യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്ന സംഘം പിടിയിൽ. എറണാകുളത്താണ് സംഭവം. യുവതിയടക്കം നാല് പേരെ നോർത്ത് പൊലീസാണ് മണിക്കൂറുകൾക്കകം പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായ പ്രതികൾ.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുകയിരുന്ന കൊല്ലം സ്വദേശിയെയാണ് നാലംഗസംഘം കൊള്ളയടിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരക്ക് നോർത്ത് പാലത്തിനു മുകളിൽവെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. യുവാവിനെ ആദ്യം സമീപിച്ചത് കവർച്ച സംഘത്തിലെ യുവതി ബിജി. സുഹൃത്തിനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ട യുവതി യുവാവിന്റെ ഫോൺ കൈവശപ്പെടുത്തി. അരലക്ഷം രൂപയുള്ള മൊബൈൽ തിരികെ ആവശ്യപ്പെട്ടതോടെ യുവതി എതിർത്തു. തൊട്ടുപിന്നാലെ ഇരുട്ടിൽ ഒളിച്ചുനിന്ന മൂന്ന് യുവാക്കൾ ഓടിയെത്തി. കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ കഴുത്തിൽ ആക്രമിച്ചു. പിന്നീട് ശരീരത്തിൽ പലയിടങ്ങളിൽ മുറിവേൽപ്പിച്ച് സംഘം കടന്നു. റോഡിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ യുവാവ് പൊലീസിനെ വിവരം അറിയിച്ചു. മണിക്കൂറുകൾക്കകം നാലംഗ കവർച്ചാസംഘത്തിലെ മൂന്നുപേരും പിടിയിലായി.
സുഹൃത്തിനെ വിളിക്കാൻ ഫോൺ തരുമോ…യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്ന യുവതി ഉൾപ്പെട്ട സംഘം പിടിയിൽ
ആറ് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത… യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായണ് മഴയ്ക്ക് സാധ്യതയുള്ളത്.
തെക്കന്‍ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അക്ഷര തെറ്റുകൾ നിറഞ്ഞ പോലീസ് മെഡലുകൾ തിരികെ വാങ്ങാൻ നിർദ്ദേശം
ശാസ്താംകോട്ട (കൊല്ലം):കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത അക്ഷര തെറ്റുകൾ നിറഞ്ഞ പോലീസ് മെഡലുകൾ തിരികെ വാങ്ങാൻ നിർദ്ദേശം.അക്ഷരത്തെറ്റുകളുടെ കൂമ്പാരം നിറഞ്ഞ പൊലീസ് മെഡൽ വിതരണം ചെയ്തത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.തെറ്റുകൾ നിറഞ്ഞ മെഡലുകൾ ലഭിച്ച പോലീസുകാർ ഉടൻ തന്നെ മടക്കി നൽകാൻ ഡിജിപിയാണ് നിർദേശം നൽകിയത്.മെഡൽ തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് സംഭവിച്ച പിഴവാണ്.തെറ്റ് തിരുത്തി പുതിയത് നൽകണമെന്ന് കരാർ സ്ഥാപനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കാലതാമസം കൂടാതെ പോലീസുകാർക്ക് മെഡലുകൾ വിതരണം ചെയ്യും.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് കഴിഞ്ഞ ദിവസം അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല എന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും
ശാസ്താംകോട്ട:കുന്നത്തൂർ സബ് ആർടി ഓഫീസിന് സ്ഥലം കൈമാറുന്ന വിഷയത്തിൽ റവന്യൂ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആഭ്യന്തരവകുപ്പു സെക്രട്ടറിയുമായി ചർച്ച നടത്തുന്നതിന് താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനമായി.ആഞ്ഞിലിമൂട്ടിൽ പള്ളിക്ക് സമീപത്തെ മരം രണ്ട് ആഴ്ച്ചക്കുള്ളിൽ മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ശാസ്താംകോട്ട ജംഗ്ഷൻ മുതൽ ക്ഷേത്രം വരെയുളള റോഡ്,വെട്ടിക്കാട്ട്-തേവലക്കര റോഡിലെ കലുങ്ക് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിന്
പൊതുമരാമത്ത്
നിരത്തുവിഭാഗം അസി.എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.ശാസ്താംകോട്ട ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് മറയത്തക്ക രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡ് നീക്കം ചെയ്യും.ചക്കുവള്ളി-പുതിയകാവ് റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് റോഡ് സുരക്ഷാ മീറ്റിംഗിൽ അവതരിപ്പിക്കുന്നതിനും ടോറസ് പോലെയുളള വലിയ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് പോലീസും മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശിച്ചു.പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പടിഞ്ഞാറെ കല്ലടയിൽ 2 പുതിയ ട്രാൻസ്ഫോമർ സ്ഥലം കണ്ടത്തി അടിയന്തിരമായി പ്രവർത്തനക്ഷമമാക്കുന്നതിന് ശാസ്താംകോട്ട അസി.എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.കാരാളിമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും കാരാളിമുക്ക് -കടപുഴ റോഡിലെ കാട് സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് വെട്ടുന്നതിന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയിലേക്ക് രാത്രി 7 കഴിഞ്ഞ് ബസ് അനുവദിക്കുന്നതിനും റെയിൽവെ സ്റ്റേഷൻ വഴിയും മൈനാഗപ്പള്ളി സിഎച്ച്സി വഴിയും ഉൾപ്പെടെ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും,ശൂരനാട് സിഎച്ച്സി യിൽ അനുവദിച്ച ഐസൊലേഷൻ വാർഡിൻ്റെ കെട്ടിടം പണി പൂർത്തീകരിച്ച് പ്രവർത്തനക്ഷമാക്കുന്നതിലേക്ക് ആരോഗ്യമന്ത്രിയെ കണ്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.അമ്മച്ചിമുക്ക്-കണ്ണമം-ഗിരിപുരം റോഡിൽ പൈപ്പ് ഇടുന്നതിലേക്ക് റോഡ് മുറിക്കുന്നതിന് നാഷണൽ ഹൈവേ അനുമതി നല്കിയിട്ടില്ലെന്നും എന്നാൽ വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിന് ബാക്കിയുളള നാഷണൽ ഹൈവേയുടെ ഭാഗമല്ലാത്ത റോഡുകളിലെ പ്രവർത്തി പൂർത്തിയാക്കുന്നതിനും തോപ്പിൽ മുക്ക്-കല്ലുകടവ് റോഡിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് വാട്ടർ അതോറിറ്റി അസി
എഞ്ചിനീയറെ ചുമതലപ്പെടുത്തി,മൈനാഗപ്പള്ളി സിഎച്ച്സിയിലെ സിവിൽ സർജൻ്റെ നിലവിലുള്ള ഒഴിവും ശാസ്താംകോട്ട പിഡബ്ല്യുഡി നിരത്തുവിഭാഗത്തിലെ ഓവർസിയർമാരുടെ ഒഴിവു നികത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾക്ക് നിർദ്ദേശം നൽകുന്നതിനും,
താലൂക്ക് ആശുപത്രി കെട്ടിടം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കി എൻഎച്ച്എം വഴി അനുവദിച്ച തുക ലാപ്സാകാതിരിക്കുന്നതിലേക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്
പൊതു മരാമത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും,ഭരണിക്കാവ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് 16 ന് പ്രവർത്തന ക്ഷമാക്കുന്നതിനും
യോഗത്തിൽ തീരുമാനമായി.കുന്നത്തൂർ വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടക്കുന്ന കല്ലുവെട്ട് സംബന്ധിച്ച വിഷയത്തിൽ നിയമാനുസൃതമല്ലാതെ കല്ല് വെട്ടിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് തഹസീൽദാരെ ചുമതലപ്പെടുത്തി.കോവൂർ കുഞ്ഞുമോൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ,ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ.എസ്.കെ,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ ,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ഗീത.ആർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നഷാദ്,കാരാളി വൈ സമദ്,സാബു ചക്കുവള്ളി,പുത്തൂർ സനിൽ,ഗ്രിഗറി.വൈ,കുറ്റിയിൽ നിസ്സാം,അഡ്വ.കുറ്റിയിൽ ഷാനവാസ്, വിവിധ വകുപ്പു മേലധികാരികൾ,കൊല്ലം ഡെപ്യൂട്ടി കളക്ടർ(എൽ.ആർ),തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ പങ്കെടുത്തു.
സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രം സന്ദര്‍ശിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. പുതിയ കൗണ്ടറുകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. മണലില്‍ സര്‍ക്കാര്‍ ബോട്ട് ജെട്ടി, കുരീപ്പുഴ സര്‍ക്കാര്‍ ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് പുതുതായി കൗണ്ടറുകള്‍ സജ്ജീകരിച്ചത്. www.dtpckollam.com എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സ്‌പോട്ട് ബുക്കിംഗ് സൗകര്യവുമുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.50വരെയുള്ള ടൈം സ്ലോട്ടുകളില്‍ സന്ദര്‍ശകര്‍ക്ക് ബുക്ക് ചെയ്യാം.
നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകിട്ടോടെയാണ് മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊല്ലം: രാമന്‍കുളങ്ങരയില്‍ ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിമേല്‍ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. അപകട സമയത്ത് പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടന്‍ വാഹനം നിര്‍ത്തി ഇരുവരും പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ചാമക്കടയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതെ നോക്കിയതും അപകടം ഒഴിവാക്കി.
കൊട്ടിയത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
കൊട്ടിയം: ഒപ്പം താമസിച്ചിരുന്ന യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേര്‍ക്കും പൊള്ളലേറ്റു. നെല്ലില പഴങ്ങാലം സ്വദേശി രാജി (26), ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച നെടുമ്പന പുന്നൂര്‍കളയ്ക്കല്‍ സ്വദേശി സന്തോഷ് (38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നല്ലിലയില്‍ പ്രവത്തിക്കുന്ന സ്വകാര്യ ദന്തല്‍ ക്ലിനിക്കിലെ ശുചീകരണ തൊഴിലാളിയായ രാജിയെ ക്ലിനിക്കില്‍ നിന്ന് വിളിച്ച് പുറത്തേക്കിറക്കിയ ശേഷം, കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് സന്തോഷ് സ്വയം തീകൊളുത്തി രാജിയെ കടന്ന് പിടിക്കുകയായിരുന്നു. തീപടര്‍ന്നപ്പോള്‍ രാജി കുതറി മാറി.
രാജിയുടെ നിലവിളി കേട്ട് എത്തിയവര്‍ ഉടന്‍ തീയണച്ച് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഗുരുതരമായി പൊള്ളലേറ്റ സന്തോഷ് ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ കുറെ നാളുകളായി രാജി സന്തോഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കണ്ണനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സി പി ഐ എം കുന്നത്തുർ ഏരിയ സമ്മേളനം, ചുവപ്പ് സേനാ മാർച്ച് നാളെ ആഞ്ഞിലിമൂട്ടിൽ
ശാസ്താംകോട്ട:
സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള കുന്നത്തൂർ ഏരിയ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിഅംഗം പി ആന്റണി സമ്മേളന നഗരിയിൽ രക്തപതാക ഉയർത്തി.എൻ യശ്‌പാൽ അധ്യക്ഷനായി. കെ തമ്പാൻ രക്തസാക്ഷി പ്രമേയവും പി അംബിക അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ കെ കെ രവികുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, സി ബാൾഡുവിൻ, ടി മനോഹരൻ, സി രാധാമണി, ജില്ലാകമ്മിറ്റി അംഗം പി കെ ഗോപൻ എന്നിവർ പങ്കെടുത്തു. എൻ യശ്‌പാൽ, എസ് ശശികുമാർ, കെ ശോഭന, സുധീർഷാ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. നാളെ പ്രതിനിധി സമ്മേളനം സമാപിക്കും.
ഏരിയ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഞായറാഴ്‌ച ശാസ്‌താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെ പ്രകടനവും ചുവപ്പുസേനാ മാർച്ചും നടക്കും. വൈകിട്ട് അഞ്ചിന് ആഞ്ഞിലിമൂട് എഎസ്‌വി എൻപി നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും.
ഡാന്‍സ് ഷോയുടെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഷംന കാസിം
കൊച്ചി: ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് പ്രശസ്ത നടി ഷംന കാസിം. ദുബൈയില്‍ തന്റെ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. താന്‍ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണ്. അമ്മയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറഞ്ഞു .
മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്ന ഒരു കുട്ടിയാണ്. നമ്മുടെ ഇന്‍ഡസ്ട്രിയെ കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാവട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
മലയാളത്തില്‍ അവസരം കുറമാവണെങ്കിലും തമിഴിലും തെലുങ്കിലും ഇവര്‍ സജീവ സാന്നിധ്യമാണ്. പൂര്‍ണ എന്ന പേരിലാണ് മറ്റു ഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. അടുത്തിടെ തെലുങ്കില്‍ ചെയ്ത ഡാന്‍സ് നമ്പര്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്കും മകനുമൊപ്പം ദുബായിലാണ് താരം ഇപ്പോള്‍ താമസം.
തന്റെ ഡാന്‍സിനും അഭിനയത്തിനുമെല്ലാം പൂര്‍ണ പിന്തുണ നല്‍കുന്നയാളാണ് ഭര്‍ത്താവെന്നും നേരത്തെ ഷംന വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ രംഗത്ത് തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും ഷംന മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്.





































