Home Blog Page 1964

തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാൻ സാധ്യത.പത്തനംതിട്ട ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. അതിശക്തമായ മഴ രണ്ടുദിവസം കൂടി തുടരും എന്നാണ് പ്രവചനം.ഇടുക്കി പാലക്കാട് ജില്ലകളിൽ നാളെ റെഡ് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ആറാംഘട്ടം,പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ന്യൂഡെല്‍ഹി.ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. നാളെ പരസ്യപ്രചരണം അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കൾ ഇവിടങ്ങളിൽ ഇന്ന് പ്രചരണം നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെയും ഡൽഹിയിലെയും വിവിധ റാലികളിലാണ് പങ്കെടുക്കുക. രാഹുൽഗാന്ധി ഹരിയാനയിലെ വിവിധ പ്രചരണ പരിപാടികളുടെ ഭാഗമാകും.

ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ കേരളത്തിൽ നിന്നും എത്തിയ കോൺഗ്രസ് ബിജെപി നേതാക്കളുടെ പ്രചരണവും ഇന്ന് തുടരും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസും ആണ് ഇരുവിഭാഗങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുൽ ഗാന്ധിയെയും കൂടാതെ അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, അമിത് ഷാ, രാജ്നാഥ് സിംഗ് , മമതാ ബാനർജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും വിവിധ റാലികളിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്

കണ്ണൂർ. പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഐ എം നിർമ്മിച്ച രക്തസാക്ഷി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്. ചെറ്റക്കണ്ടി, തെക്കുംമുറിയിലാണ് സി പി ഐ എം തൃപ്പങ്ങോട്ടൂർ ലോക്കൽ കമ്മറ്റി രക്തസാക്ഷി സ്മാരകം നിർമ്മിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. ഷൈജു, സുബീഷ് എന്നിവരുടേത് ആർഎസ്എസിനെ പ്രതിരോധിക്കുന്നതിനിടെയുള്ള രക്തസാക്ഷിത്വമെന്നാണ് സിപിഐഎം വാദം.

ഉത്തരേന്ത്യ കത്തുന്നു

ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറില്‍ -44.9 ഡിഗ്രിയും രേഖപ്പെടുത്തി. ഡൽഹിയിലും പലയിടങ്ങളിലും 45 മേൽ താപനില എത്തിയിട്ടുണ്ട്. ചൂട് കൂടുതൽ ശക്തമായതോടെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധത്തിലും ഇന്നലെ രാത്രിയിൽ തകരാറുകൾ ഉണ്ടായി. മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിനാണ് വിവിധയിടങ്ങളിൽ കാരണമായത്. നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും കടുത്ത ചൂട് ബാധിച്ചിട്ടുണ്ട് . ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലും ബീഹാറിലും ഓറഞ്ച് അലര്‍ട്ട് ആണ്. ബര്‍മറിലും കാണ്‍പൂരിലും രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ്.
അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം,കർശന നടപടിക്ക് എക്സൈസ്

തിരുവനന്തപുരം.സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം. തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് എക്സൈസ് സർക്കുലർ. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്‌പെക്ടർമാർ
പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണം.ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും

ജൂൺ മാസം മുഴവൻ പട്രോളിംഗ് എല്ലാ ദിവസവും.സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും.സ്കൂൾ പരിസരത്തെ ഇടവഴികള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും

ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും.സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും.അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ

പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്

കൊല്ലം.പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക്. കേസ് വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാകണം.  

മനുഷ്യ നിർമ്മിതമായ പുറ്റിങ്ങൽ ദുരന്തം. സ്വർണ്ണകപ്പും ക്യാഷ് അവാർഡും കിട്ടാൻ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് നടത്തിയ വെടിക്കെട്ട് . 2016 ഏപ്രിൽ പത്തിന് 110 പേരുടെ ജീവനെടുത്ത മൽസര വെടിക്കെട്ട് നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. പരിക്കേറ്റത് 656 പേർക്ക്. 10000 പേജുള്ള കുറ്റപത്രo. ഇതിൽ 59 പ്രതികൾ. എട്ടു പേർ മരിച്ചു. 44 പ്രതികൾക്കെതിരെ ചുമത്തിയത് കൊലക്കുറ്റം. പ്രതികൾ എല്ലാവരും ജാമ്യത്തിൽ.1417 സാക്ഷികളും 1611 രേഖയും 376 തൊണ്ടിമുതലും.

അന്നത്തെ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയിലുണ്ട്.
ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്പസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും

മലപ്പുറം ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം. ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ ( 22 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം

ആരോഗ്യ സ്ഥിതി മോശമായതോടെ 18 നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്. അഗളിയില്‍ കാടുകാണാനെത്തി മലയില്‍ അകപ്പെട്ട യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.വനംവകുപ്പ് ഭൂമിയില്‍ അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് മേലാറ്റൂര്‍ സ്വദേശികളായ യുവാക്കള്‍ മലക്ക് മുകളില്‍ കയറിയത്.മഴ വന്ന് ഇരുട്ട് മൂടിയതോടെ തിരിച്ചിറങ്ങാനുളള വഴി തെറ്റുകയായിരുന്നു

തുടര്‍ന്ന് ആര്‍ആര്‍ടി സംഘവും അഗളി പൊലീസുമെത്തിയാണ് യുവാക്കളെ താഴെയെത്തിച്ചത്‌

മറയൂരിൽ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന ആക്രമണം

ഇടുക്കി.മറയൂരിൽ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന ആക്രമണം.കാന്തല്ലൂർ സ്വദേശി മനോഹരൻ്റെ സ്കൂട്ടറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ വൈകിട്ടാണ് സംഭവം.രണ്ട് കൊമ്പന്മാരാണ് ആക്രമണം നടത്തിയത്

ആനയെ കണ്ട് ഇറങ്ങി ഓടിയതിനാൽ മനോഹരൻ രക്ഷപ്പെട്ടു.മാശിവയലിലെ കൃഷിപ്പണിക്കുശേഷം വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം.കാട്ടാനകൾ നടുറോഡിൽ തമ്പടിച്ചിരിക്കുന്ന വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്നും പരാതി

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ ഇടയായ സംഭവം, അന്വേഷണം ഇന്ന്തുടങ്ങും

കൊച്ചി.പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ ഇടയായ സംഭവത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കളക്ടറുടെ നിർദ്ദേശം. അന്വേഷണസംഘം പ്രശ്നബാധിത മേഖലകളിൽ നേരിട്ടെത്തി പരിശോധന നടത്തും. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ 10 കിലോമീറ്ററോളം ദൂരത്തിലാണ് മീനുകൾ ചത്തുപൊങ്ങിയത്. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നും പുറന്തള്ളിയ വിഷ ജലമാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിഷജലം തള്ളിയ കമ്പനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മത്സ്യ കർഷകർക്ക് ഉണ്ടായത്. പ്രശ്നത്തിലെ തുടർനടപടികൾ ആലോചിക്കാൻ വരാപ്പുഴ പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. ജനപ്രതിനിധികൾക്ക് പുറമെ മത്സ്യ കർഷകരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നഷ്ടപരിഹാരം നൽകുന്നതിൽ ഉൾപ്പെടെ സർക്കാർ ഇടപെടലാണ് മത്സ്യ കർഷകരുടെ ആവശ്യം. അതേസമയം, ചത്തുപൊങ്ങിയ മീനുകൾ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.