സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. അതേസമയം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി
ആനയടിയിൽ ആൽമരം വീണ് റേഷൻ കട തകർന്നു
ശാസ്താംകോട്ട: ആൽമരം കടപുഴകി വീണ് റേഷൻകട തകർന്നു. ആനയടി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. ശക്തമായ കാറ്റിലും,മഴയിലും ആൽമരം കടപുഴകി വീഴുകയായിരുന്നു. മുരളീധരൻപിള്ളയുടെ ഉടമസ്ഥതയിലുള്ള എ ആർ ഡി 46-ാം നമ്പർ റേഷൻ കടയ്ക്ക് മുകളിലേക്കാണ് ആൽമരം പതിച്ചത്. ഉച്ച സമയം ആയതിനാലും ഈ സമയം കടയിൽ ആളില്ലാതിരുന്നതിനാലുമാണ് വലിയ അപകടം ഒഴിവായത്.അപകടത്തിൽ റേഷൻ കട പൂർണ്ണമായും തകരുകയും, അകത്തുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങൾ നനയുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നുമെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആൽമരം മുറിച്ചു നീക്കി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളപ്പിറവിദിനം ആഘോഷിച്ചു,
തിരുവനന്തപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാറും കോളജ്-സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. കേരളപ്പിറവിദിനാഘോഷവും സെമിനാര്‍ ഉദ്ഘാടനവും മലയാളം മിഷന്‍ ഡയറക്ടര്‍ കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.
സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ ഡോ. എം. സത്യന്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ അമ്പിളി ടി.കെ നന്ദിയും പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, ഗ്രന്ഥകാരി ഡോ. ഷീബ ദിവാകരന്‍, പി.ആര്‍.ഒ റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസിന്റെ കേരള ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.
ക്വിസ് മത്സരം : തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജ്, കുറവിലങ്ങാട് ദേവമാത കോളെജ്, കാര്യവട്ടം ക്യാംപസ് എന്നിവർ ജേതാക്കൾ
‘കേരളചരിത്രവും സംസ്കാരവും’ എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തില്‍ 150ല്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം ഡയറക്ടര്‍ ഡോ.എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തില്‍ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങിയ ടീമാണ് പങ്കെടുത്തത്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളെജ് (അശ്വതി പി.എ., ഗീതിക വി.കെ.) ഒന്നാം സ്ഥാനവും ദേവമാത കോളെജ് കുറവിലങ്ങാട് (അനുപ്രിയ ജോജോ, റോസ്മെറിന്‍ ജോജോ) രണ്ടാം സ്ഥാനവും കാര്യവട്ടം ക്യാംപസ് (ഉത്തരഉദയന്‍, മാളവിക) മൂന്നാം സ്ഥാനവും നേടി. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ 1-മുതല്‍ 6 സ്ഥാനം വരെ കരസ്ഥമാക്കിയവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി.
അമ്മയുമായി അടുപ്പം, കാണാൻ പറ്റാത്ത രീതിയിൽ കണ്ടു; 56കാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി 17കാരൻ, അറസ്റ്റ്
കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന അഭജിത്തിനെ വീട്ടിൽ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. തന്‍റെ അമ്മയുമായി അഭിജിത്തിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരേയും കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടതിനാലാണ് കൊലപാതകമെന്നുമാണ് 17 കാരന്‍റെ മൊഴി.
കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്ത് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെന്‍റ് എ കാർ ബിസിനിസ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട അഭിജിത്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ വീടിന്‍റെ രണ്ടാം നിലയിലെത്തി വിളിച്ചു. എന്നാൽ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇയാൾ താഴത്തെ നിലയിലുള്ള അഭിജിത്തിന്‍റെ സഹോദരിയെ വിവരമറിയിച്ചു. സഹോദരിയും അയൽക്കാരുമെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ അഭിജിത്ത് ബാനർജിയെ കാണുന്നത്.
തലയിലും നെഞ്ചിലും കൈകളിലും മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ബെഡിൽ നിന്നും താഴേക്ക് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവനും ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരീശോധനയിൽ കൊലപാതകം നടത്തിയത് പ്രൊഫഷണലായ ഒരാളെന്ന് പൊലീസിന് മനസിലായി. അഭിജിത്തിന്‍റെ മൊബൈൽ ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മോഷണ ശ്രമമാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്.
മോഷണം പോയ മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ പരിശോധിച്ചും വീടിനടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴുമാണ് അഭിജിത്തിന്‍റെ പരിചയക്കാരിയുടെ മകനായ 17 കാരനെ പൊലീസ് സംശയിച്ചത്. ഒടുവിൽ 17-കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിജിത്തിന് തന്‍റെ അമ്മയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരെയും കാണാൻ പാടില്ലാത്ത രീതിയിൽ താൻ കണ്ടുവെന്നും കുട്ടി പറഞ്ഞു. ഇതോടെയാണ് അഭിജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇയാളുടെ ഫോണിൽ അമ്മയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. അവ നശിപ്പിക്കാനാണ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ എടുത്തതെന്നും 17 കാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് പരിശോധനയിൽ മൊബൈലിൽ നിന്ന് യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൌമാരക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
‘പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളം’; വിമര്‍ശിച്ച് വി എസ് സുനിൽകുമാർ
തൃശ്ശൂര്‍: ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനിൽകുമാർ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ ചൂടോടെ പരാതി നൽകിയ കേന്ദ്രമന്ത്രി എന്തുകൊണ്ട് ഗുണ്ടകൾ ആക്രമിച്ചിട്ട് മിണ്ടിയില്ലെന്നും ഈ വിഷയത്തിൽ പൊലീസ് അന്വേഷിക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. സുരേഷ് ഗോപി ആംബുലൻസിൽ കയറിയത് ചട്ടം ലംഘിച്ചാണ്, മോട്ടോർ വാഹന വകുപ്പ് അനാസ്ഥ വെടിഞ്ഞ് സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം, തൃശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കുന്ന പൊലീസ് സംഘം അന്വേഷണം തുടങ്ങി. പൂരത്തിന് ഡ്യൂട്ടിക്കെത്തിയ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരിൽ നിന്നാണ് പ്രത്യേക അന്വേഷണം സംഘം മൊഴിയെടുപ്പ് ആരംഭിച്ചത്. പൂര ദിവസം എം ജി റോഡിൽ കൂടി കടന്നുപോയ ആംബുലൻസിൽ ഉണ്ടായിരുന്ന മെഡിക്കൽ സംഘത്തോട് മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ കയർത്ത് സംസാരിച്ചെന്ന് മെഡിക്കൽ സംഘം മൊഴി നൽകി. തിരുവമ്പാടി ദേവസ്വം പ്രതിനിധികളോട് തിങ്കളാഴ്ച മൊഴിയെടുക്കാൻ എത്താനാണ് അറിയിച്ചത്.
വെള്ളമടിച്ചിട്ട് പറയുന്നതല്ല സാറേ.., തൊലി കളഞ്ഞ ഉരുളക്കിഴങ്ങാണ് പോയത്; പ്രതിയെ പിടിച്ചേ പറ്റൂ എന്ന് യുവാവ്
ലഖ്നൗ: വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയത് അന്വേഷിക്കണമെന്ന ആവശ്യവുമായി പൊലീസിനെ വിളിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. തൻ്റെ വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് വിജയ് വര്‍മയെന്നയാൾ പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും പ്രതിയെ പിടികൂടണമെന്ന് വിജയ് പൊലീസിനോട് നിരന്തരം പറയുകയും ചെയ്തു.
ദീപാവലിയുടെ തലേദിവസമാണ് മോഷണം നടന്നത്. ഉത്തർപ്രദേശ് എമർജൻസി ഹെൽപ്പ് ലൈനിലേക്കാണ് (UP-112) ഉരുളക്കിഴങ്ങ് മോഷണം റിപ്പോർട്ട് ചെയ്തുള്ള കോൾ വന്നത്. മോഷണം ഉണ്ടായതായി വിവരം ലഭിച്ചതോടെ ഉടൻ തന്നെ പൊലീസ് സംഘം വിജയ്‍യുടെ വീട്ടിലെത്തി. ഭക്ഷണം പാകം ചെയ്യുന്നതിനായി തൊലി കളഞ്ഞ് ഉരുളക്കിഴങ്ങ് വച്ചിരുന്നു. ഇതാണ് പിന്നീട് നോക്കിയപ്പോൾ കാണാതായതെന്ന് വിജയ് പൊലീസിനോട് പറഞ്ഞു.
പൊലീസ് അളവ് ചോദിച്ചപ്പോഴാണ് 250 ഗ്രാം ഉരുളക്കിഴങ്ങ് ആണ് നഷ്ടപ്പെട്ടതെന്ന് വിജയ് പറയുന്നത്. ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസ് വിജയ്‍യോട് ചോദിച്ചു. പകൽ മുഴുവൻ കഠിനാധ്വാനം ചെയ്ത്, വൈകുന്നേരം ഒരു ചെറിയ ഡ്രിങ്ക് കഴിക്കുന്നത് പതിവാണെന്ന് വിജയ് മറുപടി പറഞ്ഞു. മദ്യപിച്ചതിന്‍റെ ലഹരിയിലല്ല വിളിച്ചതെന്നും ഉരുളക്കിഴങ്ങിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജയ് പറഞ്ഞുകൊണ്ടേയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിട്ടുണ്ട്. പല തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങൾ ഉണ്ടായത്. വേഗത്തിലുള്ള പൊലീസ് ഇടപെടലിനെ നിരവധി പേര്‍ പ്രശംസിച്ചപ്പോൾ ഇത്തരം അസംബന്ധ കാര്യങ്ങളില്‍ പൊലീസിന്‍റെ സമയം പാഴാക്കുന്നതിനെതിരെ വിമര്‍ശനങ്ങളുമുണ്ടായി.
ഡൽഹിയിലെ ലാൻഡിംഗിന് പിന്നാലെ ശുചീകരണത്തിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയിൽ കണ്ടെത്തിയത് വെടിയുണ്ടകൾ
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണികൾക്ക് പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകൾ. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ശുചീകരണത്തിനിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് പരിസരത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
എന്നാൽ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ എപ്പോൾ വച്ചുവെന്ന സമയം വ്യക്തമായിട്ടില്ല. ഇതിൽ വ്യക്തത വരുത്താനായാൽ വെടിയുണ്ടകൾ സീറ്റിനടിയിൽ വച്ചത് ആരാണെന്ന് കണ്ടെത്താമെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളത്. സുരക്ഷാ പ്രോട്ടോക്കോളുകളിലെ പാളിച്ചകളേക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് കണ്ടെത്തൽ. പുറപ്പെടുന്നതിന് മുൻപ് ശക്തമായ പരിശോധനയാണ് നടക്കുന്നത്. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉൾപ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളിൽ തിരകൾ കണ്ടെത്തിയതിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. സാധാരണ ഗതിയിൽ വെടിയുണ്ടകളും ആയുധങ്ങളും ഇത്തരം പരിശോധനയിൽ വ്യക്തമാകേണ്ടതാണ്. ഏത് വിമാനത്താവളത്തിൽ സംഭവിച്ച പിഴവാണ് ഇതെന്ന് കണ്ടെത്താനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
ഒക്ടോബർ മാസത്തിൽ നിരവധി തവണയാണ് എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടിരുന്നു. 32ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി നേരിട്ടതെന്നാണ് എയർ ഇന്ത്യ വിശദമാക്കുന്നത്. നാനൂറിലേറെ വ്യാജ ഭീഷണിയാണ് രണ്ട് ആഴ്ചകൾക്കിടയിൽ എൻഐഎ പരിശോധിക്കുന്നത്.
ടേക്ക് ഓഫിന് പിന്നാലെ കാർഗോ ഭാഗത്ത് വലിയ ശബ്ദം, ഭയന്ന് യാത്രക്കാർ, എമർജൻസി ലാൻഡിംഗ്
ബ്യൂണസ് ഐറിസ്: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ കാർഗോ ഹോൾഡിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള ശബ്ദം. ആയുധം കൊണ്ടുള്ളതിന് സമാനമായ തട്ടും മുട്ടും വലിയ രീതിയിൽ ഉയർന്നതോടെ വിമാനം തിരിച്ചുവിട്ടു. തിരിച്ചിറക്കിയ വിമാനത്തെ കാത്തിരുന്നത് ആയുധധാരികളായ സൈന്യം. കാർഗോ ഹോൾഡിൽ അരിച്ച് പെറുക്കിയുള്ള പരിശോധനയിൽ കണ്ടെത്തിയത് വിമാനത്താവള ജീവനക്കാരനെ. ഒക്ടോബർ 31 അമേരിക്കൻ എയർലൈനിന്റെ എഎ 954 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ബ്യൂണസ് ഐറിസിൽ നിന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ യാത്രക്കാരുടെ ബാഗുകൾ സൂക്ഷിച്ച ഭാഗത്ത് നിന്ന് ചെറിയ രീതിയിലുള്ള തട്ടും മുട്ടും കേൾക്കാൻ തുടങ്ങിയത്. പിന്നാലെ തന്നെ തട്ടും മുട്ടും ആയുധം കൊണ്ടെന്ന രീതിയിൽ കേൾക്കാനും തുടങ്ങിയതോടെ യാത്രക്കാർ ഭയപ്പാടിലായി. പിന്നാലെ തന്നെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
തിരിച്ചിറക്കിയ വിമാനത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത് ആയുധധാരികളായ സേനാംഗങ്ങളായിരുന്നു. തുറന്ന ഡോറിലൂടെ വിമാനത്തിലേക്ക് ആയുധധാരികളായ സൈനികർ കയറി. ഇതിന് പിന്നാലെയാണ് ബാഗുകൾ വച്ചിരുന്ന ഭാഗത്ത് പരിശോധന തുടങ്ങിയത്. ഈ സമയത്താണ് കാർഗോ ഭാഗത്ത് നിന്ന് വിമാനത്താവള ജീവനക്കാരനെ കണ്ടെത്തിയത്.
കൺവേയർ ബെൽറ്റിലൂടെ ബാഗുകൾ നിറയ്ക്കുന്ന കാർഗോ ഭാഗത്ത് ജീവനക്കാരൻ എങ്ങനെയാണ് എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബോയിംഗ് 777 300 ഇ ആർ വിമാനത്തിലാണ് സംഭവം. ദീർഘദൂര യാത്രകൾക്ക് ഏറെ പേരുകേട്ടതാണ് ബോയിംഗ് 777 വിമാനങ്ങൾ. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. കൺവേയർ ബെൽറ്റിന് സമീപം അശ്രദ്ധമായി നിന്ന് ജീവനക്കാരൻ ഇതിനുള്ളിലേക്ക് വീണുപോവുകയും കുടുങ്ങുകയും ചെയ്തുവെന്നാണ് പ്രാഥമിക നിരീക്ഷണം. കുടുങ്ങിയെന്ന് വ്യക്തമായതോടെ ജീവനക്കാരൻ രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാഗുകളുടെ ഭാഗങ്ങൾ വച്ച് ഇടിച്ച് വലിയ രീതിയിലുള്ള ശബ്ദമുണ്ടാക്കിയത്.
വീണ്ടും കടംവാങ്ങിക്കൂട്ടാൻ സംസ്ഥാന സർക്കാർ; നവംബർ 5ന് 1,000 കോടി എടുക്കും, പെരുകി കടബാധ്യത
തിരുവനന്തപുരം: ചെലവുകൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. നവംബർ 5ന് കേരളം 1,000 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ഇ-കുബേർ വഴി 16 വർഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. പെൻഷനും ശമ്പള വിതരണവും ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി ഒക്ടോബർ 29ന് 1,500 കോടി രൂപയും കേരളം കടമെടുത്തിരുന്നു.
നവംബർ 5ന് 1,000 കോടി രൂപ കൂടി എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ കടം 27,998 കോടി രൂപയാകും. കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്ന് അടുത്തിടെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ചെലവുകൾ നടത്താൻ നിരന്തരം കടമെടുക്കുന്ന പ്രവണത സംസ്ഥാന സർക്കാർ നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു.
നടപ്പുവർഷം ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതിൽ നിന്ന് ഡിസംബർ വരെ 21,253 കോടി രൂപ എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓണക്കാല ചെലവുകൾ പരിഗണിച്ചും സംസ്ഥാനത്തിന്റെ കടപരിധി നിശ്ചയിച്ചതിലെ പൊരുത്തക്കേട് പരിഹരിച്ചും കടപരിധി പുനഃക്രമീകരണിക്കണമെന്നും കൂടുതൽ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്രം അനുവദിച്ച താൽകാലിക ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴത്തെ കടമെടുപ്പ്.
കേന്ദ്രം നേരത്തേ മുന്നോട്ടുവച്ച 37,512 കോടി രൂപയെന്ന പരിധി കണക്കാക്കിയാൽ നവംബർ അഞ്ചിന് ശേഷം നടപ്പുവർഷത്തെ ബാക്കിയുള്ള അഞ്ച് മാസത്തേക്കായി കേരളത്തിന്റെ കടപരിധിയിൽ ശേഷിക്കുക 9,514 കോടി രൂപയായിരിക്കും. അതായത് ശരാശരി 1,902.8 കോടി രൂപ വീതം. ഓരോ മാസവും അധികമായി ശരാശരി 3,000 കോടി രൂപ ചെലവുകൾക്കായി കണ്ടെത്തണമെന്നിരിക്കേ, സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കണക്കാണിത്.
കടമെടുക്കാൻ മറ്റ് സംസ്ഥാനങ്ങളും
നവംബർ അഞ്ചിന് കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ബിഹാർ, ഹരിയാന, മിസോറം, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവയും ഇ-കുബേർ വഴി കടമെടുക്കുന്നുണ്ട്. 2,000 കോടി രൂപ വീതമാണ് ആന്ധ്രയും ബിഹാറും തമിഴ്നാടും എടുക്കുക. ഹരിയാന 1,500 കോടി രൂപയും ഉത്തരാഖണ്ഡ് 500 കോടി രൂപയും മിസോറം 80 കോടി രൂപയും എടുക്കും. പഞ്ചാബിന്റെ ലക്ഷ്യം 367 കോടി രൂപ.
സ്പെയിനിലെ പ്രളയം: 2000 പേരെ കാണാതായി, പാൽമയിൽ ലോക്ക്ഡൗൺ
വലെൻസിയ: സ്പെയിനിന്‍റെ തീരദേശ നഗരമായ വലെൻസിയയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരന്തത്തിൽ മരണസംഖ്യ 200 കടന്നു. ഏകദേശം 2000 പേരെ കാണാതായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ദുരന്തം യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ പാൽമയിൽ ഈ ദുരന്തത്തിന്‍റെ പ്രതിഫലനം വളരെ വലുതാണ്. വൻതോതിലുള്ള മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ദ്വീപിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും വീടുകളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. നഗരത്തിലെ പ്രധാന പ്രദേശങ്ങൾ അടച്ചുപൂട്ടി.
പാൽമയിലെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വർഷത്തെ ശരാശരി മഴയാണ് ചില പ്രദേശങ്ങളിൽ ലഭിച്ചതാണ് വൻതോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്. വലെൻസിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പലയിടങ്ങളിലും വീടുകൾ തകർന്നിട്ടുണ്ട്. വാഹനങ്ങൾ ഒഴുകിപ്പോയി.
ഈ ദുരന്തത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്പെയിനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്പാനിഷ് പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുശോചനം അറിയിച്ചു.




































