22.3 C
Kollam
Saturday 20th December, 2025 | 04:30:48 AM
Home Blog Page 1982

പ്രസ്സ് ക്ലബ് വാർഷികം, പണപ്പിരിവിൽ അന്വേഷണം വേണം

ശാസ്താംകോട്ട: കുന്നത്തൂരില്‍ പ്രസ്സ് ക്ലബ് വാർഷികം എന്ന പേരിൽ ആഴ്ചകളായി ചിലർ നടത്തുന്ന പണപ്പിരിവ് സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കപ്പെടണമെന്ന് ശാസ്താംകോട്ട പ്രസ്സ് ക്ലബ് ആവശ്യപ്പെട്ടു.

താലൂക്കിലെ മുഴുവൻ മാധ്യമ പ്രവർത്തകരുടെയും പേരും പടവും അവരുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ച ഒരു നോട്ടീസുമായി നടന്നാണ് പിരിവ് പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തണം.

ശാസ്താംകോട്ട പ്രസ്സ് ക്ലബ്ബ്
ഭാരവാഹികൾ:
എം.എസ്.ജയചന്ദ്രൻ (പ്രസി.), തൊളിക്കൽ സുനിൽ, എസ്.നവാസ് (വൈസ് പ്രസി.), അജേഷ്കുമാർ ആർ.എസ് (സെക്ര.), കിഷോർ മലനട, കബീർ പോരുവഴി (ജോ.സെക്ര.), ഹരികുമാർ കുന്നത്തൂർ (ട്രഷ.).

കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരായി ലൈംഗികാരോപണം,
പക പോക്കലെന്ന് ആക്ഷേപം

കരുനാഗപ്പള്ളിഃ കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയിൻമേൽ പോലീസ് കേസെടുത്തു.പരാതിക്കാരിയുടേയും കോട്ടയിൽ രാജുവിൻേറയും മൊഴി പോലീസ് രേഖപ്പെടുത്തി.ചെയർമാൻ നിരന്തരമായി  ചേംബറിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചെന്നും യാത്ര പോകാൻ ക്ഷണിച്ചെന്നും കരൾ രോഗിയായ ഭർത്താവിൻെറ ചികിൽസ നോക്കിക്കൊള്ളാമെന്ന് പറഞ്ഞെന്നും മറ്റുമുള്ള ആരോപണങ്ങളാണ് പട്ടികജാതി വിഭാഗക്കാരി കൂടിയായ യുവതി ഉന്നയിച്ചിട്ടുള്ളത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൻമേലാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുള്ളത്.

എന്നാൽ പാർടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് ഈ ആരോപണമെന്നാണ് പുതിയ ആക്ഷേപം.കരുനാഗപ്പള്ളിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി അര ഏക്കർ കായൽ കയ്യേറിയത് നഗരസഭയും റവന്യൂ വിഭാഗവും കഴിഞ്ഞ മാസം അളന്ന്  തിട്ടപ്പെടുത്തിയിരുന്നു.പാർടി സമ്മേളനങ്ങൾ നടക്കുന്നതനിടെയുണ്ടായ ഈ നടപടിയാണ് ചെയർമാനെതിരായ പൊടുന്നനെയുള്ള പരാതിക്ക് പിന്നിലെന്നാണ് വസന്തൻ പക്ഷം ആരോപിക്കുന്നത്.കൂടാതെ ഹരിതകർമ്മ സേനാംഗങ്ങൾ അടുത്തിടെ നടത്തിയ വിനോദയാത്രയിൽ ആരോഗ്യ വകുപ്പിലെ ഒരു ജീവനക്കാരി നൃത്തം ചെയ്യുന്ന വീഡിയോ കൂട്ടത്തിലൊരാൾ പകർത്തി സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ പക്ഷക്കാരിയായ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന് അയച്ചത് അവർ ഇപ്പോഴത്തെ പരാതിക്കാരിക്ക് അയച്ചുവത്രേ.അത് പിന്നീട് നഗരസഭാ ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ നൃത്തം ചെയ്ത ജീവനക്കാരി ഇപ്പോഴത്തെ പരാതിക്കാരിക്കെതിരെ കരുനാഗപ്പള്ളി പോലീസിൽ നൽകിയിരുന്നു.എന്നാൽ സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ട് പരാതി ഒത്തുതീർപ്പാക്കിയെന്ന് പറയപ്പെടുന്നു.തുടർന്ന് ഇപ്പോഴത്തെ പരാതിക്കാരിയെ ചെയർമാൻ താഴത്തെ നിലയിലേക്ക് സ്ഥലം മാറ്റി.പിന്നീട് അവർ ജോലിക്ക് ഹാജരായിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗത്തിൻെറ അടുപ്പക്കാരി കൂടിയായ ഇവർ പൊടുന്നനെ ലൈംഗിക പരാതിയുമായി രംഗത്തെത്തുകയായിരുന്നുവെന്നുമാണ് ചെയർമാനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.കൂടാതെ സംഭവം നടന്ന തീയതിയോ സമയമോ പോലും  പരാതിയിലില്ല.അതിനാൽ തന്നെ പരാതി വ്യാജനിർമ്മിതിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ചെയർമാന് അനുകൂലമായി ഉയരുന്ന വാദം..കരുനാഗപ്പള്ളിയിൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ വസന്തൻ വിഭാഗത്തിലെ പ്രമുഖനെതിരെയുള്ള ലൈംഗികാരോപണം വരാനിരിക്കുന്ന പാർടി സമ്മേളന വേദികളിൽ കത്തിപ്പടരുമെന്നുറപ്പാണ്.

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍വിധി തിങ്കളാഴ്ച

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വാദം കേള്‍ക്കല്‍ അവസാനിച്ചു. ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പൊതുജന വികാരം തന്നെയാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്.

വിധി പറയുന്നത് ഒക്ടോബര്‍ 28ലേക്ക് മാറ്റി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഒന്നും പറയാനില്ലെന്നാണ് പ്രതികൾ വ്യക്തമാക്കിയത്.
സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം പെണ്‍കുട്ടിയുടെ അമ്മാവനും പിതാവും ചേര്‍ന്ന് അനീഷിനെ അറുംകൊല ചെയ്തത്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ആണ് ഒന്നാം പ്രതി. ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയും.

2020 ഡിസംബര്‍ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

വിമതര്‍ക്കെതിരെ സുധാകരന്റെ കൊലവിളി; ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലവിവാദ പ്രസംഗം കോഴിക്കോട് ചേവായൂരില്‍

കോഴിക്കോട് : പാര്‍ട്ടിയിലെ വിമതര്‍ക്കെതിരേ വധ ഭീഷണിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കൊലവിളി പ്രസംഗം നടന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി ജെ പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവര്‍ ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. അത് അനുവദിക്കില്ല.
അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച വിഷയമാണ് ചേവായൂരിലെ സഹകരണ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായത്. ചേവായൂര്‍ സഹകരണബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു.

അനധികൃത ഇരുമ്പയിര് കടത്ത്: സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എക്ക് ഏഴുവര്‍ഷം തടവ്; 44 കോടി പിഴ

ബംഗളൂരു: ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവ്. 44 കോടി പിഴയും ശിക്ഷ വിധിച്ചു. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ സതീഷ് സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും.
ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സതീഷ് സജീവമായിരുന്നു. ആ പ്രവർത്തനത്തിലൂടെ മലയാളികൾക്ക് പരിചിതനാണ് എം എൽ എ

ശാസ്താംകോട്ട ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ കാട്ടുപന്നി;വീഡിയോ

ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ കാട്ടുപന്നികൾ വിഹരിക്കുന്നു.

ക്ഷേത്ര മൈതാനിയിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ മതിലിനോട് ചേർന്നുള്ള ഭാഗത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നിയെ നാട്ടുകാർ കണ്ടത്.ശബരിമല അയ്യപ്പസേവാ സമാജം എസ്.ആർ ജിതിൻ കാട്ടുപന്നി ഓടിച്ചാടി നടക്കുന്നതിൻ്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി…വാഹന ഗതാഗതം തടസ്സപ്പെട്ടു

റെയിൽവേ ഗേറ്റിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. കുണ്ടറ മുക്കട റെയിൽവേ ഗേറ്റിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ കൂടിയായിരുന്നു സംഭവം. കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് ഒടിയുകയും തൊട്ടു പിന്നാലെ വന്ന കെഎസ്ഇബിയുടെ ജീപ്പിന് മുകളിലേക്ക് വീഴുകയും ചെയ്തു.ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. അപകട ശേഷം ഓട്ടോറിക്ഷ നിർത്താതെ പോയി. ഗേറ്റ് ഒടിഞ്ഞതിനെ തുടർന്ന് കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസ്സും ഗുരുവായൂർ- മധുര എക്സ്പ്രസ്സും അൽപ്പനേരം വൈകി. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി

തിരുവനന്തപുരം. നെയ്യാറ്റിന്‍കരയില്‍ വന്‍ പാന്‍മസാല വേട്ട, എക്സൈസ് സംഘം 1300 കിലോ പാന്‍മാസാലയും 5 ലക്ഷം രൂപയും പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ 2 പേര്‍ പിടിയിലായി. പാന്‍മസാല കടത്തിയത് വളമെന്ന വ്യാജേന. പിടിയിലായതില്‍ ഒരാള്‍ നഴ്സിംഗ് വിദ്യാര്‍ഥി

പിക്അപ് വാനില്‍ 9 ചാക്കോളം വളം അടുക്കിയ ശേഷം അടിയില്‍ 75 ചാക്കുകളിലായാണ് പാന്‍മസാല ശേഖരം ഒളിപ്പിച്ചിരുന്നത്. ബാലരാമപുരത്ത് എക്സൈസ് പരിശോധിക്കുമ്പോള്‍ നിറുത്താതെ പാഞ്ഞ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പെരുമ്പാവൂര്‍ നിന്ന് നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം പ്രദേശങ്ങളില്‍ വില്‍ക്കാനെത്തിച്ചതാണ് പാന്‍മസാല മലപ്പുറം സ്വദേശികളായ റാഫി, ഷാഹിദ് തുടങ്ങിയവരാണ് പിടിയിലായത്. കച്ചവടക്കാരില്‍ നിന്ന് പിരിച്ചെടുത്ത 5 ലക്ഷം രൂപയും കണ്ടെടുത്തു. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കും

ഇസ്രയേലിനെ പ്രതിരോധിച്ചു ഇറാന്‍

  • ടെഹറാന്‍.ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ.വിജയകരമായി പ്രതിരോധിച്ചെന്ന്
    ഇറാൻ.പരിമിതമായ നാശനഷ്ടമാണ് ഉണ്ടായതെന്നും പ്രതികരണം
  • തിരിച്ചടി ഇതോടെ അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേൽ
  • യുദ്ധ വിമാനങ്ങൾ മടങ്ങിയെന്നും ഇസ്രയേൽ പ്രതിരോധ സേന

പള്ളിക്കൽ ആറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം. പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.പുറപ്പെടുവിച്ച സമയവും തീയതിയും: 10.30 AM; 26/10/2024.IDRB-KSEOC-KSDMA