Home Blog Page 2004

രാത്രി 8 വരെ സ്റ്റേഷനടുത്ത്; പക്ഷേ നവീൻ ബാബു ട്രെയിനിൽ കയറിയില്ല

കണ്ണൂർ: ഈ മാസം 14നു രാത്രിയുള്ള മലബാർ എക്സ്പ്രസ് ട്രെയിനിലാണ് എഡിഎം നവീൻ ബാബു നാട്ടിലേക്കു യാത്രയ്ക്കു ടിക്കറ്റ് എടുത്തത്. രാത്രി 8.55നാണ് ട്രെയിൻ കണ്ണൂർ വിടുക. അന്നു രാത്രി എട്ടു മണിവരെ എഡിഎം റെയിൽവേ സ്റ്റേഷന്റെ സമീപമേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ, സ്റ്റേഷനിലേക്കോ പ്ലാറ്റ്ഫോമിലേക്കോ എത്തിയില്ല.

എസി കംപാർട്മെന്റിൽ ബി1 കോച്ചിൽ 17–ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള ടിക്കറ്റ് എമർജൻസി ക്വോട്ടയിൽ (ഇക്യു) ആയിരുന്നു. ട്രെയിൻ അന്ന് 12 മിനിറ്റ് വൈകി. കണ്ണൂർ വിട്ട ഉടൻ ടിടിഇ എത്തി പരിശോധിച്ചപ്പോൾ ബെർത്തിൽ യാത്രക്കാരനില്ല. റിസർവ് ചെയ്ത യാത്രക്കാർ ഇല്ലെങ്കിൽ 2 സ്റ്റേഷൻ പിന്നിടുമ്പോഴാണ് ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്യുക. അന്ന് ട്രെയിൻ 4 സ്റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയപ്പോഴാണ് ഈ ബെർത്ത് ആർഎസി പട്ടികയിലെ 23–ാം നമ്പർ യാത്രക്കാരന് അനുവദിച്ചത്.

യാത്രയയപ്പു യോഗത്തിനുശേഷം വൈകിട്ട് 6 മണിയോടെയാണ് എഡിഎമ്മിനെ ഡ്രൈവർ റെയിൽവേ സ്റ്റേഷന് 290 മീറ്റർ അകലെ മുനീശ്വരൻ കോവിലിനു സമീപം ഇറക്കുന്നത്. കാസർകോട്ടുനിന്ന് സുഹൃത്ത് വരാനുണ്ടെന്നും അവിടെ ഇറക്കിയാൽ മതിയെന്നും എഡിഎം നിർദേശിക്കുകയായിരുന്നു. തുടർന്ന് ഒന്നേമുക്കാൽ മണിക്കൂറോളം അദ്ദേഹം പരിസരത്തു തന്നെ ഉണ്ടായിരുന്നുവെന്നാണ് മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ മനസ്സിലായത്. റെയിൽവേ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ പുറത്തുപോകുന്നത് രാത്രി ഏകദേശം 8 മണിയോടെയാണ്.

ദിവ്യ പ്രസംഗിച്ചു; സന്തോഷം മാഞ്ഞു
കണ്ണൂർ ∙ യാത്രയയപ്പു ചടങ്ങിൽ എഡിഎം നവീൻ ബാബു സന്തോഷത്തിലായിരുന്നുവെന്നും ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം സമ്മർദത്തിലായെന്നും കലക്ടറേറ്റ് ജീവനക്കാർ പൊലീസിനു മൊഴി നൽകി. ‘സിനിമയിലെന്നപോലെ വന്നു തോന്നിയതു പറഞ്ഞു തിരിച്ചുപോയി’ എന്നാണ് ഒരു ജീവനക്കാരി നൽകിയ മൊഴി. നവീൻ ബാബുവിനെ അവസാനമായി ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള മുനീശ്വരൻ കോവിലിനു സമീപം ഇറക്കിയ ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴിയും നിർണായകമാണ്. കാറിൽ വളരെ ദുഃഖിതനായിട്ടാണ് നവീൻ ബാബു ഉണ്ടായിരുന്നതെന്നാണ് ഷംസുദ്ദീൻ നൽകിയ മൊഴി. വിവാദമായ പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു പണം ആവശ്യപ്പെട്ടെന്ന ദിവ്യയുടെ വാദം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ല.

വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. വഞ്ചിയൂർ പടിഞ്ഞാറക്കോട്ട പങ്കജ്‌ വീട്ടിൽ ഷിനിയെ വെടിവച്ച്‌ പരിക്കേൽപ്പിച്ച ഡോ. ദീപ്തിമോൾ ജോസിനാണ്‌ ജാമ്യം അനുവദിച്ചത്‌.

ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭർത്താവിൻ്റെ അച്ഛനാണ് വാതിൽ തുറന്നത്. രജിസ്റ്റേർഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിർത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്.

ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലായിരുന്നു ദീപ്തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിൻ്റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിൻ്റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാർ മാസങ്ങൾക്ക് മുമ്പേ കോഴിക്കോടുള്ള ഒരാൾക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഷിനിയുടെ കൈക്കേറ്റ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ആണ് ഷിനി. ആരാണ് വന്നതെന്നോ അതിക്രമത്തിൻ്റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാൽ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

‘കേരളീയം’ ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്ന് ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് ആറ് മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബം​ഗാളിലെ സാ​ഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

മഴയിൽ ചോർന്നൊലിച്ച് ശാസ്താംകോട്ട താലൂക്ക് ആശുപത്രി;വീഡിയോ

ശാസ്താംകോട്ട: ശക്തമായ മഴയിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി ചോർന്നൊലിക്കുന്നു.ബുധനാഴ്ച രാത്രിയിലാണ് സംഭവം.വൈകിട്ടോടെ തുടങ്ങിയ തോരാ മഴയാണ് ആശുപത്രിയിൽ ദുരിതം വിതച്ചത്.ഒ.പി ടിക്കറ്റ് വിതരണം ചെയ്യുന്ന കെട്ടിടത്തിനുള്ളിലാണ് ചോർന്നൊലിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ ജീവനക്കാരും രോഗികളും വലഞ്ഞു.കുട ചൂടിയാണ് കൗണ്ടറിൽ നിന്നും ഒ.പി ടിക്കറ്റ് എടുക്കാൻ രോഗികൾ എത്തുന്നത്.

പ്രേംനസീർ സുഹൃദ് സമിതി ആറാമത് സംസ്ഥാന പത്ര- ദൃശ്യമാധ്യമ പുരസ്ക്കാരം

തിരുവനന്തപുരം.പ്രേംനസീർ സുഹൃദ് സമിതി ആറാമത് സംസ്ഥാന പത്ര- ദൃശ്യമാധ്യമ പുരസ്ക്കാരം കേരള നിയമസഭ സ്പീക്കൽ എ എൻ ഷംസീർ വിതരണം ചെയ്തു. മികച്ച ക്രൈം റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടറും കൊല്ലം ബ്യൂറോ ചീഫുമായ ആർ അരുൺരാജ് ഏറ്റുവാങ്ങി.കേരളം നടുങ്ങിയ ക്രൈം വാർത്തകളിലെ കാണപ്പുറങ്ങൾ തേടിയുള്ള യാത്രയാണ് അരുണിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. കൊല്ലം പോരുവഴി, നിർമ്മാല്യത്തിലെ
ആർ രാജീവിൻ്റെയും എസ് അനിതയുടെയും മകനാണ്.അമിതാ രാജീവാണ് ഭാര്യ.ആർദ്രവ് അരുൺ അനശ്വർ അരുൺ എന്നിവർ മക്കളാണ്.
2017 ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ മാധ്യമ പുരസ്ക്കാരം, 2019 ൽ കലാഭവൻ മണി എക്സലൻസി അവാർഡ്,2022 സംസ്ഥാന സർക്കാരിൻ്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം, 2023 ഗ്ലോബൽ എക്സലൻസി പുരസ്ക്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലെ നടന്ന പരിപാടിയിൽ മുൻ മന്ത്രി ആൻ്റണി രാജു, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, എസ് ആർ ശക്തിധരൻ എന്നിവർ പങ്കെടുത്തു.

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ, നന്ദി പറഞ്ഞ് രാഹുല്‍

പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ ,
ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും പി വി അൻവർ പ്രഖ്യാപിച്ചു.

പാലക്കാട് നിയോജകമണ്ഡലം കൺവെൻഷനിൽ വെച്ചാണ് പി വി അൻവർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പിൻവലിക്കും എന്ന കാര്യത്തിൽ നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത് അൻവറിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ്. ബിജെപി- സിപിഎം വിരുദ്ധ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാണ് യുഡിഎഫിന് പിന്തുണ നൽകുന്നത്

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച അൻവർ ചേലക്കരയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ല. എൻ കെ സുധീറിനെ ചേലക്കരയിൽ
മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കും

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചു.

ഡിഎംകെ പിന്തുണക്ക്‌ അൻവറിനോട് നന്ദിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അൻവറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വർഗീയതയെ ചെറുക്കൻ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ചേലക്കരയിൽ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. ചേലക്കരയിലും അൻവർ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

നവീന്‍ബാബുവിന്‍റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ , പക്ഷേ പ്രശാന്തനും പിപി ദിവ്യക്കും ഒപ്പവും

കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന വകുപ്പ് തല അന്വേഷണം തുടരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ടി വി പ്രശാന്തന്, അന്വേഷണ സംഘത്തിന് മുന്നിലെത്താൻ എൻ ജി ഒ യൂണിയൻ ഭാരവാഹികൾ പ്രത്യേക വഴിയൊരുക്കി.

എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് ഉത്തരവിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. വകുപ്പ് തല അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് ഡോ. വിശ്വനാഥനും അടങ്ങുന്ന സംഘം ഇന്ന് വൈകുന്നേരത്തോടെ പരിയാരം മെഡിക്കൽ കോളേജിൽ എത്തി.

ടി വി പ്രശാന്തനോട്‌ ചോദ്യം ചെയ്യാൻ ഹാജരാവാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ എത്തിയതോടെ മാധ്യമ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് ടി വി പ്രശാന്തൻ അന്വേഷണ സംഘത്തിന് മുന്നിലേക്ക്….. ആദ്യം മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് മുന്നിൽ ഹാജരായ പ്രശാന്തനെ , അഡീഷണൽ ചീഫ് സെക്രട്ടറി എത്തിയതോടെ വീണ്ടും വിളിപ്പിച്ചു. ഈ സമയമത്രയും ആശുപത്രിയിലെ സീനിയർ സൂപ്രണ്ടായ എൻ ജി ഒ യൂണിയൻ നേതാവ് പി ആർ ജിതേഷ് കൂടെ നിന്നതും വിവാദമായി. പ്രശാന്തനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കാൻ എൻ ജി ഒ യൂണിയൻ നേതാക്കൾ കാലങ്ങളായി അടച്ചു കിടന്ന പ്രത്യേക വഴി തുറന്നത് ഇദ്ദേഹത്തെ ആശുപത്രിയിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും വിമർശനമുണ്ട്…. ഇതിനിടെ കെ നവീൻ ബാബുവിന് നീതി ലഭിക്കുമെന്ന് പൊതു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് സർക്കാർ ആവർത്തിച്ചിട്ടും, പ്രശാന്തനെതിരേയും പി പി ദിവ്യയ്ക്കെതിരെയും നടപടി വൈകുന്നതിന് പിന്നിലെ കരങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ഉയരുകയാണ്

മാധ്യമപ്രവര്‍ത്തനം വായനയുടെ ഭാവി

ശാസ്താംകോട്ട.കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിൽ ലൈബ്രറി സയൻസ് വിദ്യാർത്ഥികളുടെ ഇന്‍റേണ്‍ ഷിപ്പിനോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തനം വായനയുടെ ഭാവി എന്ന വിഷയത്തില്‍ പരിസ്ഥിതി പ്രവർത്തകനും പത്രപ്രവർത്തകനും ആയ ഹരി കുറിശേരി ക്ലാസ് നയിച്ചു. ലൈബ്രറേറിയന്‍ ഡോ. ബിജു പി ആർ മോഡറേറ്റർ ആയിരുന്നു. മഞ്ജു സ്വാഗതവും മീനാക്ഷി നന്ദിയും രേഖപ്പെടുത്തി

സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനം;ഭരണിക്കാവിൽമാധ്യമ സെമിനാർ സംഘടിപ്പിച്ചു

ശാസ്താംകോട്ട:നവംബർ 1,2,3 തീയതികളിൽ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ നടക്കുന്ന സിപിഎം കുന്നത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ‘കേരള രാഷ്ട്രീയവും മാധ്യമങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഭരണിക്കാവിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.മാധ്യമ പ്രവർത്തകനും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവർത്തകരായ കെ.ജെ ജേക്കബ്,ആർ.കിരൺ ബാബു,പി.കെ അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം.അനിൽ മോഡറേറ്ററായി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ്,ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപിള്ള,ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസ്‌ സംഘാടകസമിതി ചെയർമാൻ കെ.കെ രവികുമാർ, പി.ആർ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.