവെക്കുകയാണെന്നും പുതിയ ഉത്തരവിലുണ്ട്. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ കണക്കാക്കുമ്പോള്‍ വരുന്ന ഒരോ ഒൻപത് ഒഴിവുകളും ജില്ലയുടെ ഫീഡര്‍ ബറ്റാലിയൻ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ് -വൈഡ് പിഎസ്‍സി ലിസ്റ്റിൽ നിന്നുള്ള വനിത പൊലീസ് കോണ്‍സ്റ്റബിൽ നിയമനത്തിനും മാറ്റി വയ്ക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്. ഇതിനുപുറമെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി 1200 താല്‍ക്കാലിക റിക്രൂട്ട്മെന്‍റ് ട്രെയിനി പൊലീസ് കോണ്‍സ്റ്റബിള്‍ (ആര്‍ടിപിസി) തസ്തികകള്‍ ജൂലൈ ഒന്ന് മുതൽ ഒരു വര്‍ഷം പ്രാബല്യത്തിലേക്ക് സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുൻകൂട്ടി ഒഴിവുകളിലേക്ക് നിയമനം നടത്തിയതുമായിരുന്നു ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസമായത്. എസ്ഐമാരുടെയും വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമാനമായ രീതിയിൽ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരുന്നില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആറുമാസം പിന്നിടുമ്പോഴും ഏഴു ബറ്റാലിനുകളിലായി നിയമനത്തിനുവേണ്ടി എഴുത്തു പരീക്ഷയും കായിക പരീക്ഷയും നടത്തിയ പ്രസിദ്ധീകരിച്ച പട്ടികയിൽ 4725 ഉദ്യോഗാർത്ഥികളുണ്ട്.

കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും പ്രതീക്ഷിത ഒഴിവുകള്‍, അതായത് ഈ വർഷമുണ്ടാകുന്ന ഒഴിവുകള്‍ കൂടി മുൻകൂട്ടി കണക്കിലെടുത്ത് നിയമനം നൽകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. സേനയിൽ അംഗബലം കൂട്ടണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധികാരണം ഈ ശുപാർശ ധനവകുപ്പ് തള്ളിയിരുന്നു. എസ്.ഐ തസ്തികയിലേക്കും വനിതാ ബറ്റാലിയനിലേക്കും ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായിരുന്നു. എസ്ഐ തസ്തികയിലേക്ക് 694 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഞ്ചുമാസമായി പട്ടിക പ്രസിദ്ധീകരിച്ച് ഒരു ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. 952 പേരുടെ പട്ടികയാണ് വനിതാ ബറ്റാലിയനുള്ളത്. കഴിഞ്ഞ സിപിഒ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ടവർ സെക്രട്ടറിയേറ്റിന് മുന്നിൽ മാസത്തോളമാണ് സമരം നടത്തിയത്. സമ്മർദ്ദത്തിലായതിനെ തുടർന്ന് പരമാവധിപേരെ ആ പട്ടികയിൽ നിന്നും ഉള്‍പ്പെടുത്തിയിരുന്നു. ആ പ്രതിസന്ധി നിലനിൽക്കേയാണ് നിയമനം നടത്താൻ ഇപ്പോള്‍ കഴിയാത്ത പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചത്.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍…

xr:d:DAFPoNct9b0:504,j:47027846174,t:23021506

വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലത് നമ്മുടെ ഡയറ്റ് തന്നെയാണ്. എന്നാല്‍ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഇതാ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍…

  1. ലോ ഫാറ്റ് പനീറാണ് ഡയറ്റിലുള്ളവര്‍ക്ക് കഴിക്കാവുന്ന പ്രോട്ടീന്‍ സമ്പന്നമായ ഒരു ഭക്ഷണം. രുചികരമായതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്കിടയിലും പനീര്‍ പ്രിയപ്പെട്ടത് തന്നെ. ലോ ഫാറ്റ് പനീറിന് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവുണ്ട്. അതിനാല്‍ അമിതമായി കൊഴുപ്പടിയാനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുന്നു.
  2. പയറുകളും ധാന്യവര്‍ഗങ്ങളുമാണ് മറ്റൊരു പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം. ഫൈബര്‍, ഫോളേറ്റ്, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും തന്നെ ഒഴിവാക്കപ്പെടില്ല.
  3. വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീന്‍ മാത്രമല്ല കാത്സ്യവും ശരീരത്തിന് അത്യാവശ്യമായ ഘടകമാണ്. മസിലുകള്‍ക്ക് കരുത്തേകാനും പാല്‍ കഴിക്കുന്നത് തന്നെയാണ് മികച്ച മാര്‍ഗ്ഗം.
  4. നട്സും ഉണങ്ങിയ ഫ്രൂട്ട്സും കഴിക്കുന്നതും ഉത്തമം തന്നെയാണ്. രാവിലെ വെള്ളം കുടിച്ച ശേഷം ഇവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ ആവശ്യത്തിന് കൊഴുപ്പും കൂട്ടത്തില്‍ വിറ്റാമിന്‍ ‘ഇ’യും മാംഗനീസുമെല്ലാം ശരീരത്തിന് ലഭിക്കും.

മിനിട്ടുകള്‍കൊണ്ട് നര മാറ്റാം…ഉരുളകിഴങ്ങ് ഉപയോഗിച്ച്

അകാല നര സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. പ്രകൃതി ദത്തമായ രീതിയില്‍ മുടി കറുപ്പിക്കാനുള്ള ചില വിദ്യകളുണ്ട്. അത്തരത്തില്‍ വീട്ടില്‍തന്നെ ലഭിക്കുന്ന ചില വസ്തുക്കള്‍ കൊണ്ട് ഡൈ തയ്യാറാക്കാന്‍ കഴിയും.

ആവശ്യമായ സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – വരണ്ടതും മങ്ങിയതുമായ മുടി, തലയോട്ടിയിലെ ചൊറിച്ചില്‍, മുടികൊഴിച്ചില്‍, അകാല നര എന്നിവയ്‌ക്കെല്ലാം ഉത്തമപരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി, മുടിയിഴകള്‍ എന്നിവ മോയ്ചുറൈസ് ചെയ്യുന്നതിനും കണ്ടിഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു.

തേയില വെള്ളം – തേയിലയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തേയില വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, ടാനിസ് എന്നീ ഘടകങ്ങളാണ് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നത്. മുടിക്ക് തിളക്കം നല്‍കി ജീവനില്ലാത്തതും ശോഷിച്ചതുമായ മുടിയുടെ പ്രശ്‌നം പരിഹരിക്കാന്‍ തേയിലയ്ക്ക് കഴിയും.

നീലയമരി – മുടി കറുപ്പിക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതാണ് നീലയമരി. ഹെന്ന ഇട്ട ശേഷം മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാന്‍ നീലഅമരി ഇടുന്നവരുണ്ട്. മുടി കൊഴിച്ചിലും നരയും മാറ്റാന്‍ ഏറ്റവും മികച്ചതാണ് നീലയമരി. നീലയമരിയുടെ ഇല ഉണക്കിപ്പൊടിച്ചാണ് ഹെയര്‍ ഡൈയില്‍ ഉപയോഗിക്കുന്നത്. പാക്കറ്റില്‍ വാങ്ങുന്നതും ഉപയോഗിക്കാം. നീലയമരി കിട്ടിയില്ലെങ്കില്‍ കരിംജീരകവും ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കേണ്ടവിധം
മുടിയുടെ അളവിനനുസരിച്ച് ഉരുളക്കിഴങ്ങ് എടുക്കുക. ഒരു മുഴുവന്‍ ഉരുളക്കിഴങ്ങോ പകുതിയോ ഇതിനായി ഉപയോഗിക്കാം, ഉരുളക്കിഴങ്ങ് മിക്‌സിയിലിട്ട് അല്പം കട്ടന്‍ചായയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ശേഷം ഇത് ഒരുപാത്രത്തിലേക്ക് അരിച്ച് മാറ്റണം. ഇതിലേക്ക് കുറച്ചുകൂടി തേയില വെള്ളം ചേര്‍ത്ത് സ്പ്രേ രൂപത്തിലാക്കുക. ശേഷം കുറച്ച് നീലയമരി പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കി മൂന്നു മണിക്കൂര്‍ വച്ച ശേഷം വേണം ഇതുപയോഗിക്കാന്‍. ഇത് തലയില്‍ സ്പ്രേ ചെയ്ത് 15 മിനിട്ടിന് ശേഷം കഴുകി കളയണം. ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

കുണ്ടറയില്‍ സ്വന്തമായി നിര്‍മിച്ച കള്ളനോട്ടുകള്‍ കടകളില്‍ കൈമാറി തട്ടിപ്പ്

കുണ്ടറയില്‍ സ്വന്തമായി നിര്‍മിക്കുന്ന കള്ളനോട്ടുകള്‍ കടകളില്‍ കൈമാറി തട്ടിപ്പ് നടത്തിയ പ്രതി ഒളിവില്‍. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഇയാള്‍ കുണ്ടറയിലെ ഡാല്‍മിയ ജംഗ്ഷനിലെ 4 കടകളില്‍ കയറി 500 രൂപയുടെ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് കടക്കാര്‍ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ കടകളില്‍ നിന്നും ബാക്കി തുക കൈപ്പറ്റുകയും ചെയ്തു.
നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയായ ഇയാള്‍ മുന്‍പ് പലതവണ അറസ്റ്റിലായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വന്തമായിട്ടാണ് ഇയാള്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.

‘പ്രൊഫൈല്‍ കാര്‍ഡ്സ്’….ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍. ‘പ്രൊഫൈല്‍ കാര്‍ഡ്സ്’ എന്നാണ് ഫീച്ചറിന്റെ പേര്. ഫോളോവേഴ്സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം.
കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം. യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാം. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും.
പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സമാന ചിന്താഗരിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്സുമായോ പങ്കിടാം.
ആഗസ്റ്റ് അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പ്രൊഫൈല്‍ കാര്‍ഡുകള്‍ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.

കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീനഗര്‍.കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യ മന്ത്രിയായി സുരേന്ദർ ചൗദരി അടക്കം മറ്റ് അഞ്ചു മന്ത്രിമാരും ലെഫ്റ്റ്നെന്റ് ഗവർണർ മനോജ്‌ സിൻഹ യിൽ നിന്നും സത്യ വാചകം ഏറ്റു ചൊല്ലി. മന്ത്രി സഭയുടെ ഭാഗമാകാതെ സർക്കാരിനെ പുറമേ നിന്നും പിന്തുണക്കാൻ കോണ്ഗ്രസ് തീരുമാനം. രാഹുൽ ഗാന്ധി, അഖിലേഷ് അടക്കമുള്ള ഇന്ത്യ സഖ്യനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഒമർ അബ്ദുള്ള ജമ്മുകശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.ജമ്മു കാശ്മീരിൽ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സർക്കാരാണ് ചുമതലയേറ്റത്.കശ്മീർ – ജമ്മു മേഖലകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ ഒമർ അബ്ദുള്ള അടക്കം 6 മന്ത്രി മാരാണ് ഇന്ന് സത്യ വാചകം ചൊല്ലിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രവിന്ദർ റൈനയെ പരാജയപ്പെടുത്തിയ നേതാവ് ജമ്മു മേഖലയിൽ നിന്നുള്ള സുരീന്ദർ ചൗധരിയാണ്‌ ഉപമുഖ്യ മന്ത്രി.
ജമ്മു മേഖലയിൽ നിന്നും സതീഷ് ശർമ്മ, ജാവേദ് റാണ, കാശ്മീരിൽ നിന്നും സക്കീന യാത്തൂ,ജാവിദ് ദാർ എന്നിവരാണ് സത്യ പ്രതിജ്ഞ ചെയ്ത മറ്റുള്ളവർ.

സത്യ പ്രതിജ്ഞ ചെയ്യാനായി കോൺഗ്രസ്സിനിൽ നിന്നും ഒരാളെ ക്ഷണിച്ചിരുന്നു എങ്കിലും, 3 ക്യാബിനറ്റ് പദവി കൾ ആവശ്യപ്പെട്ടിരുന്ന കോണ്ഗ്രസ്, തല്ക്കാലം പുറമേ നിന്നും പിന്തുണക്കാൻ തീരുമാനിച്ചു.

കോൺഗ്രസുമായി ചർച്ച തുടരുമെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു.10 അംഗ മന്ത്രി സഭയിലെ മറ്റു 4 പേർ പിന്നീട് സത്യ പ്രതിജ്ഞ ചെയ്യും.AICC അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി,
അഖിലേഷ് യാദവ്, തേജസ്വി യാദവ്, പ്രകാശ് കാരാട്ട്, ഡി രാജ, കനിമൊഴി, സുപ്രിയ സുലെ തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 %ത്തിലധികം പൊള്ളേലേറ്റയാളെ തറയിൽ ഇരുത്തി, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 %ത്തിലധികം പൊള്ളേലേറ്റയാളെ തറയിൽ ഇരുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ്. സംഭവമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകിയിരുന്നു. പൊള്ളലേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിൽ മുൻപിൽ തറയിൽ ഇരുത്തി ഡ്രൈവർ ആശുപത്രിക്കെതിരെ വ്യാജ പ്രചരണം അഴിച്ചു വിട്ടെന്നായിരുന്നു അധിക്യതരുടെ വിശദീകരണം. ആർഎം ഒ യുടെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പൊള്ളലേറ്റ ബൈജുവിനെ അത്യാഹിത വിഭാഗത്തിനു മുന്നിൽ കിടത്തിയത് ആംബുലൻസ് ഡ്രൈവർ. മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപത്രിയിൽ എത്തിച്ച ശേഷം വാഹനത്തിൽ നിന്ന് ഇറക്കി നടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു.ഇതിനിടയിൽ രോഗിയെ കണ്ട ജീവനക്കാർ അകത്തുനിന്ന് ട്രോളിയെടുക്കാൻ പോയ സമയത്ത് ദൃശ്യങ്ങൾ എടുത്ത് ആശുപത്രിക്കെതിരെ വ്യാജപ്രചരണം അഴിച്ചു വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ ആർ എം ഒ ആംബുലൻസ് ഡ്രൈവർക്കെതിരെ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം പോലീസ് നടപടിയിൽ ആംബുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എ ഡി എം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണം കെട്ടിച്ചമച്ചതെന്ന് കൂടുതല്‍ വ്യക്തമാകുന്നു

കണ്ണൂര്‍.ജീവനൊടുക്കിയ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണം കെട്ടിച്ചമച്ചതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. പരാതിയിൽ മൊഴിയെടുത്തെന്ന വാദം തള്ളി വിജിലൻസ്. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും നവീൻ ബാബുവിന്റെയുംമൊഴിയെടുത്തെന്ന പ്രചാരണം തെറ്റാണെന്ന് വിജിലൻസ് വ്യക്തമാക്കി. അതേസമയം മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. അതേസമയം പരാതിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് അവകാശപ്പെടുന്ന പരാതിയിൽ വിശ്വാസ്യത ഇല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

എഡി എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് കൈക്കൂലി പരാതി നൽകിയെന്ന അവകാശവാദം പെട്രോൾ പമ്പിന് NOC നേടിയ ടി വി പ്രശാന്തൻ ഉന്നയിച്ചത്. ഈ മാസം ആറിന് കൈക്കൂലി നൽകിയെന്നും എട്ടാം തീയതി NOC ലഭിച്ചെന്നും വാദം. പത്താം തീയതി മുഖ്യമന്ത്രിക്ക് പരാതി അയച്ചെന്നും അവകാശവാദം. എന്നാൽ പരാതി നൽകിയതിന്റെ തെളിവുകൾ ഒന്നുമില്ല. വിജിലൻസ് കണ്ണൂർ യൂണിറ്റിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ആരുടെയും മൊഴി രേഖപ്പെടുത്തുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ അന്വേഷണം തുടങ്ങിയെന്ന പ്രചാരണമാണ് ഇതോടെ പൊളിയുന്നത്. അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത. മരണത്തിന് പിന്നാലെ തയ്യാറാക്കിയ തട്ടിക്കൂട്ട് പരാതിയെന്ന് പ്രതിപക്ഷ ആരോപണം. അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ പോലീസിൽ പരാതി നൽകി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ഗുരുതരാരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. ടിവി പ്രശാന്തൻ ബിനാമി. ദിവ്യയുടെ ഭർത്താവിനും ചില ഡിവൈഎഫ്ഐ സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പ് സംരംഭത്തിൽ പങ്കാളിത്തമെന്നും ആരോപണം.

സംസ്ഥാന വ്യാപകമായി രാഷ്ട്രീയ ഭേദമില്ലാതെ സർവീസ് സംഘടനകൾ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. സിപിഐഎം അനുകൂല സർവീസ് സംഘടനയും കണ്ണൂരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.

നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ എത്തിച്ചു

പത്തനംതിട്ട. എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിൽ എത്തിച്ചു .ഇന്ന് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും .അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ജീവനക്കാർ വൻ പ്രതിഷേധം സംഘടിപ്പിച്ചു .

കൂട്ട അവധിയെടുത്ത റവന്യൂ ജീവനക്കാർ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വൻ പ്രതിഷേധമാണ് ഇന്ന് സംഘടിപ്പിച്ചത് -വില്ലേജ് ഓഫീസുകൾ പൂർണമായി ആളില്ലാത്ത അവസ്ഥയിലായിരുന്നു
-നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആണെന്നും ശക്തമായ നടപടി വേണമെന്നും ജോയിൻ കൗൺസിൽ ആവശ്യപ്പെട്ടു

ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .നാളെ രാവിലെ പത്തുമണിക്ക് അദ്ദേഹം ഏറെക്കാലം ജോലിചെയ്ത പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനം ആരംഭിക്കും .ശേഷം ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുവരും -മൃതദേഹം അനുഗമിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട് .നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്ന് തുറന്നടിച്ചു

നാളെ വൈകിട്ടോടെ ആയിരിക്കും വീട്ടുവളപ്പിൽ നവീൻ ബാബുവിനായി ചിതയൊരുങ്ങുക.